ഇരിപ്പിലാണ് കാര്യം, അതു ശരിയായാൽ ബാക്കി ഓക്കെ

HIGHLIGHTS
  • വണ്ടിയിൽ കയറി ഇരുന്നാൽ ആദ്യം അഡ്ജസ്റ്റ് ചെയ്യുന്നത് സീറ്റിന്റെ അകലമാണ്
  • നമ്മുടെ കാൽ 90-120 ഡിഗ്രിയിൽ ചരിഞ്ഞിരിക്കണം
seating-position
Seating Position
SHARE

കാൽ നീട്ടുന്നത് ഇരുന്നിട്ടുവേണം എന്നാണല്ലോ. ഡ്രൈവിങ്ങിലും ഇത്തരം നയങ്ങൾ ബാധകമാണ്. നന്നായി ഇരുന്നിട്ടുവേണം ഡ്രൈവ് ചെയ്യാൻ. ശരിയായി ഇരുന്നാൽ ഡ്രൈവിങ്ങിന്റെ പകുതി ശരിയായി. നല്ല കാഴ്ച ലഭിക്കും. ആയാസമില്ലാതെ ഡ്രൈവ് ചെയ്യാം. എല്ലാത്തിനുമുപരി നിങ്ങളുടെ ശരീരത്തിന്റെ സുഖകരമായ അവസ്ഥയും ശരിയായ സീറ്റിങ് പൊസിഷൻ ക്രമീകരിക്കുക വഴി ലഭിക്കും. അപ്പോൾ ശരി, കാറിൽ കയറാം. ആദ്യമേ സീറ്റ് അഡ്ജസ്റ്റ്ചെയ്യാം. 

സീറ്റ് പരമാവധി മുന്നിലേക്കിട്ട് സ്റ്റിയറിങ്ങിനെ തന്റെ പൊന്നോമനയെ എന്നപോലെ നെഞ്ചിലടുപ്പിക്കുന്ന ചിലരുണ്ട്. അപകടസമയത്ത് ജീവൻ നഷ്ടമാകാൻ അത്തരം പൊസിഷൻ കാരണമാകും.  ഒരു എയർബാഗ് വിടരുന്നത് മണിക്കൂറിൽ ഏതാണ്ട് 250-300 കിലോമീറ്റർ വേഗത്തിലാകും. അപാര ശക്തിയിൽ വിടരുന്ന എയർബാഗ് ആദ്യമിടിക്കുക ഇങ്ങനെ സ്റ്റിയറിങ്ങിനോടു ചേർന്നിരിക്കുന്ന മുഖത്തായിരിക്കും. അപകടം പറയേണ്ടല്ലോ? 

ഒരാൾ വണ്ടിയിൽ കയറി ഇരുന്നാൽ ആദ്യം അഡ്ജസ്റ്റ് ചെയ്യുന്നത് സീറ്റിന്റെ അകലമാണ്.  നമ്മുടെ കാൽ  90-120 ഡിഗ്രിയിൽ ചരിഞ്ഞിരിക്കണം. ക്ലച്ച് മുഴുവനായി അമർത്തുന്ന സമയത്ത് ഡ്രൈവറുടെ കാൽ പരമാവധി 140 ഡിഗ്രിയേ ആകാൻ പാടുള്ളൂ. ക്ലച്ച് അമർത്തുവാൻ മുന്നോട്ടാഞ്ഞ് ആയാസപ്പെടരുത് എന്നർഥം. ക്ലച്ച് അമർത്താത്ത വേളയിൽ,  വിശ്രമാവസ്ഥയിൽ 90-120 ഡിഗ്രി കോണളവിൽ ആയിരിക്കണം കാൽ. ദീർഘകാലം വണ്ടിയോടിക്കുന്നവർക്ക് മുട്ടുവേദനയൊഴിവാക്കാൻ ഇത്തരം ക്രമീകരണങ്ങൾ സഹായിക്കും. രണ്ടാമത്, സ്റ്റിയറിങ് ക്രമീകരണം. സീറ്റീൽ ചാരിയിരുന്ന്  സ്റ്റിയറിങ്ങിന്റെ ഏറ്റവും മുകളറ്റത്ത് കൈവച്ചാൽ കൈപ്പത്തി താഴോട്ടു വളയണം.  അതാണ് നല്ല സീറ്റിങ് പൊസിഷൻ  

ഹെഡ് റെസ്റ്റ് എങ്ങനെ അഡ്ജസ്റ്റ് ചെയ്യാം?  കാതിന്റെ നീളത്തിൽ ആണ് ഹെഡ് റെസ്റ്റിന്റെ ഗ്യാപ് വരേണ്ടത്. ഇങ്ങനെയെല്ലാം കൃത്യമായി തല ഹെഡ് റെസ്റ്റിൽ വച്ച് സ്റ്റിയറിങ്ങിൽ നിന്നുള്ള നീളം നോക്കി ഇരിക്കുമ്പോഴാണ് കണ്ണാടി ശരിക്കും ക്രമീകരിക്കാൻ കഴിയുക. സീറ്റിന്റെ ബാക്ക് റെസ്റ്റ് 100-110 ഡിഗ്രി കോണളവിൽ വേണം ചരിക്കാൻ. 

നട്ടെല്ലിന് ആഘാതം പരമാവധി കുറയുന്ന വിധത്തിലാണ് ഈ കോണളവ്. ബാക്ക് റെസ്റ്റ് കുത്തനെയിട്ട് മുന്നോട്ടുചാഞ്ഞിരുന്നു വണ്ടിയോടിക്കുന്ന ചിലരുണ്ട്. ദീർഘനേരം അതേ രീതിയിൽ  വണ്ടിയോടിച്ചാൽ നടുവേദനയാകും ഫലം. ഉയരക്രമീകരണമുണ്ടെങ്കിൽ അതു ചെയ്യുക. സീറ്റ് ബെൽറ്റിന്റെ ഉയരവും ചില വാഹനങ്ങളിൽ ക്രമീകരിക്കാനുള്ള സംവിധാനമുണ്ട്. ഇവയെല്ലാം അളവനുസരിച്ചും നിങ്ങളുടെ കംഫർട്ട് അനുസരിച്ചും ക്രമീകരിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA