ADVERTISEMENT

നിർദേശങ്ങൾ പാലിക്കുക എന്നതാണ് വാഹനമോടിക്കുന്നതിന്റെ ഏറ്റവും പ്രധാന വശം. ഓരോ നിർദേശവും  അതതു സ്ഥലത്തെ തുടർച്ചയായി നിരീക്ഷിച്ച്, വാഹനമോടിക്കുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കായി  വേണ്ടത്ര മുൻകരുതലെടുക്കാനായി അധികാരികൾ തയാറാക്കിയതാണ്. എന്നാൽ  അതതു സ്ഥലത്തെ ഈ പ്രത്യേകതകൾ നാട്ടുകാർക്കറിയുമായിരിക്കും. എന്നാൽ മറുനാട്ടുകാർക്ക് ഇതെങ്ങനെ മനസ്സിലാക്കാനാകും? അതിനാണ് റോഡരുകിലെ ചിഹ്നങ്ങൾ നോക്കേണ്ടത്. 

മോട്ടോർ വാഹനവകുപ്പ് ഓരോ റോഡിലും വളവിലും തിരിവിലും ആ സ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ച് ഓരോ ചിഹ്നങ്ങളും സൂചകങ്ങളും സ്ഥാപിച്ചിട്ടുണ്ടാകും. നിർഭാഗ്യവശാൽ നാം ഇവ കാണുകയും അവയുടെ പ്രാധാന്യം മനസ്സിലാക്കാതെ പോകുകയും ചെയ്യുകയാണു പതിവ്. മാത്രമല്ല, ഭൂരിപക്ഷം ആൾക്കാർക്കും ഈ ചിഹ്നങ്ങളുടെ അർഥം അറിയുകയുമില്ല. ഡ്രൈവിങ് ടെസ്റ്റ് നടത്തുമ്പോൾ മാത്രം പഠിക്കുകയും പിന്നീട് വാഹനവുമായി റോഡിൽ ഇറങ്ങുമ്പോൾ ഈ ചിഹ്നങ്ങളെ മറന്നുകളയുകയും ചെയ്യുന്നവരാണധികവും. നമുക്കു നോക്കാം എന്തൊക്കെയാണ് പ്രധാന ചിഹ്നങ്ങൾ? 

മൂന്നുതരത്തിലുള്ള സൂചകങ്ങൾ പ്രധാനമായിട്ടുണ്ട്. 

1) ചുവന്ന വൃത്തം – നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ ആണ് ചുവന്ന വൃത്തത്തിനുള്ളിൽ അടയാളപ്പെടുത്തുക. ഉദാഹരണത്തിന്, സ്കൂളിനടുത്തുള്ള റോഡിലെ പരമാവധി വേഗം ചുവന്ന വട്ടത്തിനുള്ളിലാണു സൂചിപ്പിക്കുക.  വൺവേ, നോ എൻട്രി എന്നീ ചിഹ്നങ്ങൾ ഇങ്ങനെയാണ് സൂചിപ്പിക്കുക. ചുവന്ന വട്ടത്തിലുള്ള ചിഹ്നങ്ങൾ പാലിച്ചില്ലെങ്കിൽ അപകടങ്ങൾ സംഭവിക്കാം. ഇത്തരം അലംഭാവം ശിക്ഷാർഹവുമാണ്. ചുവന്ന വട്ടത്തിലെ വൺവേ സിഗ്‌നൽ ശ്രദ്ധിച്ചില്ലെന്നിരിക്കട്ടെ. നിങ്ങൾ തെറ്റായ ദിശയിൽ ആ റോഡിലൂടെ സഞ്ചരിക്കും. വൺവേ ആണെന്ന ധാരണയിൽ പാഞ്ഞുവരുന്ന മറ്റുവാഹനങ്ങളുമായി നേർക്കുനേർ ഇടിയുണ്ടാകും. അപകടത്തിന്റെ തോത് വർധിക്കും. 

road-signs-1

2) ചുവന്ന ത്രികോണം –മുന്നറിയിപ്പുകൾ നൽകാനാണ് ചുവന്ന ത്രികോണത്തിനുള്ളിലെ  സിഗ്നലുകൾ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് വലത്തേക്കു തിരിവ്, റോഡ് ചെറുതാകുന്നു എന്നിങ്ങനയുള്ള സൂചകങ്ങൾ. നമ്മുടെ നല്ല യാത്രയ്ക്കു സഹായകരമാകുന്ന സിഗ‌്നലുകളാണിവ. ഒന്നു ശ്രദ്ധിക്കൂ എന്നാണർഥം. 

road-signs-2

3)  നീലചതുരം– വിവരങ്ങൾ നൽകാനാണ് നീലചതുരത്തിലുള്ള ചിഹ്നങ്ങൾ. ആശുപത്രി, പെട്രോൾ പമ്പ് എന്നിവ അടുത്തുണ്ട് എന്നിങ്ങനെയുള്ള വിവരങ്ങൾ ഇതുവഴി ലഭിക്കും. 

road-signs-3

അപ്പോൾ വട്ടത്തിലുള്ള ചിഹ്നം കണ്ടാൽ അവഗണിക്കരുത്. നിങ്ങളുടെയും മറ്റൊരാളുടെയും ജീവൻ ഇത്തരം സിഗ്‍നലുകൾക്കുള്ളിലാണ്. അവ പാലിക്കപ്പെടുന്നതിലൂടെ നിങ്ങൾ നല്ല ഡ്രൈവിങ്ങിന്റെ ഭാഗമാകുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com