വാഹനം ഓടിക്കുന്നവര്‍ മാത്രമല്ല ട്രാഫിക് നിയമങ്ങള്‍ പഠിക്കേണ്ടത്. കാല്‍നടക്കാരടക്കം റോഡ് ഉപയോഗിക്കുന്ന എല്ലാവരും അത്യാവശ്യം ട്രാഫിക് നിയമങ്ങള്‍ അറിഞ്ഞിരിക്കണം. പല അപകടങ്ങളുണ്ടാകുന്നത് നിയമ പരിജ്ഞാനം ഇല്ലാത്തതുകൊണ്ടാണ്. പത്ത് ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ചുവടേയുള്ളത്. ആദ്യം അവയുടെ ഉത്തരം സ്വയം കണ്ടെത്തുക. പിന്നീട്, താഴെയുള്ള ശരിയുത്തരങ്ങളും നിങ്ങളുടെ ഉത്തരങ്ങളും തമ്മില്‍ ഒത്തുനോക്കുക (ഇവയിലെല്ലാം ചിലപ്പോൾ നിങ്ങൾക്ക് അറിയാവുന്നതായിരിക്കും, എങ്കിലും ഒന്നു വായിച്ചുനോക്കാം). ലോക്ഡൗണ്‍ കാലത്ത് കുറച്ചു ട്രാഫിക് നിയമങ്ങള്‍ പഠിക്കാം...
ചോദ്യങ്ങള്‍
1. സ്വകാര്യ വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി എത്ര?
2. ഒരു ജംക്‌ഷനില്‍ എത്തുമ്പോള്‍ ഡ്രൈവര്‍ അനുവര്‍ത്തിക്കേണ്ടതെന്തെല്ലാം?
3. ഇടറോഡില്‍നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഡ്രൈവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
4. ഇറക്കമിറങ്ങുന്ന വാഹനം ഏതു ഗിയറിലാണ് സഞ്ചരിക്കേണ്ടത്?
5. ഇറക്കമിറങ്ങി വരുന്ന വാഹനം എതിരെ കയറ്റം കയറി വരുന്ന വാഹനങ്ങളോട് ഏതു സമീപനമാണ് കൈക്കൊള്ളേണ്ടത്?
6. വാഹന പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി എത്ര?
7. ലേണേഴ്‌സ് ലൈസന്‍സ് ഉപയോഗിച്ചു വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
8. വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കേണ്ട വിവരങ്ങള്‍ എന്തെല്ലാം?
9. ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച് എത്രകാലത്തിനു ശേഷമാണ് ഡ്രൈവിങ് ടെസ്റ്റിനു ഹാജരാകാവുന്നത്?
10. ലൈറ്റ് മോട്ടോര്‍ വാഹനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? സാധാരണ കാണുന്ന വാഹനങ്ങളില്‍ ഏതെല്ലാമാണ് ലൈറ്റ് മോട്ടോര്‍ വാഹനം?
ഉത്തരങ്ങള്‍
1. 20 വര്‍ഷം അല്ലെങ്കില്‍ ഡ്രൈവര്‍ക്ക് 50 വയസ്സാകുന്നതു വരെ.
2. വേഗം കുറയ്ക്കണം, പ്രധാന റോഡുകള്‍ കൂടിച്ചേരുമ്പോള്‍ വലതുവശത്തുനിന്ന് വരുന്ന വാഹനത്തെ കടത്തിവിടണം. ഇടറോഡില്‍നിന്ന് പ്രധാന റോഡിലേക്കു കടക്കുന്നത് പ്രധാന റോഡിലെ എല്ലാ വാഹനങ്ങളും കടന്നു പോയതിനു ശേഷം മാത്രം.
3. വേഗം കുറയ്ക്കണം, പ്രധാന റോഡുകള്‍ കൂടിച്ചേരുമ്പോള്‍ വലതുവശത്തു നിന്ന് വരുന്ന വാഹനത്തെ കടത്തിവിടണം. ശാഖാറോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കടക്കുന്നത് പ്രധാന റോഡിലെ എല്ലാ വാഹനങ്ങളും കടന്നു പോയതിനു ശേഷം.
4. ആ കയറ്റം കയറാൻ ഏതു ഗിയറാണോ ഉപയോഗിക്കുന്നത് അതേ ഗിയറില്‍ തന്നെ.
5. കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.
6. 6 മാസം (ഇപ്പോള്‍ ബിഎസ് 6 വാഹനങ്ങള്‍ക്ക് 1 വര്‍ഷം വരെ നല്‍കുന്നുണ്ട്)
7. വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ള ആള്‍ വാഹനം നിയന്ത്രിക്കാന്‍ കഴിയുംവിധം വാഹനത്തില്‍ ഉണ്ടാവണം. മുന്നിലും പിന്നിലും L ബോര്‍ഡ് ഉണ്ടാവണം. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ വാഹനം ഓടിക്കാവൂ.
8. അപകടമുണ്ടായ സാഹചര്യം, പോളിസി നമ്പറും കാലാവധിയും, തീയതി, സമയം, സ്ഥലം ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ആ വിവരം, ഡ്രൈവറുടെ പേര്, മേല്‍വിലാസം, ലൈസന്‍സിന്റെ വിശദവിവരം.
9. ഒരു മാസം
10. 7500 കിലോഗ്രാമില്‍ കുറവ് ഭാരമുള്ള വാഹനങ്ങള്‍, കാറുകള്‍, പിക്അപ് വാനുകള്‍, ജീപ്പുകള്‍, ഓമ്‌നി തുടങ്ങിയവ.