ADVERTISEMENT

ഇന്ന് എല്ലാ കാറുകളിലും എസിയുണ്ട്. എയർകണ്ടിഷനിങ്ങിന്റെ സുഖശീതളിമയിലല്ലാത്തെ യാത്ര ആലോചിക്കാൻ തന്നെ ഇപ്പോൾ ബുദ്ധിമുട്ടാണ്. സ്ഥിരമായി വാഹനത്തിലെ എയർ കണ്ടീഷൻ ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതൽ മികവോടെ പ്രവർത്തിക്കാൻ എ സി റീസർക്കുലേഷൻ മോഡിലിടണോ അതോ ഫ്രഷ് എയർ മോഡലിടണോ എന്ന കാര്യത്തിൽ ഭൂരിപക്ഷം പേർക്കും സംശയമാണ്.  കാറിന്റെ എസി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെങ്കിൽ ഏതു മോഡിലിടണം?

ഉള്ളിലെ വായു തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് റീസർക്കുലേഷൻ മോഡ്. പുറത്തു നിന്ന് വായു അകത്തേയ്ക്കു സ്വീകരിക്കുന്നതാണ് ഫ്രഷ് എയർമോഡ്.  രണ്ടു മോഡിനും അതിന്റേതായ ദോഷങ്ങളും ഗുണങ്ങളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം. 

കുറേസമയം അല്ലെങ്കിൽ ദിവസങ്ങളോളം വാഹനം ഉപയോഗിക്കാതിരുന്നതിനു ശേഷം വീണ്ടും സ്റ്റാർട്ട് ചെയ്യുമ്പോൾ  ഫ്രഷ് എയർ മോഡ് ഉപയോഗിക്കുകന്നതായിരിക്കും നല്ലത്. കാരണം വാഹനത്തിനുള്ളിലെ  അശുദ്ധ വായു അതിവേഗം പുറത്തേയ്ക്കു പോകാനിതു സഹായിക്കും. കൂടാതെ വെയിലത്ത് കിടക്കുന്ന വാഹനത്തിലെ ചൂടു വായു പുറത്തേയ്ക്ക് പോകുന്നതിനും ഫ്രഷ് എയർ മോഡ് ഉപയോഗിക്കാം. എന്നാൽ ഇതു മാത്രമുപയോഗിച്ച് വാഹനം ഓടിച്ചാൽ റോഡിലേയും അന്തരീക്ഷത്തിലേയും പൊടി വാഹനത്തിലേയ്ക്ക് എളുപ്പം കയറിപ്പറ്റും. അത് സീറ്റുകളിലും യാത്രക്കാരുടെ വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കാം. കൂടാതെ എസിക്ക് കൂടുതൽ മെയിന്റെനൻസും വേണ്ടിവരും. മാത്രമല്ല, പുറത്തെ താപനിലയിലുള്ള വായു തണുപ്പിക്കേണ്ടി വരുന്നുകൊണ്ട് വാഹനത്തിന്റെ ഇന്ധനക്ഷമത കുറയാനുള്ള സാഹചര്യവുമുണ്ട്.

റീസർക്കുലേറ്റിങ് മോഡാണ് കൂടുതൽ മികച്ചത്. എന്നാൽ എപ്പോഴും അതു തന്നെ ഉപയോഗിച്ചാൽ കാറിലെ ദുഷിച്ചവായു പുറത്തേയ്ക്ക് പോകുകയില്ല, അതുകൊണ്ട് ദൂരയാത്രകളിൽ ഇടയ്ക്ക് ഫ്രഷ് എയർ മോഡ് ഉപയോഗിക്കുന്നതു നന്നായിരിക്കും. റീ സർക്കുലേറ്റിങ് മോഡിൽ വാഹനത്തിനുള്ളിലുള്ള വായുവാണ്  തണുപ്പിക്കുക അതുകൊണ്ട് തന്നെ എസിക്ക് പണി എളുപ്പമാണ്. എന്നാൽ എപ്പോഴും റീസർക്കുലേറ്റിങ് മോഡ് ഉപയോഗിക്കാതെ ഇടയ്ക്ക് മാറ്റിക്കൊടുക്കാം. അങ്ങനെ ചെയ്യുമ്പോൾ വാഹനം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് പൊടിയും മലിനീകരണതോതും കുറഞ്ഞയിടങ്ങളിൽ കൂടിയാണോ എന്നുകൂടി നോക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com