എന്താണ് ഫോർ വീൽ ഡ്രൈവ്, ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നത്, ആദ്യമായി ഉപയോഗിച്ചതാര്?

four-wheel-drive-1
Representative Image
SHARE

നൂറ്റാണ്ടുകളായി കാളകളും കുതിരകളും വലിക്കുന്ന വണ്ടികൾ സഞ്ചരിച്ചിരുന്ന വഴികളിലാണ് എൻജിൻ ചലിപ്പിക്കുന്ന വാഹനങ്ങളും യാത്ര തുടങ്ങിയത്. വേനലിൽ പൊടിയും മഴ, മഞ്ഞുകാലങ്ങളിൽ ചെളിയും നിറഞ്ഞ ചക്രച്ചാലുകളായിരുന്നു ഭൂരിഭാഗം വഴികളും. അപൂർവം നഗരങ്ങളിൽ മാത്രമാണ് കൽപ്പാളികൾ പാകിയ വഴികളുണ്ടായിരുന്നത്. മൃഗങ്ങൾ വലിച്ചിരുന്ന വാഹനങ്ങളെ അപേക്ഷിച്ച് നേരിട്ട് ചക്രങ്ങളിലേക്കു തിരിക്കൽ ശക്തി എത്തുന്ന യാത്രാവാഹനങ്ങൾക്ക് ഏറെ ഗുണങ്ങളുണ്ടായിരുന്നെങ്കിലും ഒരു പ്രധാന പോരായ്മ ഉണ്ടായിരുന്നു. എൻജിന്റെ ശക്തി എത്തുന്ന ചക്രങ്ങൾ പലപ്പോഴും വഴിയിലെ ചെളിയിൽ പുതഞ്ഞുപോകും. എൻജിൻ ശക്തി കൂടുതൽ പകർന്നു രക്ഷപ്പെടാൻ നോക്കിയാൽ ചക്രങ്ങൾ നിന്നനിൽപിൽ കറങ്ങുന്ന നിസ്സഹായാവസ്ഥയാണുണ്ടാവുക. ആദ്യകാല വാഹനങ്ങളിൽ പിൻവീൽഡ്രൈവ് അഥവാ പിൻചക്രങ്ങളിലേക്കു തിരിക്കൽശക്തി പകരുന്ന സംവിധാനമാണുണ്ടായിരുന്നത്. മുൻചക്രങ്ങളിലേക്കുകൂടി ശക്തി പകർന്നാൽ വഴിയിൽ  പുതഞ്ഞുപോകുന്ന തലവേദന ഒഴിവാക്കാം എന്ന കണക്കുകൂട്ടലിൽ നിന്നാണ് നാലു വീൽ ഡ്രൈവ് സംവിധാനത്തിന്റെ ആവിർഭാവം.

four-wheel-drive

ചരിത്രത്തിന്റെ നാൾവഴികളിൽ 

ആദ്യത്തെ നാല് വീൽ ഡ്രൈവ് രൂപകൽപനയുടെ പേറ്റന്റ് 1893 ൽ ബ്രിട്ടനിലെ ജോസഫ് ഡിപ്‌ലോക്കിനാണ് ലഭിച്ചിരിക്കുന്നതെന്നു കാണാം. പക്ഷേ, ഇദ്ദേഹത്തിന്റെ വാഹനം ആവിയന്ത്രം ഉപയോഗിക്കുന്ന ഒരുതരം ട്രാക്ടർ ആയിരുന്നു. നാലു ചക്രങ്ങളും വെവ്വേറെ ഇലക്ട്രിക് മോട്ടർകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഒരു കാർ 1899 ൽ ഫെർഡിനാൻഡ് പോർഷെ അവതരിപ്പിച്ചു. പക്ഷേപ്രായോഗികത കുറവായിരുന്നതിനാൽ വിപണിയിലെത്തിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഡച്ച് വാഹനനിർമാതാവായ സ്പൈക്കർ പാരിസ്–മാഡ്രിഡ് മത്സരയോട്ടത്തിനായി ഇറക്കിയ നാല് വീൽ ഡ്രൈവ് വാഹനമാണ് ഈയിനത്തിലുള്ള ആദ്യ കാറായി അറിയപ്പെടുന്നത്. എന്നാൽ നാല് വീൽ ഡ്രൈവ്  സാങ്കേതികവിദ്യ വേരുപിടിച്ചത് അമേരിക്കയിലാണ്. 

പെൻസിൽവാനിയയിലെ ട്വയ്ഫോഡ് കമ്പനി 1906 ൽ ഒരു ഫോർ വീൽ ഡ്രൈവ് കാർ അവതരിപ്പിച്ചെങ്കിലും ആകെ ആറെണ്ണമേ നിർമിക്കപ്പെട്ടുള്ളൂ. 1908 ൽ വിസ്കൺസിനിലെ ഓട്ടോ സാക്കോവും വില്യം ബെസർഡിച്ചും ചേർന്നു ബാറ്റിൽഷിപ് എന്ന പേരിലൊരു നാല് വീൽ ഡ്രൈവ് കാർ ഇറക്കി. ഇതിന്റെ വിജയവും തങ്ങളുടെ രൂപകൽപനയ്ക്കു ലഭിച്ച പേറ്റന്റും ഇവരെ എഫ് ഡബ്ല്യു ഡി എന്ന പേരിൽ ഒരു വാഹനനിർമാണ കമ്പനി സ്ഥാപിക്കാൻ സഹായിച്ചു. ഫോർ വീൽ ഡ്രൈവുള്ള കാറുകളും ചെറു ട്രക്കുകളും ആയിരുന്നു പ്രധാന ഉൽപന്നം. 

four-wheel-drive-2

1913 ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെ അമേരിക്കൻ സൈന്യത്തിൽനിന്ന് ഇവരുടെ ട്രക്കുകൾക്കു ധാരാളം ഓർഡർ ലഭിച്ചു. എഫ് ഡബ്ല്യു ഡി–ബി  എന്ന മൂന്നു ടൺ ഫോർ വീൽ ഡ്രൈവ്ട്രക്കാണ് ഈയിനത്തിൽ കൂട്ടമായി നിർമിക്കപ്പെട്ട ആദ്യവാഹനമായി കണക്കാക്കുന്നത്. 1913 ൽത്തന്നെ വിസ്കൺസിനിലെ മറ്റൊരു കമ്പനിയായ ജെഫ്റിയും ഒരു ഒന്നര ടൺ ഫോർ വീൽ ഡ്രൈവ് ട്രക്ക് നിരത്തിലിറക്കി. ക്വാഡ് എന്ന പേരുള്ള ഇതിന് നാലു വീലിനും സ്റ്റിയറിങ് നിയന്ത്രണവുമുണ്ടായിരുന്നു. നാലു കോവർകഴുതകൾ വലിക്കുന്ന ഒന്നര ടൺ 

വാഗണിനു പകരം ഒരു യന്ത്രവത്കൃതവാഹനം തേടിക്കൊണ്ടിരുന്ന അമേരിക്കൻ സൈന്യത്തിന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ പര്യാപ്തമായ ക്വാഡിന്റെ സുവർണകാലമായിരുന്നു ഒന്നാം ലോകമഹായുദ്ധം. മുന്നിലും പിന്നിലും സവിശേഷമായ ഡിഫറൻഷ്യലുള്ള പോർട്ടൽ ആക്സിലുകൾ (ചക്രങ്ങളുടെ മധ്യരേഖയിൽനിന്ന് ഉയർന്നു നിൽക്കുന്ന) ഇതിന് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് നൽകുക മാത്രമല്ല വീൽക്കപ്പിനു മുകളിൽവരെ വരുന്ന ചെളിയിലൂടെ പോലും അനായാസം മുന്നേറാനുള്ള കഴിവും നൽകി. അക്കാലത്തെ ഏറ്റവും മികച്ച ഫോർ വീൽ ഡ്രൈവ് വാഹനമായ ഇത് പതിനഞ്ചു വർഷം തുടർച്ചയായി നിർമാണത്തിലുണ്ടായിരുന്നു. യുദ്ധാനന്തരം സൈന്യം വിറ്റഴിച്ച പല വാഹനങ്ങൾക്കും അമേരിക്കയിൽ ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. ഫോർ വീൽ ഡ്രൈവ് വാഹനങ്ങളോടുള്ള പ്രിയം തിരിച്ചറിഞ്ഞ് ഫോഡ് ട്രക്കുകളിൽ ഈ സംവിധാനം ഇണക്കിച്ചേർക്കുന്ന വിദഗ്ധർ രംഗത്തെത്തി. 1934 ൽ ക്വാഡിന് പകരക്കാരനായി ഡോഡ്ജിന്റെ ഒന്നര ടൺ ഫോർ വീൽ ഡ്രൈവ് ട്രക്കാണ് സൈന്യം തിരഞ്ഞെടുത്തത്. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞശേഷം അക്കാലത്തെ പ്രബല രാജ്യങ്ങളെല്ലാം തങ്ങളുടെ സൈന്യങ്ങൾക്കായി ഫോർ വീൽ ഡ്രൈവ് 

വാഹനങ്ങൾ നിർമിക്കാൻ സ്വന്തം രാജ്യത്തെ വാഹനനിർമാതാക്കളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ 1936 ൽ ജപ്പാനിലെ ടോക്‌യു കുറോഗാനെ കോഗ്‌യോ കമ്പനി ഒരു ചെറിയ ഫോർ വീൽ ഡ്രൈവ് കാർ നിർമിച്ചു. ജപ്പാൻ ഗവൺമെന്റിന്റെ നിർദേശപ്രകാരം ടൊയോട്ട ഇവരുമായി സഹകരിച്ച് ജി, കെ എന്നീ ശ്രേണികളിലുള്ള വിവിധയിനം ചെറുട്രക്കുകൾ സൈന്യത്തിനു നിർമിച്ചുനൽകി. റഷ്യയിലെ ജിഎഇസഡ് (GAZ) 1938 ൽ മികച്ച ഫോർ വീൽ ഡ്രൈവ് കാറുകളിലൊന്നായ GAZ –61 അവതരിപ്പിച്ചു.

gaz-61-4X4-1938-45
GAZ

തുടർന്ന് ഇവർ വിവിധ തരത്തിലുള്ള ഒട്ടേറെ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ സൈന്യത്തിനായി വികസിപ്പിച്ചെടുത്തു. യുദ്ധാനന്തരവും ഈ രംഗത്തു മികവു തെളിയിച്ച ഇവർ സാങ്കേതികവിദ്യയിൽ അമേരിക്കയിലെയും ജർമനിയിലെയും കമ്പനികളെ കവച്ചുവച്ചിരുന്നു. 1937 ൽ ജർമനിയിൽ മെഴ്സിഡീസ് ബെൻസും ബിഎംഡബ്ല്യുവും ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിലേക്കു തങ്ങളുടെ ശ്രദ്ധ തിരിച്ചു. മെഴ്സിഡീസിന്റെ അക്കാലത്തെ രൂപകൽപന അവരുടെ ജി വാഗൻ ശ്രേണിയിലൂടെ ഇന്നും മുൻനിരയിലുണ്ട്. എന്നാൽ ഫോർ വീൽ ഡ്രൈവിന്റെ രൂപകമായി പരിണമിച്ചത് ഈ കാലഘട്ടത്തിൽ ജനിച്ച വില്ലീസ് ജീപ്പാണ്. കാൽ ടണ്ണിന്റെ ‘എവിടെയും പോകാവുന്ന വാഹനം’ ആയി രൂപകൽപന ചെയ്യപ്പെട്ട ഈ വാഹനത്തിന്റെ ഉപജ്ഞാതാവ് അമേരിക്കൻ ബാന്റം കമ്പനിയായിരുന്നെങ്കിലും നിർമിച്ചത് വില്ലീസും ഫോഡുമായിരുന്നു. യുദ്ധാനന്തരം സിവിലിയൻ ജീപ്പ് എന്ന സിജെ ശ്രേണിയിൽ തുടങ്ങിയ ഈ വാഹനത്തിന്റെ ജൈത്രയാത്ര ഇന്നും  തുടരുന്നു. 1963 ൽ ഇറങ്ങിയ  ജീപ്പ് വാഗണീർ ആണ് ആദ്യത്തെ എസ്‌യുവി എന്നു പറയാം. ഇന്നത്തെ മുൻനിര എസ്‌യുവികൾക്കുള്ള മുന്നിലെ സ്വതന്ത്ര സസ്പെൻഷൻ, ഫോർ വീൽ ഡ്രൈവോടു കൂടി ഓട്ടമാറ്റിക് ട്രാൻസ്മിഷൻ  തുടങ്ങിയവ അതിൽ അന്നേ ലഭ്യമായിരുന്നു. 

ആധുനികകാലത്ത് എസ്‌യുവി, ഫോർ വീൽ ഡ്രൈവ് എന്നിവ പരസ്പര പൂരകങ്ങളായിരുന്നു. എന്നാൽ എഴുപതുകളിലും എൺപതുകളിലും മറ്റൊരു വകഭേദം ഫോർ വീൽ ഡ്രൈവിൽനിന്ന് ഉരുത്തിരിഞ്ഞുവന്നു. ഓൾവീൽ ഡ്രൈവ് എന്നു പറയുന്ന സംവിധാനത്തിൽ ഒരു വാഹനത്തിന്റെ  നാലു വീലുകളിലേക്കും എപ്പോഴും ശക്തി പകരുന്ന രീതിയാണുള്ളത്. കാറുകളിലാണ് ഈ സംവിധാനം കൂടുതൽ പ്രചാരത്തിലുള്ളത്. അമേരിക്കയിൽ എഎംസി (അമേരിക്കൻ മോട്ടർ കമ്പനി) ജപ്പാനിൽ സുബാരു, ജർമനിയിൽ ഔഡി തുടങ്ങിയവരാണ് ഈ സംവിധാനം കൂടുതൽ വികസിപ്പിച്ചത്. റാലി കാറോട്ട മത്സരങ്ങൾക്കു പ്രചാരം വർധിച്ചതോടെ ഈ സാങ്കേതികവിദ്യയിൽ ഏറെ മുന്നേറ്റമുണ്ടായി. വ്യവസ്ഥാപിത ഫോർ വീൽ ഡ്രൈവ് സംവിധാനം ഉപയോഗിക്കുന്നത് ജീപ്പ്, മിത്‌സുബിഷി, ടൊയോട്ട, മെഴ്സിഡീസ് എന്നിവരാണ്. ഇവയെല്ലാം ഇന്ന് ഇലക്ട്രോണിക് നിയന്ത്രണത്തിൽ വാഹനം ഓടിക്കുന്ന ആളുടെ നേരിട്ടുള്ള ഇടപെടൽ വേണ്ടാത്ത രീതിയിലേക്കു പരിണമിച്ചിട്ടുണ്ട്. 

jeep

സാങ്കേതികവിദ്യ

ഒരു വാഹനം വളവു തിരിയുമ്പോൾ അകവശത്തെ ചക്രം പുറവശത്തേതിനെക്കാൾ പതുക്കെയേ കറങ്ങേണ്ടതുള്ളൂ. എൻജിന്റെ ശക്തിയെത്തുന്ന ചക്രങ്ങൾ ഇങ്ങനെ വ്യത്യസ്ത വേഗത്തിൽ കറക്കാൻ സാധിക്കുന്നത് ഡിഫറൻഷ്യൽ എന്ന സംവിധാനത്തിന്റെ സഹായത്താലാണ്. മുന്നിലെയോ പിന്നിലെയോ രണ്ടു ചക്രങ്ങളിലേക്കാണ് സാധാരണ  രണ്ടുവീൽ ഡ്രൈവ് ശക്തിയെത്തുന്നത്. അതുകൊണ്ട് ഫോർ വീൽ ‍ഡ്രൈവ് ആകുമ്പോൾ മുന്നിലും ഓരോ ഡിഫറൻഷ്യൽ വീതം വേണ്ടിവരും. കൂടാതെ എൻജിനിൽ നിന്നുള്ള ശക്തി ഈ രണ്ടു ഡിഫറൻഷ്യലിലും എത്തിക്കേണ്ടതുണ്ട്. അതിനാൽ ഗിയർബോക്സ് കൂടാതെ ട്രാൻസ്ഫർ  കെയ്സ് എന്നൊരു സംവിധാനം കൂടി സാധാരണ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾക്കുണ്ടാകും. ട്രാൻസ്ഫർ കെയ്സിൽനിന്നാണു മുന്നിലേക്കും പിന്നിലേക്കും ശക്തി പകരുന്ന രണ്ട് ഡ്രൈവ് ഷാഫ്റ്റുകൾ ഘടിപ്പിക്കുന്നത്. ഇതാണു സാധാരണ ഫോർ വീൽ ഡ്രൈവിന്റെ രൂപകൽപന. ഇതിനു പ്രധാനമായും മൂന്നു വകഭേദങ്ങളുണ്ട്. 

Print

പാർട് ടൈം ‌നാല് വീൽ ഡ്രൈവ്

ഏറ്റവും ചെലവു കുറഞ്ഞതും ലളിതവുമായ സംവിധാനമാണിത്, ട്രാൻസ്ഫർ കെയ്സിന്റെ ഗിയർ ലിവർ ഉപയോഗിച്ച് രണ്ടുവീൽ ഡ്രൈവ് തിരഞ്ഞെടുത്താൽ പിന്നിലേക്കുള്ള ഡ്രൈവ് ഷാഫ്റ്റിൽ മാത്രമേ ശക്തി എത്തുകയുള്ളൂ. മുൻവീൽ ഹബ്ബുകളിലുള്ള ഓട്ടോ ലോക്ക് സംവിധാനം മുൻചക്രങ്ങൾ സ്വതന്ത്രമായി കറങ്ങാൻ അനുവദിക്കും. ഫോർ വീൽ ഡ്രൈവ് തിരഞ്ഞെടുക്കുമ്പോൾ മുന്നിലേക്കുള്ള  ഡൈവ് ഷാഫ്റ്റിലേക്കുകൂടി എൻജിൻ ശക്തിയുടെ ഒരു ഭാഗം പോകുന്നു. ഈയവസരത്തിൽ മുൻചക്രങ്ങളിലെ ഓട്ടോ ലോക്ക് കറക്കൽ ശക്തി എത്തുന്നതോടെ ലോക്ക് ആവുകയും അതു ചക്രങ്ങളിലേക്കു പകരുകയും ചെയ്യുന്നു. ഫോർ വീൽ ഡ്രൈവിൽ ട്രാൻസ്ഫർ കെയ്സിൽ തിരഞ്ഞെടുക്കാൻ ഒരു താഴ്ന്ന അനുപാതം കൂടിയുണ്ടാകും. കടുത്ത സാഹചര്യങ്ങളിലാണ് ഇതുപയോഗിക്കുക. എന്നാൽ ഈ ഫോർ വീൽ ഡ്രൈവ് അവസ്ഥയിൽ സാധാരണ, വഴുക്കലില്ലാത്ത പ്രതലങ്ങളിൽക്കൂടിയുള്ള യാത്ര ഡിഫറൻഷ്യൽ ഡ്രൈവ് ഷാഫ്റ്റ്, ഗിയർ ബോക്സ് എന്നിവയിൽ ആഘാതം ഏൽപിക്കാൻ സാധ്യതയുണ്ട്. 
ഉദാ: ജിപ്സി, മഹീന്ദ്ര താർ, സ്കോർപിയോ

Print

മുഴുവൻസമയ ഫോർ വീൽ ഡ്രൈവ്

പാർട് ടൈം ഫോർ വീൽ ഡ്രൈവ് സംവിധാനത്തിൽ സാധാരണ റോഡിലൂടെ ഫോർവീൽ ഡ്രൈവിൽ ഓടിക്കുമ്പോഴുള്ള പ്രശ്നങ്ങൾ മുഴുവൻസമയ ഫോർ വീൽ ഡ്രൈവിൽ ഒഴിവാക്കിയിട്ടുണ്ട്. ഇതിനായി മൂന്നാമതൊരു സെന്റർ ഡിഫറൻഷ്യൽകൂടി ട്രാൻസ്ഫർ കെയ്സുമായി ഘടിപ്പിച്ചിരിക്കും. ഇത് ഫോർ വീൽ ഡ്രൈവിൽ ഓടുമ്പോഴും മുന്നിലെയും പിന്നിലെയും ചക്രങ്ങളെ വ്യത്യസ്ത വേഗത്തിൽ കറങ്ങാനനുവദിക്കും. പക്ഷേ, ഈ സൗകര്യമുള്ളപ്പോൾ പൂർണമായ ഫോർ വീൽ ഡ്രൈവിന്റെ പിടിത്തം ചക്രങ്ങൾക്കു കിട്ടുകയില്ല. അതിനായി സെന്റർ ഡിഫറൻഷ്യലിൽ ഒരു ലോക്കിങ് സംവിധാനം, ചില വാഹനങ്ങൾക്കുണ്ട്. ഇതുപയോഗിച്ചാൽ മോശം പ്രതലങ്ങളിലും മുൻപിൻ ചക്രങ്ങൾക്ക് ഒരേ വേഗത്തിൽ കറങ്ങാൻ സാധിക്കും. സെന്റർ ഡിഫറൻഷ്യൽ ഉള്ള വാഹനങ്ങൾക്ക് മുൻചക്രങ്ങളിൽ ഓട്ടോ ലോക്ക് സംവിധാനം ആവശ്യമില്ല.
ഉദാ: ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ

four-wheel-drive-3

ഓൾവീൽ ഡ്രൈവ് (AWD)

കാറുകളിലും ക്രോസോവർ, സോഫ്റ്റ് റോഡർ എസ്‌യുവികളിലും ഉപയോഗിക്കുന്ന ഈ സംവിധാനവും ഫലത്തിൽ ഫോർ വീൽ ഡ്രൈവ് തന്നെ. എൻജിന്റെ ശക്തി നാലു ചക്രങ്ങളിലും എത്തുംവിധമാണ് രൂപകൽപനയെങ്കിലും ഒരു ട്രാൻസ്ഫർ കെയ്സ്  ഇവിടെ ഉപയോഗിക്കുന്നില്ല. പകരം മുൻവീൽ ഡ്രൈവ് കാറുകളിലെ ഗിയർബോക്സും ഡിഫറൻഷ്യലും സംയോജിപ്പിച്ച  ട്രാൻസാക്സിൽ‌ ആണ് ഇതിലുണ്ടാവുക. ഇതിനോട് അനുബന്ധിച്ചുള്ള െസന്റർ ഡിഫറൻഷ്യൽ മുന്നിലെയും പിന്നിലെയും ചക്രങ്ങളിലേക്ക് ശക്തി എത്തിക്കുന്നു. ഇലക്ട്രോണിക് സെൻസറുകളും ക്ലച്ച് സംവിധാനങ്ങളും ഉപയോഗിച്ച് ചക്രങ്ങൾ തെന്നിക്കറങ്ങുന്നതു തടയാനുള്ള സംവിധാനങ്ങളും ആധുനിക വാഹനങ്ങളിലുണ്ട്. ഉദാ: ഹോണ്ട സിആർവി, ഔഡി ക്വോഡ്രോ ശ്രേണി 

ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യൽ 

ഇത്തരമൊരു സാങ്കേതികവിദ്യകൂടി ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഒരു ഡിഫറൻഷ്യൽ പ്രദാനം ചെയ്യുന്ന കറക്കൽ ശക്തി (ടോർക്ക്) എപ്പോഴും രണ്ടു ചക്രങ്ങൾക്കും ഒരുപോലെയായിരിക്കും. അപ്പോൾ ഒരു ചക്രം പിടിത്തം നഷ്ടപ്പെട്ട് കറങ്ങിയാൽ അതിനാവശ്യമായ ശക്തി തുലോം കുറവായിരിക്കും. ഈ തീരെ കുറഞ്ഞ ശക്തി മാത്രമേ പിടിത്തമുള്ള ചക്രത്തിനും ലഭിക്കുകയുള്ളൂ.  തന്മൂലം വാഹനത്തിനു നീങ്ങാൻ കഴിയാതെ വരും. ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യൽ‌ ഈ സാഹചര്യം ഒഴിവാക്കാനുള്ള ഒരു മാർഗമാണ്. ഇതു ഘടിപ്പിച്ചിട്ടുള്ള വാഹനത്തിൽ ഒരു ചക്രം  പിടിത്തം നഷ്ടപ്പെട്ട് കറങ്ങാൻ  തുടങ്ങുമ്പോൾത്തന്നെ ഡിഫറൻഷ്യൽ അതിലേക്കുള്ള ശക്തി പരിമിതപ്പെടുത്തുകയും മറുവശത്തുള്ള ചക്രത്തിലേക്കു ശക്തി തിരിച്ചുവിടുകയും ചെയ്യും. 

ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യൽ 

നാലു തരമുണ്ട്. 

1. യാന്ത്രികമായി പ്രവർത്തിക്കുന്നത്.

2. കറക്കൽശക്തി തിരിച്ചറിയുന്നത് (ടോർക്ക് സെൻസിങ്) 

3. ചക്രത്തിന്റെ വേഗത തിരിച്ചറിയുന്നത് (സ്പീഡ് സെൻസിങ്)

4. ഇലക്ട്രോണിക് നിയന്ത്രിതമായത്.

മുഴുവൻസമയ നാല് വീൽ ഡ്രൈവ് സംവിധാനങ്ങളോടൊപ്പമാണ് ലിമിറ്റഡ് സ്‌ലിപ്പ് ഡിഫറൻഷ്യൽ സാധാരണ ഉപയോഗിക്കാറ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA