കരിപ്പൂരിലെ ഹൈഡ്രോപ്ലെയിനിങ്, വിമാനങ്ങൾക്ക് മാത്രമല്ല റോഡിലെ വാഹനങ്ങൾക്കും വരും ഈ അപകടം

hydro-planing
Hydro Planing
SHARE

കേരളത്തിൽ നടന്ന ആദ്യ വിമാനാപകടത്തിന്റെ ചർച്ചകളിൽ പലവട്ടം കേട്ട വാക്കാണ് ഹൈഡ്രോപ്ലെയിനിങ്. റൺവേയിലെ വെള്ളത്തിന്റെ പാളിയിൽ വിമാനത്തിന്റെ ചക്രങ്ങൾ തെന്നി നീങ്ങുന്ന അവസ്ഥ. റൺവേയിൽ മാത്രമല്ല റോഡുകളിലേയും അപകടകാരണമാണിത്. കുറച്ചു നാൾ മുമ്പ് അങ്കമാലിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടം ഉദാഹരണം. എന്താണ് ഹൈഡ്രോ പ്ലെയിനിങ്ങെന്നും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്താണെന്നും പറയുകയാണ് മോട്ടർവാഹന വകുപ്പ് ഫെയ്സ്ബുക് പോസ്റ്റിലൂടെ 

ഫെയ്സ്ബുക് പോസ്റ്റിൽനിന്ന്:

കരിപ്പൂർ വിമാന ദുരന്തം ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെനിങ് മൂലമാകാം എന്ന ചർച്ചകൾ നടക്കുകയാണല്ലൊ, അത് അങ്ങനെയാണെങ്കിലും അല്ലെങ്കിലും മഴക്കാലത്ത് റോഡിലെ ഏറ്റവും അപകടകാരമായ പ്രതിഭാസം ആണ് ഭൂരിഭാഗം ഡ്രൈവർമാർക്കും അജ്‌ഞാതമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിങ് എന്നത്.

∙ എന്താണ് ഹൈഡ്രോപ്ലെയിനിങ്

നിരത്തുകളിൽ വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിംഗും സ്‌റ്റീയറിംഗ് ആക്ഷനുകളും എല്ലാം വാഹനത്തിലെ യാന്ത്രികമായ ഭാഗങ്ങളുടെ പ്രവർത്തനം മൂലമാണെങ്കിലും അന്തിമമായി പ്രവർത്തന പഥത്തിലേക്കെത്തുന്നത് ടയറും റോഡും തമ്മിലുള്ള ഘർഷണം മൂലമാണ് (ഓർക്കുക, മിനുസമുള്ള തറയിൽ എണ്ണ ഒഴിച്ചാൽ നമുക്ക് നടക്കാൻ പോലും കഴിയാത്തതും ഈ ഘർഷണത്തിന്റെ അഭാവമാണ്).

വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ് ആക്ഷൻ മൂലം ടയറിന്റെ താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action) ചാലുകളിൽ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള Contact നിലനിർത്തും എന്നാൽ ടയറിന്റെ വേഗത (Peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതു കൊണ്ട് തന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽ നിന്ന് ഉയരുകയും ചെയ്യും.

അങ്ങിനെ ടയറിന്റെയും റോഡിന്റെയും ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ്.

റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്റ്റിയറിങ്ങിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം സാദ്ധ്യമല്ലാതെ വരികയും വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഡ്രൈവർക്ക് നഷ്ടമാകുകയും ചെയ്യും. തന്മൂലം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി മറിയുന്നതിന് ഇടയാക്കും.

വാഹനത്തിന്റെ വേഗത വർദ്ധിക്കുന്നതോടു കൂടി ഹൈഡ്രോപ്ലെയിനിങ് സാദ്ധ്യതയും കൂടുന്നു. മാത്രവുമല്ല ടയർ തേയ്മാനം മൂലം ടയറിന്റെ സ്പിൽവേയുടെ കനം (groove) കുറയുന്നതോടെ പമ്പിങ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലെയിനിങ് സംഭവിക്കുന്നതിന് കാരണമാകും.

ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോപ്ലെയിനിങ്ങിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

∙ ഹൈഡ്രോപ്ലെയിനിങ്ങിനെ ബാധിക്കുന്ന ഘടകങ്ങൾ

ഹൈഡ്രോപ്ലെയിനിങ്ങിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്.

∙ വേഗത-വേഗത തന്നെയാണ് ഏറ്റവും പ്രധാന ഘടകം

∙ ത്രെഡ് ഡിസൈൻ-ചില ത്രെഡ് ഡിസൈൻ ഹൈഡ്രോപ്ലെയിനിങ്ങിന് സഹായകരമാകും.

∙ ടയർ സൈസ്-സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോപ്ലെയിനിങ് കുറക്കും.

∙ എയർ പ്രഷർ-ഓവർ ഇൻ ഫ്ളേഷൻ അക്വാപ്ലെയിനിങ്ങിന് സാദ്ധ്യത കൂട്ടും.

∙ ജലപാളിയുടെ കനം

∙ വാഹനത്തിന്റെ തൂക്കം-തൂക്കം കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലെയിനിങ് കുറയും.

∙ റോഡ് പ്രതലത്തിന്റെ സ്വഭാവം-മിനുസവും ഓയിലിന്റെ സാന്നിധ്യവും ഹൈഡ്രോപ്ലെയിനിങ്ങിനെ വർധിപ്പിക്കും..

∙ നിയന്ത്രണം നഷ്ടമായാൽ

ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ തന്നെ ആക്സിലറേറ്ററിൽ നിന്ന് കാല് പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിങ്ങും സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ജലപാളി പ്രവർത്തനം (ഹൈഡ്രോപ്ലെയിനിങ്) തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം, വാഹനത്തിന്റെ വേഗം കുറയ്ക്കുക എന്നതു തന്നെയാണ്, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുകയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ (നല്ല വേഗതക്ക് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്ത് മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ്), കൂടാതെ ജലം സ്പിൽവേയ്ക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകൾ തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക തന്നെ വേണം. ശരിയായി ഇൻഫ്ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡിൽ ക്രൂസ് കൺട്രോൾ ഒഴിവാക്കുകയും ചെയ്യണം.

English Summary: What is Hydro Planing, Know More About IT

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA