ADVERTISEMENT

യൂസ്ഡ് വാഹനങ്ങൾ വാങ്ങുന്നത് വിശ്വസ്തരിൽനിന്നാകണം. അല്ലെങ്കിൽ മാരുതി ട്രൂവാല്യു പോലുള്ള വിശ്വസ്ത ബ്രാൻഡുകളിൽനിന്ന്. ശ്രദ്ധയോടെ വാങ്ങിയില്ലെങ്കിൽ അവ നല്ല പണി തരും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച യൂസ്ഡ് കാർ തലവേദനയില്ലാതെ സ്വന്തമാക്കാം.

1) ചരിത്രം ചികയുക 

ആദ്യം വാഹനത്തിന്റെ സർവീസ് ഹിസ്റ്ററി നോക്കുക. കൃത്യമായ ഇടവേളകളിൽ അംഗീകൃത സർവീസ് സെന്ററുകളിൽനിന്നു  സർവീസ് ചെയ്ത വാഹനങ്ങളാണു നല്ലത്. വാഹനത്തിനുണ്ടായ കേടുപാടുകൾ, അതിനു ചെയ്ത മെയിന്റനൻസ് വർക്കുകൾ എന്നിവ ഇതിലൂടെ അറിയാം. 

2) ബോഡിക്കു ക്ഷതമേറ്റിട്ടുണ്ടോ എന്നറിയുക

ഗുരുതരമായ അപകടങ്ങൾ പറ്റിയ വാഹനങ്ങളിൽ ബോഡി പാർട്സുകൾ മാറിയിട്ടിട്ടുണ്ടാകും. ഗ്ലാസുകൾ ഉദാഹരണം. ഇങ്ങനെ മാറ്റിയിടപ്പെട്ട വാഹനഭാഗങ്ങൾ വല്ലതും നിങ്ങൾ നോക്കുന്ന വാഹനത്തിന് ഉണ്ടോ എന്നു പരിശോധിക്കണം. ഇതിനൊരു എളുപ്പവഴിയുണ്ട്. ലോഹഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പേസ്റ്റിങ് ശ്രദ്ധിക്കുക. ഒറിജിനൽ വാഹനഭാഗങ്ങളിലെ പേസ്റ്റിങ് നല്ല വൃത്തിയുള്ളതായിരിക്കും. എന്നാൽ മാറ്റിവച്ച പാർട്സുകളിലെ പേസ്റ്റിങ്  അത്ര നല്ല രീതിയിൽ ആകില്ല. ഡോറുകൾ, ബോണറ്റ്, ബൂട്ട് ഡോർ എന്നിവ നോക്കിയാൽ ഈ വ്യത്യാസം അറിയാം. ഇടിച്ചിട്ടുണ്ടെങ്കിൽ, ആ ഭാഗത്തെ ഏതെങ്കിലും പാർട്സ് മാറ്റിയിടുമല്ലോ. അങ്ങനെ അറിയാം ആ വാഹനത്തിന്റെ കണ്ടീഷൻ. 

3) ഗ്ലാസ്സിലെ മുദ്രണം ഒത്തുനോക്കുക

വാഹനത്തിന്റെ എല്ലാ ഗ്ലാസിലും നിർമാണ കമ്പനി, നിർമിച്ച തീയതി എന്നിങ്ങനെ ഏറെ കാര്യങ്ങൾ രേഖപ്പെടുത്തിയ  എഴുത്തു കാണാം. ഒരു ഗ്ലാസിൽ ഇത് ഇല്ലെന്നിരിക്കട്ടെ. അതു മാറ്റിയതാണെന്ന് അനുമാനിക്കണം. അങ്ങനെയെങ്കിൽ അവിടെ ഒരു ഇടിച്ചിട്ടുണ്ടോ എന്നും  പാർട്സുകൾ മാറ്റിയിട്ടുണ്ടോ എന്നും കൂടി നമുക്കു പരിശോധിക്കാം. ഈ മുദ്രണം ഇപ്പോൾ പുറത്തുനിന്നു ഡ്യൂപ്ലിക്കറ്റ് ആയി ചെയ്തു കൊടുക്കുന്നവരുമുണ്ട്. അതുകൊണ്ട് ഒരു യൂസ്ഡ് കാർ വിദഗ്ധനെക്കൊണ്ടുകൂടി പരിശോധിപ്പിക്കുന്നതു നല്ലതാണ്. 

4) ബഹുവചനം സൂക്ഷിച്ചുമതി

പലയാളുകൾ കൈമാറിയ വാഹനത്തിന് അത്ര മേന്മയുണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഓണർഷിപ് ഡീറ്റെയിൽസ് എടുത്തുനോക്കുന്നതു നല്ലതാണ്. ഒരാൾ മാത്രം ഉപയോഗിച്ച വാഹനത്തിന് യൂസ്ഡ് കാർ വിപണിയിൽ നല്ല ഡിമാൻഡ് ഉണ്ട്. ഉടമ എന്ന ഏകവചനമാണു കാറിനെ സംബന്ധിച്ചു നല്ലത്. ഉടമകൾ എന്നുള്ള ബഹുവചനം അത്ര നല്ലതല്ല. ഇത്രയും കണ്ടു പരിശോധിക്കാനുള്ളത്. ഇനി ഡ്രൈവ് ചെയ്യുമ്പോൾ നമുക്ക് ചില കാര്യങ്ങൾ കൂടി അറിയാം. 

5) കാതോർത്ത് ഓടിക്കണം

എല്ലാ വഴികളിലൂടെയും ഓടിച്ചുനോക്കണം. ഏതു ചെറിയ ശബ്ദത്തിനും കാതോർക്കണം. നിരപ്പായ ഹൈവേയിലും കുണ്ടുംകുഴിയും നിറഞ്ഞ വഴികളിലും ഡ്രൈവ് ചെയ്യുമ്പോഴേ വാഹനത്തിന്റെ അടിഭാഗത്തുനിന്നുണ്ടാകുന്ന കുലുക്കങ്ങളും ശബ്ദങ്ങളും തിരിച്ചറിയാൻ പറ്റൂ. ലോവർ ആം, സസ്പെൻഷൻ പോലുള്ള ഭാഗങ്ങളിൽനിന്ന് ശബ്ദമുണ്ടാകുന്നുവെങ്കിൽ മെക്കാനിക്കിനെ ക്കൊണ്ടു പരിശോധിപ്പിക്കണം. ഡ്രൈവ് ഷാഫ്റ്റിനു തകരാറുണ്ടോ എന്നറിയാൻ സ്റ്റിയറിങ് മുഴുവനായും വലത്തോട്ടു തിരിച്ച് ഓടിക്കണം. ശേഷം ഫുൾ ഇടത്തോട്ടും തിരിച്ച് ഓടിക്കണം. 

6) ക്ലച്ച് തേയ്മാനം ഉണ്ടോ?

വാഹനം നിരപ്പായ റോഡിൽ നിർത്തുക, ശേഷം ഗിയർ സെക്കൻഡിലോ തേഡിലോ ഇടുക. എന്നിട്ട് ക്ലച്ചിൽനിന്നു കാലെടുക്കുക.  വണ്ടി ഇടിച്ചുനിന്ന് ഓഫ് ആയെങ്കിൽ  ക്ലച്ച് തീരാറായി  എന്നർഥം. ഈ തകരാറു മാറ്റാൻ ചെറു വാഹനങ്ങൾക്കു 4500 രൂപവരെയാകും. ഇക്കാര്യം ശ്രദ്ധിക്കാതെയാണു വാഹനം എടുക്കുന്നതെങ്കിൽ നമ്മുടെ കാശും സമയവും നഷ്ടമാകും. 

7) പുക കണ്ടേ അടങ്ങാവൂ

വാഹനം സ്റ്റാർട്ട് ചെയ്തു പുക പരിശോധിക്കണം. ഡീസൽ വാഹനങ്ങളിൽ കറുപ്പു പുകയാണു വരുന്നതെങ്കിൽ സംഗതി കുറച്ചു ഗുരുതരമാണ്. ഇന്ധനത്തോടൊപ്പം  ഓയിൽ കൂടി കത്തുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറ്. അത്യാവശ്യം കാശുപൊടിയുന്ന എൻജിൻ പണി വേണ്ടിവരും എന്നർഥം. പെട്രോൾ വാഹനങ്ങളിൽ  ബ്ലൂ ഷേഡ് ഉള്ള പുകയാണു വരുന്നതെങ്കിൽ  സിലിണ്ടർ റിങ്സ് മാറ്റാറായോ എന്നു സംശയിക്കാം. ഇതും  മേജർ എൻജിൻ പണിയാണ്. സിലിണ്ടറുകളുടെ  വാൽവ് ഗൈഡ് പോയാലും ഓയിൽ കത്താം. പെട്രോൾ വാഹനങ്ങളിൽ സിലിണ്ടർ ഹെഡിന്റെ ഗാസ്കെറ്റ് പോയതാണെങ്കിൽ വെള്ളപ്പുക കാണാം. ഇവിടെ  വെള്ളവും ഓയിലും യോജിച്ചു കത്തും. ഗാസ്കെറ്റിന്റെ പ്രശ്നം അറിയാൻ,  വാഹനം  തണുത്തിരിക്കുമ്പോൾ റേഡിയേറ്റർ ക്യാപ് തുറന്നുനോക്കുക. അവിടെ  ഓയിലിന്റെ ഡ്രോപ് കാണാൻ പറ്റും.  എൻജിൻ അഴിക്കേണ്ടി വരും.  

8) മീറ്ററിനെ കണ്ണുംപൂട്ടി വിശ്വസിക്കരുത് 

ഇപ്പോൾ മിക്ക കാറുകൾക്കും ഡിജിറ്റൽ മീറ്റർ ആണ്. ഇവയിൽ കിലോമീറ്റർ കുറച്ചു കാണിക്കാനാകും. കബളിപ്പിക്കപ്പെടാതിരിക്കാൻ സർവീസ് ഹിസ്റ്ററി ഒത്തുനോക്കാം. സർവീസ് കാലയളവിൽ എത്ര കിലോമീറ്റർ ഓടി എന്നു രേഖപ്പെടുത്തും. ഇവയുമായി വല്ല വ്യത്യാസവും ഉണ്ടെങ്കിൽ സംശയിക്കണം. 

9) ഓട്ടമാറ്റിക്  ഓടിച്ചുതന്നെ മേടിക്കണം

രണ്ടാം കാർ ഓട്ടമാറ്റിക് മതി എന്നു കരുതുന്ന ഏറെപ്പേരുണ്ട്. ഇത്തരക്കാർ പ്രീ-ഓൺഡ് ഓട്ടമാറ്റിക്  കാർ എടുക്കുമ്പോൾ തീർച്ചയായും ടെസ്റ്റ് ഡ്രൈവ് നടത്തണം. ചെറിയ ദൂരം പോരാ. എല്ലാ ഗിയറും വീഴത്തക്കവിധമുള്ള ദൂരമാണ് ഓടിക്കേണ്ടത്. കാരണം ഓട്ടമാറ്റിക് കാറുകളിലെ തകരാറ് അങ്ങനെയേ അറിയാനൊക്കൂ. ചെറിയ വേഗം തൊട്ട് ടോപ്ഗിയർ വീഴാനുള്ള കൂടിയ വേഗത്തിൽ വരെ വണ്ടിഓടിച്ചു നോക്കണം.  നമ്മൾ കാലു കൊടുക്കുന്നതിനനുസരിച്ച് ആർപിഎം കയറും പക്ഷേ, അതിന് ആനുപാതികമായി ഗിയർ മാറുന്നില്ലെങ്കിൽ ഗിയർബോക്സിനു തകരാർ ഉണ്ടോ എന്നു നോക്കണം.  ടോർക്ക് കൺവെർട്ടർ മോഡലുകൾക്കും എഎംടി എന്ന സെമി ഓട്ടമാറ്റിക് കാറുകൾക്കും ഇതേ രീതി പിൻതുടരണം.

10)  മോഡിഫിക്കേഷന്റെ മോടി വേണ്ട

ചെറിയ മോഡിഫിക്കേഷൻ പോലും കുറ്റകരമാണ്. നാം വാങ്ങുന്ന വാഹനത്തിൽ മോഡിഫൈ ചെയ്ത പാർട്സ് ഉണ്ടോ എന്നു നോക്കേണ്ടത് അത്യാവശ്യം. വാഹനവകുപ്പിന്റെ പരിശോധനയിൽ  അതു കണ്ടുപിടിക്കപ്പെട്ടാൽ പഴയ രീതിയിലേക്കു വാഹനം മാറ്റിയെടുത്ത് വീണ്ടും പരിശോധനയ്ക്കായി സമർപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പാർട്സ് മാറ്റാനുള്ള രൂപ, പണിക്കൂലി ഇനത്തിലുള്ള ചെലവ് വേറെയും.  

11) ഓയിൽ സ്റ്റിക്ക് പരിശോധിക്കാം

ഡീസൽ എൻജിന്റെ  ഓയിൽ സ്റ്റിക്ക് നമുക്ക് ഊരി നോക്കാം. വണ്ടി സ്റ്റാർട്ട് ചെയ്തുനിർത്തി ഓയിൽ സ്റ്റിക്ക് ഊരുക. കംപ്രഷൻ വീക്ക് ആണെങ്കിൽ പുകയും ഓയിലും ഓയിൽ സ്റ്റിക്കിലൂടെ പുറത്തോട്ടു തള്ളും. ഓയിൽ ക്യാപ്പിൽ ജലാംശവും കാണാം. എൻജിൻ പണി വെണ്ടിവരും. സിലിണ്ടർ റിങ്സ്, സിലിണ്ടർ ബോറിന് തേയ്മാനം എന്നീ കാരണങ്ങൾ കൊണ്ട് ഇത്തരം കാര്യങ്ങൾ സംഭവിക്കാം.

English Summary: Eleven Tips Before Buying Used Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com