ADVERTISEMENT

ഞങ്ങൾ സുഹൃത്തുക്കൾ മൂന്നുപേർ ഇപ്പോൾ കാർ ഷെയർ ചെയ്താണ് ഓഫിസിലേക്കു പോകുന്നത്. തുടർന്നും ഇങ്ങനെയായിരിക്കും യാത്ര എന്നു നിശ്ചയിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഇൻഷുറൻസ് പോളിസിയിൽ  സഹയാത്രികരുടെ പഴ്സനൽ ആക്സിഡന്റ് കവറേജ് കൂടി ഉൾപ്പെടുത്താൻ സാധിക്കുമോ? 

ഇൻഷുറൻസ് പോളിസികളിൽ  വാഹനത്തിന്റെ റജിസ്റ്റേർഡ് ഉടമയ്ക്കു മാത്രമേ പഴ്സനൽ ആക്സിഡന്റ് കവറേജ് ഉണ്ടാകുകയുള്ളൂ. നിങ്ങളുടെ കാറിലെ മറ്റു യാത്രികർക്കും അപകട ഇൻഷുറൻസ് ചെയ്യാമെന്ന കാര്യം പലർക്കും അറിയില്ല. നിലവിലെ പോളിസികൾ പുതുക്കുമ്പോൾ അധികമായി ചേർക്കേണ്ടവയാണ് ഇത്തരം പഴ്സനൽ ആക്സിഡന്റ് കവർ പോളിസികൾ. അപകടം നടന്നാൽ വാഹനത്തിന്റെ പരുക്കുകൾ നമുക്കു ക്ലെയിം ചെയ്യാം. റജിസ്റ്റേർഡ് ഉടമയ്ക്കുണ്ടാകുന്ന അപകടം, മരണം എന്നിവയ്ക്കു പോളിസിയിൽ പരിരക്ഷ ഉണ്ടാകും. എന്നാൽ വാഹനത്തിലെ മറ്റുള്ളവർക്കു പറ്റുന്ന അപകടങ്ങൾക്കും മറ്റും ഇൻഷുറൻസ് പരിരക്ഷയുണ്ടാകില്ല. ഇവിടെയാണ് പഴ്സനൽ ആക്സിഡന്റ് കവർ കൂടി പോളിസിയിൽ കൂട്ടിച്ചേർക്കേണ്ട ആവശ്യകത.

ആക്സിഡന്റ് കവർ ഫോർ പാസഞ്ചേഴ്സ് 

വാഹനത്തിലെ യാത്രികരെ രണ്ടു തരത്തിൽ കാണാം. റജിസ്റ്റേർഡ് ഉടമയും സഹയാത്രികരും. ഇതിൽ റജിസ്റ്റേർഡ് ഉടമയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ സ്വാഭാവികമായും വാഹനത്തിന്റെ ഇൻഷുറൻസ് പോളിസിയിൽ ഉണ്ടായിരിക്കുമെന്നു മേൽ സൂചിപ്പിച്ചു. സഹയാത്രികർക്കുള്ള പോളിസി രണ്ടു തരത്തിലുണ്ട്. ഒന്ന് നെയിംഡ് പാസഞ്ചേഴ്സ് ആക്സിഡന്റ് കവർ– ഇതു നമ്മുടെ കുടുംബാംഗങ്ങളെയോ കാറിൽ സ്ഥിരമായി സഞ്ചരിക്കാറുള്ള സുഹൃത്തുക്കളെയോ ഉദ്ദേശിച്ചുള്ളതാണ്. യാത്രികരുടെ പേര് സഹിതം രേഖപ്പെടുത്തിയാകും പോളിസി നിലനിൽക്കുക. 

രണ്ടാമത്തെ പോളിസിയാണ് അൺനെയിംഡ് പാസഞ്ചേഴ്സ് ആക്സിഡന്റ് കവർ. വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി അനുസരിച്ചോ സഹയാത്രികരുടെ എണ്ണം നോക്കിയോ ഇത്തരം പോളിസി ഉൾപ്പെടുത്താം. ഉദാഹരണത്തിന്, റജിസ്ട്രേഡ് ഉടമ അല്ലാതെ വാഹനത്തിൽ സഞ്ചരിക്കുന്ന മറ്റു നാലുപേർക്ക് അപകട ഇൻഷുറൻസ് എടുക്കാം. ഇവിടെ പേരു നൽകേണ്ട കാര്യമില്ല. ആ വാഹനത്തിൽ കയറുന്ന ആർക്കും അപകട പോളിസിയുടെ പരിരക്ഷ ലഭിക്കും. 

എത്ര ചെലവു വരും?

എത്ര തുകയ്ക്കുള്ള പോളിസിയാണോ എടുക്കേണ്ടത് അതിനനുസരിച്ച് പ്രീമിയത്തിൽ മാറ്റമുണ്ടാകും. പതിനഞ്ചു ലക്ഷം രൂപ വരെ  അപകട പരിരക്ഷ നൽകുന്ന പോളിസികൾ പുതുതായി വന്നിട്ടുണ്ട്. സീറ്റിങ് കപ്പാസിറ്റി നോക്കിയാണ് ഇവയുടെ പ്രീമിയം തുക നിശ്ചയിക്കുക. ഒരാൾക്ക്  വെറും 270 രൂപ (ഒരു വർഷത്തേക്ക്) എന്ന നിരക്കിൽ സീറ്റിങ് കപ്പാസിറ്റിയുടെ ഗുണിതമുള്ള തുക പ്രീമിയത്തിൽ അധികമായി അടച്ചാൽ മതി ഈ പരിരക്ഷ ലഭിക്കുവാൻ. അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ മതിയെങ്കിൽ വെറും 90 രൂപയേ ഒരാൾക്കു വരൂ. അടുത്ത പോളിസി എടുക്കുമ്പോൾ ഈ അപകട പരിരക്ഷയും ഉൾപ്പെടുത്തുക. 

ഇനി ഇരുചക്രവാഹനങ്ങളുടെ കാര്യമെടുക്കാം. പിന്നിൽ ഇരിക്കുന്നയാൾക്ക് അപകട പരിരക്ഷ ഉറപ്പാക്കുന്ന പൊളിസി ലഭിക്കാനായി  വെറും അൻപതു രൂപ നിലവിലെ പ്രീമിയത്തോടൊപ്പം നൽകിയാൽ മതിയാകും. രണ്ടുലക്ഷം രൂപ വരെ അപകട പരിരക്ഷ കിട്ടും.  വാഹനത്തിനു തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ഉള്ളൂ എന്നു കരുതുക. 

മേൽപറഞ്ഞ അധിക പരിരക്ഷ ലഭിക്കാൻ എന്തു ചെയ്യണം? 

സത്യത്തിൽ വാഹനത്തിലെ യാത്രികർക്കുള്ള പഴ്സനൽ ആക്സിഡന്റ് കവർ തേഡ് പാർട്ടി പോളിസിക്കുള്ളിൽ വരുന്ന അധികപോളിസി തന്നെയാണ്. അതുകൊണ്ടുതന്നെ തേഡ് പാർട്ടി മാത്രം എടുക്കുമ്പോൾ, അല്ലെങ്കിൽ തേഡ് പാർട്ടി ഇൻഷുറൻസ് പുതുക്കുമ്പോൾ ഈ ആഡ് ഓൺ സേവനങ്ങൾ കൂടി എടുക്കാം.   

വിവരങ്ങൾക്കു കടപ്പാട് : Precise Insurance SolutionsErnakulam

English Summary: Personal Accident Cover In Vehicle Insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com