സീറോ ഡിപ്രീസിയേഷന്‍, ടാക്സി വിളിക്കാനും പണം: ഈ ഇൻഷുറൻസുകൾ നിങ്ങളുടെ വാഹനത്തിനുണ്ടോ?

vehicle-insurance
Representative Image
SHARE

നിരത്തിലോടുന്ന വാഹനങ്ങളുടെ അതേ വൈവിധ്യം തന്നെയാണ് ഇന്ന് അവയ്ക്ക് വേണ്ടിയുള്ള ഇന്‍ഷുറന്‍സുകളുടെ കാര്യത്തിലുമുള്ളത്. മുന്‍പ് വാഹനത്തിന് ഒട്ടാകെ ഒരു തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സോ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സോ എടുക്കുകയായിരുന്നു പതിവെങ്കില്‍ ഇന്ന് വാഹനത്തിന്റെ ഓരോ ഭാഗത്തിനും പ്രത്യേകം തിരഞ്ഞെടുക്കാവുന്ന ആഡ് ഓണ്‍ പായ്ക്കുകള്‍ ലഭ്യമാണ്. വാഹനത്തിന് അപകടം സംഭവിച്ചാല്‍ ഉടമയുടെ കയ്യില്‍ നിന്നു ചെറിയ തുക പോലും നഷ്ടമാകാതെ സഹായിക്കാന്‍ ഈ ആഡ് ഓണ്‍ പായ്ക്കുകള്‍ക്ക് കഴിയുമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവകാശപ്പെടുന്നത്. ഇന്ന് ഇന്‍ഷുറന്‍സ് വിപണിയില്‍ ലഭ്യമായ പ്രധാന ആഡ് ഓണ്‍ പായ്ക്കുകള്‍ താഴെ പറയുന്നവയാണ്. 

സീറോ ഡിപ്രീസിയേഷന്‍

വാഹനത്തിന് അപകടം സംഭവിച്ചാല്‍ അതിന്റെ ഏതെങ്കിലുമൊക്കം ഭാഗം മാറ്റേണ്ടി വരാറുണ്ട്. ഇങ്ങനെ മാറ്റുമ്പോള്‍ അപകടം സംഭവിച്ച വണ്ടിയുടെയും മാറ്റേണ്ട വണ്ടിഭാഗത്തിന്റെയും കാലപ്പഴക്കം കണക്കാക്കിയാകും ഇന്‍ഷുറന്‍സ് കമ്പനികള്‍ റീ ഇമ്പേഴ്സ്മെന്റ് നടത്തുക. മാറ്റേണ്ട വാഹനത്തിന്റെ പാര്‍ട്ട്സ് പഴയതാണെങ്കില്‍ അതിന്റെ വില കണക്കാക്കിയാണ് ഉടമയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കുക. ഇത് മാറ്റി വയ്ക്കേണ്ട പുതിയ ഭാഗത്തിന് വിലയുടെ പകുതി മാത്രമേ ചിലപ്പോഴുണ്ടാകുകയുള്ളു. ഇത്തരം സാഹചര്യത്തില്‍ ഉടമയുടെ കയ്യില്‍ നിന്ന് ബാക്കി പണം കൂടി നൽകിയാലോ കേടു വന്ന ഭാഗം മാറ്റാന്‍ സാധിക്കും.

ഈ പ്രതിസന്ധി ഒഴിവാക്കുന്ന പോളിസിയാണ് സീറോ ഡിപ്രീസിയേഷന്‍. ഈ ആഡ് ഓണ്‍ ഫുള്‍കവര്‍ ഇന്‍ഷുറന്‍സിനൊപ്പം എടുക്കുമ്പോള്‍ പിന്നീട് വാഹനത്തിന്റെ ഏതെങ്കിലും ഭാഗം മാറ്റേണ്ടി വന്നാലും അതു മാറ്റുന്നതിനുള്ള മുഴുവന്‍ ചിലവും ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും. അതായത് കാലപ്പഴക്കം കൊണ്ട് മാറ്റേണ്ട വാഹനഭാഗത്തിന്റെ മൂല്യത്തിലുണ്ടായ കുറവ് ഈ ആഡ് ഓണ്‍ പോളിസി പരിഗണിക്കില്ല. അപകടം സംഭവിച്ചാല്‍ വാഹന ഉടമയുടെ കയ്യില്‍ നിന്ന് പണം നഷ്ടമാകാതിരിക്കാന്‍ ഈ ആഡ് ഓണ്‍ സഹായിക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നു. വാഹനം സ്വന്തമാക്കി ആദ്യത്തെ 5 വർഷത്തേക്ക് മാത്രമേ സീറോ ഡിപ്രീസിയേഷൻ പോളിസി ലഭിക്കൂ.

എന്‍ജിന്റെ സംരക്ഷണത്തിന് വേണ്ടി

എൻജിന്‍ പ്രൊട്ടക്ഷൻ പോളിസി. പുതിയ കാര്‍ വാങ്ങുന്ന ഉടമകളെ ലക്ഷ്യമിട്ടുള്ളതാണ് ഈ ആഡ് ഓണ്‍ പോളിസി. വാങ്ങി മൂന്നു വര്‍ഷം വരെ മാത്രമേ ഈ ആഡ് ഓണ്‍ പോളിസ് ലഭിക്കൂ. അപകടം മൂലമല്ലാതെ ഉണ്ടാകുന്ന എൻജിന്റെ റിപ്പയറുകള്‍ക്കാണ് ഈ പോളിസി തുക ലഭ്യമാകുക. വാഹനത്തിന്റെ എൻജിന്റെ പണി വലിയ തുക ചിലവാകുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ എൻജിന്‍ റിപ്പയര്‍ ഏതൊരു ഉടമയുടെയും പേടിസ്വപ്നവുമാണ്. ഈ പേടിസ്വപ്നം ഒഴിവാക്കാന്‍ എൻജിന്‍ സംരക്ഷണത്തിനായുള്ള ആഡ് ഓണ്‍ പോളിസിയിലൂടെ സാധിക്കും. വെള്ളപ്പൊക്കം പോലുള്ള ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകള്‍ക്കാകും ഈ പോളിസി ഗുണകരമാകുക.

വാഹനം വാങ്ങിക്കുമ്പോള്‍ നല്‍കിയ തുക മുഴുവന്‍ തിരികെ ലഭിക്കും

റിട്ടേണ്‍ ടു ഇന്‍വോയ്സ് ആഡ് ഓൺ. പേരു സൂചിപ്പിക്കുന്നത് പോലെ വാഹനത്തിന് വേണ്ടി റോഡ് ടാക്സ് അടക്കം ചിലവാക്കിയ മുഴുവന്‍ തുകയും തിരിച്ച് കിട്ടുന്നതാണ് ഈ പോളിസി. വാഹനം മോഷണം പോവുകയോ, പൂര്‍ണ്ണമായും ഉപയോഗ ശൂന്യമാകുകയോ ചെയ്താലാണ് ഈ പോളിസി ആഡ് ഓണ്‍ ഗുണം ചെയ്യുക. സാധാരണ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ IDV അഥവാ ഇന്‍ഷുവേര്‍ഡ് ഡിക്ലയേര്‍ഡ് വാല്യു മാത്രമേ ഉടമയ്ക്ക് തിരികെ ലഭിക്കൂ. അതും വാഹനത്തിന്റെ കാലപ്പഴക്കത്തിനനുസരിച്ച് കുറയുകയും ചെയ്യും. എന്നാല്‍ റിട്ടേണ്‍ ടു ഇന്‍വോയ്സ് ആഡ് ഓണില്‍ ഇത്തരം ഇടിവുകള്‍ ഒന്നും ഉണ്ടാകില്ല. വാഹനത്തിന്റെ ഇൻവോയ്സിലെ മുഴുവന്‍ തുകയും ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. പുതിയ വാഹനത്തിന് ആദ്യത്തെ മൂന്നു വര്‍ഷം വരെ മാത്രമേ ഈ പോളിസി ലഭിക്കൂ.

ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാതിരുന്നാല്‍

നോ ക്ലെയിം ബോണസ്. ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം അടയ്ക്കുമ്പോള്‍ ക്ലെയിം ചെയ്തില്ലെങ്കില്‍ ആ തുക വാഹനഉടമയ്ക്ക് പൂര്‍ണമായും നഷ്ടപ്പെടുകയാണ് പതിവ്. ഈ നഷ്ടം കുറയ്ക്കുന്നതാണ് നോ ക്ലെയിം ബോണസ് എന്ന ആഡ് ഓണ്‍ പോളിസി. ഒരു വര്‍ഷം വാഹന ഉടമ തുക ക്ലെയിം ചെയ്തില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ പ്രീമിയത്തില്‍ 20 ശതമാനം ഇളവ് നല്‍കുന്നതാണ് ഈ ആഡ് ഓണ്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ക്ലെയിമുകളില്‍ ഇല്ലെങ്കില്‍ ഈ ഇളവ് വര്‍ദ്ധിക്കും. ഇങ്ങനെ അന്‍പത് ശതമാനം വരെ ഇളവ് പ്രീമിയത്തില്‍ വരും വര്‍ഷങ്ങളില്‍ ഉടമയ്ക്ക് ലഭിക്കും.

വഴിയില്‍ കുടുങ്ങിയാല്‍

ദീര്‍ഘയാത്രകള്‍ നടത്തുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ആഡ് ഓണ്‍ പോളിസ് ആണിത്. ഇന്ധനം തീര്‍ന്നു പോയാല്‍ അതെത്തിക്കുന്നതും ടയര്‍ മാറ്റുന്നതും വാഹന റിപ്പയറിങ്ങിന് മെക്കാനിക്കിനെ ഏര്‍പ്പാടാക്കുന്നതും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനി ഈ പോളിസിയിലൂടെ ലഭ്യമാക്കും. നിലവിലുള്ള പോളിസി പുതുക്കുമ്പോള്‍ മാത്രമാണ് ഈ ആഡ് ഓണ്‍ ലഭ്യമാകുക. പുതിയ പോളിസികള്‍ക്ക് ഇവ ലഭിക്കില്ല. സാധാരണ പോളിസിയ്ക്ക് ഒപ്പം ചെറിയ തുക മാത്രമാണ് ഈ ആഡ് ഓണിന് ഫീസായി നല്‍കുക.

ടാക്സി വിളിക്കാനും പോളിസി

റോഡ് സൈഡ് അസിസ്റ്റന്റ്. ദിവസേന കാര്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് വാഹനം റിപ്പയര്‍ ചെയ്യാന്‍ നല്‍കേണ്ടി വന്നാല്‍ ദിവസ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത തുക ലഭിക്കുന്ന പോളിസി ആണിത്. വാഹനം പണി കഴിഞ്ഞ പുറത്തിറങ്ങും വരെ ഒരു ദിവസം ടാക്സി വിളിക്കാനായി നിശ്ചിത തുക ഇന്‍ഷുറന്‍സ് കമ്പനി വാഹന ഉടമയ്ക്ക് നല്‍കും. വാഹനം മോഷണം പേയാലും ഇതേ തുക മറ്റൊരു വാഹനം ഇന്‍ഷുറന്‍സ് കമ്പനി ലഭ്യമാക്കും വരെ ഉടമയ്ക്ക് ലഭിക്കും, ഫുള്‍ കവര്‍ ഇന്‍ഷുറന്‍സിന്റെ കൂടെയാണ് ഈ ആഡ് ഓണ്‍ പോളിസി ലഭിക്കുക.

താക്കോല്‍ കളഞ്ഞ് പോയാല്‍

കീ റീപ്ലെയ്സ്മെന്റ് കോംപോസെഷൻ. വാഹനത്തിന്റെ താക്കോല്‍ മറക്കുക എന്നത് മിക്കവര്‍ക്കും സംഭവിക്കുന്ന കാര്യമാണ്. വാഹനത്തിന്റെ താക്കോല്‍ മറക്കുന്നതിന് ഇന്‍ഷുറന്‍സ് എന്തിനാണെന്ന് ചിന്തിക്കാന്‍ വരട്ടെ. താക്കോല്‍ നഷ്ടപ്പെട്ടാല്‍ പല വാഹനങ്ങളുടെയും ലോക്ക് തകര്‍ക്കുക മാത്രമാണ് ശേഷിക്കുന്ന പോം വഴി. ഇങ്ങനെ സംഭവിച്ചാല്‍ പുതിയ ലോക്ക് സ്ഥാപിക്കുന്ന ചിലവ് ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കും. കൂടാത വാഹനത്തിന്റെ ലോക്ക് തകര്‍ത്ത് അതിനുള്ളില്‍ മോഷണം നടന്നാലും ലോക്ക് പുനസ്ഥാപിക്കാനുള്ള ചിലവ് ഈ പോളിസി വഴി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ലഭിക്കും.

നട്ടിനും ബോള്‍ട്ടിനും കിട്ടും ഇന്‍ഷുറന്‍സ്

കൺസ്യൂമബിള്‍സ് കവർ. വാഹനം നന്നാക്കാന്‍ നല്‍കുമ്പോള്‍ നട്ട്, ബോള്‍ട്ട്, എഞ്ചിന്‍ ഓയില്‍ തുടങ്ങിയ സാധനങ്ങള്‍ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ സാധാരണ ഉള്‍പ്പെടാറില്ല. ഇത് പുറമെ നിന്ന് വാങ്ങുന്നതിനാലാണ് ഇത്. ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ഇവയ്ക്ക് വേണ്ടി ചിലവാക്കുന്ന തുക ലഭിക്കുന്നതിനാണ് കണ്‍സ്യൂമബിള്‍സ് കവര്‍ എന്ന ഈ ആഡ് ഓണ്‍ പോളിസി.  

English Summary: Vehicle Insurance Add On Policies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA