ADVERTISEMENT

പുതിയ വാഹനം വാങ്ങുമ്പോൾ എടുക്കുന്ന പാക്കേജ് പോളിസികൾ നിർത്തലാക്കി. അപകടമുണ്ടാകുമ്പോൾ തേർഡ് പാർട്ടി (ടിപി) ഇൻഷുറൻസ് കൂടാതെ, സ്വന്തം വാഹനത്തിനുണ്ടാകുന്ന ഡാമേജുകൾക്കുള്ള പരിരക്ഷ നൽകുന്ന ഓൺ ഡാമേജ് (ഒഡി) പോളിസി ഇനി ഒരു വർഷത്തേക്കു മാത്രമേ എടുക്കാനാകൂ. നേരത്തേ ഇത്, കാറുകൾക്ക് 3 വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് 5 വർഷത്തേക്കും എടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. ഓൺ ഡാമേജ് പോളിസിയും തേർഡ് പാർട്ടി പോളിസിയും ചേർന്നുള്ള പാക്കേജ് പോളിസികളാണ് (കോംപ്രഹെൻസീവ് പോളിസി) ലഭ്യമായിരുന്നത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ) പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

3 വർഷത്തെ ഓപ്ഷൻ ഇല്ല

പുതിയ നിയമപ്രകാരം വാഹനം വാങ്ങുമ്പോൾ മൂന്നു വർഷത്തേക്ക് എടുത്തിരുന്ന ഓൺ ഡാമേജ് പോളിസി ഒരു വർഷത്തേക്കു മാത്രമേ എടുക്കാൻ കഴിയൂ. നേരത്തേ ഉപഭോക്താക്കൾക്ക് മൂന്നു വർഷം അല്ലെങ്കിൽ ഒരു വർഷം എന്ന ഓപ്ഷൻ ഉണ്ടായിരുന്നു. മൂന്നു വർഷത്തെ പോളിസി നിർബന്ധിച്ച് അടിച്ചേൽപ്പിക്കുന്നുണ്ടെന്ന പരാതി ഉയർന്നിരുന്നു.തന്മൂലം 3/5 വർഷത്തെ പാക്കേജ് പോളിസികൾ എടുക്കുമ്പോൾ പുതിയ വാഹനം വാങ്ങുന്നവർക്ക് അധികബാധ്യത ഉണ്ടാകുമെന്നതിനാലാണ് നിർത്തലാക്കുന്നത്. മാത്രമല്ല, പാക്കേജ് പോളിസിയാണെങ്കിൽ, ഉപഭോക്താക്കൾക്ക് താൽപര്യമില്ലെങ്കിലും ദീർഘകാലം ഒരേ ഇൻഷുറൻസ് കമ്പനിയുടെ പോളിസി തന്നെ എടുക്കേണ്ടി വരുമായിരുന്നു. 

എന്നാൽ ലയബിലിറ്റി ഇൻഷുറൻസ് (തേർഡ് പാർട്ടി ഇൻഷുറൻസ്) കാറുകൾക്ക് മൂന്നു വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് 5 വർഷത്തേക്കും തന്നെ എടുക്കണം. ഒരു വർഷത്തേക്കുള്ള ഓൺ ഡാമേജ് പോളിസിയും മൂന്നു വർഷത്തേക്കുള്ള തേർഡ് പാർട്ടി പോളിസിയും പാക്കേജ് ആയും എടുക്കാം. തുടർന്നുള്ള വർഷങ്ങളിൽ ഓൺ ഡാമേജ് പോളിസി ഒരു വർഷത്തേക്കു മാത്രമായും വാങ്ങിയാൽ മതിയാകും. ഓഗസ്റ്റ് ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വന്നു. 

ഓൺ ഡാമേജ് പോളിസി

മോഷണം, അപകടം, പ്രകൃതി ദുരന്തങ്ങൾ, അഗ്നിബാധ തുടങ്ങിയവ മൂലം നിങ്ങളുടെ വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു ലഭ്യമാകുന്ന ഇൻഷുറൻസ് പരിരക്ഷയാണ് ഓൺ ഡാമേജ് പോളിസി.  

തേർഡ് പാർട്ടി പോളിസി

നിങ്ങളടെ വാഹനം ഇടിച്ച് മൂന്നാമതൊരാൾക്ക് (കാൽനട യാത്രക്കാർക്കോ മറ്റു വാഹനത്തിൽ സഞ്ചരിക്കുന്നവർക്കോ) ഉണ്ടാകുന്ന അപകടങ്ങൾക്കു നൽകുന്ന പരിരക്ഷയാണ് ലയബിലിറ്റി പോളിസി അഥവാ തേർഡ് പാർട്ടി ഇൻഷുറൻസ് എന്നു പറയുന്നത്.

English Summary: Three Year Own Damage Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com