ADVERTISEMENT

കോവിഡ് വ്യാപനത്തെത്തുടർന്ന് പൊതുഗതാഗതം ഉപേക്ഷിച്ച് ആളുകൾ കൂടുതലായി സ്വന്തം വാഹനങ്ങളിലേക്ക് തിരിഞ്ഞതോടെ സെക്കൻഡ് ഹാൻഡ് വാഹന വിപണിയിൽ കച്ചവടം പൊടിപൊടിക്കുകയാണ്. അടുത്ത മൂന്നു മാസത്തിനുള്ളിൽ 54 ശതമാനം വളർച്ചയാണ് സെക്കൻഡ് ഹാൻഡ് കാർ വിപണി പ്രതീക്ഷിക്കുന്നത്. 1.30-2  ലക്ഷം രൂപ നൽകിയാൽ ഭേദപ്പെട്ട എൻട്രി ലെവൽ കാറുകൾ സ്വന്തമാക്കാം. പല തൊഴിൽ മേഖലകളിലും സാമ്പത്തിക ഞെരുക്കം രൂക്ഷമായതിനാൽ പലരും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വായ്പയായും ലോൺ ട്രാൻസ്ഫർ ആയും സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്. രൊക്കം പണം മുടക്കാതെ സെക്കൻഡ് ഹാൻഡ് കാർ സ്വന്തമാക്കാൻ ഇതിൽ തന്നെ പല വഴികളുണ്ട്.

പരസ്പര സഹകരണത്തോടെ ലോൺ ട്രാൻസ്ഫർ

നിങ്ങൾ ഒരാളിൽനിന്ന് വാഹനം വാങ്ങുമ്പോൾ അതു വിൽക്കുന്നയാൾ വാഹനത്തിന്റെ ലോൺ ബാധ്യത കൂടി കൈമാറാൻ തയാറാണെങ്കിൽ ആ ആനുകൂല്യം ഉപയോഗപ്പെടുത്താം. ലോണിൽ ബാക്കി നിൽക്കുന്ന തുക കണക്കാക്കി വാഹനത്തിന്റെ വിലയുടെ കാര്യത്തിൽ തീരുമാനത്തിൽ എത്തിയാൽ മതി. തുടക്കത്തിൽ കുറച്ചു തുക നൽകി, ബാക്കി നിങ്ങൾക്ക് ഇഎംഐ ആയി അടയ്ക്കാം. ലോൺ നൽകിയ സ്ഥാപനം വായ്പാ കൈമാറ്റത്തിന് അനുമതി നൽകേണ്ടതുണ്ട്. സ്ഥാപനവുമായി ബന്ധപ്പെട്ടാൽ, ആദ്യ ഉടമ എടുത്തിരിക്കുന്ന ലോൺ കൈമാറാൻ സാധിക്കുന്നതരത്തിലുള്ളതാണോ എന്നത് അറിയാനാകും. ലോൺ കൈമാറുമ്പോൾ ധനകാര്യസ്ഥാപനത്തിന് വീണ്ടും പ്രോസസിങ് ചാർജ് നൽകേണ്ടി വരും.

കാർ വാങ്ങുന്നയാളെ പുതിയതായി ലോൺ എടുക്കുന്ന ആളായാണ് ധനകാര്യസ്ഥാപനം പരിഗണിക്കുക. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വായ്പാ തിരിച്ചടവ് ശേഷി സ്ഥാപനം പരിശോധിക്കും. ലോൺ എഴുതി വാങ്ങുന്നയാളുടെ വായ്പാ ചരിത്രവും, സിബിൽ സ്‌കോറും പരിശോധിച്ചാകും ലോൺ കൈമാറ്റത്തിന് ധനകാര്യ സ്ഥാപനം അനുമതി നൽകുക.

ലോൺ കൈമാറ്റ പ്രക്രിയ പൂർത്തിയാകാൻ ആദ്യ ഉടമ തന്റെ പേരിൽനിന്ന് വാഹനം പുതിയ ആൾക്ക് റജിസ്റ്റർ ചെയ്തു നൽകണം. ധനകാര്യസ്ഥാപനത്തിന് ഹൈപ്പോത്തിക്കേറ്റ് ചെയ്തിരിക്കുന്ന ആർസി ബുക്കും സ്ഥാപനത്തിന്റെ നിരാക്ഷേപപത്രവും(എൻഒസി) സഹിതം പ്രാദേശിക ട്രാൻസ്‌പോർട്ട് ഓഫിസിൽ (ആർടിഒ) അപേക്ഷ നൽകണം. ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ട് ലോൺ കൈമാറ്റം വേരിഫൈ ചെയ്ത ശേഷം ആർടിഒ ഉടമസ്ഥത മാറ്റിനൽകും. വാഹന ലോൺ കൈമാറുമ്പോൾ ഇൻഷുറൻസിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ലോൺ കൈമാറ്റ നടപടികൾക്കൊപ്പം തന്നെ ഇൻഷുറൻസ് കൈമാറ്റ നയം എന്താണെന്ന് ഇൻഷുറൻസ് കമ്പനിയോട് ചോദിച്ചു മനസിലാക്കുക. അവർ ലോൺ കൈമാറ്റ പേപ്പറുകളും, റജിസ്‌ട്രേഷൻ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ടേക്കാം.

പഴയ വാഹനങ്ങൾക്ക് ബാങ്ക് ലോൺ

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ അനുവദിക്കുന്ന ലോണുകൾക്ക്, പുതിയ കാർ വാങ്ങുന്നതിനുള്ള ലോണിനേക്കാൾ പലിശ നിരക്ക് അൽപം കൂടുതലാണ്. 9.2 ശതമാനം മുതലാണ് പലിശ. പുതിയ കാറിന് 7.7ശതമാനം മുതൽ വായ്പ കിട്ടാനുണ്ട്. സ്വകാര്യ ബാങ്കുകൾ സെക്കൻഡ് ഹാൻഡ് കാർ വായ്പയ്ക്ക് ഈടാക്കുന്ന പലിശ 16 ശതമാനം വരെയാണ്. ചില ബാങ്കുകൾ ഹോം ലോൺ അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് പലിശനിരക്കിൽ ഇളവു നൽകും.  പുതിയ കാറുകൾക്ക് ബാങ്കുകൾ ഓൺ റോഡ് വിലയുടെ 100 ശതമാനം വരെ വായ്പ നൽകുമ്പോൾ സെക്കൻഡ് ഹാൻഡ് വാഹന വായ്പയ്ക്ക് ഇത് 60-80 ശതമാനം ആണ്.

ഇന്ത്യയിലെ ഒരു കാറിന്റെ സാധാരണ ആയുസ് ശരാശരി 15 വർഷമാണ്. അതു കണക്കാക്കിയാണ് ബാങ്കുകൾ ലോൺ അനുവദിക്കുക. അതുകൊണ്ടു തന്നെ എട്ടു-പത്ത് വർഷത്തിലധികം പഴക്കമുള്ള കാറുകൾക്ക് ലോൺ കിട്ടാൻ പ്രയാസമാണ്. 5 വർഷം പഴക്കമുള്ള കാറാണെങ്കിൽ പരമാവധി 3-4 വർഷം തിരിച്ചടവ് സാവകാശമേ ബാങ്കുകൾ നൽകൂ. ഇഎംഐയും ഇതനുസരിച്ച് ഉയരും. മിക്കവാറും ധനകാര്യ സ്ഥാപനങ്ങൾക്ക് മൂന്നു വർഷത്തിൽ കുറവ് പഴക്കമുള്ള കാറുകൾ വാങ്ങുന്നതിന് വായ്പ നൽകാനാണ് താൽപര്യം.  രണ്ടിലധികം തവണ ഉടമകൾ കൈമാറിയ വാഹനമാണെങ്കിൽ മിക്ക ബാങ്കുകളും ലോൺ തരില്ല.

പകരമുണ്ട് മറ്റു ചില മാർഗങ്ങൾ

പഴ്‌സണൽ ലോൺ എടുക്കാൻ അർഹതയുള്ളവരാണെങ്കിൽ സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ അതു പ്രയോജനപ്പെടുത്താം. സെക്കൻഡ് ഹാൻഡ് കാർ വായ്പയുടെ പലിശയേക്കാൾ രണ്ടു ശതമാനമെങ്കിലും കുറവാണ് പഴ്‌സണൽ ലോൺ പലിശ. കൂടാതെ നൂലാമാലകളില്ലാതെ അതിവേഗം പണം കിട്ടുകയും ചെയ്യും. ഇതുകൂടാതെ, സെക്കൻഡ് ഹാൻഡ് കാർ വിപണിയിലെ പ്രമുഖ ബ്രാൻഡുകൾ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശയിൽ എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നുണ്ട്. അതും പരിഗണിക്കാം.

English Summary: Second Hand Car Buying Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com