ADVERTISEMENT

കാർ സംരക്ഷണം ഏറ്റവും ദുസ്സഹമാകുന്നതു മഴക്കാലത്താണല്ലോ. വെള്ളക്കെട്ടു മുതൽ നനഞ്ഞ തുണികൾ വരെ കാറുകളുടെ ശത്രുവായി ഇക്കാലത്ത് അവതരിക്കും. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ച് ഇത്തരം പ്രശ്‌നങ്ങളിൽനിന്ന് ഒരു പരിധി വരെ ഒഴിവായി നിൽക്കാൻ കാറുടമകൾക്കു കഴിയും.

‌ടയർ പരിശോധന ഏറെ പ്രധാനപ്പെട്ടത്

നിങ്ങളുടെ കാറും റോഡുമായി സന്ധിക്കുന്ന ഏക ഘടകം അതിന്റെ ടയറുകളാണെന്ന് ഓർമിക്കണം. അതുകൊണ്ടുതന്നെ മഴക്കാലത്തിനു മുൻപ് അവ പരിശോധിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. പഴകിയ, തേഞ്ഞ ടയറുകൾ വെള്ളത്തിന്റെ പാളികളുള്ള റോഡിൽ ആവശ്യമായ ഗ്രിപ്പ് നൽകില്ലെന്ന് ഉറപ്പാണ്. ടയർ ഏതു ബ്രാൻഡായാലും അതിന്റെ തേയ്മാനം പരിശോധിക്കാനുള്ള സൂചനകൾ നിങ്ങൾക്കു ലഭിക്കും. പഴയ ടയറുകൾ മഴക്കാലത്തിനും മുൻപുതന്നെ മാറ്റുന്നതാണ് നല്ലത്. 

ഒരു ടയറോ രണ്ടു ടയറുകളോ മാത്രമായി മാറ്റുന്ന പ്രവണത നമുക്കിടയിൽ വ്യാപകമായി കാണാറുണ്ട്. ഡ്രൈവിങിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നു മാത്രമല്ല, തേയ്മാനം കൂടാൻ ഇടയാക്കുകയും ചെയ്യുന്ന ഒന്നാണീ രീതി. കാറിന്റെ യൂസേഴ്‌സ് മാനുവലിൽ പറഞ്ഞിരിക്കുന്ന അതേ രീതിയിലുള്ള ടയറുകൾ മാത്രം ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാനും ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കാനും ടയറുകളുടെ അലൈൻമെന്റ് കൃത്യമായ കാലങ്ങളിൽ നടത്തണം. ടയറിലെ പ്രഷർ കൃത്യമായി സൂക്ഷിക്കുന്നതും ഗ്രിപ് ലഭിക്കുന്നതിന് സഹായകമാണ്. 

ഇന്റീരിയറുകൾ സംരക്ഷിക്കാൻ

എത്രയേറെ ശ്രദ്ധിച്ചാലും കാറിൽ ചെറിയ തോതിലെങ്കിലും നനവെത്തും എന്നതൊരു വസ്തുതയാണ്. എന്നാൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളോ ഏറെ വലുതുമായിരിക്കും.  റബർ മാറ്റുകൾക്കു പകരം ഫാബ്രിക് മാറ്റുകൾ ഉപയോഗിക്കുന്നതു പോലുള്ള ചില പൊടിക്കൈകൾ ഇവിടെ പ്രയോഗിക്കാം. ഒരു പോർട്ടബിൾ വാക്വം ക്ലീനർ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യമായ ഘട്ടങ്ങളിൽ ഉപയോഗിക്കുകയും മോശം മണം ഉണ്ടാകുന്നതു തടയുകയും ചെയ്യാം. 

എല്ലാ ഘടകങ്ങളിലും ശ്രദ്ധ പതിപ്പിക്കുക

കാറിന്റെ എസി അണുനശീകരണം നടത്തി സൂക്ഷിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ബാക്ടീരിയകളെ ഒഴിവാക്കാനും ദുർഗന്ധം ഇല്ലാതാക്കാനുമെല്ലാം ഇതേറെ സഹായകമാകും. നിർമാതാക്കൾ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾക്ക് അനുസൃതമായ ശരിയായ സെറ്റിങ്‌സുകൾ എയർ കണ്ടീഷനറുകൾക്ക് ഉപയോഗിക്കുക എന്നതും ഏറെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യം അറിയില്ലെങ്കിൽ നിങ്ങൾ ഏതു ബ്രാൻഡാണോ ഉപയോഗിക്കുന്നത്, അവരുടെ എക്‌സിക്യൂട്ടീവിനോടു ചോദിച്ച് കൃത്യമായ സെറ്റിങ്‌സുകൾ മനസിലാക്കണം. വെള്ളം ഇറങ്ങുന്നതു മൂലമുള്ള പ്രശ്‌നങ്ങൾ ഇല്ലെന്നുറപ്പിക്കാൻ ഇലക്ട്രിക്കൽ ഭാഗങ്ങളും വിശദമായ പരിശോധനയ്ക്കു വിധേയമാക്കണം. 

വൈപ്പറുകളുടെ പ്രാധാന്യം

നമ്മുടെ കണ്ണുകൾക്കു നേരേ മുന്നിലാണെങ്കിലും പലരും ഏറ്റവും അവഗണിക്കുന്ന ഒന്നാണ് വിൻഡ്‌സ്‌ക്രീൻ.  പലരും വൈപ്പർ ബ്ലേഡുകൾ അവയുടെ കാലാവധി കഴിഞ്ഞും ദീർഘകാലം ഉപയോഗിക്കുന്നതാണു കാണുന്നത്. മഴക്കാലത്ത് കാഴ്ച പൂർണമായി കിട്ടുന്നതിന് ഇതു തടസമുണ്ടാക്കും. കൃത്യമായ സമയത്ത്, മഴക്കാലത്തിനു മുൻപുതന്നെ അവ മാറ്റി പുതിയതു ഘടിപ്പിക്കണം. ബ്രാൻഡഡ് റെയിൻ റെപ്പല്ലന്റ് ഉപയോഗിക്കുന്നത് ഇന്ത്യയിലെ പോലുള്ള മഴയുടെ സമയത്ത് ഏറെ സഹായകമായിരിക്കും. വീട്ടിൽനിന്ന് ഇറങ്ങും മുൻപ് അത് ഉപയോഗിക്കണം.

മഴക്കാലത്ത് ഡ്രൈവ് ചെയ്യുന്നത് ആസ്വദിക്കുന്നവരും അതുപോലെ തന്നെ മഴ മാറിയ ശേഷം വാഹനമോടിച്ചാൽ മതിയെന്നു കരുതി കാത്തു നിൽക്കുന്നവരും ഉണ്ടാകും. ഇതിൽ ഏതു വിഭാഗത്തിൽ പെട്ടവരായാലും മഴക്കാലവുമായി ബന്ധപ്പെട്ട മുൻ കരുതലുകൾ കൈക്കൊള്ളുന്നതാണു നല്ലത്. മഴക്കാലത്ത് ഡ്രൈവ് ചെയ്യും മുൻപ് നിങ്ങൾ പോകുന്ന സ്ഥലത്തെ സാഹചര്യം മനസിലാക്കിയിരിക്കണം. അതു പോലെ തന്നെ പാർക്കു ചെയ്യുന്നതും മികച്ച സ്ഥലത്തായിരിക്കണം. 

കാർ വെള്ളത്തിൽനിന്നു പോയാൽ എന്തു ചെയ്യും?

പലരും പകച്ചു പോകുന്ന സന്ദർഭമാണിത്. കെട്ടി വലിച്ചു കൊണ്ടു പോകുക എന്നതാവും പലരുടേയും മനസിൽ വരുന്ന ആദ്യ പോംവഴി. എന്നാൽ ഇതാണ് ഏറ്റവും മോശം പോംവഴി എന്നറിയുക. വെള്ളം ഉള്ളിൽ കയറി എന്നു സംശയമുണ്ടെങ്കിൽ എൻജിൻ ഓഫ് ചെയ്യുക. അത്ര വലിയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നു നിങ്ങൾക്കു തോന്നുകയാണെങ്കിൽ അൽപ്പം കാത്തിരിക്കുക. അങ്ങനെയല്ല എങ്കിൽ സമയം കളയാതെ 24 മണിക്കൂർ റോഡ് സേവന നമ്പറിലേക്കു വിളിക്കുക. ഇതിനായുള്ള നമ്പറുകൾ എപ്പോഴും കരുതുക എന്നതും പ്രധാനപ്പെട്ടതാണ്. ഇപ്പോൾ മിക്കവാറും കാർ കമ്പനികൾക്ക് മൊബൈൽ ആപ്പുകൾ പോലും സഹായത്തിനായുണ്ട്. അവ പ്രയോജനപ്പെടുത്താം. 

English Summary: Auto tip: Prepare your car for the rains.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com