ADVERTISEMENT

വേനൽക്കാലത്തോട് വിട പറഞ്ഞ് മഴക്കാലം വന്നുകഴിഞ്ഞു. കാറുകൾക്ക് ഏറ്റവും ശ്രദ്ധ വേണ്ട സമയം. മഴക്കാലത്തുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനു മഴയ്ക്കു മുൻപേ കാറിനു പരിചരണമേകാം. പ്രധാനമായും ടയർ, ബ്രേക്ക്, വിൻഡ്ഷീൽഡ്, വൈപ്പർ, മെറ്റൽ പാർട്ടുകൾ, ഹെഡ്‌ലാംപ് തുടങ്ങിയവയ്ക്കെല്ലാം ഒരൽപം കരുതൽ കൂടുതൽ നൽകണം. 

ടയർ 

തേഞ്ഞു തീരാറായ ടയറുകൾ പണി തരുമെന്ന കാര്യത്തിൽ സംശയമില്ല. മഴതുടങ്ങും മുൻപ് ടയർ പരിശോധിച്ചു മാറ്റിയിടേണ്ടതുണ്ടെങ്കിൽ മാറ്റുക. ത്രെഡ് കുറവാണെങ്കിൽ നനഞ്ഞ പ്രതലങ്ങളിൽ ബ്രേക്ക് പിടിക്കുമ്പോൾ തെന്നിപ്പോകും. എബിഎസ് ഉള്ള മോഡലുകളിൽ, നാലു വീലുകളിലും വിട്ടുവിട്ടാണ് ബ്രേക്ക് അപ്ലൈ ചെയ്യുക. ത്രെഡ് ഇല്ലാത്ത ടയറുകളാണെങ്കിൽ ബ്രേക്ക് ചെയ്യുമ്പോൾ തെന്നിപ്പോകാം. ടയർ പ്രഷർ കൃത്യമാക്കുക‌യും എപ്പോഴും ക്ലീൻ ആയിരിക്കുകയും വേണം.

ഓയിൽ ലീക്ക്

മഴക്കാലത്ത് ഓയിൽ ലീക്ക് ഉണ്ടെങ്കിൽ തിരിച്ചറിയാൻ പറ്റില്ല. ദീർഘദൂര യാത്രകൾക്കു പോകുമ്പോൾ ഓയിൽ ലെവൽ പരിശോധിക്കുക. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇതു ചെയ്യുന്നതു നന്ന്. 

ബ്രേക്ക്

ബ്രേക്കിനു പിടിത്തം എത്രത്തോളമുണ്ടെന്നു ഡ്രൈവിങ്ങിൽ അറിയാം. ബ്രേക്ക് പാഡിനു തേയ്മാനമുണ്ടെങ്കിൽ ബ്രേക്ക് ഷൂ അഴിച്ചുനോക്കണം. ഡ്രൈവിങ് രീതിയനുസരിച്ചു ബ്രേക്ക് പാഡിലെ തേയ്മാനത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. പ്രധാനമായും നഗരത്തിലോടിക്കുന്ന വാഹനങ്ങളിൽ തേയ്മാനം കൂടുതലായിരിക്കും. ഇവയെല്ലാം മഴക്കാലത്തിനു മുൻപു പരിഹരിക്കണം.    

വിൻഡ്ഷീൽഡ്

വിൻഡ്ഷീൽഡ് ഗ്ലാസുകളിൽ വെള്ളമോഴുകി ഉണങ്ങിപ്പിടിച്ച പാടുകൾ (സ്റ്റെയിൻസ്) ക്ലീൻ ചെയ്യണം. ക്ലോറിൻ അംശം കൂടുതലുള്ള കഠിനജലം ഉപയോഗിച്ചു കാർ കഴുകമ്പോഴാണ് ഗ്ലാസുകളിൽ വെള്ളപ്പാടുകൾ പറ്റിപ്പിടിക്കുന്നത്. ഷാംപൂ ഉപയോഗിച്ചു കഴുകുകയാണെങ്കിൽ നനവില്ലാത്ത തുണി ഉപയോഗിച്ചു തുടയ്ക്കണം. ഇല്ലെങ്കിൽ രാത്രിയാത്രകളിൽ വ്യക്തമായ കാഴ്ച കിട്ടിയെന്നു വരില്ല. വൈപ്പ് ചെയ്താലും ഫലമുണ്ടാല്ല. പാടുകൾ മാറാൻ വിൻഡ്ഷീൽഡ് ഹാർഡ് വാട്ടറിങ് ലിക്വിഡ് ഉപയോഗിച്ചും ക്ലീൻ ചെയ്യാം.  

വൈപ്പർ

വേനൽക്കാലത്തു ചൂടും പൊടിയുമേറ്റു വൈപ്പർ ബ്ലേഡ് കട്ടിയായിട്ടുണ്ടാകും. ഇതുപയോഗിച്ചു വൈപ്പ് ചെയ്താൽ ഗ്ലാസിൽ പോറൽ വീഴും. ചൂടുകാലത്തു വൈപ്പർ ബ്ലേഡുകൾ പൊക്കി വയ്ക്കുക. ബ്ലേഡിലെ റബർ ബുഷുകൾ മാറ്റിയിടണം. ഫ്ലൂയിഡ് നിറയ്ക്കാനും മറക്കരുത്. 

ഹെഡ്‌ലൈറ്റ് 

വാഹനത്തിനു പഴക്കമേറുമ്പോൾ ഹെഡ്‌ലൈറ്റ് ഗ്ലാസിനു പുറത്തു കറ (ബ്ലാക്ക്, യെലോ ഷേഡ്) പിടിക്കാൻ സാധ്യതയുണ്ട്. ഹെഡ്‌ലൈറ്റ് റിസ്റ്റൊറേഷൻ ചെയ്താൽ മതി. മങ്ങിക്കത്തുന്ന ഹെഡ്‌ലൈറ്റുകൾ കൂടുതൽ പ്രകാശപൂരിതമാകും. നല്ല കാഴ്ച കിട്ടുന്നതിനു മഴയത്തു മഞ്ഞ നിറമുള്ള ഫോഗ് ലാംപുകൾ ഉപയോഗിക്കുന്നതാണു നല്ലത്.  

വെള്ളത്തിൽ അകപ്പെട്ടാൽ

മഴക്കാലത്തു വാഹനം വെള്ളക്കെട്ടിൽൽ അകപ്പെട്ടാൽ പിന്നെ ഡ്രൈവ് ചെയ്യരുത്. പുതിയ വാഹനങ്ങൾ സെൻസർ ടൈപ്പ് ആണ്. ടയർ ലെവലിനു മുകളിൽ (ഫ്ലോർ ലെവൽ) വെള്ളം ഉയർന്നാൽ എയർ ഫിൽറ്ററിലൂടെ എൻജിൻ കംപാർട്മെന്റിലേക്കു കയറും. അത് എൻജിൻ തകരാറിലാക്കും. വെള്ളക്കെട്ടിൽ വാഹനം നിന്നാൽ സ്റ്റാർട്ട് ചെയ്യരുത്. വെള്ളത്തിലൂടെ തള്ളി നീക്കുക. വെള്ളക്കെട്ടിലൂടെയുള്ള യാത്രകൾ ഒഴിവാക്കുക. 

ബോഡി റെസ്റ്റിങ്

കടലോരപ്രദേശങ്ങളിലുള്ള വാഹനങ്ങളിലാണ് റസ്റ്റിങ് (തുരുമ്പ്) പ്രശ്നം കൂടുതൽ. പ്രത്യേകിച്ചും അണ്ടർ ബോഡി റസ്റ്റിങ്. അണ്ടർബോഡിയിൽ ആന്റി റസ്റ്റ് കോട്ടിങ് ചെയ്യാം. രണ്ടു തരം കോട്ടിങ് ഉണ്ട്. മൂന്നു വർഷം വാറന്റി ഉള്ളതും അഞ്ചു വർഷം വാറന്റി  ഉള്ളതും. സാൻട്രോ പോലെയുള്ള ബേസ് മോഡലുകൾക്ക് മൂന്നു വർഷ വാറന്റി ആണെങ്കിൽ 1,600 രൂപയും 5 വർഷമാണെങ്കിൽ 3,000 രൂപയും ആകും. 

മിസ്റ്റ് ഉണ്ടാകുമ്പോൾ

മഴക്കാലത്തെ പ്രധാന പ്രശ്നങ്ങ‌ളിലൊന്നാണ് ഗ്ലാസിൽ പറ്റിപ്പിടിക്കുന്ന മഞ്ഞ് (മിസ്റ്റ്). ഗ്ലാസിനകത്തും പുറത്തും മിസ്റ്റ് ഉണ്ടാകാം. ഗ്ലാസിനു പുറത്തുള്ള മഞ്ഞാണെങ്കിൽ ഫ്രഷ് എയർ എടുത്ത ശേഷം ഹീറ്റർ ഓൺ ചെയ്താൽ മാറിക്കിട്ടും.ഗ്ലാസിനകത്തുള്ളതാണെങ്കിൽ പുറത്തുനിന്നുള്ള വായു എടുക്കുക. അകത്തെയും പുറത്തെയും ഊഷ്മാവ് ഒരുപോലെയാകും. വണ്ടിക്കുള്ളിലെ വായു ഒരു മിനിറ്റ് റീ സർക്കുലേറ്റ് മോഡിൽ ഇടുക. ടെംപറേച്ചർ ഹീറ്റ് സ്വിച്ച് ഓൺ ചെയ്യുക. അപ്പോൾ വിൻഡ് ഷീൽഡിലെ മഞ്ഞ് മാറും. ഡീഫോഗർ ഓൺ ചെയ്താൽ റിയർ ഗ്ലാസിലെ മഞ്ഞും മാറും. 

ഇന്റീരിയറിലെ നനവ് മാറാൻ

മഴക്കാലത്തു കാറിനകത്തു നനവു കൂടുതലായിരിക്കും. മഴയത്തുനനഞ്ഞു കാറിലേക്കു കയറുമ്പോൾ സീറ്റിലും ഫ്ലോറിലും ഈർപ്പം ഉണ്ടാകും. വാഹനം പാർക്ക് ചെയ്യുമ്പോൾകൈ കയറാത്ത രീതിയിൽ ഗ്ലാസുകൾ ചെറുതായി തുറന്നുവയ്ക്കുക. രാവിലെ ആകുമ്പോഴേക്കും ‌‌നനവും ബാഡ് സ്മെല്ലും മാറിക്കിട്ടും. 

വീൽ അലൈൻമെന്റ് 

സർവീസിനു കൊടുക്കുമ്പോൾ കാറിന്റെ വീൽ അലൈൻമെന്റ് ആൻഡ് ബാലൻസിങ് പരിശോധിപ്പിക്കണം. അലൈൻമെന്റ് തെറ്റിയാൽ ഡ്രൈവ് ചെയ്യുമ്പോൾ വശങ്ങളിലേക്കു വലിവ് (side pulling) അനുഭവപ്പെടും. സ്റ്റിയറിങ്ങിൽനിന്നു കയ്യെടുത്താൽ ഏതെങ്കിലുമൊരു വശത്തേക്കു ടയർ തിരിഞ്ഞുപോകും. മോശം റോഡുകളിലൂടെയുള്ള ഡ്രൈവിങ്ങാണു പ്രധാനമായും  അലൈൻമെന്റ് പ്രശ്നങ്ങൾക്കു കാരണം. കൂടാതെ സസ്പെൻഷൻ, ടയർ തുടങ്ങിയവയ്ക്കു തേയ്മാനം ഉണ്ടാകും. എല്ലാ 5,000 കിലോമീറ്റർ കഴിയുമ്പോഴും അലൈൻമെന്റ് പരിശോധിപ്പിക്കുക. വാഹനം നല്ല വേഗത്തിൽ ഓടിക്കുന്ന സമയത്ത് സ്റ്റിയറിങ്ങിനു വിറയൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ വീൽ ബാലൻസിങ് നഷ്ടമായിട്ടുണ്ടാകും. വീൽ ഡിസ്ക് വളഞ്ഞാലും (bend) ബാലൻസിങ് തെറ്റാം.

English Summary: Monsoon Car Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com