‘കൂൾ ആകാൻ കൂളന്റ്’: എൻജിനെ തണുപ്പിക്കും വിദ്യ, കൂടുതൽ അറിയാം

Coolent
Car Coolant
SHARE

കൂളന്റ് എന്നു കേൾക്കുമ്പോൾ തണുപ്പിക്കുന്ന ഒരു വസ്തു എന്നു വ്യക്തമാണ്. എന്നാൽ, ഇതിലെ പ്രധാന ഘടകം തണുപ്പിനെ പ്രതിരോധിക്കുന്ന ഒന്നാണ്. വാഹനങ്ങളുടെ എൻജിൻ അമിതമായി ചൂടാകാതിരിക്കാനാണ് അവയ്ക്ക് ഒരു കൂളിങ് സംവിധാനം നൽകിയിരിക്കുന്നത്. ആദ്യകാലം മുതൽ വാഹനങ്ങളിൽ വെള്ളംകൊണ്ട് എൻജിൻ ചൂടു കുറയ്ക്കുകയും റേഡിയേറ്റർവഴി വെള്ളം തണുപ്പിച്ചു വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്ന സംവിധാനം ഘടിപ്പിച്ചിരുന്നു. ചൂടു കൂടി തിളയ്ക്കാതിരിക്കാൻ വെള്ളം ഉയർന്ന മർദത്തിലാണ് ഈ സംവിധാനത്തിൽ നിലനിർത്തുന്നത്. പരമാവധി മർദം നിയന്ത്രിക്കാനായി േറഡിയേറ്ററിൽ ഒരു വാൽവ് സംവിധാനമുള്ള അടപ്പ് (റേഡിയേറ്റർ ക്യാപ്) ഉപയോഗിക്കുന്നു. 

ചൂടു കുറയ്ക്കാനുള്ള ഈ സംവിധാനത്തിലെ വെള്ളം തണുപ്പുരാജ്യങ്ങളിൽ അന്തരീക്ഷതാപം ഏറെ കുറയുമ്പോൾ വില്ലനായി മാറും. വെള്ളം പൂജ്യം ഡിഗ്രിക്കു താഴെ ഉറയുമ്പോൾ അതിന്റെ വ്യാപ്തി വർധിക്കുന്ന പ്രതിഭാസമാണു കുഴപ്പമുണ്ടാക്കുന്നത്. തന്മൂലം എൻജിൻ ബ്ലോക്കിൽപോലും വിള്ളലുണ്ടാകാം എന്ന സാഹചര്യത്തെ മറികടക്കാൻ ആദ്യം മെഥനോളാണ് വെള്ളത്തിൽ കലർത്തി നോക്കിയത്. പക്ഷേ, ഇതു ചൂടു കൂടുമ്പോൾ ബാഷ്പീകരിക്കുന്നതും ലോഹഭാഗങ്ങൾ ദ്രവിക്കാനിടയാക്കുന്നതുംകൊണ്ട് ഉപേക്ഷിക്കപ്പെട്ടു. 

അങ്ങനെയാണ് 1926 ൽ എതിലിൻ ഗ്ലൈക്കോൾ എന്ന രാസസംയുക്തം വെള്ളത്തിൽ കലർത്തി വാഹനങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയത്. ‘ആന്റിഫ്രീസ്’ എന്ന പേരിൽ ഈ മിശ്രിതം അറിയപ്പെട്ടിരുന്നു. എതിലിൻ ഗ്ലൈക്കോൾ ഉപയോഗിക്കുമ്പോഴും ഉണ്ടാകുന്ന ദ്രവിക്കൽ പ്രശ്നത്തിനു പരിഹാരമായി ചില രാസവസ്തുക്കൾ ചേർത്ത് ഈ മിശ്രിതം ആൽക്കലൈൻ അവസ്ഥയിൽ നിലനിർത്തുകയാണു ചെയ്യുന്നത്. ഈ അവസ്ഥയ്ക്ക് ഒരു നിശ്ചിത കാലയളവിൽ മാറ്റം സംഭവിക്കുകയും ആസിഡിന്റെ അംശം ഉണ്ടായിത്തുടങ്ങുകയും ചെയ്യും. അതുകൊണ്ടാണ് നിലവിൽ ‘കൂളന്റ്’ എന്നറിയപ്പെടുന്ന ഈ മിശ്രിതം നിശ്ചിത കാലയളവിൽ മാറ്റേണ്ടിവരുന്നത്. 

വിവിധതരം കൂളന്റുകൾ

ആദ്യകാല കൂളന്റുകൾ പച്ചനിറത്തിലുള്ളവയായിരുന്നു. 20,000 കിലോമീറ്റർ വരെയായിരുന്നു ഇവയുടെ ആയുസ്സ്. പിന്നീടു ദീർഘകാലം ഉപയോഗിക്കാവുന്ന ഓർഗാനിക് ആസിഡ് ടെക്നോളജി (ഒഎടി) സംയുക്തകങ്ങൾ രംഗത്തുവന്നു. ഇവയിൽ ചിലതു വാഹനത്തിന്റെ എൻജിൻ നിലനിൽക്കുന്ന കാലത്തോളം മാറ്റേണ്ടതില്ല എന്നാണു നിർമാതാക്കൾ പറയുന്നത്. 

റേഡിയേറ്റർ നിർമാണത്തിനു കൂടുതലായി അലുമിനിയം ഉപയോഗിക്കാൻ തുടങ്ങിയതോടെ കൂളന്റിൽ സിലിക്കേറ്റുകൾ ചേർക്കുന്ന പ്രവണത ഉണ്ടായി.  ഈയിനം കൂളന്റുകൾ ഹൈബ്രിഡ് ഓർഗാനിക് ആസിഡ് ടെക്നോളജി (എച്ച്ഒഎടി) എന്നറിയപ്പെടുന്നു. ഇവയെല്ലാം വ്യത്യസ്ത നിറങ്ങളിലുള്ള ദ്രാവകങ്ങളായാണു വിപണിയിലെത്തുന്നത്. 

English Summary: What is Car Coolant, How In Works

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA