ADVERTISEMENT

ആലപ്പുഴ ∙ ഒഴുക്കിലൂടെ വണ്ടിയോടിക്കുന്നത് പ്രതീക്ഷിക്കാത്ത അപകടം വരുത്താം – മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകുന്നു. ചെറിയ വെള്ളക്കെട്ടിനെയൊക്കെ വണ്ടി മറികടന്നോളും എന്നു കരുതി സാഹസത്തിനു ശ്രമിക്കരുതെന്നാണ് അവർ പറയുന്നത്. 12 സെന്റീമീറ്റർ ഉയരമുള്ള ജലനിരപ്പ് മതി ഒരു കാറിനെ ഒഴുക്കിക്കൊണ്ടുപോകാൻ. അക്വാപ്ലെയ്നിങ് എന്ന പ്രതിഭാസം അപകടമുണ്ടാക്കുന്നതാണ്.

റോഡിനു കുറുകെയുള്ള ചെറിയ ഒഴുക്കിനെപ്പോലും സൂക്ഷിക്കണം. വാഹനത്തിന്റെ ടയറും റോഡുമായുള്ള പിടിത്തം (ഗ്രിപ്പ്) നഷ്ടപ്പെടാൻ ഇത്രയും വെള്ളം മതി. മലഞ്ചെരിവുകളിലും മറ്റും ഇക്കാര്യം വളരെ ശ്രദ്ധിക്കണം. ഒഴുക്കില്ലാത്ത വെള്ളമാണെങ്കിൽ വലിയ പ്രശ്നമില്ല. എന്നാൽ, ചെറിയ ഒഴുക്കുണ്ടെങ്കിൽ അക്വാപ്ലെയ്നിങ്ങിനു സാധ്യത കൂടുതലാണ്. വാഹനം തെന്നിപ്പോയാൽ പിന്നെ ബ്രേക്ക് കൊണ്ടു പ്രയോജനമില്ലാതാകും.

മഴയുള്ളപ്പോൾ മലഞ്ചെരിവുകളിലും നദീതീരങ്ങളിലുമുള്ള വെള്ളക്കെട്ടിലൂടെ ഡ്രൈവിങ് കഴിയുന്നതും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ജലസമൃദ്ധമായ കേരളത്തിൽ ചെറിയ ഒഴുക്കിലൂടെ വാഹനം ഓടിക്കാൻ പലരും ഭയക്കുന്നില്ല. എന്നാൽ, അപകടമുണ്ടാകാൻ അതു മതി. ചെറിയ വാഹനങ്ങൾക്കു ഭാരം കുറവായതിനാൽ നല്ല ഒഴുക്കിൽ വാഹനം പൊങ്ങിക്കിടക്കാൻ സാധ്യത (ബോയൻസി) കൂടുതലാണ്. വാഹനത്തെ മുകളിലേക്ക് ഉയർത്താനുള്ള വെള്ളത്തിന്റെ പ്രവണതയാണിത്. അത്തരം സാഹചര്യത്തിലും ബ്രേക്ക് കൊണ്ട് പ്രയോജനമില്ലാതായേക്കാം.

∙ ഓരോ വാഹനവും രൂപകൽപന ചെയ്യുമ്പോൾ അത് എത്ര ഉയരത്തിലുള്ള വെള്ളക്കെട്ടിലൂടെ ഓടിക്കാമെന്ന് പുണെയിലെ ഓട്ടോമോട്ടിവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ പരിശോധിക്കാറുണ്ട്. നിശ്ചിത നിരപ്പിലുള്ള വെള്ളത്തിലൂടെ വാഹനം ഓടിച്ചു നോക്കിയാണ് ഇതു നിശ്ചയിക്കുന്നത്. ഉയരം കുറഞ്ഞ വാഹനങ്ങൾ വലിയ വെള്ളക്കെട്ടിൽ ഇറക്കിയാൽ എയർ ഫിൽട്ടറിലൂടെ എൻജിനിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. എന്നാൽ, ഓഫ് റോഡ് വാഹനങ്ങളുടെ എൻജിൻ ഉയർത്തി വച്ചതും ഫിൽട്ടർ പായ്ക്ക് ചെയ്തതുമായിരിക്കും. ഇങ്ങനെയല്ലാത്ത വാഹനങ്ങൾ വലിയ വെള്ളക്കെട്ടിലോ ഒഴുക്കിലോ ഓടിക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്.

∙ വാഹനം ഒഴുക്കിൽ പെട്ടു മുങ്ങിയാൽ സീറ്റിന്റെ ഹെഡ് റെസ്റ്റ് ഊരിയെടുത്ത് അതിന്റെ കൂർത്ത കമ്പികൊണ്ട് ചില്ല് പൊട്ടിച്ചു പുറത്തിറങ്ങാൻ ശ്രമിക്കണം.

∙ മഴക്കാലത്ത് വാഹനത്തിന്റെ ടയറുകളുടെ അവസ്ഥ നിർബന്ധമായും പരിശോധിക്കണം. 

∙ ബ്രേക്കും വൈപ്പറുകളും ഇൻഡിക്കേറ്ററുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം.

∙ ഇത്തരം പരിശോധനകൾക്കു മുടക്കുന്ന ചെറിയ തുക സുരക്ഷയ്ക്കായുള്ള വലിയ നിക്ഷേപമായി കരുതണം.

English Summary: Things To Consider While Driving Through Waterlogged Roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com