ADVERTISEMENT

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. 9 മാസം മുതൽ 4 വയസ്സു വരെയുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാണ്, 4 വയസ്സിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ വാഹനം ഓടിക്കുന്നയാളുമായി കുട്ടിയെ സുരക്ഷാബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണം, നാലു വയസ്സു വരെയുള്ള കുട്ടികളുമായി പോകുമ്പോൾ പരമാവധി വേഗം മണിക്കൂറിൽ 40 കിലോമീറ്റർ മാത്രമേ ആകാവൂ തുടങ്ങിയ നിർദേശങ്ങളാണ് കരടു നിയമത്തിലുള്ളത്. നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. 

കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ നിയമങ്ങൾ പാലിക്കുക മാത്രമല്ല കൂടുതൽ ശ്രദ്ധിക്കുകയും വേണമെന്ന് ഓർമപ്പെടുത്തുകയാണ് പറയുകയാണ് മോട്ടർ വാഹന വകുപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്. 

കുറിപ്പിന്റെ പൂർണരൂപം

‘സ്ക്രീൻ ഗാർഡ് ഒട്ടിച്ച മൊബൈൽ ഫോൺ ഭദ്രമായി അടച്ച് പാന്റിന്റെ പോക്കറ്റിനുള്ളിലേക്ക് തിരുകി താഴെപ്പോകില്ല എന്ന് തട്ടി നോക്കി ഉറപ്പാക്കി സ്വന്തം തലയിൽ ഹെൽമെറ്റും വച്ചതിനു ശേഷം കുഞ്ഞിനെ എടുത്ത് പെട്രോൾ ടാങ്കിന്റെ മുകളിലേക്ക് ഇരുത്തി ബൈക്ക് എടുത്ത് പറന്നു പോകുന്നവർ’ 

ഇതൊരു കഥയുടെ തുടക്കമല്ല.... നിരത്തിൽ സ്ഥിരം കാണുന്ന കാഴ്ചകൾ ... 

ചെറിയ കുട്ടികളുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ സുരക്ഷാ ബെൽറ്റും ഹെൽമെറ്റും കുട്ടികളെ ധരിപ്പിക്കണമെന്ന കരട് വിജ്ഞാപനം വന്നിരിക്കുന്ന സാഹചര്യത്തിലെങ്കിലും യാത്രകളിൽ കുഞ്ഞുങ്ങളുടെ സുരക്ഷ മുൻ നിർത്തിയുള്ള ഗൗരവപൂർണ്ണമായ സമീപനം സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

കൊറോണക്കാലം പൊതുഗതാഗത രംഗത്ത് ഉണ്ടാക്കിയ തകർച്ചയുടെ പരിണിതഫലമായി സ്വന്തം വാഹനങ്ങളുമായി നിരത്തിലേക്ക് ഇറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു എന്ന് മാത്രമല്ല നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയങ്ങൾ കൂടി തുറക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.  അമ്മമാർ ചെറിയ കുട്ടികളുമായി ടൂവീലറിൽ റോഡിൽ ഇറങ്ങുന്നതും വളരെയധികം കൂടിയിട്ടുണ്ട്. 

കുട്ടികളുമായി നിരത്തിലേക്കിറങ്ങുമ്പോൾ പാലിക്കേണ്ടുന്ന ശാസ്ത്രീയമായ മുൻകരുതലുകളുടെ കാര്യത്തിൽ തീർത്തും അജ്ഞരാണ് നമ്മൾ.  തീർച്ചയായിട്ടും വളരെയധികം ഉത്തരവാദിത്തത്തോടെ ഡ്രൈവ് ചെയ്യേണ്ടുന്ന ഒരു അവസ്ഥയാണ് കുട്ടികളുമൊത്ത് ഉള്ള യാത്രകൾ, പ്രത്യേകിച്ച് 4 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുമൊത്തുള്ളവ.

ടൂവീലർ യാത്രയിൽ അമ്മയോടൊപ്പം ആരുടെയും കരുതലില്ലാതെ പുറകിൽ പറ്റിച്ചേർന്നു പോകുന്ന കുഞ്ഞുങ്ങളെ പലപ്പോഴും ഒരു ഉൾക്കിടിലത്തോടെ മാത്രമേ കാണാൻ കഴിയൂ. 

പെട്രോൾ ടാങ്കിന്റെ മുകളിൽ ഹാൻഡിൽ ബാറിനോട് ചേർന്ന് രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ഇരുത്തി പറന്നു പോകുന്നത് എത്ര അപകടകരമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ പോകുമ്പോൾ പോലും ഒരു സെക്കൻഡിൽ ഏകദേശം 17 മീറ്ററാണ് ആ വാഹനം സഞ്ചരിക്കുന്നത്, സ്വന്തമായി ഉറപ്പിച്ച് ഹാന്റിലിൽ പിടിക്കാൻ പോലും പ്രായമായിട്ടില്ലാത്ത കുട്ടിയാണ് പെട്രോൾ ടാങ്കിന് മുകളിൽ തുറന്ന പ്രതലത്തിൽ സെക്കൻഡിൽ 17 മീറ്റർ എന്ന മരണ വേഗതയിൽ പറന്നു പോകുന്നത് എന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്.

ഒരു പലകയുടെ പുറത്ത് ഒരു പിടുത്തവും ഇല്ലാതെ കുട്ടിയെ ഇരുത്തിയിട്ട് സെക്കൻഡിൽ 17 മീറ്റർ വേഗതയിൽ പലക പറത്തിയാൽ എന്തായിരിക്കും അവസ്ഥ, അതേ അവസ്ഥയിൽ  തന്നെയല്ലേ ആ കുട്ടിയും. ഏതെങ്കിലും ഒരു വാഹനം ഓവർടേക്ക് ചെയ്തോ സൈഡ് റോഡിൽ നിന്നോ കയറി വരികയോ മുൻപിൽ പോകുന്ന വാഹനം സഡൻ ബ്രേക്ക് ഇടുകയോ ചെയ്താലോ, മുന്നിലിരിക്കുന്ന കുട്ടിയുടെ തല തന്നെയായിരിക്കും ആദ്യം പോയി ഇരുമ്പിലോ തറയിലോ ഇടിക്കുന്നത് എന്നത് എത്ര ദാരുണമാണ്.

നഴ്സറി വിട്ടു വരുന്ന കുട്ടികളെ പുറകിൽ ഇരുത്തി സ്കൂട്ടർ ഓടിച്ചു പോകുന്ന അമ്മമാർ, പുറകിൽ പറ്റിച്ചേർന്നിരിക്കുന്ന കുട്ടി നഴ്സറി സ്കൂളിലെ പകലത്തെ കളികളുടെ ക്ഷീണത്തിന്റെ കൂടെ, യാത്രയിലെ കാറ്റ് കൂടി ആവുമ്പോൾ ക്ഷണനേരം മതി ഉറങ്ങാൻ. ഉറക്കം തൂങ്ങി കുട്ടി റോഡിലേക്കു മറിഞ്ഞ് വീണാൽ പോലും അമ്മ അറിഞ്ഞു കൊള്ളണമെന്നില്ല. 

‘അമ്മയുടെ മടിയിലാണ് സ്വർഗ്ഗം’ ( Mother's lap is the safest place on Earth") എന്ന മഹദ് വചനം കുറഞ്ഞത് കാർ യാത്രയിലെങ്കിലും ശരിയല്ല. 

തലയോട്ടി ഉറയ്ക്കാത്ത കൈക്കുഞ്ഞുങ്ങളെ മടിയിൽ വച്ച് സീറ്റ് ബെൽറ്റ് ധരിക്കാതെ മുൻസീറ്റിൽ ഇരിക്കുമ്പോൾ സ്വാഭാവികമായും കുഞ്ഞിന്റെ തല ഡാഷ്ബോർഡിൽനിന്ന് കേവലം ഒന്നോ രണ്ടോ ഇഞ്ച് മാത്രം അകലത്തിലായിരിക്കും. ഒന്നു ബ്രേക്ക് ആഞ്ഞ് ചവിട്ടിയാൽ പോലും, തന്റെ ശരീരഭാരത്തിന്റെ മുന്നോട്ടുള്ള ആയം കൊണ്ട് ആ പിഞ്ചു തല ഡാഷ്ബോർഡിൽ കൊണ്ടു പോയി ഇടിപ്പിക്കുമെന്നും  ശിഷ്ട ജീവിതം നരകതുല്യമാക്കുമെന്നും  നാമോർക്കാത്തതെന്തേ? (എയർബാഗ് തുറക്കുമ്പോഴുള്ള പ്രശ്നങ്ങൾ വേറെ.. കാറിന്റെ ഓണേഴ്സ് മാന്വൽ ഒരിക്കലെങ്കിലും തുറന്ന് നോക്കിയാൽ അത് മനസ്സിലാവും).

ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ മടിയിൽ ഇരുത്തി വാഹനം ഓടിക്കുന്ന ചില പിതാക്കന്മാരും (ചിലപ്പോൾ മൊബൈലും കൂട്ടിനുണ്ടാകും) സ്ഥിരം കാഴ്ചകളിലൊന്നാണ്, ഈ യാത്രയിൽ വാഹനം ഇടിക്കണമെന്നൊന്നും ഇല്ല, ഒരു സഡൻ ബ്രേക്ക് ഇട്ടാൽ പോലും 80 കിലോ തൂക്കമുള്ള സ്വന്തം ശരീരം കൊണ്ട് ആ പിഞ്ചു കഴുത്തിനെ സ്റ്റിയറിങ്ങിൽ ചേർത്ത് ഞെരിക്കും അത് മതിയാകും  ഒരിക്കൽ പോലും സാധാരണ ജീവിതത്തിലേക്ക് ആ കുഞ്ഞു തിരിച്ചു  വരാതിരിക്കാൻ.. 

യാത്രയിൽ ഏറ്റവും കരുതൽ വേണ്ട കുഞ്ഞുങ്ങളുടെ കാര്യത്തിൽ എത്ര കുറ്റകരമായ അനാസ്ഥയാണ് നമ്മളിൽ പലരും കാണിക്കുന്നത്. Baby on board എന്ന അറിയിപ്പ് കാറിന്റെ പുറകിലെ ചില്ലിൽ പ്രദർശിപ്പിച്ച് നാട്ടുകാരോട് ശ്രദ്ധിക്കാൻ പറഞ്ഞാൽ തീരുന്നതാണോ അത്... 

English Summary:  Travelling With Children In Two Wheelers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com