ADVERTISEMENT

വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോഴോ ഓട്ടത്തിനിടയിൽ നിർത്തിയിടുമ്പോഴോ തീപിടിക്കുന്നതിനെപ്പറ്റി നാം നിരന്തരം കേൾക്കുന്നു. എന്തുകൊണ്ടാണ് വാഹനങ്ങൾക്കു തീ പിടിക്കുന്നത്, നാം ഓടിക്കുന്ന വാഹനം സുരക്ഷിതമാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇത്തരം വാർത്തകൾ അവശേഷിപ്പിക്കുന്നത്. വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽനിന്നു സുരക്ഷിത അകലം പാലിക്കുക എന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം. തീ കെടുത്താൻ ശ്രമിച്ചാൽ ജീവഹാനി വരെ സംഭവിച്ചേക്കാം.

തീപിടിക്കാനുള്ള കാരണങ്ങൾ 

എളുപ്പത്തിൽ തീ പിടിക്കാവുന്ന രീതിയിലല്ല വാഹനങ്ങൾ നിർമിക്കുന്നത്. എന്നിരുന്നാലും വാഹനത്തിലെ യാത്രക്കാരന്റെയോ ഡ്രൈവറുടെയോ അശ്രദ്ധ, കൈപ്പിഴവ്, സാങ്കേതിക തകരാർ എന്നിവ തീപിടിത്തത്തിനു കാരണമായേക്കാം. ഇലക്ട്രിക്കൽ തകരാർ ആണ് മറ്റൊരു പ്രധാന കാരണം. വാഹനങ്ങളുടെ ഇലക്ട്രിക്കൽ പാർട്ടുകളിൽ വരുത്തുന്ന മോഡിഫിക്കേഷനും അപകടങ്ങള്‍ക്കു വഴിവച്ചേക്കാം.

പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ‘ഷോർട്ട് സർക്യൂട്ട്’ ആണ്. അതു സംഭവിക്കുന്നതിനു മുൻപ് വാഹനം ചില ‘രോഗലക്ഷണങ്ങൾ’ കാണിക്കാറുണ്ട്. മിക്കവാറും സന്ദർഭങ്ങളിൽ ‘ഫ്യൂസ്’ എരിഞ്ഞമരുന്നു. സ്വാഭാവികമായും ഫ്യൂസ് എരിഞ്ഞമർന്നതിന്റെ കാരണം മനസ്സിലാക്കി, അവിടെയാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. പക്ഷേ, പലപ്പോഴും സമയക്കുറവുകൊണ്ട് എല്ലാവരും ‘സ്വയം ചികിൽസ’ ആരംഭിക്കുന്നു. ഫ്യൂസ് മാറ്റി വാഹനം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുവാൻ നോക്കുമ്പോൾ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെടാതെ ഇത്തരം ജോലികൾ സ്വയം ചെയ്യാതിരിക്കുന്നതാണ് ഉചിതം.

സീൽ പൊട്ടിയതോ കൃത്യമല്ലാത്തതോ ആയ വയറിങ്ങും ഷോർട്ട് സർക്യൂട്ടിനു കാരണമാകാം. എൻജിൽ ഓയിൽ, ഇന്ധനം എന്നിവ പോലെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ ചോർച്ചയും അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവൽ ഇൻജക്ടർ, ഫ്യൂവൽ പ്രെഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തിൽ ചോരുന്ന ഇന്ധനം ഇഗ്നീഷ്യൻ‌ സോഴ്സുമായി ചേർന്നാൽ പെട്ടെന്നു തീപിടിക്കും. ശരിയായി കണക്ട് െചയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, തുടങ്ങി സ്റ്റീരിയോ പോലും ചിലപ്പോൾ തീപിടുത്തത്തിനു കാരണമായേക്കാം.

ചിലപ്പോഴൊക്കെ വാഹനത്തിൽനിന്നു പ്ലാസ്റ്റിക്കോ റബറോ കത്തിയ മണം വരും. ഇത് അവഗണിക്കാതെ, വാഹനം എൻജിൻ ഓഫാക്കി നിർത്തി ഇറങ്ങി ദൂരെമാറിനിന്ന് സർവീസ് സെന്ററുമായി ബന്ധപ്പെടുക. ‌അടിയന്തര സാഹചര്യങ്ങളിൽ പരിഭ്രമം തോന്നാമെങ്കിലും സമചിത്തതയോടെ സാഹചര്യങ്ങളെ നേരിടുന്നത്, വാഹനം മുഴുവനായും കത്തിയമർന്നാലും യാത്രക്കാരെ രക്ഷിക്കും. 

എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം. മികച്ചൊരു മെക്കാനിക്കിന് മാത്രമേ വാഹനത്തിന്റെ ശരിയായ അവസ്ഥ മനസ്സിലാക്കാൻ കഴിയൂ. ചിലപ്പോൾ വാഹനത്തിന്റെ ഇലക്ട്രിക്കൽ പാർട്ടുകൾ മാറ്റേണ്ടതുണ്ടാകും. മറ്റു ചിലപ്പോൾ നാം നിസ്സാരം എന്നു കരുതി അവഗണിക്കുന്ന കാര്യങ്ങളായിരിക്കും വലിയ അപകടത്തിലേക്ക് വഴിതെളിക്കുക. 

വാഹനത്തിനു തീപിടിച്ചാൽ 

വാഹനത്തിൽ തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽനിന്നു സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം വിഷമയമായ വായു പ്രവഹിക്കാം, അത് നിങ്ങളുടെ ജീവനു തന്നെ അപകടം വരുത്താം. ബോണറ്റിനകത്താണു തീപിടിക്കുന്നതെങ്കിൽ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. അതു തീ കൂടുതൽ പടരാൻ കാരണമാകും. ഓക്ലിജനുമായി കൂടുതൽ സമ്പർക്കത്തിലെത്തുന്നതാണ് ഇതിനു കാരണം.

English Summary: Why Vehicles Catch Fire Things To Do If Caught Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com