ADVERTISEMENT

പുതിയതായി ഇറങ്ങുന്ന വാഹനങ്ങളുടെ ഡിസൈനും എൻജിനും ഫീച്ചേഴ്സിനുമൊപ്പം പറഞ്ഞു കേൾക്കുന്ന വാക്കാണ് പ്ലാറ്റ്ഫോം എന്നത്. ‌ടാറ്റയുടെ ആൽഫാ ഒമേഗ, ഫോക്സ്‌വാഗൻ– സ്കോഡ എന്നിവരുടെ എംക്യുബി എന്നിങ്ങനെ ഒട്ടേറെ കമ്പനികളുടെ പുതിയ വാഹനം ഇറങ്ങുമ്പോൾ പ്ലാറ്റ്ഫോമിന്റെ മേന്മയും ചർച്ചയാകാറുണ്ട്. എന്താണ്  പ്ലാറ്റ്ഫോം എന്നു പറയുന്നത്. ഇത് വാഹനത്തിന്റെ ഷാസി തന്നെയാണോ? നോക്കാം.. 

പ്ലാറ്റ്ഫോം എന്നാൽ

ആദ്യകാല വാഹനങ്ങളിൽ ഷാസി ആയിരുന്നു പ്ലാറ്റ്ഫോം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. എന്നാൽ, മോണോകോക്ക് നിർമിതിയുള്ള ആധുനിക വാഹനങ്ങളിൽ പ്ലാറ്റ്ഫോമിന്റെ നിർവചനം അൽപം സങ്കീർണമാണ്. ഫ്ലോർ പാൻ എന്ന അടിത്തട്ടും അതിനെ ദൃഢപ്പെടുത്തുന്ന ക്രോസ് മെംബറുകളും ഇവയിൽ ഘടിപ്പിച്ച സസ്പെൻഷൻ, സ്റ്റിയറിങ് സംവിധാനം, എൻജിൻ, ഗിയർബോക്സ്, ഇലക്ട്രോണിക് നിയന്ത്രണങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് ഒരു ആധുനിക വാഹന പ്ലാറ്റ്ഫോം. യാന്ത്രികഘടകങ്ങളുടെ വിന്യാസം, വീൽബേസ്, ട്രാക്ക് തുടങ്ങിയ അളവുകൾ എന്നിവയും പ്ലാറ്റ്ഫോമിൽ കൃത്യമായി നിർവചിച്ചിരിക്കും. 

car-platform-1

പ്ലാറ്റ്ഫോം പങ്കിടൽ

രണ്ടു ബ്രാൻഡുകളോ, ഒരേ കൂട്ടുകെട്ടിൽപെടുന്ന നിർമാതാക്കളോ ഒരു വാഹന പ്ലാറ്റ്ഫോം പങ്കിടുമ്പോൾ പ്രത്യക്ഷമായ വ്യത്യാസം ബോഡിയിലായിരിക്കും. പുറംകാഴ്ചയിലെ വേർതിരിവിൽ മാത്രം ഒതുങ്ങുന്നില്ല ഇത്. സീറ്റും ഡാഷ്ബോർഡും അതിലെ ഡിസ്പ്ലേയും നിയന്ത്രണ സ്വിച്ചുകളുമെല്ലാം  മാറ്റി തങ്ങളുടെ വാഹനത്തിനു സ്വന്തമായ വ്യക്തിത്വം നൽകാൻ ഒരോരുത്തരും ശ്രമിക്കും. കൂടാതെ, സ്റ്റിയറിങ്,  സസ്പെൻഷൻ എന്നിവയുടെ പ്രവർത്തനരീതിയിൽ ചില്ലറ മാറ്റങ്ങൾ വരുത്തി തങ്ങളുടെ വാഹനത്തിന്റെ റോഡിലെ പ്രകടനം മെച്ചപ്പെടുത്താൻ നോക്കുകയും ചെയ്യും. ഒറ്റ നോട്ടത്തിൽ ബംപർ, ലൈറ്റുകൾ, വീലുകൾ എന്നിവയുടെ രൂപകൽപനയിലാണു കാര്യമായ മാറ്റങ്ങൾ കാണാനാവുക. ഹ്യുണ്ടെയ്, കിയ എന്നിവരുടെ കാറുകൾ ഇതിന് ഉദാഹരണമാണ്. 

എങ്കിൽ പിന്നെ സ്വന്തമായി ഒരു വാഹനം രൂപകൽപന ചെയ്തിറക്കിയാൽ പോരേ എന്നു തോന്നാം. എന്നാൽ, അതിനുണ്ടാകുന്ന ചെലവിന്റെ  വലിയൊരംശം ഈ പ്ലാറ്റ്ഫോം പങ്കിടലിലൂടെ ലാഭിക്കാം എന്നതാണ് നിർമാതാക്കളെ ഇതിനു പ്രേരിപ്പിക്കുന്നത് പുതിയൊരു മോഡൽ വികസിപ്പിക്കാൻ ഉണ്ടാകുന്ന ചെലവ് പ്ലാറ്റ്ഫോം പങ്കിടലിലൂടെ വീതംവയ്ക്കപ്പെടും. ഉപഘടകങ്ങൾ ഒരേ സ്രോതസ്സിൽനിന്നാകുമ്പോൾ ലഭ്യത കൂടുകയും എണ്ണം കൂടുന്നതിനാൽ  വില കുറയുകയും ചെയ്യും. പ്ലാറ്റ്ഫോം നിർമിക്കുന്നതിനുള്ള എല്ലാ െചലവുകളും ഇതുപോെല രണ്ടു നിർമാതാക്കൾ പങ്കിടുമ്പോൾ ഇരുവർക്കും വാഹനവിലയുടെ കാര്യത്തിലും വിപണിയിൽ മത്സരിക്കാൻ കഴിയും. 

mqb-platform

ഒരു പ്ലാറ്റ് ഫോം, വിവിധ വാഹനങ്ങൾ

പ്ലാറ്റ്ഫോം പങ്കിടൽ രണ്ടു നിർമാതാക്കൾ തമ്മിൽ മാത്രമല്ല നടക്കാറ്. ഒരു വാഹനനിർമാതാവ് വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമിൽ അവരുടെ വിവിധ വിഭാഗത്തിലുള്ള വാഹനങ്ങൾ ഇറക്കാറുണ്ട്. ഒരേ പ്ലാറ്റ്ഫോമിൽ ഹാച്ച്ബാക്ക്,  സെഡാൻ, എസ്‌യുവി എന്നിങ്ങനെ വിവിധ വാഹനങ്ങൾ നിർമിക്കുമ്പോൾ ചെലവിൽ ഗണ്യമായ കുറവുണ്ടാകും. 1908 ൽ ജനറൽ മോട്ടോഴ്സാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. 

അവരുടെ ഷെവർലെ, ബ്യൂക്ക്, പോണ്ടിയാക്ക്, ഓൾഡ്സ് മൊബൈൽ എന്നീ ബ്രാൻഡുകളുടെ ഏതാനും വിഭാഗത്തിലുള്ള കാറുകൾക്ക് ഒരേ ഷാസിയാണ് ഉപയോഗിച്ചിരുന്നത്. ആധുനികകാലത്ത് ഷാസിയിൽ ബോഡിയുള്ള വാഹനങ്ങളിൽ ടൊയോട്ടയുടെ ഇന്നോവയും ഫോർച്യൂണറും അവരുടെ ഐഎംവി എന്ന പ്ലാറ്റ്ഫോമിൽ നിർമിച്ചവയാണ്. നിസ്സാനാകട്ടെ അവരുടെ എംഎസ് എന്ന മോണോകോക്ക് പ്ലാറ്റ്ഫോമിൽ  ഹാച്ച്ബാക്ക്, സെഡാൻ, ചെറു എസ്‌യുവി, മിനിവാൻ എന്നിവ നിർമിച്ചിട്ടുണ്ട്. 

ആഗോളസാന്നിധ്യമുള്ള നിർമാതാക്കളെല്ലാം അവർ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളുടെ എണ്ണം കുറയ്ക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. സാധാരണഗതിയിൽ ഒരു പ്ലാറ്റ്ഫോമിന്റെ വീൽബേസ് (മുൻപിൻ ആക്സിലുകൾ തമ്മിലുള്ള അകലം), ട്രാക്ക് (വീലുകൾ തമ്മിലുള്ള അകലം) എന്നിവ നിശ്ചിത അളവിലായിരിക്കും. എന്നാൽ, വ്യത്യസ്ത വിഭാഗത്തിലുള്ള  വാഹനങ്ങൾ ഒരേ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കുമ്പോൾ ഇതിനു മാറ്റം വരാം. 

car-platform-2

ഉദാഹരണത്തിന്, ഹോണ്ട ബ്രിയോയുടെ പ്ലാറ്റ്ഫോമിലാണ് ആദ്യത്തെ അമേസ്, മൊബിലിയോ എന്നിവ നിർമിച്ചത്. മൂന്നു വാഹനങ്ങൾക്കും വീൽബേസ് വ്യത്യസ്തമാണ്. ഹാച്ച്ബാക്കിന്റെ പ്ലാറ്റ്ഫോമിൽത്തന്നെ സെഡാൻ നിർമിച്ചതിന് ഉദാഹരണമാണ് സ്വിഫ്റ്റും ഡിസയറും. അതുപോലെ സെഡാനായ ഹോണ്ട സിറ്റിയുടെ പ്ലാറ്റ്ഫോമിലാണ് ഹാച്ച്ബാക്കായ ജാസ് നിർമിച്ചിരിക്കുന്നത്. രണ്ടു ബ്രാൻഡുകളുടെ ഒരേ വിഭാഗത്തിൽപെട്ട വാഹനങ്ങൾ പ്ലാറ്റ്ഫോം പങ്കിടുന്ന പതിവു നിസ്സാന്റെയും റെനോയുടെയും കാര്യത്തിലാണ് നമ്മുടെ വിപണിയിലുള്ളത്. ഡസ്റ്ററും ടെറാനോയും ക്യാപ്ചറും കിക്സും തുടങ്ങിവച്ചത് ഇപ്പോൾ കൈഗറിലും മാഗ്‌നൈറ്റിലും എത്തിനിൽക്കുന്നു.

വിവിധ പ്ലാറ്റഫോമുകൾ

പ്രധാന നിർമാതാക്കൾക്കെല്ലാം അവരുടെ പ്ലാറ്റ്ഫോമുകൾക്ക് പ്രത്യേക പേരുകളുണ്ട്. സുസുക്കിയുടെ ഹാർട്ടെക്റ്റ്, ടൊയോട്ടയുടെ ടിഎൻജിഎ, ഫോക്സ്‌വാഗന്റെ എംക്യുബി, ടാറ്റയുടെ ആൽഫ, ഒമേഗ, ഹ്യുണ്ടെയുടെ കെ ശ്രേണി എന്നിവ പ്രശസ്തമാണ്. ഒരേ പ്ലാറ്റ്ഫോമിൽ ഘടിപ്പിക്കാവുന്ന വ്യത്യസ്ത പുറം രൂപകൽപനകൾക്ക് ‘ടോപ് ഹാറ്റ്’ എന്നാണു പറയുക. ഈ രീതിയിലുള്ള മോഡുലാർ നിർമിതി ചെലവു ചുരുക്കാൻ മാത്രമല്ല, ചുരുങ്ങിയ കാലയളവിൽ വ്യത്യസ്ത മോഡലുകൾ വിപണിയിലെത്തിക്കാനും നിർമാതാക്കളെ സഹായിക്കുന്നു. 

സ്കേറ്റ്ബോർഡ്

പെട്രോളിയം ഇന്ധനങ്ങളിൽനിന്നു വൈദ്യുതിയിലേക്കു പെട്ടെന്നുള്ള ചുവടുമാറ്റം, നിലവിലുള്ള പ്ലാറ്റ്ഫോമുകൾ തന്നെ ഉപയോഗിക്കാൻ നിർമാതാക്കളെ പ്രേരിപ്പിച്ചു. ടാറ്റ ഇതു വിജയകരമായി തങ്ങളുെട നെക്സോണിൽ പ്രാവർത്തികമാക്കുകയും ചെയ്തു. എന്നാൽ, ഇന്ധന എൻജിൻ ഉപയോഗിക്കുന്ന വാഹനങ്ങളുമായി ഇലക്ട്രിക് വാഹനങ്ങൾക്ക്  ഏറെ ഘടനാപരമായ മാറ്റങ്ങളുണ്ട്. എൻജിൻ, ഗിയർബോക്സ്, ഇന്ധനടാങ്ക് എന്നിവ ഇല്ലെന്നു മാത്രമല്ല, ഇവ ഘടിപ്പിക്കാനുള്ള രൂപകൽപനയും ഇലക്ട്രിക് വാഹനങ്ങളുടെ പ്ലാറ്റ്ഫോമിൽ ആവശ്യമില്ല. എന്നാൽ, സാമാന്യം വലിയ ഒരു ബാറ്ററി സമുച്ചയം ഉള്ളിലെ സ്ഥലം അപഹരിക്കാതെ ഘടിപ്പിക്കേണ്ടതുണ്ട്. ഇതിന് ബാഹ്യശക്തികളിൽനിന്ന് (വെള്ളം, പൊടി, ചൂട്, ആഘാതം) സംരക്ഷണം നൽകുകയും വേണം. അതിനായി ഇലക്ട്രിക് വാഹനങ്ങൾക്കുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത പ്ലാറ്റ്ഫോമുകൾ വാഹനനിർമാതാക്കൾ ഒരുക്കുന്നുണ്ട്.

സ്കേറ്റ് ബോർഡ് എന്നറിയപ്പെടുന്ന ഇവ വിവിധ ശേഷിയിലുള്ള ബാറ്ററിയും മോട്ടറുകളും ഘടിപ്പിക്കാൻ പാകത്തിനുള്ളവയാണ്. വ്യത്യസ്ത രൂപകൽപനയിലുള്ള സസ്പെൻഷൻ, സ്റ്റിയറിങ് സംവിധാനം എന്നിവ ഇണക്കിച്ചേർത്ത് ഒട്ടേറെ മോഡലുകൾ ഒരേ പ്ലാറ്റ്ഫോമിൽ നിർമിക്കാൻ പാകത്തിനാകും ഓരോ സ്േകറ്റ് ബോർഡിന്റെയും രൂപകൽപന. ഇക്കാര്യത്തിൽ ഇലക്ട്രിക് കാറുകൾ മാത്രം നിർമിക്കുന്ന ടെസ്‌ലയുടെ സ്കേറ്റ് ബോർഡ് പ്രശസ്തമാണ്. ഫോക്സ്‌വാഗൻ, ഹ്യുണ്ടെയ് എന്നിവരോടൊപ്പം ടാറ്റയും മഹീന്ദ്രയും സ്കേറ്റ് ബോർഡ് അധിഷ്ഠിതമായ നിർമാണത്തിലേക്കു നീങ്ങുകയാണ്.

English Summary: Know More About Vehicle Platforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com