ADVERTISEMENT

ചാർളി ചാപ്ലിന്റെ സിനിമ കണ്ടിറങ്ങിയവരുടെ വാഹനത്തിനു മുന്നിൽ മറ്റൊരു വാഹനം ക്രോസ് ആയി കിടക്കുന്നുണ്ടായിരുന്നു. വളരെ രസകരമായി അവർ ആ തടസ്സം തരണം ചെയ്തു. എന്നാൽ, ആക്‌ഷൻ മൂവി കണ്ടിറങ്ങിയ മറ്റൊരു ടീമിനെ അതേ സാഹചര്യത്തിലൂടെ കടത്തിവിട്ടപ്പോൾ വളരെ അഗ്രസീവ് ആയിട്ടാണു 

പെരുമാറിയത്. ട്രാഫിക് സൈക്കോളജി പഠനാവശ്യത്തിനായിരുന്നു ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചത്. പിറന്നു വീഴുന്നതു മുതൽ നമ്മളോരോരുത്തരും പാതകളുമായും ഗതാഗതവുമായും നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു. റോഡ് ഉപയോഗിക്കാത്തവർ ഇല്ല. ഡ്രൈവ് ചെയ്യുന്നവർ മുതൽ റോഡിലൂടെ നടന്നു പോകുന്നവർ വരെയുള്ളവരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട് ട്രാഫിക് സൈക്കോളജി. 

anagha-pullangotte
അനഘ പുല്ലങ്ങോട്ട്

 

ട്രാഫിക് സൈക്കോളജി– ഇങ്ങനെയൊരു ‘ടേം’ ഒരുപക്ഷേ, പുതിയതായിരിക്കും. ഹൈദരാബാദ് ഐഐടിയിൽനിന്ന് എംഫിൽ ചെയ്യുമ്പോൾ ട്രാഫിക് സൈക്കോളജിയിൽ സ്പെഷലൈസ് ചെയ്തു. ജർമനിയിലെ സ്റ്റാർട്ടപ്പുകളുമായി  ചേർന്ന് പ്രവർത്തിക്കുകയാണ് ഇപ്പോൾ. ട്രാഫിക് സൈക്കോളജി എന്ന ആശയം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനും സുരക്ഷിതമായ റോഡ് ഉപയോഗത്തിനും മുന്നിട്ടിറങ്ങുകയാണു ലക്ഷ്യം. 

 

traffic

ട്രാഫിക് സൈക്കോളജി

 

ഏറക്കുറെ പുതിയൊരു ഫീൽഡ് ആണ് ട്രാഫിക് സൈക്കോളജി. ഇതിൽ പ്രധാനമായും മൂന്നു കാര്യങ്ങൾ പ്രതിപാദിക്കുന്നു. 

 

1) ഡ്രൈവറുടെ സ്വഭാവം

 

ചാർളി ചാപ്ലിൻ അനുഭവം പോലെ നമ്മെ സ്വാധീനിക്കുന്ന ഏറെ ഘടകങ്ങളുണ്ട്. ഓഫിസിൽനിന്നോ വീട്ടിൽനിന്നോ മോശം  മൂഡിൽ ഇറങ്ങുന്നവർ ‍റോഡിലും അതേ പോലെ പെരുമാറുന്ന അവസ്ഥയുണ്ട്. ഇതൊരു ഉദാഹരണം മാത്രം. പലർക്കും അഡ്രിനാലിൻ റഷ് ഉണ്ട്. അത്തരക്കാർക്ക് അപകടം പറ്റിയിട്ടുണ്ടാകാം. എങ്കിലും അതൊന്നും മുന്നറിയിപ്പായി എടുക്കാതെ വീണ്ടും അതേ രീതിയിൽ തന്നെ വാഹനമോടിക്കും. അത്തരത്തിൽ ഡ്രൈവർമാരുടെ സ്വഭാവരീതികൾ ട്രാഫിക് സൈക്കോളജിയിൽ പഠിക്കുന്നു. സുരക്ഷിതമായ ഡ്രൈവിങ് നമ്മൾ തന്നെ ഉറപ്പുവരുത്തുന്നതിന്റെ മനഃശാസ്ത്രമാണിത്. 

 

traffic-1

അതിനൊരു ഉദാഹരണം ഡിഫൻസീവ് ഡ്രൈവിങ് ആണ്. നമ്മുടെ കാര്യം സുരക്ഷിതമാക്കിയശേഷം വാഹനം ഓടിക്കുന്ന രീതിയാണ് ഡിഫൻസീവ് ഡ്രൈവിങ്. അപകടസാധ്യത മുന്നിൽ കണ്ട് വണ്ടിയോടിക്കുന്ന രീതി. പോക്കറ്റ് റോഡിൽനിന്ന് പ്രധാന റോഡിലേക്കു കയറുമ്പോൾ വാഹനം നിർത്തി രണ്ടുവശവും നോക്കി മുന്നോട്ടു പോകുന്ന രീതിയൊക്കെ ഇത്തരം ഡ്രൈവിങ്ങിനുദാഹരണമായി ചൂണ്ടിക്കാണിക്കാം. പല രാജ്യങ്ങളിലും ഡ്രൈവിങ് ലൈസൻസിനൊപ്പം ഡിഫൻസീവ് ഡ്രൈവിങ്  ബാഡ്ജ് നൽകുന്ന രീതിയുണ്ട്. നമുക്കും ഡിഫൻസീവ് ഡ്രൈവിങ് തന്നെയാണ് അഭികാമ്യം. റോഡ് റേജ് പോലുള്ള അവസ്ഥകൾ ഒഴിവാക്കാനുള്ള പഠനങ്ങളും ഇതിലുണ്ട്. 

 

മനുഷ്യരുടെ പെരുമാറ്റം വ്യത്യസ്തമാണല്ലോ. അതിനാൽ, എല്ലാവർക്കും ഒരേ ക്ലാസ് നൽകുന്നതു ഫലപ്രദമായിരിക്കില്ല. ഓരോ രീതിയിലാകും ഓരോരുത്തർ പഠിക്കുന്നതും പ്രാവർത്തികമാക്കുന്നതും. സിഗ്‌നലിൽ മഞ്ഞ ലൈറ്റ് തെളിഞ്ഞാൽ വേഗം കൂട്ടുന്നവരും സ്ലോ ഡൗൺ ചെയ്യുന്നവരുമുണ്ട്. ഇത്തരം കാര്യങ്ങളെ വിശകലനം ചെയ്തുവേണം നമ്മൾ മുന്നോട്ടുപോകാൻ.

 

അപകടത്തിലെ സുപരിചിത വില്ലൻ

 

ഏറ്റവും കൂടുതൽ അപകടം പറ്റുന്നത് സുപരിചിതമായ സ്ഥലങ്ങളിലായിരിക്കും. അവിടെയുള്ള മതിലിലോ മറ്റോ വാഹനങ്ങൾ സ്ഥിരമായി ഉരയാറുണ്ടെന്നതു പരസ്യമായ രഹസ്യം. എന്നാൽ, അറിയാത്ത ഒരു സ്ഥലത്ത് നമ്മൾ കൂടുതൽ ശ്രദ്ധിക്കും. അല്ലെങ്കിൽ മറ്റൊരാളുടെ സഹായം തേടും. മറ്റൊന്ന് പരിചയക്കൂടുതലാണ്. വീടിനടുത്തെത്താറാകുമ്പോൾ നാം കുറച്ചുകൂടി റിലാക്സ്ഡ് ആകും. സാധാരണ ഒരു വാഹനവും വരാത്ത റോഡാണെന്നു നമ്മൾക്ക് മുൻ അനുഭവമുണ്ടായിരിക്കും. ആ ഓർമയിൽ വാഹനം ശ്രദ്ധിക്കാതെ ഓടിക്കും. അന്നൊരു ടിപ്പർ വരില്ലെന്ന് ആരു കണ്ടു? ഡ്രൈവർമാരുടെ മുൻവിധികളും മിഥ്യാധാരണകളും ജാഗ്രതക്കുറവുമെല്ലാം പഠനങ്ങളിലുണ്ട്. 

 

2) വാഹന ഡിസൈൻ

 

ഡ്രൈവറുടെ പെരുമാറ്റമല്ലാതെ ശ്രദ്ധ തിരിക്കുന്ന ഘടകങ്ങളിലൊന്ന് വാഹന ഡിസൈൻ ആണ്. ഇന്റീരിയറിലെ ഡിസൈൻ പോരായ്മകൾ മുതൽ നമ്മൾ വിൻഡ്ഷീൽഡിനു മുന്നിൽ തൂക്കിയിടുന്ന വസ്തുക്കൾ വരെ ഡ്രൈവിങ്ങിലെ ശ്രദ്ധ മാറ്റുന്നവയാണ്. വാഹനത്തിന്റെ ‘എർഗണോമിക്സ്’ മറ്റൊരു പ്രധാന ഘടകമാണ്. ഡ്രൈവറെ കേന്ദ്രീകരിച്ചുള്ള അകം രൂപകൽപനയാണ് എർഗണോമിക്സ് പഠനങ്ങളിൽ. പല പ്രീമിയം വാഹനങ്ങളിലും ഡ്രൈവറുടെ വശത്തേക്കു ചെരിഞ്ഞായിരിക്കും സെന്റർ കൺസോളിന്റെ ഡിസൈൻ. മുന്നിൽനിന്നു കണ്ണെടുക്കാതെതന്നെ  അനായാസം സ്വിച്ചുകൾ മാറ്റാനും മറ്റും ഇങ്ങനെ എർഗണോമിക് ഡിസൈൻ വഴി സാധിക്കും. കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാം. 

 

3) റോഡ് ഡിസൈൻ

 

ലൈസൻസ് ക്ലാസുകളിൽ അപകടങ്ങളുടെയും മുൻകരുതലിന്റെയും വിഡിയോകൾ കാണിക്കാറുണ്ട്. നമുക്ക് അറിയാം പല രീതികളും അപകടം ആണെന്ന്. പക്ഷേ, റോഡിലിറങ്ങുമ്പോൾ അതെല്ലാം മറക്കും. ക്ലാസിലൂടെ വെറുതേ കേൾപ്പിച്ചാൽ പോരാ ഇനിയുള്ള കാലത്ത്. ഓരോ ഡ്രൈവറുടെയും  ഉള്ളിലേക്കു കടത്തി വിടുന്ന തരത്തിൽ ഗതാഗതരീതികൾ ‘ഇൻജക്ട്’ ചെയ്യണം. ന്യൂസീലൻഡിൽ അപകടം പതിവായ ഒരിടത്ത് ആക്സിഡന്റിൽ തകർന്ന കാറുകൾ എടുത്തു മാറ്റാറില്ല. അതിനു കാരണം അതു കാണുമ്പോഴെങ്കിലും അപകടകരമായ ഡ്രൈവിങ്ങിൽ മാറ്റം വരുമെന്നതുകൊണ്ടാണ്. കാരണം, ബോർഡുകൾ നിത്യക്കാഴ്ചകളായി. അവയൊന്നും ഡ്രൈവർക്കു പെട്ടെന്നു തിരിച്ചറിവു നൽകുന്നവയല്ല. മുൻവശം തകർന്ന കാർ കാണുമ്പോൾ എനിക്കും അങ്ങനെ അപകടം സംഭവിക്കാം എന്നൊരു ചിന്ത മനസ്സിലെത്തും. ജാഗ്രത കൂടൂം. വേഗനിരീക്ഷണ ക്യാമറകൾ ഒരിടത്തും ഒളിപ്പിച്ചല്ല വയ്ക്കുന്നത്. അതിനു കാരണം ക്യാമറയുണ്ടെന്ന ബോർഡോ ക്യാമറയോ കണ്ടാലെങ്കിലും വാഹനവേഗം കുറയ്ക്കണം എന്നുള്ളതിനാലാണ്.

   

ഹൈവേയിലെ താരാട്ട്

 

ഹൈവേകളുടെ എണ്ണം കൂടുന്നു. വാഹനങ്ങളിൽ ദീർഘയാത്രകൾ ചെയ്യുമ്പോൾ ഹൈവേകൾ താരാട്ടുപാടും പോലെ ഡ്രൈവർമാരെ ഉറക്കാറുണ്ട്. ഒരേ പാറ്റേണിൽ വരുന്ന ലൈനുകളും സൈനുകളും മറ്റും ഉറക്കത്തിനു കാരണമാകാറുണ്ട്. അതിനൊരു പ്രതിവിധിയായിട്ടാണ് നീണ്ടുകിടക്കുന്ന റോഡുകളിൽ ഇടയ്ക്കു ചെറു വളവുകൾ വയ്ക്കുന്നത്. ഡ്രൈവർ ഒന്നു ജാഗ്രത പാലിക്കാനാണ് ചെറുവളവുകളും ഹംപുകളും വയ്ക്കേണ്ടത്. നിർഭാഗ്യവശാൽ   നമ്മുടെ ഹംപുകൾ അപകടകാരികളാണ്. പലതിലും നടുവുളുക്കും.  മാത്രമല്ല,  കൃത്യമായ മുന്നറിയിപ്പുമുണ്ടാകാറുമില്ല. അതുകൊണ്ടുതന്നെ വാഹനത്തിന്റെ നിയന്ത്രണം പ്രയാസമായി തീരാറുണ്ട്. എന്നാൽ, ഇപ്പോൾ പലയിടത്തും ശാസ്ത്രീയമായ രീതിയിലുള്ള ഹംപുകൾ ഒരുക്കുന്നുണ്ട്. ഒരാളുടെയോ ചെറുഗ്രൂപ്പിന്റെയോ അല്ല, മറിച്ച് ഒരു സമൂഹത്തിന്റെ തന്നെ സൈക്കോളജിയെ സ്വാധീനിക്കുന്ന തരത്തിലാകണം റോഡ് നിയമങ്ങളും സംസ്കാരവും.

 

English Summary: Know More About Traffic Psycology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com