വാഹനത്തിന്റെ പിന്നിലിടിച്ചാൽ കുറ്റം നിങ്ങൾക്കു മാത്രം, എത്ര അകലമിട്ടാണു വണ്ടിയോടിക്കാറ്?

accident
Shutterstock
SHARE

പലപ്പോഴും വാഹനത്തിനെ പിറകിൽ പോയി ഇടിച്ചാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഇരുചക്രവാഹനങ്ങളും വലിയ വാഹനങ്ങളുമെല്ലാം ഇത്തരത്തിൽ അപകടത്തിൽ പെടാറുണ്ട്. ആരുടെയൊക്കെയോ ഭാഗ്യത്തിന് അപകടം പറ്റാതെ വീട്ടിലെത്തുന്നു അതിനിടയിൽ ഈ അകലമൊക്കെ നോക്കാൻ സമയമെവിടെ എന്നാകും മിക്ക ആളുകളും കരുതുക. 

'ബംപർ ടു ബംപർ' ഡ്രൈവിങ്

ചിലർ മുന്നിലെ വാഹനത്തിന് മുത്തമിടുംപോലെ വണ്ടിയോടിക്കും. ബംപർ ടു ബംപർ എന്നുപറയാം. ഇത്തരം ഡ്രൈവിങ്ങിൽ പലപ്പോഴും കടുത്ത ബ്രേക്കിങ് ആവശ്യമായിവരും. നമ്മുടെ വാഹനത്തിനുള്ളിൽത്തന്നെ അപകടസാധ്യതയുണ്ടാകും. ഒരു കുഞ്ഞ് നമ്മുടെ വാഹനത്തിലുണ്ടെന്നിരിക്കട്ടെ, ചൈൽഡ് സീറ്റ് കണ്ടിട്ടുപോലുമില്ലാത്ത നമ്മൾ കടുത്ത ബ്രേക്കിങ്ങിൽ ആ കുഞ്ഞിത്തലയ്ക്കു പറ്റുന്ന ക്ഷതത്തെപ്പറ്റി ആലോചിക്കാറുണ്ടോ?

ഓരോ കാലാവസ്ഥയിലും ഓടിക്കൊണ്ടിരിക്കുന്ന രണ്ടു കാറുകൾ തമ്മിലുള്ള അകലം വ്യത്യാസപ്പെടുത്തേണ്ടി വരും. നല്ല മഴയുള്ള സമയം ഒന്നാലോചിക്കാം.  വാഹനം മുന്നിലെ കാറിനെ മുട്ടിയുരുമ്മി പോയാൽ മുന്നിലെ കാർ പെട്ടെന്നു ബ്രേക്കിടുമ്പോൾ പുറകിലെ വണ്ടി നിർത്താനുള്ള സമയം കിട്ടില്ല. അഥവാ ബ്രേക്കിട്ടാലും അകലം കുറവായതിനാൽ ഒരു കൂട്ടിയിടിയാകും ഫലം.

നാമെന്തിനാണ് ആ വാഹനത്തിന്റെ തൊട്ടുപിന്നിൽ തൊട്ടുതൊട്ടില്ലാ എന്ന മട്ടിൽ പാഞ്ഞത്?  വേഗം വീട്ടിലെത്താനായിരിക്കും. അല്ലെങ്കിൽ ഓഫീസിലെത്താനായിരിക്കും. എന്നാൽ ആ വാഹനത്തിൽ ഒരു പോറൽ ഏറ്റാൽ നാം ധൃതി പിടിച്ചു പാഞ്ഞതൊക്കെ വെറുതെയാകില്ലേ? സമയം ഏറെ നഷ്ടപ്പെടും. പിന്നെ ആ വാഹനത്തിന്റെ പരിക്ക് മാറ്റാനുള്ള കാശ് നൽകേണ്ടി വരും. കൂടെ മാനഹാനിയുമുണ്ടാകും. ഇതെല്ലാം ഒഴിവാക്കാനാണ് വാഹനങ്ങൾ തമ്മിൽ അകലം പാലിക്കണമെന്നു പറയുന്നത്.

∙ബംപർ ടു ബംപർ ട്രാഫിക്കിൽ ചിലപ്പോൾ വാഹനങ്ങൾ അടുത്തടുത്തു നിൽക്കേണ്ടി വരും. എന്നാൽ ഓടിത്തുടങ്ങിയാൽ കൃത്യമായ അകലം പാലിക്കണം.

∙നിങ്ങൾ സ്വാഭാവികമായ രീതിയിൽ ഡ്രൈവിങ് സീറ്റിൽ ഇരിക്കുമ്പോൾ മുന്നിലെ വാഹനത്തിന്റെ പിൻവീൽ കാണണം. അതാണ് നല്ല അകലം.  

∙സുരക്ഷിതമായ അകലത്തിൽ ആ വാഹനം നിർത്തുമോ, എങ്ങോട്ടെങ്കിലും വെട്ടിക്കുമോ എന്നൊക്കെ നന്നായി കാണാം. നമ്മുടെ വേഗം കുറയ്ക്കാം. അപകടം ഒഴിവാക്കാം.

‘ചക്രദൂരം’ പാലിക്കുക

വാഹനങ്ങൾ തമ്മിൽ പാലിക്കേണ്ട അകലത്തെപ്പറ്റി ഒട്ടേറെ സിദ്ധാന്തങ്ങളുണ്ട്. അതൊക്കെ തലയിലാക്കുന്നതിനെക്കാൾ നല്ലത് ഈ ‘ചക്രദൂരം’ പാലിക്കുകയാണ്. ഈ അകലക്കണക്ക് ഒരു നിയമമല്ല. പ്രായോഗികമായി നമുക്ക് പാലിക്കാൻ പറ്റുന്ന കുറഞ്ഞ ദൂരം എന്നാലോചിച്ചാൽ മതി. വേഗം കൂടുംതോറും അകലം കൂട്ടുകയാണുചിതം. ഇനി വേഗം കുറച്ച് പോകുമ്പോഴും, അതായത് നല്ല ഗട്ടറും മറ്റുമുള്ള റോഡുകളിൽ സഞ്ചരിക്കുമ്പോഴും അകലം കൂട്ടാം. കാരണം മുന്നിലെ വാഹനം എങ്ങനെയാണ് കുഴികൾ ഒഴിവാക്കിപോകുന്നത് എന്നു മനസ്സിലാക്കണമെങ്കിൽ കുറച്ചുദുരെനിന്നു വീക്ഷിക്കുകയാണു നല്ലത്. 

ഓ... ഇവിടെ അത്രയൊക്കെ അകലമിടാൻ പറ്റുമോ...? 

പറ്റണം. കാരണം നിങ്ങളോടിക്കുന്ന കാർ മറ്റൊരു വാഹനത്തിന്റെ പിന്നിലിടിച്ചാൽ കുറ്റം നിങ്ങൾക്കു മാത്രമാണ്. മുന്നിലെ വാഹനം പെട്ടെന്നു ബ്രേക്കിടാം. എൻജിൻ നിന്നുപോകാം. അതൊന്നും നിങ്ങൾ ചെന്നിടിക്കുന്നതിന് എക്സ്ക്യൂസസ് അല്ല. ഇത്രയും അകലമിട്ടാൽ ബ്രേക്കിങ്ങിന്റെ കടുപ്പം കുറയ്ക്കാം. അപകടം ഒഴിവാക്കാം. 

English Summary: Keep Distance From Other Vehicles

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS