ട്രാഫിക് നിയമത്തെപ്പറ്റിയുള്ള ഇത്തരം ധാരണകൾ നിങ്ങളെ കുഴപ്പത്തിലാക്കും

traffic-signal-1
Image Source: Shutterstock
SHARE

ഹസാഡ് ലൈറ്റിലട്ടാൽ നാലുംകൂടിയ ജംഗ്ഷനിൽ നേരെ പോകാം, രാത്രിയിൽ വൺവേയും സിഗ്നലുകളുമൊന്ന് ശ്രദ്ധിക്കേണ്ട തുടങ്ങി തികച്ചും തെറ്റായ പല ധാരണകളും നമ്മുക്കിടയിലുണ്ട്. ഗതാഗത നിയമങ്ങളെക്കുറിച്ച് അറിവില്ലെന്ന് മാത്രമല്ല തെറ്റായ കാര്യങ്ങള്‍ നിയമങ്ങളാണെന്നു ധരിക്കുന്നവരും അത് പ്രചരിപ്പിക്കുന്നവരും നമ്മുടെ നാട്ടില്‍ കുറവല്ല. ഇത്തരം ചില തെറ്റുകളെപ്പറ്റി അറിയാം.

hazard-light
Peter Gudella | Shutterstock

∙ ട്രാഫിക് സിഗ്നലുകള്‍ രാത്രി പത്തിനു ശേഷം അനുസരിക്കേണ്ടതില്ല- ഇങ്ങനെയൊരു തെറ്റായ ധാരണ വ്യാപകമാണ്. ഏതു പാതിരാത്രിയിലാണെങ്കിലും സിഗ്നല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതനുസരിക്കണം. മഞ്ഞ ലൈറ്റ് ഇടവിട്ട് തെളിയുകയാണെങ്കില്‍ വാഹനം വേഗം കുറച്ച് പോവുകയും ചുവന്ന ലൈറ്റാണെങ്കില്‍ നിര്‍ത്തിയ ശേഷം പോവുകയുമാണ് വേണ്ടത്. 

malappuram-ponnani-chamravattom-traffic-signal

∙ വണ്‍വേയില്‍ റിവേഴ്‌സ് പോകാം- വണ്‍വേയില്‍ എതിര്‍ദിശയില്‍ മുന്നിലേക്കാണെങ്കിലും വേഴ്‌സിലാണെങ്കിലും പോകാന്‍ പാടുള്ളതല്ല. 

∙ നോ പാര്‍ക്കിങ് ബോര്‍ഡില്ലാത്തിടത്ത് പാര്‍ക്ക് ചെയ്യാം - ഇങ്ങനെയൊരു പൊതുധാരണ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ അത് തെറ്റാണ്. സ്‌കൂളുകളുടെയും ആശുപത്രികളുടെയും മറ്റു പൊതു സ്ഥാപനങ്ങളുടേയും മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും പ്രധാന റോഡുകളില്‍ ഓരത്ത് പാര്‍ക്ക് ചെയ്യുന്നതും ട്രാഫിക് സിഗ്നലുകളിലും സീബ്ര ക്രോസിങ്ങുകളിലും പാര്‍ക്ക് ചെയ്യുന്നതുമെല്ലാം ശിക്ഷാർഹമാണ്. 

overtaking
Bogdan Vacarciuc | Shutterstock

∙ മറികടക്കുക വലതുവശത്തുകൂടി മാത്രം - സാധാരണ സമയങ്ങളില്‍ വലതുവശത്തുകൂടി മാത്രമാണ് വാഹനങ്ങളെ മറികടക്കേണ്ടത്. ഇടതുവശത്തുകൂടി‌ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്കും ഇടയാക്കാറുണ്ട്. എന്നാല്‍ എപ്പോഴും വലതുവശത്തുകൂടി മാത്രമേ മറ്റു വാഹനങ്ങളെ മറികടക്കൂ എന്ന് ശഠിക്കാനും പാടില്ല. ഉദാഹരണത്തിന്, മുന്നില്‍ പോകുന്ന വാഹനം വലത്തേക്ക് ഇന്‍ഡിക്കേറ്റര്‍ ഇട്ടശേഷം തിരിക്കാന്‍ പോവുകയാണെങ്കില്‍ ആ വാഹനത്തെ ഇടതുവശത്തുകൂടി മറികടക്കുന്നതില്‍ നിയമപരമായ തെറ്റില്ല. 

headlight
Vitaliy Kaplin | Shutterstock

∙ ഹെഡ്‌ലൈറ്റ് ഡിം ആക്കാതെ ഓടിക്കാം - എതിരെ വാഹനങ്ങള്‍ വരുമ്പോഴും ഹെഡ് ലൈറ്റ് ബ്രൈറ്റില്‍ ഇട്ടുകൊണ്ടു മാത്രം ഓടിക്കുന്ന വാഹനങ്ങള്‍ ഏതൊരു രാത്രിയാത്രകളിലും നിങ്ങള്‍ കണ്ടിരിക്കും. നിയമലംഘനമാണത്. ഹെഡ്‌ലൈറ്റ് ഡിം ആക്കാതെ ഓടിക്കുന്നത് കുറ്റമാണ്. എതിര്‍വശത്ത് വാഹനങ്ങളില്ലാത്ത വലിയ റോഡുകളിലും മറ്റും ഹെഡ്‌ലൈറ്റ് ബ്രൈറ്റില്‍ ഇടുന്നതില്‍ തെറ്റില്ല. എന്നാല്‍ വാഹനങ്ങള്‍ വരുമ്പോഴും മുന്നില്‍ വാഹനമുള്ളപ്പോഴുമെല്ലാം ഹെഡ്‌ലൈറ്റിന്റെ തെളിച്ചം കുറച്ചേ മതിയാവൂ. 

car-bluetooth
vpilkauskas | Shutterstock

∙ ബ്ലൂ ടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്യാം - വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് വ്യക്തമായി ഇന്ത്യന്‍ ഗതാഗത നിയമം അനുശാസിക്കുന്നുണ്ട്. അത് ഫോണ്‍ കയ്യില്‍ പിടിച്ചിട്ടാണെങ്കിലും എവിടെയെങ്കിലും വച്ച് സ്പീക്കറിലിട്ടാണെങ്കിലും ബ്ലൂടൂത്ത് ഉപകരണങ്ങളുടെ സഹായത്തിലാണെങ്കിലും കുറ്റം തന്നെയാണ്. 

വാഹനങ്ങളുടെയും മനുഷ്യരുടെയും സുരക്ഷയെ കരുതിയാണ് നമ്മുടെ വാഹന നിയമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ നിയമങ്ങളാണവ. റോഡിലൂടെ സഞ്ചരിക്കുന്ന ഏതൊരാളുടെയും അടിസ്ഥാന ചുമതലയിലൊന്നാണത്.

English Summary: Myths In Traffic Rules

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS