പഴയ വാഹനമുണ്ടോ? നമുക്കു തന്നെ റീസ്റ്റോർ ചെയ്യാം! ഇ‌താ വഴികൾ...

restoration
SHARE

പഴയ വാഹനങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന റീസ്റ്റോറേഷൻ ജോലികൾ ഇനി നിങ്ങൾക്കും ചെയ്യാം. റീസ്റ്റോറേഷൻ ഗൈഡ് എന്ന പരമ്പര ഇവിടെ ആരംഭിക്കുന്നു..

കുറെക്കാലമായി ഒപ്പമുള്ള ഒരു വാഹനം. പ്രായത്തിന്റെ അസ്കിതകൾ കാരണം പണ്ടത്തെപ്പോലെ അത്ര ഉഷാറില്ല. ആകെ വാർധക്യം ബാധിച്ച വണ്ടിയെ വിറ്റുകളയാൻ പറയുന്ന വീട്ടുകാർ ഒരുവശത്ത്. പതിനഞ്ചുകൊല്ലം കഴിഞ്ഞ വാഹനം ഉപയോഗിച്ചാൽ പൊലീസ് പിടിച്ച് തൂക്കിക്കൊല്ലുമെന്നു പറഞ്ഞു പേടിപ്പിക്കുന്ന ‘വാട്സാപ് ബിരുദധാരി’കളായ ചങ്കുകൾ മറ്റൊരു വശത്ത്. ഇതിനെയെല്ലാം അതിജീവിച്ച് ഏതെങ്കിലും വർക്ക്ഷോപ്പിൽ കൊണ്ടുചെന്നാൽ, മേസ്തിരി വക എസ്റ്റിമേറ്റ് കാണുമ്പോൾ സ്വന്തം കുടുംബത്തിന്റെ അടിയാധാരം വരെ നഷ്ടപ്പെടുമോ എന്ന പേടി. 

tool-kit-1

ഇനിയെന്താണ്‌ വഴി? ഒറ്റ വഴിയേയുള്ളൂ. തനിയെ റീസ്റ്റോർ ചെയ്യുക..! കേട്ടിട്ട് പേടിവരുന്നുണ്ടോ? പേടിക്കേണ്ട. നിങ്ങളുടെ സ്വന്തം വാഹനം റീസ്റ്റോർ ചെയ്യാനുള്ള വഴികൾ ഓരോന്നായി പറഞ്ഞുതരാം. നിങ്ങളൊരു വാഹനപ്രേമിയാണെങ്കിൽ അത്യാവശ്യം പണിയായുധങ്ങൾ കയ്യിലുണ്ടാവുമല്ലോ. അവയോടൊപ്പം ഏതാനും സാമഗ്രികൾ കടം വാങ്ങുക കൂടി ചെയ്താൽ സംഗതി ഉഷാറായി നടക്കും. അത്യാവശ്യമായി വേണ്ടത് സ്ക്രൂഡ്രൈവറുകൾ, റെഞ്ചുകൾ, സ്പാനറുകൾ, പ്ലയറുകൾ എന്നിവയാണ്‌. 8എംഎം മുതൽ 32 എംഎം വരെയുള്ള സ്പാനറുകളാണ്‌ പൊതുവെ ആവശ്യം വരിക. തപരിയാ, സ്റ്റാൻലീ തുടങ്ങിയ ബ്രാൻഡുകളാണെങ്കിൽ ആജീവനാന്തം ഈടുനിൽക്കുകയും ചെയ്യും. ആമസോൺ പോലെയുള്ള സൈറ്റുകളിൽ ഇവ തിരഞ്ഞാൽ ചില സമയത്ത് വളരെ വിലക്കുറവിലും ലഭിക്കും. ഇനി ആവശ്യം പവർ ടൂളുകളാണ്‌. ഇത് വില കൊടുത്തു വാങ്ങണമെന്ന് നിർബന്ധമില്ല. ആവശ്യമുള്ള ദിവസങ്ങളിൽ വാടകയ്ക്കെടുത്താലും മതി. ഹാൻഡ് ഡ്രിൽ, ആംഗിൾ ഗ്രൈൻഡർ തുടങ്ങിയവ മുതൽ എയർ കംപ്രസ്സർ വരെ ഇങ്ങനെ എടുക്കാം. ഇനി പണിയായുധങ്ങളെക്കൂടാതെ എന്തൊക്കെ അടുത്തുണ്ടാവണം എന്നുകൂടി നോക്കാം.

tool-kit

ഫസ്റ്റ് എയ്ഡ് കിറ്റ് - മുറിവുകളും പൊള്ളലുമൊക്കെ ഏൽക്കാൻ സാധ്യതയുള്ള ഒരു ജോലിയാണ്‌ വാഹനങ്ങളുടെ അറ്റകുറ്റപ്പണി. അതിനാൽ അത്തരം അപകടങ്ങളിൽ ഉപയോഗിക്കാവുന്ന മരുന്നുകളടക്കമുള്ള ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് തയ്യാറാക്കണം. ബെറ്റഡിൻ, ബർണോൾ ഓയിൽമെന്റുകൾ, കോട്ടൺ, ബാൻഡ് എയിഡ്, ബാൻഡേജ് എന്നിവയും അൽപം സർജ്ജിക്കൽ സ്പിരിറ്റും ഒരു ചെറിയ കുപ്പി ഡെറ്റോളും കരുതാം.

പിപിഇ - പവർ ടൂൾസ് ഉപയോഗിക്കുമ്പോൾ പ്രധാനമായും ധരിച്ചിരിക്കേണ്ട ഒന്നാണ്‌ പിപിഇ. സേഫ്റ്റി ഗോഗ്‌ൾസ്, കെമിക്കൽ റെസിസ്റ്റന്റ് ഗ്ലൗസ് തുടങ്ങിയവ നിർബന്ധമായും ഉപയോഗിക്കുക. പവർ ടൂൾസ് ഉപയോഗിക്കാൻ അറിയില്ലെങ്കിൽ വിദഗ്ധസഹായവും പരിശീലനവും നേടുക. വെൽഡിങ് പോലെയുള്ള ജോലികൾ അറിയില്ലെങ്കിൽ സ്വയം ചെയ്യാൻ ശ്രമിക്കാതിരിക്കുന്നതാണ്‌ നല്ലത്. 

വെളിച്ചവും വായുവും നന്നായി ലഭിക്കുന്ന സ്ഥലങ്ങൾ മാത്രം ജോലിക്കായി തിരഞ്ഞെടുക്കുക. പഴയ ഓയിലും മാലിന്യങ്ങളുമൊക്കെ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള വഴികളും ക്രമീകരിക്കുക. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തണം. പെട്രോൾ ഊറ്റിയെടുക്കാൻ ഒരു കാനോ ജാറോ കരുതുക. എൻജിൻ ഓയിൽ ഊറ്റിയെടുക്കാനുള്ള പരന്ന പാത്രവും വേണം. എപ്പോഴും ഒരു ബക്കറ്റ് വെള്ളം അടുത്തുണ്ടെങ്കിൽ വളരെ നല്ലത്.

tool-kit-2

ഇനി ഈ ജോലിക്ക് ആവശ്യം മനസ്സാന്നിധ്യവും ആത്മവിശ്വാസവുമാണ്‌. വാഹനം അഴിച്ചുതുടങ്ങും മുമ്പായി ഒരു വാട്ടർ വാഷ് നടത്തുന്നത് നന്നായിരിക്കും. ചെളിയും തുരുമ്പുമൊക്കെ കയറിയ നട്ട്ബോൾട്ടുകൾക്കും മറ്റും അതൊരാശ്വാസമായിരിക്കും. ജോലിയുടെ ആദ്യം മുതൽ ഫോട്ടോ, വിഡിയോ എന്നിവ എടുക്കുന്നതും വളരെ ഉപകാരപ്രദമാണ്‌. 

ആദ്യമായി ഇരുചക്രവാഹനങ്ങൾ റീസ്റ്റോർ ചെയ്തു തുടങ്ങാം. അതിനു മുമ്പായി ഒരു മാസ്കിങ് ടേപ്പും പെർമനന്റ് മാർക്കർ പെന്നും കരുതണം. വിവിധ വലുപ്പത്തിലുള്ള പേപ്പർ കാർട്ടണുകളും ആവശ്യം വരും. ഇതെന്തിനാണെന്ന് സംശയം തോന്നുന്നില്ലേ? പറയാം. വാഹനത്തിൽനിന്നു നാം അഴിക്കുന്ന ഓരോ ഭാഗവും കൃത്യമായി ടാഗ് ചെയ്തു സൂക്ഷിക്കാനാണ്‌ മാസ്കിങ് ടേപ്പും മാർക്കറും. വലുതും ചെറുതുമായ സാധനങ്ങൾ സൂക്ഷിക്കാൻ വിവിധ വലുപ്പത്തിലുള്ള കാർഡ്ബോഡ് അല്ലെങ്കിൽ പ്ലാസ്റ്റിക് ബോക്സുകളും ഉപയോഗിക്കാം. ഒരു വാഹനം ഫാക്ടറിയിൽ നിന്ന് അസംബ്‌ൾ ചെയ്ത് അഥവാ ഇണക്കിച്ചേർത്തു വരുന്നതിന്റെ നേർ വിപരീത ദിശയിലാണ്‌ നാം അവ അഴിക്കേണ്ടത്. ഇതിനെ ലളിതമായി മറ്റൊരു രീതിയിലും പറയാം, ‘ആദ്യം അഴിക്കുന്ന സാധനം അവസാനം ഘടിപ്പിക്കുക’.

tool-kit-3

ആദ്യം എന്ത് അഴിക്കണം? ഒരു വാഹനത്തിൽ അവസാനമായി ഘടിപ്പിക്കാറുള്ളത് മിക്കവാറും ഇലക്ട്രിക്കൽ ഘടകങ്ങളാവും. അതുകൊണ്ടു തന്നെ ആദ്യം ബാറ്ററിയുടെ കണക്‌ഷൻ വിച്ഛേദിക്കുക. അതിനു ശേഷം ലൈറ്റുകളും മറ്റ് ഇലക്ട്രിക്കൽ ഭാഗങ്ങളും അഴിക്കുക. ഇതിനായി ചിലപ്പോൾ പ്ലാസ്റ്റിക് നിർമിതമായ ബോഡി പാനലുകളും അഴിക്കേണ്ടി വന്നേക്കാം. അവയുടെ സ്ക്രൂ, ലോക്ക് എന്നിവ പൊട്ടാതെ സൂക്ഷ്മതയോടെ അഴിച്ചെടുക്കുക. ബാറ്ററി അഴിച്ചെടുത്ത് ഭദ്രമായി ഒരിടത്തു വയ്ക്കുക. ഉപയോഗശൂന്യമായ ബാറ്ററിയാണെങ്കിൽ പോലും അത് നേരെ മാത്രം വയ്ക്കുക.

അഴിച്ചെടുക്കുന്ന ഭാഗങ്ങൾ ഓരോന്നായി ടേപ്പൊട്ടിച്ച് ടാഗ് ചെയ്യാൻ മറക്കരുത്. വലിയ കാർട്ടണുകളിൽ ബോഡി പാനലുകൾ സൂക്ഷിക്കാം. ബോഡി പാനലുകൾ അഴിച്ചു കഴിഞ്ഞാൽ സീറ്റ്, ടാങ്ക് തുടങ്ങിയ സാധനങ്ങൾ അഴിക്കുക. പെട്രോൾ ഉണ്ടെങ്കിൽ അതിൽ ഒരല്പം എൻജിൻ ഓയിൽ ഒഴിച്ച് നന്നായി ഒന്ന് കുലുക്കുക, അതിനു ശേഷം പെട്രോൾ ഊറ്റിയെടുത്ത് ഒരു കാനിലാക്കി മാറ്റിവയ്ക്കുക. (ഇത് പല സാധനങ്ങളും വൃത്തിയാക്കാൻ ഉപയോഗിക്കാം). ഇനി അഴിക്കേണ്ടത് കൺട്രോൾ വയറുകൾ അഥവാ കേബിളുകളാണ്‌. ക്ലച്ച്, ആക്സിലറേറ്റർ, ബ്രേക്ക്, സ്പീഡോമീറ്റർ തുടങ്ങിയവയുടെ കേബിളുകൾ അഴിക്കുന്നതിനു മുമ്പായി അവ എങ്ങനെയാണ്‌ ഹാൻഡ്‌ൽബാറിൽനിന്ന് അതാത് സ്ഥലങ്ങളിലേക്ക് റൂട്ട് ചെയ്തിരിക്കുന്നതെന്ന് ശ്രദ്ധാപൂർവം പഠിക്കുക, ഫോട്ടോ എടുത്ത് സൂക്ഷിക്കുക. 

restored-yezdi

സൈലൻസർ അഥവാ എക്സോസ്റ്റ് സിസ്റ്റം അഴിച്ചെടുക്കുക. സ്കൂട്ടറുകളിൽ ഇത് പൊതുവെ ഒരൊറ്റ പീസായിരിക്കും. പക്ഷേ ബൈക്കുകളിൽ ചിലതിന്‌ രണ്ടു പീസ് ആവാം. ഇപ്പോൾ എൻജിൻ ഏകദേശം സ്വതന്ത്രമായിട്ടുണ്ടാവും. ബൈക്കാണെങ്കിൽ ചെയിനിന്റെ ലോക്ക് അഴിക്കുക, കാർബറേറ്ററിനു പിന്നിൽനിന്ന് എയർഫിൽട്ടർ ബോക്സും അതിന്റെ ബൂട്ടും അഴിക്കുക. എൻജിൻ ഓയിൽ ഊറ്റിയെടുക്കുക. ഓയിൽ മുഴുവനും തീരുമ്പോൾ എൻജിൻ മൗണ്ടിങ്ങ് ബോൾട്ടുകൾ അഴിക്കുക. ഈ ബോൾട്ടുകൾ പ്രത്യേക പാത്രത്തിലോ ബോക്സിലോ പേരെഴുതി സൂക്ഷിക്കുക. ശേഷം എൻജിൻ ഊരിയെടുക്കുക.

ഇനി ബ്രേക്കുകൾ, വീലുകൾ എന്നിവ അഴിക്കാം. ബൈക്കുകളിലാണെങ്കിൽ പിന്നിലെ സ്പ്രോക്കറ്റ്, കുഷ്യൻ റബ്ബർ എന്നിവ അഴിക്കുമ്പോൾ ആക്സിലിൽ വരുന്ന സ്പേസറുകൾ ശ്രദ്ധിക്കുക, അവ വരുന്ന ക്രമം മനസ്സിലാക്കി നിരത്തിവച്ച് ഫോട്ടോ എടുക്കുക.

എല്ലാ ഘടകങ്ങളും അഴിച്ചുകഴിയുമ്പോൾ ഫ്രെയിമിന്റെ അവസ്ഥ വിശകലനം ചെയ്യുക. തുരുമ്പ്, ഏതെങ്കിലും അപകടം മൂലമോ അല്ലാതെയോ ഉണ്ടായിട്ടുള്ള രൂപമാറ്റം എന്നിവ ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഏതെങ്കിലും ഭാഗം തുരുമ്പിച്ചോ മറ്റോ അഴിയാതെ വന്നാൽ ഡബ്യൂഡി - 40 പോലെയുള്ള സ്പ്രേയുടെ സഹായത്തോടെ അൽപനേരം കുതിർത്തിട്ട് അത് അഴിക്കാൻ ശ്രമിക്കുക. കഴിയുന്നതും ചുറ്റികയോ മറ്റോ എടുത്ത് അടിച്ച് ഊരാൻ ശ്രമിക്കരുത്. 

(തുടരും)

കടപ്പാട്: റോഡീസ് ഗാരിജ്

ഫോൺ: 9447716919

English Summary: Old Vehicle Restoration Tips Part 1

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS