ADVERTISEMENT

വാഹനങ്ങൾ മൂലമുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ഒട്ടേറെ പരിഷ്കാരങ്ങൾ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നുണ്ട്. വൈദ്യുതി, ഹൈഡ്രജൻ ഇന്ധനസെൽ എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ഇളവുകൾ തുടങ്ങി CAFE  (Corporate Average Fuel Economy) മാനദണ്ഡങ്ങൾ വരെയുള്ളവ ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. വാഹനങ്ങൾകൊണ്ടുള്ള  അന്തരീക്ഷ മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ കുറയ്ക്കാനായി പുതിയൊരു നടപടി കേന്ദ്രസർക്കാർ കൈക്കൊള്ളുകയാണ്.

 

സ്റ്റാർ റേറ്റിങ്

 

നിരത്തിലോടുന്ന എല്ലാ വാഹനങ്ങളുടെയും ടയറുകൾക്ക് ഉരുളൽ പ്രതിരോധം (റോളിങ് റെസിസ്റ്റൻസ്), നനഞ്ഞ പ്രതലങ്ങളിലെ പിടിത്തം (വെറ്റ് ഗ്രിപ്), ശബ്ദമലിനീകരണം (റോളിങ് സൗണ്ട് എമിഷൻ) എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു സ്റ്റാർ റേറ്റിങ് നൽകാനുള്ള നീക്കമാണിത്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) എന്ന സ്ഥാപനം നൽകുന്ന സ്റ്റാർ റേറ്റിങ് ഫ്രിഡ്ജ്, എസി എന്നിവയിൽ കാണാറുണ്ടല്ലോ. ഒന്നുമുതൽ അഞ്ചുവരെയുള്ള അക്കങ്ങൾ ആ ഉപകരണത്തിന്റെ ഊർജക്ഷമതയെ സൂചിപ്പിക്കുന്നു.  ഇതുപോലെ ടയറുകളിൽ വരാൻ പോകുന്ന റേറ്റിങ് വാഹനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്താനുള്ള കഴിവിനെ സൂചിപ്പിക്കും. 

 

ടയറും ഇന്ധനക്ഷമതയും

 

ടയറുകൾക്ക് ഇന്ധനക്ഷമതയെ അത്രയേറെ സ്വാധീനിക്കാനുള്ള കഴിവുണ്ടോ? ഉണ്ട് എന്നു തന്നെയാണ് ഉത്തരം. വാഹനം നീങ്ങുമ്പോൾ ടയർ ഉരുളുന്നതിനുണ്ടാകുന്ന പ്രതിരോധം കുറയ്ക്കാനായാൽ ഇന്ധനക്ഷമത ഗണ്യമായി വർധിക്കും എന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ധനക്ഷമത വർധിക്കുന്നതിന് ആനുപാതികമായി അന്തരീക്ഷ മലിനീകരണം കുറയും എന്നതാണ് സർക്കാരിനെ ഈ വഴിക്കു നീങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകം. 

 

ഒരു വാഹനം യാത്രയ്ക്കിടയിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അഞ്ചുമുതൽ പതിനഞ്ചു ശതമാനംവരെ ടയർ ഉരുളുന്നതിനോടുള്ള പ്രതിരോധം മറികടക്കാനാണ് ഉപയോഗിക്കുന്നത്. വാഹനത്തിന് യാത്ര ചെയ്യുന്ന പ്രതലവുമായി ടയറുകൾ വഴി മാത്രമാണു ബന്ധമുള്ളത്. വാഹന എൻജിൻ വീലുകൾക്കു കറങ്ങാൻ ശക്തി പകരുമ്പോൾ അവയിൽ ഘടിപ്പിച്ചിരിക്കുന്ന ടയറുകൾ മൂലം അൽപം ഊർജനഷ്ടം ഉണ്ടാകും. ഇതിനുള്ള കാരണം പലതാണ്. 

 

1. ടയറും റോഡിന്റെ പ്രതലവുമായുള്ള ഘർഷണം 

2. പിടിത്തം കുറഞ്ഞ പ്രതലം

   ഉദാ: മണൽ, ചെളി

3. ഘർഷണം കൂടിയ പ്രതലം.

   ഉദാ: ടാർ ചെയ്യാത്ത പരുക്കൻ പ്രതലം 

4. ടയർ നിർമിക്കപ്പെട്ടിരിക്കുന്ന റബർ സംയുക്തത്തിന്റെ വഴക്കം മൂലം നഷ്ടപ്പെടുന്ന ഊർജം

 

നാലാമതു പറഞ്ഞ കാരണമാണ് ഉരുളൽ പ്രതിരോധം കുറഞ്ഞ (ലോ റോളിങ് റെസിസ്റ്റൻസ്) ടയറുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നത്. വാഹനത്തിന്റെ  ഭാരം താങ്ങി ടയർ ഉരുളുമ്പോൾ അതിനുണ്ടാകുന്ന വഴക്കം (ഫ്ലെക്സ്) ഊർജനഷ്ടം ഉണ്ടാക്കും. ഒരളവുവരെ ടയർ നിർമിക്കുന്ന സംയുക്തത്തിന്റെ ചേരുവകൾ മാറ്റി ഈ നഷ്ടം നിയന്ത്രിക്കാനാകും. ടയറിന്റെ വഴക്കം മൂലം ഓട്ടത്തിൽ ചൂട് ഉൽപാദിപ്പിക്കപ്പെടുകയാണു ചെയ്യുന്നത്. സിലിക്ക തുടങ്ങിയ മൂലകങ്ങൾ ടയർ നിർമാണത്തിൽ ഉൾപ്പെടുത്തി ടയർ ചൂടാകുന്നതു നിയന്ത്രിക്കാം. ടയറിന്റെ പുറത്തെ പൊഴികൾ (ട്രെഡ്) പ്രത്യേക രൂപകൽപനയുള്ളവ ആക്കിയും ഉരുളൻ പ്രതിരോധം കുറയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ വാഹനത്തിന്റെ ഇന്ധനക്ഷമത വർധിക്കുന്നതു കൂടാതെ, നനഞ്ഞ പ്രതലങ്ങളിൽ ടയറിനുള്ള പിടിത്തം മെച്ചപ്പെടുകയും ശബ്ദമലിനീകരണം കുറയുകയും ചെയ്യും. അതുകൊണ്ട്, ഉയർന്ന സ്റ്റാർ റേറ്റിങ് കിട്ടണമെങ്കിൽ നിർമാതാക്കൾ റോളിങ് റെസിസ്റ്റൻസ് ടയറുകൾ‌ നിർമിക്കേണ്ടിവരും. 

 

റോളിങ് റെസിസ്റ്റൻസ് ടയറുകൾ‌

 

ഈയിനം ടയറുകൾ വൈദ്യുത വാഹനങ്ങളുടെ വരവോടെ ഇന്ത്യൻ‍ വിപണിയിലും എത്തിയിട്ടുണ്ട്. ഒറ്റ ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം (റേഞ്ച്) മെച്ചപ്പെടുത്താൻ വൈദ്യുതവാഹനങ്ങൾ ഇത്തരം ടയറുകളാണ് ഉപയോഗിക്കുന്നത്. പുതിയ നിബന്ധന കൊണ്ടുവന്നെങ്കിലും തൽക്കാലം സ്വന്തം താൽപര്യത്തിൽ നിർമാതാക്കൾ സ്റ്റാർ റേറ്റിങ് ലഭിച്ച ടയറുകൾ വിപണനം ചെയ്യും എന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്. ക്രമേണ  ഇതു പുതിയതായി നിർമിക്കപ്പെടുന്ന എല്ലാ ടയറുകൾക്കും നിർബന്ധമാക്കും എന്നാണറിയുന്നത്. നിലവിൽ മിഷലിൻ കമ്പനിയുടെ ലാറ്റിറ്റ്യൂഡ് സ്പോർട് 3, പൈലറ്റ് സ്പോർട് 4 എന്നീ ടയറുകൾ BEEയുടെ 5 സ്റ്റാർ റേറ്റിങ്ങോടു കൂടിയാണു വിപണിയിലെത്തുക.  5 സ്റ്റാർ ഉള്ള ടയറുകൾ ഘടിപ്പിച്ചാൽ ഈ റേറ്റിങ് ഇല്ലാത്ത ഒരു ടയർ ഉപയോഗിക്കുന്നതിനെക്കാൾ 10 ശതമാനത്തോളം ഇന്ധനച്ചെലവു കുറയുമെന്നാണ്  AIS (ഓട്ടമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്) എന്ന സംഘടന പറയുന്നത്. 

 

ഉരുളൽ പ്രതിരോധം കുറയ്ക്കാനുള്ള ഒരു എളുപ്പവഴി ടയറിന്റെ പൊഴികളുടെ (ട്രെഡ്) ആഴം കുറയ്ക്കുക എന്നതാണ്. എന്നാൽ, ഇതു നനഞ്ഞ പ്രതലങ്ങളിലെ പിടിത്തം കുറയ്ക്കും. അതുകൊണ്ട്, ആഴം (ട്രെഡ് ഡെപ്ത്) ഏറെ കുറയ്ക്കാതെ പ്രതിരോധം മറികടക്കുന്ന രീതിയിൽ സവിശേഷമായ രൂപകൽപനയുള്ള പൊഴികളും അവയുടെ വിന്യാസവുമാണ് ലോ റോളിങ് റെസിസ്റ്റൻസ് (LRR) ടയറുകളിൽ. സമതുലിതവും ഒരേ ദിശയിൽ വിന്യസിച്ചതുമായ പൊഴികളുടെ രൂപകൽപനയുള്ള ടയറുകൾക്കാണ് ഉരുളൻ പ്രതിരോധം കുറവുള്ളത്. ഇതിനു വിരുദ്ധമായി വാഹനത്തിന്റെ ഇരുവശങ്ങളിലും വ്യത്യസ്തമായ ദിശയിൽ വിന്യസിച്ച പൊഴികളുള്ള മെട്രിക്കൽ പാറ്റേൺ ടയറുകൾ ലഭ്യമാണ്. ഇവയ്ക്ക് ഉയർന്ന വേഗത്തിൽ മികച്ച നിയന്ത്രണവും നനഞ്ഞ പ്രതലങ്ങളിൽ നല്ല പിടിത്തവും ഉണ്ടെങ്കിലും ഉരുളൽ പ്രതിരോധം കൂടുതലാണ്. അതുപോലെ എസ്‌യുവികളിലുള്ള ആഴമുള്ള പൊഴിയോടുകൂടിയ ബ്ലോക്ക് പാറ്റേൺ ടയറുകൾക്കും സാധാരണ പ്രതലങ്ങളിൽ ഉയർന്ന പ്രതിരോധമുണ്ട്. 

 

ഉരുളൽ പ്രതിരോധം മറികടക്കാനുള്ള മറ്റൊരു മാർഗം ടയറിന്റെ വശം (സൈഡ് വാൾ) കൂടുതൽ ദൃഢമാക്കുക എന്നതാണ്. എന്നാൽ, ഈ ദൃഢത ഒരുകണക്കിലേറെ ആയാൽ യാത്രാസുഖത്തോടൊപ്പം നനഞ്ഞ പ്രതലങ്ങളിലെ പിടിത്തവും കുറയും. ഇതിനു പരിഹാരമായിട്ടാണ് ടയറുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന സ്വാഭാവിക റബറിന്റെയും കാർബൺ ബ്ലാക്കിന്റെയുമൊക്കെ അളവു കുറച്ച് അവയ്ക്കു പകരം പ്രത്യേകം വികസിപ്പിച്ചെടുത്ത ഘടകങ്ങൾ ചേർക്കുന്ന രീതി നടപ്പിലായിട്ടുള്ളത്. ഇതുകൂടാതെ, ടയറിന്റെ അടിസ്ഥാന ഘടനയിലും നിർമാണരീതിയിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. 

 

ഈ വക സാങ്കേതികകാര്യങ്ങളെല്ലാം മനസ്സിലാക്കി ഊർജക്ഷമതയും യാത്രാസുഖവും സുരക്ഷിതത്വവും നൽകുന്ന ടയർ വാങ്ങാൻ ഒരു സാധാരണ ഉപയോക്താവിന് ഏറെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടാണ് ടയറുകൾക്ക് സ്റ്റാർ റേറ്റിങ് ഉണ്ടായിരിക്കണമെന്നും അതു ടയറിൽ പ്രദർശിപ്പിച്ചിരിക്കണം എന്നുമുള്ള പുതിയ നിർദേശം. ഇതു നടപ്പിൽ വരുന്നതോടെ ഇന്ധന ഉപയോഗത്തിലും അന്തരീക്ഷ മലിനീകരണത്തിലും ആനുപാതികമായ കുറവും പ്രതീക്ഷിക്കാം.

 

English Summary: New Star Rating Rule For Tyres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com