ADVERTISEMENT

ഇരുചക്ര വാഹനം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇരുചക്ര വാഹനത്തിന് സംരക്ഷണം നൽകാൻ ഏറ്റവും മികച്ച മാർഗം ഇൻഷുറൻസിന്റെ സഹായം തേടുക എന്നതാണ്. ഇരുചക്ര വാഹന ഇൻഷുറൻസ് ചെലവിനെ (പ്രീമിയത്തെ) ബാധിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളേതെന്നു നോക്കാം.

 

വാഹനത്തിന്റെ തരം

 

സവിശേഷതകൾ, സ്‌പെസിഫിക്കേഷനുകൾ, നിർമിതി, മോഡൽ എന്നിവ അനുസരിച്ച് വാഹനത്തിന്റെ വില വ്യത്യാസപ്പെട്ടിരിക്കും. വിലയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ. ഇൻഷുറൻസ് പ്രീമിയം വാഹനത്തിന്റെ വിലയ്ക്കു നേരിട്ട് ആനുപാതികമായിരിക്കും. പ്രീമിയത്തെ ബാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകം വാഹനത്തിന്റെ എൻജിന്റെ ക്യുബിക് കപ്പാസിറ്റി (സിസി) ആണ്. 350 സിസി ബൈക്കിന്റേതിനേക്കാൾ കുറവായിരിക്കും 75 സിസി ബൈക്കിന്റെ പ്രീമിയം. നിർബന്ധിത ഇൻഷുറൻസ് ആവശ്യകതയായ തേഡ് പാർട്ടി പ്രീമിയം കണക്കാക്കുന്നതിന്, വാഹനത്തിന്റെ സിസിയുടെ അടിസ്ഥാനത്തിൽ സ്ലാബ് നിരക്കുകൾ നിർവചിച്ചിട്ടുണ്ട്. ഇലക്ട്രിക് 2വീലറിന്റെ തേഡ് പാർട്ടി പ്രീമിയം വാഹനത്തിന്റെ കിലോവാട്ട് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നിർവചിച്ചിരിക്കുന്നത്.

 

വാഹനത്തിന്റെ പഴക്കം,  മൂല്യം

 

ഇൻഷുററുടെ ഓൺലൈൻ പോർട്ടലിൽ നിങ്ങൾ പ്രപ്പോസൽ അല്ലെങ്കിൽ വിശദാംശങ്ങൾ പൂരിപ്പിക്കുമ്പോൾ ഇൻഷുറർ നിങ്ങളുടെ വാഹനത്തിന്റെ പഴക്കം എത്രയെന്ന് ചോദിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. ഇതിനു കാരണം, വാഹനത്തിന്റെ പഴക്കം കൂടുന്തോറും അതിന്റെ മൂല്യം കുറയുകയും അതിനാൽ പ്രീമിയം കുറയുകയും ചെയ്യും. വാഹനത്തിന്റെ പഴക്കം എത്ര കൂടുന്നുവോ അതിന്റെ ഡിപ്രീസിയേഷനും കൂടുന്നതായിരിക്കും. വാഹനത്തിന്റെ സമ്പൂർണ നാശനഷ്ടത്തിനോ മോഷണം പോയതിനോ ഇൻഷുറർ നൽകുന്ന പരമാവധി മൂല്യമാണ് ഇൻഷ്വേർഡ് ഡിക്ലേർഡ് വാല്യു (ഐഡിവി). ഓരോ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോഴാണ് ഐഡിവി കണക്കാക്കുന്നത്, ഡിപ്രീസിയേഷൻ കണക്കാക്കിയതിനു ശേഷമുള്ള മൂല്യമാണിത്. വർഷങ്ങൾ കടന്നുപോകുന്തോറും ഐഡിവി കുറയും. അതനുസരിച്ച് പ്രീമിയവും.

 

പരിരക്ഷയുടെ തരം

 

പൊതുവായി പറഞ്ഞാൽ, 2 തരത്തിലുള്ള പരിരക്ഷകൾ ലഭ്യമാണ്, തേഡ് പാർട്ടി (ടിപി) കവറും കോംപ്രിഹെൻസീവ് കവറും. നിയമപ്രകാരം, നിരത്തിൽ വാഹനമോടിക്കുന്നതിന് ഒരു തേഡ് പാർട്ടി കവർ നിർബന്ധമായും വേണം. നിങ്ങളുടെ വാഹനം മൂലം ഒരു മൂന്നാം കക്ഷിക്ക് സാമ്പത്തിക നഷ്ടം ഉണ്ടായാൽ, ആ ബാധ്യതയിൽ നിന്ന് ടിപി നിങ്ങളെ സംരക്ഷിക്കുന്നു. എന്നിരുന്നാലും, ടിപി കവർ നിങ്ങളുടെ വാഹനത്തിന് സംരക്ഷണം നൽകുന്നില്ല. അതിനായി കോംപ്രിഹെൻസീവ് പോളിസിയാണ് വേണ്ടത്. കോംപ്രിഹെൻസീവ് പോളിസി വാഹനത്തിന് മഞ്ഞുവീഴ്ച, ഭൂകമ്പം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ, മലയിടിച്ചിൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങളിൽനിന്നും കലാപങ്ങൾ, അപകടങ്ങൾ, മോഷണം പോലെ മനുഷ്യ നിർമിത ദുരന്തങ്ങളിൽനിന്നും ഇതു പരിരക്ഷ നൽകുന്നു.

 

നോ ക്ലെയിംസ് ബോണസ് (എൻസിബി)

 

ക്ലെയിമുകൾ ഇല്ലാത്ത ഓരോ വർഷത്തിലും നിങ്ങളുടെ ഇൻഷുറർ നിങ്ങൾക്ക് എൻസിബി നൽകുന്നു. നല്ല ഡ്രൈവിങ് ശീലങ്ങൾക്കു ലഭിക്കുന്ന പാരിതോഷികമാണ് എൻസിബി. ക്ലെയിം ഇല്ലാത്ത ആദ്യ വർഷത്തിൽ 20% തുടങ്ങി, തുടർച്ചയായി 5 വർഷം ക്ലെയിം ഇല്ലെങ്കിൽ അത് പരമാവധി 50% വരെ പോകും. മോട്ടർ ഇൻഷുറൻസ് പ്രീമിയം ഗണ്യമായി കുറയ്ക്കുവാൻ എൻസിബി സഹായിക്കുന്നു. 

 

ആഡ്-ഓൺ കവർ

 

വാഹനത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ ആഡ്-ഓൺ സഹായിക്കുന്നു. ഓരോ ആഡ്-ഓണും പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയായിരിക്കും. റോഡ്‌സൈഡ് അസിസ്റ്റൻസ്, സീറോ ഡിപ്രീസിയേഷൻ, മെഡിക്കൽ കവർ, എൻജിൻ സുരക്ഷ എന്നിങ്ങനെ. ഈ കവറുകൾക്ക് അധിക പണം നൽകേണ്ടതിനാൽ നിങ്ങളുടെ പ്രീമിയം വർധിക്കുന്നു. ആവശ്യങ്ങൾക്ക് ഉതകുന്ന ആഡ്-ഓൺ തിരഞ്ഞെടുത്ത് പരിരക്ഷ വികസിപ്പിക്കുകയാണ് ഉചിതം.

 

ഗുർദീപ് സിങ് ബാത്ര, ഹെഡ്-റീട്ടെയിൽ അണ്ടർറൈറ്റിങ്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് 

 

English Summary: Factors Affecting Two Wheeler Insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com