മൂടൽ മഞ്ഞിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ

fog
Artic_photo | Shutterstock
SHARE

ഉത്തരേന്ത്യയില്‍ മാത്രമല്ല നമ്മുടെ ഹൈറേഞ്ചിലും പലപ്പോഴും നഗരങ്ങളിലും ദേശീയപാതകളിലും പോലും മഞ്ഞ് റോഡപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. പലപ്പോഴും കാഴ്ച്ചയെ പൂര്‍ണമായും മൂടിക്കളയുന്ന മൂടല്‍മഞ്ഞുള്ളപ്പോള്‍ വാഹനം ഓടിക്കാതിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. അതു പലപ്പോഴും പ്രായോഗികമല്ലാത്തതിനാല്‍ മഞ്ഞുള്ളപ്പോള്‍ ഡ്രൈവിങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. 

ഹെഡ് ലൈറ്റ് ലോ ബീമില്‍

രാത്രി സഞ്ചരിക്കുമ്പോള്‍ സാധാരണ അല്‍പം ദൂരേക്കുള്ള കാഴ്ച്ചകള്‍ വ്യക്തമാവണമെങ്കില്‍ നമ്മള്‍ ഹെഡ്‌ലൈറ്റ് ഹൈ ബീമിലേക്കിടാറുണ്ട്. എന്നാല്‍ മഞ്ഞുള്ളപ്പോള്‍ പൊതുവേ കുറഞ്ഞ ദൂരക്കാഴ്ച്ചയെ കൂടുതല്‍ കുറക്കാനേ ഹെഡ് ലൈറ്റ് ഹൈ ബീമിലേക്കിടുന്നതു കാരണമാവൂ. മഞ്ഞില്‍ തട്ടി വെളിച്ചം കൂടുതല്‍ പ്രതിഫലിക്കുന്നതാണ് കാരണം. അതുകൊണ്ടുതന്നെ പരമാവധി കാഴ്ച്ച ഉറപ്പുവരുത്താനായി ഹെഡ്‌ലൈറ്റ് ലോ ബീമില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തണം. 

വേഗം വേണ്ട

മഞ്ഞുണ്ടെങ്കില്‍ ഡ്രൈവര്‍ക്ക് കാണാനാവുന്ന ദൂരം പരിമിതമാകുമെന്നതു തന്നെയാണ് പ്രധാന വെല്ലുവിളി. പരിചയമുള്ള റോഡാണെങ്കിലും വാഹനങ്ങളില്ലെങ്കിലും സാധാരണ പോകുന്നതിലും കുറവ് വേഗത്തില്‍ മാത്രമേ പോകാവൂ. മഞ്ഞുണ്ടെങ്കില്‍ വളരെപെട്ടെന്ന് അപകടം സംഭവിക്കാനിടയുണ്ടെന്ന സാധ്യത കൂടിയുണ്ടെന്ന് മറക്കരുത്. 

വരി തെറ്റരുത്

ദേശീയപാതകളിലൂടെയാണ് വാഹനം ഓടിക്കുന്നതെങ്കില്‍ ഒരേ വരിയില്‍ ഓടിക്കാന്‍ ശ്രമിക്കുക. വേഗത കൂട്ടാനായി വരി മാറി മാറി ഓടിക്കുന്നത് പലപ്പോഴും അപകടത്തിലായിരിക്കും കലാശിക്കുക. 

ചില്ലുകളുടെ വൃത്തി

നിങ്ങളുടെ കാറിന്റെ ചില്ലുകളുടെ വൃത്തിയാണ് ഡ്രൈവറുടെ കാഴ്ച്ച കൂട്ടുന്നത്. മഞ്ഞുകാലത്ത് പ്രത്യേകിച്ച് കാറുകളിലെ ചില്ലുകളും കണ്ണാടിയുമെല്ലാം വൃത്തിയായെന്ന് ഉറപ്പിക്കുക. 

മറികടക്കണ്ട

മഞ്ഞുള്ള കാലാവസ്ഥയില്‍ ക്ഷമയാണ് ഡ്രൈവറുടെ കരുത്ത്. അനാവശ്യമായി വേഗത കൂട്ടാനോ മറ്റുള്ള വാഹനങ്ങളെ വേഗത്തില്‍ മറികടക്കാനോ നില്‍ക്കരുത്. കാരണം ഇത്തരം മറികടക്കലുകള്‍ പലപ്പോഴും അപകടങ്ങളിലാവും കലാശിക്കുക. 

അകലം വേണം

മഞ്ഞില്‍ അപകടം പറ്റി കിടക്കുന്ന വാഹനങ്ങളിലേക്ക് പിന്നാലെ പിന്നാലെ മറ്റു വാഹനങ്ങള്‍ ഇടിച്ചു കയറുന്ന കാഴ്ച്ച കണ്ടിട്ടില്ലേ. മുന്നില്‍ പോകുന്ന വാഹനത്തില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയാണത് കാണിക്കുന്നത്. നിശ്ചിത അകലം ഉറപ്പിക്കാന്‍ വേഗത കുറക്കാനും വാഹനം നിര്‍ത്താനുമൊന്നും മടിക്കരുത്.

English Summary: Driving Through Fog Things to Remember

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS