150 തരം പരിശോധനകൾ കഴിഞ്ഞാണു ഞങ്ങൾ ഒരു പ്രീ–ഓൺഡ് കാർ വിൽപനയ്ക്കെടുക്കുന്നത്. എറണാകുളത്തെ പ്രമുഖ ആഡംബര യൂസ്ഡ് കാർ ഷോറൂമിലെ ടെക്നിഷ്യന്റെ വാക്കുകളാണിത്. അത്രയും ശ്രദ്ധ കൊടുത്ത് വാഹനം എടുക്കുന്നത് ആഡംബര മാർക്കറ്റിന്റെ മാത്രം രീതിയാണെന്നു കരുതേണ്ട. ആ ചെക്ക് പോയിന്റുകളിൽ ചിലതിൽ നമുക്കും ഒന്നു കൈവച്ചു നോക്കിയാലോ?
പലരും വാഹനം ഓൺലൈൻ വിൽപനകേന്ദ്രങ്ങളിൽ നിന്നാണു വാങ്ങുക. അപ്പോൾ നമുക്കോ നമ്മുടെ മെക്കാനിക്കിനോ മാത്രം പരിശോധനകൾ ചെയ്യേണ്ടിവരും. ഈ ടിപ്സ് ഒന്നു നോക്കി വയ്ക്കുക. വിദഗ്ധരുടെ അതേ നിലവാരത്തിൽ വാഹനം വിലയിരുത്താൻ പറ്റിയില്ലെങ്കിലും പൊതു ഐഡിയ കിട്ടാൻ ഈ ടിപ്സ് സഹായിക്കും.

നിങ്ങളുടെ ആവശ്യം
ദിവസവും നല്ല ഓട്ടമുണ്ടെങ്കിൽ യാത്രാസുഖമുള്ള, ബോഡിവെയ്റ്റ് കൂടിയ വാഹനങ്ങൾ നോക്കുക. യാത്രികരുടെ എണ്ണം, കുടുംബാംഗങ്ങളുടെ ശാരീരിക പ്രത്യേകതകൾ എന്നിവ കൂടി കണക്കിലെടുക്കണം. നാലുപേരൊക്കെ യാത്രയ്ക്കുണ്ടാകുമെങ്കിൽ പിന്നിലും യാത്രാസുഖമുള്ള, കൂടുതൽ ലെഗ്റൂം ഉള്ള വാഹനങ്ങൾ നോക്കണം. ഉയരമുള്ള ആൾക്കാരാണ് കുടുംബത്തിലെങ്കിൽ വലുപ്പം കൂടിയ വാഹനം വേണം. ഹെഡ്റൂം, ലെഗ്റൂം എന്നിവ പരിശോധിക്കണം. ആറടി ഉയരക്കാർക്ക് ചെറുവാഹനങ്ങൾ പോരാ. കുറച്ചു കാശു കൂടിയാലും ശരീരപ്രകൃതത്തിന് അനുസരിച്ചുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കുക.

മോഡൽ
നമുക്കിഷ്ടപ്പെട്ട വാഹനമാണെങ്കിലും അതു വിപണിയിൽ വിജയിച്ചതാണോ? കമ്പനി നിലവിൽ ഉള്ളതാണോ? എന്നൊക്കെ ആലോചിക്കണം. കാരണം, പരാജയപ്പെട്ട മോഡലുകളുടെ പാർട്സുകൾ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. നിർത്തിപ്പോയ കമ്പനികളുടെ വാഹനങ്ങൾക്കും ഇതേ പ്രശ്നമുണ്ടാകും. അത്തരം കാറുകളുടെ വില താരതമ്യേന കുറവായിരിക്കുമെന്നോർക്കുക. മോഡലുകളുടെ വേരിയന്റുകളും നോക്കിവയ്ക്കാം.
ഉടമകളുടെ എണ്ണം
പൊതുവേ ഒരാൾ ഉപയോഗിച്ച വാഹനത്തിനാണു വിപണിയിൽ പ്രിയം. പലരിലൂടെ കൈമറിഞ്ഞ വാഹനത്തിന് കേടുപാടുകൾ കൂടുതലാകാൻ സാധ്യതയുണ്ട്. വ്യത്യസ്ത ഡ്രൈവിങ് ശൈലിയൊക്കെ ഒരു കാരണമാണ്. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് സിംഗിൾ ഉടമയാണെങ്കിലും ആ വാഹനത്തിന്റെ ഹിസ്റ്ററി നോക്കണം എന്നതാണ്. ഷോറൂമുകളിലെ ടെസ്റ്റ് ഡ്രൈവ് വാഹനങ്ങൾ യൂസ്ഡ് കാർ ആയി വിൽക്കപ്പെടുമ്പോൾ സിംഗിൾ ഓണർഷിപ് എന്നു കാണിക്കാറുണ്ട്. ടെസ്റ്റ് ഡ്രൈവിൽ ഏറെ കിലോമീറ്ററുകൾ പലരും പലവിധത്തിൽ ഓടിച്ച വാഹനമായിരിക്കാം അത്. ഔദ്യോഗികമായി ഒരാളാണ് ഉടമയെങ്കിലും എത്രയോ പേർ നിത്യേന ഡ്രൈവ് ചെയ്തിട്ടുണ്ടാകും അത്തരം കാറുകൾ. അത്തരം കാര്യങ്ങൾ നോക്കണം. ഒരു വാഹനം തുടരത്തുടരെ മാറ്റപ്പെടുന്നത് എന്തെങ്കിലും തകരാറിന്റെ സൂചനയാകാം.

ആദ്യ റജിസ്ട്രേഷൻ തീയതി
സ്ക്രാപ് നയം ഡെമോക്ലീസിന്റെ വാൾ പോലെ പഴയ വാഹനങ്ങൾക്കു മേൽ തൂങ്ങിക്കിടപ്പുണ്ട്. അതുകൊണ്ട്, പഴക്കം മുൻപത്തെക്കാളും വിലനിർണയത്തിൽ വലിയൊരു ഘടകമാണ്. റീ റജിസ്ട്രേഷൻ സമയമായോ? അതിനുള്ള ഫിറ്റ്നെസ് ഇപ്പോൾ വാഹനത്തിനുണ്ടോ? അതോ വാങ്ങിയശേഷം നന്നായി സർവീസ് ചെയ്യേണ്ടിവരുമോ, അതിനു കാശ് തന്റെ തന്നെ പോക്കറ്റിൽനിന്നു പോകുമോ എന്നിങ്ങനെ ഏറെ കാര്യങ്ങൾ റജിസ്ട്രേഷൻ തീയതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
മാനുഫാക്ചറിങ് തീയതി
നിർമാണ തീയതി കഴിഞ്ഞ് അടുത്ത വർഷമായിരിക്കാം റജിസ്ട്രേഷൻ ചെയ്തിട്ടുണ്ടാകുക. ഉദാഹരണം, നിർമാണം 2015 സെപ്റ്റംബറിൽ ആണെന്നു കരുതുക. 2016 ൽ ആയിരിക്കാം റജിസ്ട്രേഷൻ. ഇത്തരം കാറുകൾക്ക് 2015 വർഷം അനുസരിച്ചുള്ളതായിരിക്കും റീസെയിൽ വാല്യു.

ഫ്യൂവൽ ഏതാണ്?
പെട്രോൾ– താരതമ്യേന പെട്രോൾ വാഹനങ്ങൾക്കു സർവീസ് ചാർജ് കുറവായിരിക്കും, തകരാറുകളും. എങ്കിലും എൻജിൻ സംബന്ധമായി എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ വിദഗ്ധന്റെ സഹായത്തോടെ വാഹനം പരിശോധിപ്പിക്കുക. കൂടുതൽ നേരം ക്രാങ്ക് ചെയ്യേണ്ടി വരുക പോലുള്ള സ്റ്റാർട്ടിങ് പ്രശ്നങ്ങൾ നമുക്കു നേരിട്ടറിയാം. കംപ്രഷൻ ലീക്ക് ഒക്കെയാകാം കാരണം. നല്ല കാശു പോകും.
ഡീസൽ– സാങ്കേതികമായി പെട്രോൾ എൻജിനെക്കാൾ സങ്കീർണമായതിനാൽ ഡീസൽ മോഡലുകൾക്ക് തകരാറുകൾ കൂടുതലായിരിക്കും. തീർച്ചയായും വിദഗ്ധരെക്കൊണ്ടു വിശദമായി പരിശോധിപ്പിക്കണം.
സിഎൻജി– കിറ്റിന്റെ കാലിബ്രേഷൻ തീയതി നോക്കിവയ്ക്കുക. സമയം അടുത്തെങ്കിൽ ടാങ്ക് കാലിബ്രേറ്റ് ചെയ്യാൻ കൊടുത്തയയ്ക്കേണ്ടിവരും. നിലവിൽ കേരളത്തിൽ ഇതിനുള്ള സൗകര്യമില്ലാത്തതിനാൽ അസൗകര്യമുണ്ടാകും.

ഇലക്ട്രിക് വാഹനങ്ങൾ
എത്ര കിമീ ഓടി എന്നതു വളരെ പ്രാധാന്യമാണ്. ബാറ്ററിയുടെ നിലവിലെ ശേഷി, എത്ര കാലം ബാറ്ററി വാറന്റിയുണ്ട് എന്നിവ ശ്രദ്ധിക്കുക. കൂടുതലായി ക്വിക് ചാർജ് ചെയ്യപ്പെട്ട ഇലക്ട്രിക് കാറുകളുടെ ബാറ്ററി പെട്ടെന്നു മോശമാകാൻ സാധ്യതയുണ്ട്. ബാറ്ററി കാറുകൾ ഫുൾചാർജ് ആക്കി ഓടിച്ചുനോക്കുക. കമ്പനി അവകാശപ്പെടുന്നതിലും പെട്ടെന്നു ബാറ്ററി ഡ്രെയ്ൻ ആകുന്നുണ്ടോ എന്നു പരിശോധിക്കുക.

എത്ര ദൂരം ഓടി, എത്ര കാലം കൊണ്ട്?
വാഹനം എത്ര കിമീ ഓടി എന്നതു നിങ്ങൾ പരിശോധിക്കും. എന്നാൽ, എത്ര കാലം കൊണ്ടാണ് ഓടിയത് എന്നു സാധാരണയായി നമ്മൾ ആലോചിക്കാറില്ല. ഒരു വാഹനം കൂടുതൽ കിമീ കുറഞ്ഞ സമയം കൊണ്ട് താണ്ടിയാൽ നല്ലപോലെ തേയ്മാനമുണ്ടാകുമെന്നും അത്ര നല്ല രീതിയിലാകില്ല ആ ഓട്ടങ്ങളെന്നും മനസ്സിലാക്കണം.
വെറും 30,000 കിമീ ദൂരമേ ഓടിയിട്ടുള്ളൂ എന്നു കണ്ട് വാങ്ങിയ വാഹനത്തിന്റെ സർവീസ് ഹിസ്റ്ററി പിന്നീടു പരിശോധിച്ചപ്പോൾ രണ്ടു സർവീസുകൾക്കു മുൻപു തന്നെ ആ വാഹനം ഒരു ലക്ഷം കിമീ താണ്ടിയിരുന്നു എന്ന് ഒരു സുഹൃത്തിന്റെ ദുരനുഭവം. അങ്ങനെ പറ്റിക്കപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുക്കണം. ദീർഘകാലം കൊണ്ടു കുറച്ചു കിമീ ഓടിയ വാഹനവും നല്ല പരിശോധനയ്ക്കു വിധേയമാക്കണം. കാരണം, ഓടാതെ ഇരുന്നാലും ചില തകരാറുകൾ വാഹനങ്ങൾക്കു വരാം.
വാഹനം ഓടിയ ലൊക്കേഷൻ
ഒരു പ്രമുഖ യൂസ്ഡ് കാർ ഡീലറുടെ അടുത്തുനിന്നു വിശ്വസിച്ചു വാങ്ങിയ എസ്‌യുവിയുടെ ഫ്ലോറിൽ തുരുമ്പു കണ്ടപ്പോഴാണ് ആ സുഹൃത്ത് വാഹനത്തിന്റെ മുൻ ഉടമയെക്കുറിച്ച് അന്വേഷിച്ചത്. വാഹനം മധ്യകേരളത്തിലൊരിടത്തായിരുന്നു ഓടിയിരുന്നത്. വെള്ളപ്പൊക്കത്തിൽ പെട്ടതായിരുന്നു ആ വാഹനം. ഇതറിഞ്ഞ് ഫ്ലോർ മാറ്റ് മാറ്റിനോക്കിയപ്പോൾ വെള്ളം കയറിക്കിടന്ന പാടുകൾ കണ്ടു. ഭാഗ്യത്തിന് എൻജിനു പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുപോലെതന്നെ തീരദേശങ്ങളിൽ ഓടുന്ന വാഹനത്തിന്റെ ബോഡിയിൽ ഉപ്പുകാറ്റുകൊണ്ട് തുരുമ്പുണ്ടാകാറുണ്ട്. ഇത്തരം കാര്യങ്ങൾ തീർച്ചയായും നോക്കണം. വില പേശുകയും വേണം.

ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടോ ?
രണ്ടു കീയും വാങ്ങുക. മറ്റൊരാളിൽ നമ്മുടെ കാറിന്റെ കീ ഉള്ളത് സുരക്ഷിതമല്ലെന്നു പറയേണ്ടതില്ലല്ലോ? അഥവാ ഒരു കീ മാത്രമേ തന്നിട്ടുള്ളൂവെങ്കിൽ അതു പ്രോഗ്രാം ചെയ്യിക്കുക.
ടെസ്റ്റ് ഡ്രൈവിന്റെ രീതി
ചെറിയ ദൂരം ഓടിച്ചാൽ പോരാ. എല്ലാ ഗിയറുകളിലേക്കും ഷിഫ്റ്റ് ചെയ്യാൻ കഴിയുന്ന ദൂരം ഡ്രൈവ് ചെയ്യണം. നിരപ്പായ റോഡിലൂടെ ഫസ്റ്റ്ഗിയറിൽ ഓടിക്കുമ്പോൾ വാഹനത്തിന് ഇളക്കം വല്ലതുമുണ്ടോ എന്നറിയാം.കുഴികളിലൂടെ നിർബന്ധമായും ഓടിക്കണം. സസ്പെൻഷന്റെ പ്രവർത്തനം സ്മൂത്താണോ എന്നു മനസ്സിലാക്കാം.
നിരപ്പായ പ്രതലത്തിൽ വാഹനം ഫുൾ സ്റ്റിയറിങ് തിരിച്ച് വലത്തോട്ടും ഇടത്തോട്ടും ഒരു ഗിയറിൽ ഓടിക്കുക. ഷാസിയുടെ കോട്ടവും വാഹനത്തിന് ഏതെങ്കിലും വശത്തേക്കുള്ള വലിവും മനസ്സിലാക്കാം. പിന്നിലും ആളെ ഇരുത്തി ഡ്രൈവ് ചെയ്യണം. ഫുൾ ലോഡിൽ വാഹനത്തിന്റെ പ്രവർത്തനം മനസ്സിലാക്കാം. സുരക്ഷിതമായ ഇടത്തിൽ (റോഡിലല്ല) റിയറിങ് കൈവിട്ട് ഓടിച്ചുനോക്കുക. വാഹനം ഏതെങ്കിലും ദിശയിലേക്കു ചെരിഞ്ഞുപോകുന്നുണ്ടെങ്കിൽ മെക്കാനിക്കുമായി സംസാരിക്കുക.

ട്രാൻസ്മിഷൻ
ഗിയർബോക്സിനെ ശരിയായി മനസ്സിലാക്കാൻ തീർച്ചയായും ടെസ്റ്റ് ഡ്രൈവ് നടത്തണം. ചെറിയ ദൂരം പോരാ. എല്ലാ ഗിയറും വീഴത്തക്കവിധമുള്ള ദൂരമാണ് ഓടിക്കേണ്ടത്. കാരണം, ഓട്ടമാറ്റിക് കാറുകളിലെ തകരാറ് അങ്ങനെയേ അറിയാനൊക്കൂ. ചെറിയ വേഗം തൊട്ട് ടോപ്ഗിയർ വീഴാനുള്ള കൂടിയ വേഗത്തിൽ വരെ വണ്ടി ഓടിച്ചുനോക്കണം. ആക്സിലറേറ്ററിൽ കാൽ അമർത്തുന്നതിനനുസരിച്ച് ആർപിഎം കയറും പക്ഷേ, അതിന് ആനുപാതികമായി ഗിയർ മാറുന്നില്ലെങ്കിൽ ഗിയർബോക്സിനു തകരാർ ഉണ്ടോ എന്നു നോക്കണം.

ഗിയർ ഷിഫ്റ്റിങ്
ഗിയർ, പരിധിയിൽ കൂടുതൽ ഹാർഡ് ആണോ? ആണെങ്കിൽ ക്ലച്ചിന്റെ തകരാർ കൊണ്ടു വരാം. ലിവറിൽ എന്തെങ്കിലും തകരാറുകൊണ്ടുമാകാം. ഏതെങ്കിലും പ്രത്യേക ഗിയറിലേക്കുള്ള ഷിഫ്റ്റിങ്ങിനു ബുദ്ധിമുട്ടുണ്ടെങ്കിൽ സിലക്ടറിന്റെ തകരാർ ആയിരിക്കും.

ടോർക് കൺവേർട്ടർ
ഷിഫ്റ്റ് ഷോക്- അഥവാ ചാട്ടം- ഉണ്ടോ- പരിശോധിക്കാം. പലരും മാന്വൽ മോഡൽ ഉപയോഗിച്ചശേഷം യൂസ്ഡ് കാർ ഓട്ടമാറ്റിക് വാങ്ങുന്നവരാണ്. അതുകൊണ്ടുതന്നെ ഓട്ടമാറ്റിക് മോഡലുകളുടെ സ്വഭാവം അറിയുകയില്ല. ഓട്ടോ കാറുകൾ ഓടിച്ചു മുൻപരിചയുമുള്ളവരെയോ വിദഗ്ധരെയോ കൂടെ കൊണ്ടുപോകുക.
സിവിടി- ഓടിച്ചുനോക്കുമ്പോൾ ഗിയർ ഷിഫ്റ്റിങ്ങിനു കൂടുതൽ സമയമാകുക. ആർപിഎം കയറിയാലും ഗിയർ ട്രാൻസ്മിഷൻ നടക്കാതിരിക്കുക എന്നിവയാണു ശ്രദ്ധിക്കേണ്ടത്. ടോർക്ക് കൺവെർട്ടർ മോഡലുകൾക്കും എഎംടി എന്ന സെമി ഓട്ടമാറ്റിക് കാറുകൾക്കും ഇതേ രീതി പിൻതുടരണം. മാന്വൽ- ഗിയറുകൾക്കിടയിലെ മാറ്റം കടുപ്പത്തിലാണോ എന്നത് പ്രധാനം

പെയിന്റ്
മെറ്റാലിക് നിറമാണെങ്കിൽ വില കൂടും. റീ പെയിന്റിങ്ങിലും ചെലവുണ്ടാകും. എല്ലാ ബോഡി പാർട്സിലും നിറം ഒന്നു തന്നെയല്ലേ എന്നു നോക്കുക. നാലു ഡോറുകൾ, ബംപറുകൾ, ബൂട്ട് ഡോർ, ബോണറ്റ് എന്നിവിടങ്ങളിലെ പെയിന്റിങ്ങിൽ ചെറിയ വ്യത്യാസമുണ്ടെങ്കിൽ ആക്സിഡന്റ് ഹിസ്റ്ററി എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുക. കാരണം, അംഗീകൃത സർവീസ് സെന്ററിൽനിന്നു റീപെയിന്റ് ചെയ്ത ഭാഗങ്ങൾക്കു വലിയ വ്യത്യാസമുണ്ടാകാറില്ല. എന്നാൽ, സാധാരണ പെയിന്റ് ബൂത്തുകളിൽ സ്ഥിതി വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ പകൽ വെളിച്ചത്തിൽ വാഹനം എല്ലാ ഭാഗവും നോക്കണം.

ബംപർ
രണ്ടു ബംപറുകളും റിപ്പയർ ചെയ്തതാണോ, റീപ്ലേസ് ചെയ്തതാണോ, സ്ക്രാച്ചുകളുടെ ബാഹുല്യം എത്രയുണ്ട് എന്നിവ നോക്കണം.

ബോണറ്റിനുള്ളിൽ
ബോണറ്റ് തുറന്നുള്ള പരിശോധന നടത്തിക്കണം. സാധാരണക്കാർക്ക് പ്രശ്നങ്ങൾ മനസ്സിലാകണമെന്നില്ല. റേഡിയേറ്റർ ഇവാപ്പറേറ്റർ എന്നിവ ഘടിപ്പിച്ചിട്ടുള്ള പ്ലാസ്റ്റിക് ഭാഗം തകരാറിലാണോ എന്നും മറ്റുമാണ് ഇത്തരം പരിശോധനകളിൽ വിലയിരുത്തുന്നത്. ഹോസുകളുടെയും എൻജിൻ മൗണ്ടിന്റെയുമൊക്കെ തകരാറുകൾ ശ്രദ്ധിക്കണം.

എലിശല്യം
വിൽപനയ്ക്കായി പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിൽ, പ്രത്യേകിച്ച്, വയറിങ് ഭാഗങ്ങൾ എലികൾകടിച്ചുമുറിക്കാൻ സാധ്യതയുണ്ട്. എയർ ക്ലീനറിന്റെ ഏരിയയിലും മറ്റും അവശിഷ്ടങ്ങൾ കണ്ടാൽ എലിശല്യം ഉറപ്പിക്കാം. എൻജിൻ ടർബോ വരെ കേടാക്കിയ ചരിത്രമുണ്ട് ഈ എലിവീരൻമാർക്ക്.
റൂഫ്
വിൻഡോ തുറന്നിട്ടോടുന്ന കാറുകളിൽ റൂഫിലും മറ്റും പൊടിയടിയാറുണ്ട്. അത്ര നല്ല രീതിയിലാകില്ല ആ കാർ ഉപയോഗിച്ചിട്ടുള്ളത് എന്നാണ് അതിനർഥം.

സൺറൂഫ്
ആഡംബര ഫീച്ചറുകളിലൊന്നായ സൺറൂഫിന് തകരാറു വരാൻ സാധ്യതയേറെയാണ്. റബർ ബീഡിങ്, വെള്ളമിറങ്ങുന്ന തരത്തിലുള്ള തകരാറുള്ള മറ്റു ഘടകങ്ങൾ എന്നിവയെല്ലാം നോക്കണം. സൺറൂഫ് അടച്ചും തുറന്നും പരിശോധിക്കണം.

ഡോറുകൾ
ഇടി തന്നെയാണ് ഇവിടെയും വില്ലൻ. ഡോറിലെ ചളുക്കം, ക്രമമില്ലായ്മ, ഹിൻജുകളുടെയും ലോക്കിന്റെയും പ്രവർത്തനക്ഷമത എന്നിവ കണ്ടുപിടിക്കാം. ഡോറുകളിലെ റബർ ബീഡിങ്ങിനു കൂടുതൽ കടുപ്പം, വിള്ളലുകൾ എന്നിവയുണ്ടോ എന്നു നോക്കണം. എല്ലാ ഡോറുകളും പലതവണ തുറന്നടച്ചു നോക്കുക. എന്തെങ്കിലും ശബ്ദം വരുന്നുണ്ടോ, അടയാൻ ബുദ്ധിമുട്ടുണ്ടോ എന്നും പരിശോധിക്കുക.
പാനൽ ഗ്യാപ്പുകൾ
ആക്സിഡന്റിൽ പെട്ട വാഹനങ്ങളുടെ പാർട്സുകൾ അത്ര ശരിയായ രീതിയിൽ യോജിക്കാറില്ല. പാനലുകൾ തമ്മിലുള്ള ഗ്യാപ് കൂടുതലായിരിക്കും. ഡോറുകളുടെയൊക്കെ പാനൽ ഗ്യാപ് പ്രധാനമായും പരിശോധിക്കാം

വിൻഡ് ഷീൽഡ്
വിൻഡ് ഷീൽഡിൽ, നിർമിച്ച വർഷം സൂചിപ്പിക്കുന്ന മുദ്ര ഉണ്ടാകും. വാഹനത്തിന്റെ മാനുഫാക്ചറിങ് വർഷവും ഗ്ലാസ് മുദ്രയിലെ വർഷവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ആ വിൻഡ് ഷീൽഡ് മാറ്റിവച്ചതാണെന്നർഥം. അപ്പോൾ ആക്സിഡന്റ് ഹിസ്റ്ററി ചോദിക്കാൻ മറക്കരുത്.

ബൂട്ട് ഡോർ
ബൂട്ട് ഡോർ നോക്കിയാൽ വാഹനാരോഗ്യം മനസ്സിലാക്കാം. ഇടി കിട്ടിയതിന്റെ പാടുകൾ. സ്മൂത്തായി അടയുന്നതിനുളള തടസ്സം, ചളുക്കം എന്നിവ പരിശോധിക്കുക. മാറ്റ് പൊക്കി ബൂട്ട് ഫ്ലോറിൽ തുരുമ്പുണ്ടോ എന്നും ശ്രദ്ധിക്കുക.
ഒആർവിഎം
ഓട്ടമാറ്റിക് മിററുകൾ പ്രവർത്തിപ്പിച്ചു നോക്കുക തന്നെ വേണം. കൂടുതൽ തവണ ബലമായി പിടിച്ചു മടക്കുകയോ, മിറർ എവിടെയെങ്കിലും തട്ടുകയോ ചെയ്താൽ പ്രശ്നമുണ്ടാകും. അവയില്ലെന്നുറപ്പു വരുത്തുക.
അലോയ് വീൽ
അലൈൻമെന്റ്, ചളുക്കം, പുളയൽ, സ്ക്രാച്ചുകൾ, എന്നിവ ശ്രദ്ധിക്കുക. നല്ല മോഡേൺ ആയ അലോയ് ആണെങ്കിൽ സിംഗിൾ പീസ് ആയി അതു മാർക്കറ്റിൽ ലഭ്യമാകുമോ എന്നുകൂടി നോക്കണം. ഇല്ലെങ്കിൽ അലോയ് വീൽ തകരാറിലായാൽ ഒരു വീലിൽ മാത്രം വ്യത്യാസമുള്ള അലോയ് ഇടേണ്ടിവരാറുണ്ട്.

റിമ്മുകൾ
വീൽ കവറുകൾ അഴിച്ചുമാറ്റി റിമ്മുകളിൽ തുരുമ്പുണ്ടോ എന്നു നോക്കണം. റിമ്മുകളുടെ അലൈൻമെന്റ്, കോട്ടം എന്നിവ കൂടി കണക്കിലെടുക്കണം.
പേസ്റ്റിങ്
വാഹനം അപകടത്തിൽപെട്ട്, ഏതെങ്കിലും ഭാഗം മാറ്റിയിട്ടിട്ടുണ്ടോ എന്നറിയാൻ എളുപ്പവഴിയാണ് പേസ്റ്റിങ് പരിശോധന. ലോഹഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പേസ്റ്റിങ് ശ്രദ്ധിക്കുക. ഒറിജിനൽ വാഹനഭാഗങ്ങളിലെ പേസ്റ്റിങ് വൃത്തിയുള്ളതായിരിക്കും. എന്നാൽ, മാറ്റിവച്ച പാർട്സുകളിലെ പേസ്റ്റിങ് പൊതുവേ അത്ര നല്ലതാകാറില്ല. ഡോറുകൾ, ബോണറ്റ്, ബൂട്ട് ഡോർ എന്നിവയിൽ ഈ വ്യത്യാസം അറിയാം.

ലൈറ്റുകൾ
എല്ലാം പ്രവർത്തിപ്പിച്ചു നോക്കുക. വാട്സ് എത്രയുണ്ടെന്നു നോക്കിപ്പിക്കുക. എക്സ്ട്രാ ലൈറ്റുകളിലൊരു കണ്ണുവേണം. ഓൾട്ടർനേഷൻ ഉണ്ടെങ്കിൽ വാറന്റി പ്രശ്നമുണ്ടാകും.

തുരുമ്പ്
അണ്ടർബോഡിയിൽ, മാറ്റ് പൊക്കിനോക്കി ഫ്ലോറിൽ, റബർ ബീഡിങ്ങിനടിയിൽ, ബൂട്ടിലെ ഫ്ലോറിൽ- തുരുമ്പുണ്ടോ എന്നതു നോക്കണം.
സെൻട്രൽ ലോക്ക്
കൃത്യമായ പ്രവർത്തനം ഉറപ്പുവരുത്തുക
എൻജിൻ
എൻജിൻ മൗണ്ടിങ്- എൻജിൻ വൈബ്രേഷൻ ഫീൽ ചെയ്യും. അകത്തിരുന്നു യാത്ര ചെയ്യുമ്പോൾ തന്നെ വ്യത്യാസം അനുഭവപ്പെടും. ബെൽറ്റുകളുടെ തേയ്മാനം- വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കണം. ടൈമിങ് ബെൽറ്റ് മാറാൻ നല്ല തുകയാകുമെന്നറിയുക. ടർബോയുടെ ശബ്ദം- വിസിലിങ് ശബ്ദം കൂടിക്കൂടി വരും. ടർബോ റിപ്പയറിങ് കോസ്റ്റ്ലി ആണ്. ടർബോ ചാർജർ ഉള്ള വണ്ടികളിൽ പ്രത്യേകം ഇക്കാര്യം ശ്രദ്ധിക്കണം. ടർബോ ചാർജറിലേക്കു കണക്ട് ചെയ്യുന്ന പൈപ്പുകൾ പരിശോധിപ്പിക്കണം.
ഹോസുകളുടെ പഴക്കം
ഹോസുകളിൽ വിള്ളലുകൾ. ക്രാക്കുകൾ എന്നിവയുണ്ടോ? കൂളന്റിന്റെ പൈപ്പുകൾ പ്രധാനമായും നോക്കണം.

എസി
കൂളിങ് കുറവുണ്ടോ എന്ന് ഏറ്റവും കുറച്ച് സ്പീഡിൽ ബ്ലോവർ ഇട്ടുനോക്കി ടെസ്റ്റ് ചെയ്യുക. എസിയുടെ ഡക്കുകളിലോ ഇവാപ്പറേറ്ററിലോ ബ്ലോക്ക് ഉണ്ടോ എന്നു നോക്കണം.
ഓയിൽ സ്റ്റിക്
വണ്ടി സ്റ്റാർട്ട് ചെയ്തുനിർത്തി ഓയിൽ സ്റ്റിക്ഊരുക. കംപ്രഷൻ ലീക്ക് ആണെങ്കിൽ പുകയും ഓയിലും ഓയിൽ സ്റ്റിക്കിലൂടെ പുറത്തോട്ടു തള്ളും. ഓയിൽ ക്യാപ്പിൽ ജലാംശവും കാണാം. എൻജിൻ പണി വേണ്ടിവരും. സിലിണ്ടർ റിങ്സ്, സിലിണ്ടർ ബോറിന് തേയ്മാനം എന്നീ കാരണങ്ങൾ കൊണ്ട് ഇത്തരം കാര്യങ്ങൾ സംഭവിക്കാം പുകയുടെ സ്വഭാവം, വർധന എന്നിവയും നല്ലൊരു മെക്കാനിക്കിനെ കൊണ്ടു ചെക്ക് ചെയ്യിപ്പിക്കണം. എക്സോസ്റ്റ് പൈപ്പിൽ കരി കൂടുതൽ- ഇൻജക്ടറിന്റെ തകരാറ് ആയിരിക്കും- കാലിബ്രേറ്റ് ചെയ്യേണ്ടതായിട്ടു വരും.

ക്ലസ്റ്റർ
പലപ്പോഴും വാഹനം സ്റ്റാർട്ട് ചെയ്തു നിർത്തിയ രീതിയിലാണു ടെസ്റ്റ് ഡ്രൈവിനു കിട്ടാറുള്ളത്. വാഹനം ഓഫ് ചെയ്ത് ഓൺ ആക്കി നോക്കുക. അന്നേരം ക്ലസ്റ്ററിലെ വാണിങ് ലാംപുകൾ എല്ലാം തെളിയും.
ഏതെങ്കിലും തെളിയാതിരിക്കുന്നുണ്ടോ എന്നു പരിശോധിക്കണം. അതു തകരാറുകൊണ്ടാണോ, അതോ ബൾബിന്റെ പ്രശ്നമാണോ എന്നതൊക്കെ കണക്കിലെടുക്കണം.
മീറ്ററിലെ ദൂരം
കിലോമീറ്റർ തിരുത്തിയിട്ടുണ്ടോ എന്നു നേരിട്ടറിയാൻ പ്രയാസമാണ്. സർവീസ് ഹിസ്റ്ററിയിൽ ഓരോ ഇടവേളയിലുമുള്ള കിമീ രേഖപ്പെടുത്തിയതു വിശകലനം ചെയ്യാം. ഉദാഹരണത്തിന്, നല്ലതുപോലെ ഓടിയ വാഹനം ഒരു പ്രത്യേക സർവീസ് കാലയളവിൽ താരതമ്യനേ കുറച്ചാണ് ഓടിയതെങ്കിൽ പരിശോധനയാകാം.

റിവേഴ്സ് ക്യാമറ
ക്യാമറയുടെ ക്ലാരിറ്റി പലപ്പോഴും കുറഞ്ഞുവരാറുണ്ട്. ഇക്കാര്യം നോക്കുക. റിവേഴ്സ് സെൻസറുകളുടെ കാര്യക്ഷമതയും പരീക്ഷിക്കാം
ഡ്രൈവ് ഷാഫ്റ്റ്
ഡ്രൈവ് ഷാഫ്റ്റിനു തകരാറുണ്ടോ എന്നറിയാൻ സ്റ്റിയറിങ് മുഴുവനായും വലത്തോട്ടു തിരിച്ച് ഓടിക്കണം. ശേഷം ഫുൾ ഇടത്തോട്ടും തിരിച്ച് ഓടിക്കണം. ടക് ടക് ശബ്ദം കേൾക്കുകയാണെങ്കിൽ അതു മാറ്റേണ്ടതായിട്ടു വരും.

ബ്രേക്കുകൾ
എഫിഷ്യൻസി ചെക്ക് ചെയ്യുക.

മ്യൂസിക് സിസ്റ്റം
പ്രവർത്തിപ്പിച്ചുനോക്കണം. എക്സ്ട്രാ ആക്സസറീസ് പിടിപ്പിച്ചതാണോ വാറന്റി പ്രശ്നമുണ്ടാകുമോ എന്നൊക്കെ നോക്കിപ്പിക്കണം.
പവർ വിൻഡോ
നാലു ഡോറുകളിലെയും പവർ വിൻഡോസ് ഉയർത്തിയും താഴ്ത്തിയും നോക്കുക. സ്മൂത്ത് അല്ലാതെ വരുന്നത്- മോട്ടറിനുള്ളിലെ പല്ലിനു തേയ്മാനം വന്നതുകൊണ്ടൊക്കെയാകാം.
പവർ സ്റ്റിയറിങ്
സാധാരണ വേഗത്തിലും സ്റ്റിയറിങ് ഹാർഡ് ആകുന്നതൊക്കെ പരിശോധിപ്പിക്കുക. സ്റ്റിയറിങ് വീലിലെ കൺട്രോൾ ബട്ടണുകൾക്കു തകരാറുണ്ടോ എന്നറിയാൻ ഓരോ ബട്ടണും അമർത്തി തന്നെ നോക്കണം.
ക്ലച്ച്
ഹാർഡ് ആയി ഫീൽ ചെയ്യുന്നുണ്ടെങ്കിൽ തേയ്മാനമുണ്ടാകും. ഹൈഡ്രോളിക് ക്ലച്ച് ആണെങ്കിൽ മാസ്റ്റർ സിലിണ്ടറിന്റെയോ സ്ലേവ് സിലിണ്ടറിന്റെയോ തകരാറുണ്ടാകാം. ആക്സിലറേറ്റർ നൽകുന്നതിനനുസരിച്ച് വാഹനം മുന്നോട്ടുനീങ്ങാതെ ഇരമ്പുകയാണെങ്കിലും കൂടുതൽ പരിശോധന ആവശ്യമായി വരും.
സസ്പെൻഷൻ
നല്ല കുഴികളുള്ള റോഡിൽ തന്നെ ടെസ്റ്റ് ഡ്രൈവ് എടുക്കുക. സസ്പെൻഷനിൽനിന്നു ശബ്ദം കേൾക്കൽ, സ്മൂത്തായി പ്രവർത്തിക്കാതിരിക്കൽ, നല്ല കുടുക്കം ലഭിക്കൽ, എന്നിവ പരിശോധിക്കുക. സാധ്യമെങ്കിൽ പിന്നിലും ആളെ ഇരുത്തി നോക്കിയിട്ടുവേണം പരിശോധിക്കാൻ. 4 വീൽ ഡ്രൈവ് സിസ്റ്റം ഉണ്ടെങ്കിൽ അത് എൻഗേജ്- ഡിഎസ് എൻഗേജ് ചെയ്ത് ഓടിച്ചുതന്നെ നോക്കണം.
സീറ്റ് അപ്പോൾസ്റ്ററി
ലെതറിനു സ്വാഭാവികമായും വില കൂടും. ഫാബ്രിക് അപ്പോൾസ്റ്ററിയിൽ കേടുപാടുണ്ടോ എന്നു പരിശോധിക്കാം. സിഗരറ്റ് കുത്തിക്കെടുത്തിയതുപോലുളള പാടുകൾ കണ്ടാൽ ആ വാഹനത്തിന്റെ ഇന്റീരിയർ മോശമായി ഉപയോഗിക്കപ്പെട്ടതാണെന്നു മനസ്സിലാക്കാം. ഡോർപാഡുകളിലും ഡാഷ്ബോർഡിലും സ്ക്രാച്ചുകൾ. ക്ലീൻ ചെയ്യാതെ കിടക്കുന്നതുപോലുള്ള പാടുകൾ എന്നിവയും വില കുറയ്ക്കുന്നവയാണ്.
വാറന്റിയും സർവീസ് ഹിസ്റ്ററിയും
വാറന്റി– വാഹനത്തിന്റെ വാറന്റി , എക്സ്റ്റേണൽ വാറന്റി കാലാവധിയും എക്സ്റ്റേണൽ വാറന്റിയുടെ വിവരങ്ങളും പരിശോധിക്കുക. സർവീസ് പാക്കേജ് ഉള്ള വാഹനങ്ങൾക്കു മുൻഗണന നൽകാം.
ഇൻഷുറൻസ്
മോഡിഫിക്കേഷന്റെ മോടി വേണ്ട
ചെറിയ മോഡിഫിക്കേഷൻ പോലും കുറ്റകരമാണ്. നാം വാങ്ങുന്ന വാഹനത്തിൽ മോഡിഫൈ ചെയ്ത പാർട്സ് ഉണ്ടോ എന്നു നോക്കേണ്ടത് അത്യാവശ്യം. വാഹനവകുപ്പിന്റെ പരിശോധനയിൽ അതു കണ്ടു പിടിക്കപ്പെട്ടാൽ പഴയ രീതിയിലേക്കു വാഹനം മാറ്റിയെടുത്ത് വീണ്ടും പരിശോധനയ്ക്കായി സമർപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
പാർട്സ് മാറ്റാൻ കാശാകും, പണിക്കൂലി ഇനത്തിലുള്ള ചെലവ് വേറെയും. ഇലക്ട്രിക്കൽ സംബന്ധമായ മോഡിഫിക്കേഷനും മറ്റും ഇൻഷുറൻസ് ലഭിക്കുന്നതിനു തടസ്സമാകുമെന്നു പ്രത്യേകം ഓർക്കുക.പുറത്തേക്കു തള്ളിനിൽക്കുന്ന ടയറുകൾ ഉള്ള വാഹനം വാങ്ങാതിരിക്കുകയാണുചിതം. നിയമപരമായി അതു തെറ്റാണ്. അതുകൊണ്ടുതന്നെ വാഹനത്തിനു കമ്പനി നിർദേശിക്കുന്ന ടയർ സെറ്റ് നിങ്ങൾ തന്നെ വാങ്ങിയിടേണ്ടിവരും. ടയറുകളുടെ കാശും നിയലംഘനത്തിന്റെ പിഴയും കയ്യിൽനിന്നുപോകും. ഫുൾ കവർ ഇൻഷുറൻസ്, തേഡ് പാർട്ടി ഇൻഷുറൻസ് എന്നിവയിലേതാണ് നിലവിലെ സ്കീം എന്നതു പരിശോധിക്കണം. ഇവയുടെ വാലിഡിറ്റി ഡേറ്റിൽ ഒരു കണ്ണുവേണം.
ക്ലെയിം ഡീറ്റെയിൽസ് –വാങ്ങാൻ പോകുന്ന വാഹനത്തിന് മേജർ ക്ലയിം വല്ലതും ഉണ്ടെങ്കിൽ ഐഐബി (ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ) യിൽനിന്നു ഡീറ്റയിൽസ് എടുക്കാം. അതത് ഇൻഷുറൻസ് ഓഫിസിൽ ചെന്നാൽ ഐഐബിയിൽ അപ്ഡേറ്റ് ആയിട്ടുള്ള വിവരം ലഭിക്കും. (വിവരം പൂർണമായും അപ്ഡേറ്റഡ് അല്ലാ എന്നാണ് വിദഗ്ധർ പറയുന്നത്. എങ്കിലും ശ്രമം ഉപേക്ഷിക്കേണ്ടതില്ല).
ലോൺ വിവരങ്ങൾ പരിശോധിക്കുക. ഹൈപ്പോത്തിക്കേഷൻ, ലോൺ ഡീറ്റെയിൽസ്, ആർസിയിൽ ഉടമയുടെ വിവരം തമ്മിൽ അന്തരമുണ്ടോ? എന്നിങ്ങനെയുള്ള കാര്യങ്ങളും ശ്രദ്ധിക്കണം.
English Summary: Things To Remember Before Buying Used Car