ADVERTISEMENT

റോഡിൽ വാഹനങ്ങൾ കുറവാണെങ്കിലും അപകട മരണങ്ങളിൽ പകുതിയും രാത്രിയിലാണ് സംഭവിക്കുന്നത്. പലപ്പോഴും രാത്രി യാത്രകൾ നമുക്ക് ഒഴിവാക്കാനാവില്ല. അതിനാൽ രാത്രികാല ഡ്രൈവിങ് ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നു മനസ്സിലാക്കുന്നത് നമ്മുടെയും സഹസഞ്ചാരികളുടെയും സുരക്ഷിതത്വത്തിന് അനിവാര്യമാണ്.

 

ഇന്ത്യൻ റോഡുകളിലെ അപകടം കുറയ്ക്കുന്നതിനായി  #BeTheBetterGuy ക്യംപനുമായി ഹ്യുണ്ടേയ് എത്തിയിരിക്കുന്നു. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ആദ്യ മാർഗം ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്നതാണ്. ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനാവശ്യമായ വിശ്രമം ഉറപ്പാക്കാൻ മുതിർന്ന ഒരാൾ ദിവസം ഏഴു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. പ്രത്യേകിച്ചു രാത്രി സമയത്ത് ഉറക്കം പ്രധാനമാണ്. ശാന്തവും നീണ്ടുനിൽക്കുന്നതുമായ ഉറക്കം നമ്മുടെ ഏകാഗ്രതയും ഊർജവും മാനസികാരോഗ്യവും മനോവ്യക്തതയുമെല്ലാം നിലനിർത്തും. ദീർഘനാൾ വേണ്ടത്ര ഉറക്കമില്ലാത്ത അവസ്ഥയിലൂടെ കടന്നു പോയാൽ ഓർമ്മക്കുറവും പ്രമേഹം ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകൾ കൂടാനും അകാല മരണത്തിനുപോലും സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.

 

രാത്രി ഡ്രൈവിങ് സ്വാഭാവിക ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതും ഡ്രൈവിങ്ങിനിടയിൽ ഫോണിൽ സന്ദേശമയ്ക്കാൻ ശ്രമിക്കുന്നതുമൊക്കെ എത്രമാത്രം അപകടകരമാണ് എന്ന് നമുക്കറിയാം. അതുപോലെയോ അതിനേക്കാളോ അപകടകരമാണ് വളരെ ക്ഷീണത്തോടെ ഡ്രൈവ് ചെയ്യുന്നതും. പതിവായി ശീലിച്ച ഉറക്ക സമയത്തിൽനിന്ന് ഒരു മണിക്കൂറെങ്കിലും ഉറക്കം കുറഞ്ഞാൽ അത് അപകടസാധ്യത കൂട്ടും. രാത്രി ആറു മണിക്കൂർ മാത്രം ഉറക്കം കിട്ടുന്നവരിൽ അപകടസാധ്യത ഏതാണ്ട് ഇരട്ടിയാകും. ഉറക്കം അഞ്ച് മണിക്കൂറായി കുറഞ്ഞാൽ അപകട സാധ്യത അഞ്ച് മടങ്ങ് ആകുമെന്നും പഠനങ്ങളുണ്ട്.. രാത്രിയിലെ ഉറക്കം നഷ്ടപ്പെടുത്തി ഡ്രൈവ് ചെയ്യുമ്പോൾ ഡ്രൈവറുടെ ശ്രദ്ധയും ഏകാഗ്രതയും തീരുമാനമെടുക്കാനുള്ള ശേഷിയും കുറയുന്നതാണ് അപകടകാരണം.  ശാരീരികക്ഷീണം കൂടി ആകുമ്പോൾ അപകടസാധ്യത ഗണ്യമായി കൂടും..

 

രാത്രി യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

∙ പതിവായി ഉറങ്ങാൻപോകുന്ന സമയം കഴിഞ്ഞ് രണ്ടുമണിക്കൂറിലധികം നീണ്ടു നിൽക്കുന്ന രാത്രിയാത്ര ഒഴിവാക്കുക. 

 

ഉദാ : സ്ഥിരമായി ഉറങ്ങുന്നത് രാത്രി 11 ന് ആണെങ്കിൽ രാത്രി ഒരുമണി കഴിഞ്ഞും വാഹനമോടിക്കരുത്.

 

∙ സാധാരണ നിലയിൽ ഹെഡ്‌ലാംപിന്റെ പ്രകാശം കൊണ്ട് കാണാൻ പറ്റുന്നത് ഏതാണ്ട് 75 മീറ്റർ ആണ്. ഹൈബീം ലൈറ്റ് ഉപയോഗിച്ചാൽ പരമാവധി 150 മീറ്റർ കാണാം. ഈ പരിമിതമായ ദൂരക്കാഴ്ചയിൽ, സെക്കൻഡുകൾക്കുള്ളിൽ വേണം ഡ്രൈവർ തീരുമാനങ്ങളെടുക്കേണ്ടത്.

 

∙ രാത്രി യാത്രയ്ക്കുള്ള പ്രകാശ സ്രോതസ്സ്  വാഹന ലൈറ്റും സ്ട്രീറ്റ് ലൈറ്റുമാണ്. ഈ പരിമിതമായ വെളിച്ചത്തിൽ അകലവും ആഴവും അറിയാനുള്ള ശേഷിയും  പ്രതികരണവേഗവും കുറയും. ദൂരക്കാഴ്ച കുറയുന്നതും വേഗവും ഒരുമിച്ചുവരുമ്പോൾ പകൽ ഓടിക്കുന്നതിനേക്കാൾ നേരത്തേ ബ്രേക്ക് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു ഡ്രൈവർ കടക്കണം .

 

 ∙ രാതിയിൽ മുന്നിലെ ഏതു തടസ്സവും സംശയത്തിന്റെ ആനുകൂല്യത്തിൽ ഒഴിവാക്കാതിരിക്കുക, വേഗം കുറയ്ക്കുക. 

 

∙ പ്രായമേറുമ്പോൾ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിന്റെ പ്രതികരണവേഗം കുറയ്ക്കും. പ്രായം അൻപതു കഴിഞ്ഞവർ രാത്രി 40-50 കി.മീ വേഗത്തിലധികം വാഹനമോടിക്കാതിരിക്കുക. 

 

∙ഉറക്കം കുറയുന്തോറും ഡ്രൈവിങ്ങിലെ കൃത്യത കുറയും . ഉറക്കമോ ക്ഷീണമോ തോന്നിയാൽ വണ്ടി നിർത്തിയിട്ട് അൽപസമയം ഉറങ്ങുന്നതാണ് ഉത്തമം. 

 

∙ രാത്രികാല വാഹനാപകടങ്ങൾ ഏറ്റവും കൂടുതൽ അർധരാത്രി  12 മുതൽ 2 വരെയും പുലർച്ചെ 4 മുതൽ 6 വരെയുമുള്ള സമയത്താണ്. ഈ സമയം ഡ്രൈവിങ് പരമാവധി ഒഴിവാക്കുക. നമുക്ക് ഉറക്കം വരുന്നില്ലെങ്കിലും എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിപ്പോകാൻ സാധ്യത ഏറെയാണ്.

 

∙ ജലദോഷം, ചുമ, തുമ്മൽ , ചർമപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പല മരുന്നുകളിലും കഫ് സിറപ്പിലും ആന്റി ഹിസ്റ്റാമിൻ അലർജി മരുന്നുകൾ ഉണ്ടാകും. മയക്കം വരുത്തുന്ന  ഇത്തരം മരുന്നു കഴിക്കുന്നവർ രാത്രി ഡ്രൈവ് ചെയ്യാതിരിക്കുക. 

 

∙ രാത്രിയാത്രയിൽ പിൻസീറ്റിലിരിക്കുന്ന കുട്ടികളെയും സീറ്റ് ബെൽറ്റ് നിർബന്ധമായി ധരിപ്പിക്കുക. 

 

∙ പുകവലി പല ഡ്രൈവർമാരും ഉറക്കം വരാതിരിക്കാനുള്ള മാർഗമായാണു കരുതുന്നതെങ്കിലും പുകയിലയിലെ നിക്കോട്ടിൻ നൽകുന്ന താൽക്കാലിക ഉത്തേജനത്തിന്റെ പാർശ്വഫലമെന്നോണം ഉത്തേജനം കഴിഞ്ഞ് ക്ഷീണവും ഉറക്കവും വരാനുള്ള സാധ്യതയും കൂടുന്നു. 

 

∙ സംഗീതപ്രേമികൾ രാത്രിയാത്രയിൽ ഉറക്കം വരുത്താൻ ഇടയുള്ള ഇഷ്ടഗാനങ്ങൾ, പതിവായി കേൾക്കുന്ന പാട്ടുകൾ  തുടങ്ങിയവ ഒഴിവാക്കുക. 

 

ഇന്ത്യൻ റോഡുകൾ യാത്രക്കാർക്ക് സുരക്ഷിതമാക്കുന്നതിനായാണ് ഹ്യുണ്ടേയ് #BeTheBetterGuy എന്ന ക്യാംപയ്നുമായി എത്തിയത്. ട്രാഫിക് നിയമങ്ങളേയും മര്യാദകളേയും പറ്റിയും കൂടുതൽ അവബോധമുണ്ടാക്കി റോഡ് കൂടുതൽ സുരക്ഷിതമാക്കാനാണ് ഹ്യുണ്ടേയ് #BeTheBetterGuy ക്യാംപയ്ൻ.

 

English Summary: Night Driving Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com