കാഴ്ച്ച മറയ്ക്കും ‘ഫോഗ്’; ഈ ചെറിയ അറിവ് വാഹനാപകട സാധ്യത കുറയ്ക്കും‌

car-windsheld-fog
Svetlana Lukienko | Shutterstock
SHARE

മഴക്കാലം ആരംഭിച്ചുകഴിഞ്ഞു. കാറുകളിലെ വിന്‍ഡ്ഷീല്‍ഡില്‍ മൂടല്‍ നിറയുന്നത് ഇക്കാലയളവില്‍ സാധാരണമാണ്. എന്തായാലും വാഹനം ഓടിക്കുമ്പോള്‍ കാഴ്ച മറയുന്നത് അതീവ ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി വയ്ക്കാനും സാധ്യത ഉയര്‍ത്തുന്നു. അപകടസാധ്യതകളെല്ലാം ഒഴിവാക്കി മഴക്കാലം ആസ്വദിച്ച് യാത്ര ചെയ്യുന്നതിന് വാഹനത്തെ ഡീഫോഗ് ചെയ്യാനുള്ള പൊടിക്കൈകള്‍ നോക്കാം.

ഫോഗിങ് അഥവാ ഗ്ലാസുകളിലെ മൂടല്‍ അന്തരീക്ഷത്തിലെ ജലം ആവിയായി ഘനീഭവിച്ച് ചില്ലുപ്രതലത്തില്‍ പരക്കുന്നതാണ്. ഇത് വിന്‍ഡ്ഷീല്‍ഡിനു പുറത്തും ഉള്ളിലും ഉണ്ടാകാം. വാഹനത്തിനുള്ളിലു പുറത്തും വ്യത്യസ്ത താപനില രൂപപ്പെടുന്നതാണ് ഈ ഫോഗിങ്ങിനു പിന്നിലുള്ള അടിസ്ഥാന കാരണം. 

wiper
Sashkin | Shutterstock

വൈപ്പര്‍

വാഹനത്തിനു പുറത്തെ താപനില വ്യത്യാസം മൂലം രൂപപ്പെടുന്ന ഫോഗ് വലിയ ജലത്തുള്ളികളായി ഗ്ലാസില്‍ നിറയും. പുറത്തുണ്ടാകുന്ന ഈ വ്യതിയാനം വൈപ്പര്‍ ഉപയോഗിക്കുന്നതിലൂടെ പൂര്‍ണമായി പരിഹരിക്കാം. ദീര്‍ഘ ഇടവേളകളില്‍ തനിയെ പ്രവര്‍ത്തിക്കുന്ന വൈപ്പര്‍ സംവിധാനം ഉപയോഗിക്കാം. 

ഡീഫോഗര്‍

കാറിനുള്ളില്‍ വിന്‍ഡ്ഷീല്‍ഡില്‍ മൂടല്‍ നിറയുകയാണെങ്കില്‍ ഉള്ളിലെ താപനില ഉയര്‍ന്നു നില്‍ക്കുകയായിരിക്കാം. ഇങ്ങനെ സംഭവിച്ചാല്‍ ഉപയോഗിക്കുന്നതിനു വാഹനത്തിനുള്ളില്‍ ക്രമീകരിച്ചിട്ടുള്ള സംവിധാനമാണ് ഡീഫോഗര്‍. എയര്‍ കണ്ടീ‌ഷനിങ് സംവിധാനത്തിനൊപ്പം ചേര്‍ത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ള സംവിധാനമാണ് ഇത്. വാഹനത്തിനുള്ളില്‍ ഉയര്‍ന്ന താപനില എസി ഉപയോഗിച്ച് കുറയ്ക്കാം. ഇതിനോടൊപ്പം തണുത്ത വായു വിന്‍ഡ്ഷീല്‍ഡിലേക്ക് നേരിട്ട് പതിക്കുന്ന വിധത്തില്‍ ക്രമീകരിച്ചാല്‍ മൂടല്‍മഞ്ഞ് മറയുന്ന വിധത്തില്‍ ഗ്ലാസ് തെളിഞ്ഞു വരുന്നതു കാണാം. വാഹനത്തിനു പുറത്തുള്ള അന്തരീക്ഷ താപനിലയെക്കാള്‍ താഴെയായിരിക്കണം വാഹനത്തിനുള്ളിലെ താപനില. 

car-defoger
SARYMSAKOV ANDREY | Shutterstock

വായു സഞ്ചാരത്തിന് വിന്‍ഡോ അല്‍പം താഴ്ത്താം

വിന്‍ഡ്ഷീല്‍ഡിലെ മൂടലിന്റെ അതിപ്രസരം കുറയ്ക്കാന്‍ മറ്റൊരു ലളിത മാര്‍ഗമാണ് വായു സഞ്ചാരം സുഗമമാക്കുന്നത്. ഇതിനായി വാഹനത്തിന്റെ വിന്‍ഡോ 5 മുതല്‍ 10 സെന്റീമീറ്റര്‍ വരെ താഴ്ത്തി ക്രമീകരിക്കാം. ഇത്തരത്തില്‍ വിന്‍ഡോ ക്രമീകരിച്ചാല്‍ വാഹനത്തിനുള്ളിലെയും പുറത്തെയും താപനില ഒരേപോലെ നിയന്ത്രിക്കാന്‍ സാധിക്കും. വലിയ മഴയില്‍ ഗ്ലാസ് താഴ്ത്തി ഉപയോഗിക്കുമ്പോള്‍ ഉള്ളില്‍ വെള്ളം കയറുന്നതു തടയാല്‍ ചെറിയ വിന്‍ഡോ ഷീല്‍ഡുകള്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറി വിപണിയില്‍ ലഭ്യമാണ്. 

ആന്റി ഫോഗ് സൊല്യൂഷന്‍

ഗ്ലാസില്‍ മൂടല്‍ പിടിക്കാതിരിക്കുന്നതിനുള്ള പ്രതിരോധ മാര്‍ഗമാണ് ആന്റി ഫോഗ് സൊല്യൂഷന്‍. വെള്ളത്തില്‍ ചേര്‍ത്ത സോപ്പ്, അല്ലെങ്കില്‍ ചെറിയ തോതില്‍ ഷേവിങ് ക്രീം എന്നിവ ഉള്ളില്‍ നിന്നു വിന്‍ഡ്ഷീല്‍ഡില്‍ തേയ്ക്കുന്നത് ഫോഗിങ് കുറയാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. വെള്ളത്തില്‍ ഇട്ടുവച്ച ഉണങ്ങിയ പുകയില ഉപയോഗിച്ച് വിന്‍ഡ്ഷീല്‍ഡിനു പുറംഭാഗം തുടച്ച് ഉപയോഗിച്ചാല്‍ മഴവെള്ളം തങ്ങി നില്‍ക്കില്ല. ഇത് ഡീഫോഗിങ്ങിനും സഹായകരമാകും.

English Summary: How To Defog Car’s Windshield – Monsoon Driving Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA