ADVERTISEMENT

ട്രാഫിക് ബ്ലോക്ക് കുറവ്, റോഡിൽ അധികം വാഹനങ്ങളില്ല തുടങ്ങീ നിരവധി ഘടകങ്ങളാണ് രാത്രിയിൽ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ രാത്രി യാത്രകൾ ഈ സൗകര്യങ്ങൾ നൽകുന്നതു പോലെ തന്നെ അപകടങ്ങളും വരുത്തിവയ്ക്കാറാണ് പതിവ്.

അപകടങ്ങളിൽ 25 % പുലർച്ചെ 3 നും രാവിലെ 8 നും ഇടയിൽ

2022–23 ശബരിമല സീസണിലുണ്ടായ അപകടങ്ങളിൽ 14 ശതമാനവും ഉറക്കവും ശാരീരിക ക്ഷീണവും മൂലമെന്നു മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ റിപ്പോർട്ട് പറയുന്നു. ആകെ അപകടങ്ങളിൽ 25 ശതമാനം പുലർച്ചെ മൂന്നിനും രാവിലെ എട്ടിനും ഇടയിൽ എന്നതും ശ്രദ്ധിക്കേണ്ട കാര്യം.

ഇക്കാര്യം ഓർക്കണം

∙ ഡ്രൈവർ ജോലി സ്ഥിരമായി ചെയ്യുന്നവരല്ലെങ്കിൽ ദൈനംദിന ഉറക്ക സമയത്തിന്റെ ഒരു മണിക്കൂറിനു ശേഷം ഒരു കാരണവശാലും വാഹനം ഓടിക്കരുത്. അറിയാതെ ഉറക്കത്തിലേക്കു വീണു പോകുമെന്നുറപ്പ്.

∙ ദീർഘദൂര യാത്രകളിൽ ഡ്രൈവറെ ഒപ്പം കൂട്ടുന്നത് അഭികാമ്യം.

∙ പരിചയമില്ലാത്ത റൂട്ടിൽ രാത്രിയാത്ര ഒട്ടും സുരക്ഷിതമല്ല

∙ ഉറക്കം ഒഴിവാക്കാൻ ലഹരി വസ്തുക്കൾ ഉപയോഗിച്ചു യാത്ര ചെയ്യുന്നതും ശരിയല്ല.

∙ എതിർഭാഗത്തു നിന്നു വരുന്ന വാഹനങ്ങളിലെ ലൈറ്റുകൾ പലപ്പോഴും കാഴ്ചയെ കുറയ്ക്കുന്നു. രാത്രി യാത്രയിൽ ഇതു ശ്രദ്ധിക്കണം.

ദൈവത്തിന്റെ കെട്ട് 

വാഹനങ്ങളിലെ സീറ്റ് ബെൽ‌റ്റിന്റെ വിളിപ്പേരാണ് ദൈവത്തിന്റെ കെട്ട് അഥവാ ഗോഡ്സ് നോട്ട്. 

ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ ഉപകരണമായി ഇന്നും കണക്കാക്കുന്നതു സീറ്റ് ബെൽറ്റാണ്. മുന്നോട്ടു നോക്കിയിരിക്കുന്ന എല്ലാ സീറ്റിലേയും യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണമെന്നാണു മോട്ടർ വാഹന നിയമം പറയുന്നത്. അപകടമുണ്ടാകുമ്പോൾ സീറ്റിനോടു ചേർത്തു നിർത്തുകയും നമ്മുടെ ശരീരം ചലിക്കുന്നത് ഇല്ലാതാക്കുകയുമാണു സീറ്റ് ബെൽറ്റ് ചെയ്യുന്നത്.

100 കിലോമീറ്റർ വേഗത്തിൽ പോകുന്ന വാഹനത്തിലിരിക്കുന്നവരും 100 കിലോമീറ്റർ വേഗത്തിൽത്തന്നെ സഞ്ചരിക്കുന്നു. പെട്ടെന്നു എവിടെയെങ്കിലും ഇടിച്ചു നിൽക്കുമ്പോൾ ശരീരവും അതേ വേഗത്തിൽ പോയി ഇടിക്കുന്നു. ഇതൊഴിവാക്കുകയാണു സീറ്റ് ബെൽറ്റ് ചെയ്യുന്നത്. പുതിയ വാഹനങ്ങളിൽ മുൻവശത്തെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ അലാം അടിക്കും. ഇതു ഒഴിവാക്കാനുള്ള ഡിവൈസുകളുടെ വിൽപന തടഞ്ഞിട്ടുണ്ട്.

seat-belt

ഗർഭിണികൾ സീറ്റ് ബെൽറ്റ് ഒഴിവാക്കേണ്ട

ഗർഭിണികൾ കാർ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ഒഴിവാക്കേണ്ട ആവശ്യമില്ല. വയർ ബെൽറ്റിൽ ഞെരുങ്ങും എന്ന ആശങ്കയും വേണ്ട. ഗർഭസ്ഥ ശിശുവിനും സമ്മർദമുണ്ടാകില്ല. സീറ്റ് ബെൽറ്റ് രൂപകൽപന ശരീരം കെട്ടിവയ്ക്കുന്ന തരത്തിലല്ല.

നല്ല ഡ്രൈവർ നല്ല മനുഷ്യനാകും

മികച്ച ട്രാഫിക് സംസ്കാരത്തിന്റെ അഭാവം പലപ്പോഴും റോഡ് അപകടങ്ങളിലേക്കു നയിക്കുന്നു. നല്ല ഒരു ഡ്രൈവർ നല്ല ഒരു മനുഷ്യനുമാകും. ഒരാളുടെ സ്വഭാവം അയാളുടെ ഡ്രൈവിങ്ങിൽ പ്രതിഫലിക്കും.

∙ റോഡ് സുരക്ഷാ അവബോധത്തിന്റെ കുറവ് വാഹനാപകടങ്ങളുടെ പ്രധാന കാരണമാകുന്നു.

∙ യഥാർഥ ഡ്രൈവർക്ക് ഓടിക്കുന്ന വാഹനം, സന്ദർഭം, റോഡ് സാഹചര്യം, കാലാവസ്ഥാ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചു ബോധ്യം വേണം.

∙ ഓരോ വാഹനവും വ്യത്യസ്തമാണ്. ഒരേ ബ്രാൻഡ് ആണെങ്കിൽ പോലും വ്യത്യാസങ്ങളുണ്ടാകാം. പുതിയ വാഹനത്തിൽ കയറുമ്പോൾ ഇണങ്ങും വരെ ക്ഷമയോടെ കൈകാര്യം ചെയ്യണം.

∙ ജോലിയുടെ സ്റ്റാറ്റസ് ഡ്രൈവിങ്ങിൽ കൊണ്ടു വരരുത്. റോഡിൽ വാഹനം ഓടിക്കുന്നവർ എല്ലാവരും ഡ്രൈവർ മാത്രമാണ്.

∙ ഒരു ഡ്രൈവർ മറ്റു വാഹനങ്ങളെ മാത്രമല്ല കാൽ നട യാത്രക്കാർ, പാർ‌ക്ക് ചെയ്ത വാഹനങ്ങൾ, റോഡിന്റെ വശങ്ങൾ, മറ്റു ജീവികൾ, വ്യാപാരികൾ ഉൾപ്പെടെയുള്ള റോഡ് ഉപയോക്താക്കളെയെല്ലാം ശ്രദ്ധിക്കണം.

∙ റോഡ് സിഗ്നലുകൾ‌ നോക്കി വേണം വാഹനം ഓടിക്കാൻ. ഇപ്പോൾ പ്രധാന റോഡുകളിൽ അടക്കം റോഡ് സിഗ്നലുകളുണ്ട്. ഇതു പലപ്പോഴും ശ്രദ്ധിക്കാറില്ല. റോഡ് സിഗ്നലുകളെക്കുറിച്ചു ധാരണ വേണം. അതു നോക്കി ഓടിച്ചു പരിശീലിക്കണം.

സീറ്റ് ബെൽറ്റ് : ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

∙ 3 പോയിന്റ് സീറ്റ് ബെൽറ്റ് ശരിയായ രീതിയിൽത്തന്നെ ധരിക്കുന്നു എന്ന് ഉറപ്പാക്കുക

∙ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് വേണം.

∙ പുതിയ വാഹനമെങ്കിൽ സീറ്റിലെ പ്ലാസ്റ്റിക് കവർ നീക്കം ചെയ്ത് സീറ്റ് ബെൽറ്റ് കൃത്യമായി ഇടാൻ സാധിക്കും എന്ന് ഉറപ്പാക്കുക. സീറ്റിനു കവർ ഇടുമ്പോഴും സീറ്റ് ബെൽറ്റ് പ്രൊവിഷൻ കൃത്യമാണോ എന്ന് ഉറപ്പാക്കണം.

∙ 14 വയസ്സിനു മുകളിലുള്ള എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണം. 14 വയസ്സിൽ താഴെയുള്ള കുട്ടികൾ അവരുടെ ശാരീരിക അവസ്ഥ അനുസരിച്ചു സീറ്റ് ബെൽറ്റ് ധരിക്കുകയോ ചൈൽ‌ഡ് സീറ്റിൽ ഇരിക്കുകയോ വേണം.

∙ കുട്ടികൾക്കായി സീറ്റ് ബെൽറ്റുള്ള ചൈൽഡ് സീറ്റ് കാറുകളുടെ പിൻസീറ്റിൽ ഉറപ്പാക്കണം.

വിവരങ്ങൾ: ജി. അനീഷ് കുമാർ, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ, ആർടിഒ എൻഫോഴ്സ്മെന്റ്, കോട്ടയം

English Summary: Safety Tips For Driving At Night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com