ഇന്‍ഡിക്കേറ്റര്‍ വെറുമൊരു ലൈറ്റല്ല! എപ്പോഴൊക്കെ ഇടണം, എത്ര ദൂരം മുമ്പേ ഇടണം?

turn-indicator
Image Source: Virender Singh,amlanmathur | istockphoto
SHARE

വാഹനം ഓടിക്കുന്നവര്‍ ദിവസവും ഉപയോഗിക്കുന്ന സിഗ്നലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്‍ഡിക്കേറ്റര്‍. മുന്നിലും പിന്നിലും വശങ്ങളിലായി കാണുന്ന ഈ ലൈറ്റുകളുടെ പ്രാധാന്യം പലപ്പോഴും വാഹനം ഉപയോഗിക്കുന്നവര്‍ക്കു പോലും പൂര്‍ണമായി പിടികിട്ടണമെന്നില്ല.  മറ്റു ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററിന്റെ പ്രധാന ഉദ്ദേശ്യം. ടേണ്‍ ഇന്‍ഡിക്കേറ്ററുകളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഒന്നു ശ്രദ്ധിക്കാം. 

1. വശങ്ങളിലേക്കു തിരിയുന്നതിനുള്ള സൂചന

സാധാരണ ഗതിയില്‍ ഇടതു-വലതു ഭാഗങ്ങളിലേക്ക് തിരിയുന്നു എന്നതിന്റെ സൂചന നല്‍കുന്നതിനാണ് ഇന്‍ഡിക്കേറ്ററുകള്‍ പ്രധാനമായി ഉപയോഗിക്കുന്നത്. വശങ്ങളിലേക്ക് തിരിയുന്നു എന്ന സൂചന മുന്‍കൂട്ടി കണ്ട് പിന്നിലെയും മുന്നിലെയും വാഹനങ്ങളുടെ നിയന്ത്രണം സുരക്ഷിതമാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ഇതു സഹായകരമാകും. 

2. ഹൈവേകളില്‍ ലെയ്ന്‍ മാറാനുള്ള സൂചന

വശങ്ങളിലേക്കു തിരിയുന്നതുപോലെ തന്നെ വലിയ റോഡുകളില്‍ ലെയ്ന്‍ മാറാനും മറ്റും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുന്നു. 

3. ഓവര്‍ടേക്കിങ്

ഒരു വാഹനത്തിനെ മറികടക്കാന്‍ ഒരുങ്ങുന്നു എന്നു പിന്നിലുള്ള വാഹനത്തിലെ ഡ്രൈവറെ അറിയിക്കാനും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കാം. 

turn-indicator-2
Dudbrain | istockphoto

ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുമ്പോള്‍

പ്രധാന പ്രവര്‍ത്തനങ്ങള്‍ മുകളില്‍ പറഞ്ഞതാണെങ്കിലും ഇത് എപ്പോഴൊക്കെ ഉപയോഗിക്കണമെന്ന് പലര്‍ക്കും കാര്യമായ ധാരണയില്ല. ഇന്‍ഡിക്കേറ്റര്‍ എപ്പോഴെല്ലാം ഓണ്‍ ചെയ്യണം, അതിന്റെ ദൂര പരിധികള്‍ എന്നിവയെല്ലാം നമ്മുടെ മോട്ടര്‍ വാഹന നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. മുന്‍പ് ഹാന്‍ഡ് സിഗ്നലുകള്‍ ധാരാളമായി ഉപയോഗിച്ചിരുന്നെങ്കിലും പുതുതലമുറ വാഹനങ്ങള്‍ എത്തിയതോടെ സിഗ്നലുകള്‍ പൂര്‍ണമായി ഇന്‍ഡിക്കേറ്ററുകള്‍ ഏറ്റെടുക്കുകയാണ്. 

ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കേണ്ടത്

തിരിയുന്നതിനു തൊട്ടു മുന്‍പാണ് പലരും പലപ്പോഴും ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ചെയ്യുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതങ്ങനെ അല്ല. വാഹനം തിരിക്കാന്‍ ഉദ്ദേശിക്കുന്നതിനും ഏകദേശം 200 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ചെയ്യണമെന്ന് നിയമത്തില്‍ പറയുന്നു. ഹൈവേകളില്‍ ഏകദേശം 900 അടി മുമ്പ് ഓണ്‍ ചെയ്യണം. തിരിഞ്ഞശേഷം ഇന്‍ഡിക്കേറ്റര്‍ നിന്നു എന്ന് കൃത്യമായി ഉറപ്പാക്കണം.

turn-indicator-4
Amlanmathur | istockphoto

യു ടേണ്‍ എടുക്കുമ്പോള്‍ 30 മീറ്റര്‍ മുന്‍പ്  ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങണം. ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാമെന്നു ധരിച്ചെങ്കില്‍ തെറ്റി. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാവൂ. പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം. ബ്രൈറ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കാന്‍ പാടില്ല. എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ അപകട സാധ്യത ഏറും. 

മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടരുത്. ഹാന്‍ഡ് സിഗ്നലാണ് ഇവിടെ നല്ലത്. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ചെയ്യാം. നിങ്ങള്‍ വാഹനം ഒതുക്കുകയാണെന്ന ധാരണയല്‍ പിന്നിലുള്ള വാഹനത്തിനു കടന്നുപോകാന്‍ സാധിക്കും. 

നാലുംകൂടിയ കവലകളിലും മറ്റും ഹസാഡ് ലാംപ് ഉപയോഗിക്കുന്നവരുണ്ട്. ഇതു പൂര്‍ണമായി തെറ്റാണ്. വാഹനത്തിന്റെ നാല് ഇന്‍ഡിക്കേറ്ററും കൂടി ഒരുമിച്ച് ഇട്ടാല്‍ നേരെ പോകാം എന്നല്ല. ഹസാഡ് സിഗ്‌നല്‍ മുന്നിലുള്ള അപായ സൂചനയെ പിന്നിലുള്ളവര്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ മാത്രമുള്ളവയാണ്. 

ഇനി ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഇവയും കൂടി ശ്രദ്ധിച്ച് വാഹനം ഓടിക്കുക. 

English Summary: Use Of Vehicle Indicators In Vehicles

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS