ADVERTISEMENT

ഒട്ടും ക്ഷമയില്ലാതെ വാഹനമോടിക്കുന്നവരുടെ ഇടയിലേക്കാണ് അപ്പൂപ്പൻ കാറും കൊണ്ട് ഇറങ്ങുന്നത്. ഇപ്പോഴത്തെ പിള്ളേരുടെ ബൈക്കോടിക്കൽ രീതികളൊക്കെ ഒന്നു മനസ്സിലാക്കിവയ്ക്കുന്നതു നന്നായിരിക്കും.’’ കാറുമായി പുറത്തിറങ്ങാൻ തുടങ്ങിയ മുതിർന്ന പൗരന് കൊച്ചുമകന്റെ ഉപദേശം. അപ്പൂപ്പന്റെ പഴയ കാലത്തെ ട്രാഫിക് അല്ല ഇപ്പോൾ എന്നു സാരം. വെറും ശ്രദ്ധ പോരാ, അതീവ ശ്രദ്ധ തന്നെ വേണം എന്ന് ഉപദേശം നീളുന്നു. 

 

കാലം മാറുന്നതിനനുസരിച്ച് ഡ്രൈവിങ് രീതിക്ക് വളരെ മാറ്റം വന്നുകഴിഞ്ഞു. ഒരുപാടു കാര്യങ്ങൾ മുൻകൂട്ടി കണ്ടു വേണം വാഹനമോടിക്കാൻ എന്ന സ്ഥിതി മുതിർന്ന പൗരന്മാരുടെ ഡ്രൈവിങ്ങിനെ അൽപം ബുദ്ധിമുട്ടിലാക്കും. മുതിർന്ന പൗരന്മാർ ഡ്രൈവിങ് അപകടരഹിതമാക്കാൻ ചില കാര്യങ്ങളിൽ മുൻകരുതൽ വേണം 

 

കാഴ്ചശക്തി പരിശോധന

 

കാഴ്ചശക്തി പരിശോധന ഇടയ്ക്കിടെ നടത്തണം. തിമിരം പോലുള്ള നേത്രരോഗങ്ങൾ ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. ഡോക്ടർ നിർദേശിക്കുന്ന ഇടവേളകളിൽ കൃത്യമായി പരിശോധന നടത്തണം. ചിലർക്ക് നേത്രരോഗം മൂലം രാത്രി ഡ്രൈവ് ചെയ്യാനാകാത്ത അവസ്ഥയുണ്ട്. ഇത്തരം രോഗങ്ങൾ ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. 

 

കേൾവി പരിശോധന

 

പ്രായമേറിയതിനെത്തുടർന്ന് കേൾവിക്കു തകരാറുണ്ടോ എന്നും പരിശോധിക്കണം. മറ്റു വാഹനങ്ങൾ മുഴക്കുന്ന ഹോൺ കേൾക്കാത്ത അവസ്ഥയാണെങ്കിൽ അത് അപകടം വിളിച്ചുവരുത്തും. 

 

മരുന്നുകളുടെ പാർശ്വഫലം

 

നിങ്ങൾ കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലം മൂലം ഉറക്കം ഉണ്ടാകുന്നുണ്ടോ? എങ്കിൽ ഡ്രൈവിങ്ങിനു മുൻപ് ഇത്തരം മരുന്നു കഴിക്കുന്നത് അപകടകരമാകാൻ ഇടയുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്ന് ഒഴിവാക്കാൻ പാടുള്ളൂ. 

 

ഫോൺ ഒഴിവാക്കാം 

 

ഡൈവിങ്ങിനിടെ ഫോൺ വന്നാൽ എടുക്കാതിരിക്കുക. ഡ്രൈവ് ചെയ്തുകൊണ്ട് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. ഡ്രൈവിങ്ങിൽ ശ്രദ്ധ കുറയുമെന്നതിനാലാണിത്. 

 

രാത്രിയിലെ ഡ്രൈവിങ് 

 

രാത്രിയിലെ ഡ്രൈവിങ് മുതിർന്ന പൗരന്മാർ കഴിവതും ഒഴിവാക്കണം. എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റ് ഡിം ചെയ്യാത്തതു മൂലം ഡ്രൈവിങ് വിഷമകരമാകാനിടയുണ്ട്. രാത്രി ഉറക്കം വരാനുള്ള സാധ്യതയുമുണ്ട്. 

 

അറിയാവുന്ന വഴിയിലൂടെ മാത്രം

 

മുതിർന്ന പൗരന്മാർ അറിയാത്ത വഴിയിലൂടെ ഡ്രൈവ് ചെയ്യുന്നത് അപകടസാധ്യതയുണ്ടാക്കുന്നു. സ്ഥിരമായി പോകുന്ന വഴി തിരഞ്ഞെടുക്കുക. 

 

റിഫ്ലക്സ് ആക്‌ഷൻ

 

പ്രായമേറുന്തോറും റിഫ്ലക്സ് ആക്‌ഷൻ പതുക്കെയാകാൻ സാധ്യതയുണ്ട്. അപകടകരമായ ഒരു സാഹചര്യം കണ്ടാൽ അതിനനുസരിച്ച് ഡ്രൈവിങ്ങിൽ മാറ്റം വരുത്താൻ എടുക്കുന്ന സമയം കൂടുതലാകുന്നു. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. മുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് കൂടുതൽ അകലം പാലിച്ച് ഡ്രൈവ് ചെയ്യാൻ ശ്രമിക്കുക. മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടാൽ അപകടം ഒഴിവാക്കാൻ വേണ്ടിയാണിത്. 

 

ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ പ്രായത്തെ ജയിച്ച് ഡ്രൈവിങ് സുഖകരമാക്കാം. പഴയ കാലത്തിൽ നിന്നു വ്യത്യസ്തമായി കൂടുതൽ ഗിയറുകളുള്ളതും വേഗം കൂടിയതുമായ വാഹനങ്ങൾ ഏറെയാണിന്ന്. ഇവയുടെ വരവ് മുൻകൂട്ടി കണ്ടു വേണം മുതിർന്ന പൗരന്മാർ കാറുമായി നിരത്തിലിറങ്ങാൻ. 

 

English Summary: Safe Driving Tips for the Elderly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com