ADVERTISEMENT

കോട്ടയം ∙ മഴ.. കട്ടൻ ചായ.. ജോൺസൺ മാഷ് ! ഈ വൈബിന് അപ്പുറം മറ്റൊന്നു കൂടിയുണ്ട്. മഴക്കാല യാത്രകൾ. എന്നാൽ മഴക്കാലത്തു ഡ്രൈവിങ്ങിനായി വാഹനങ്ങളെ ഒരുക്കുക ഉടമയ്ക്ക് വലിയ ഉത്തരവാദിത്തമാണ്. വാഹനങ്ങൾ ഓടിക്കുമ്പോഴും ശ്രദ്ധ വേണം. അങ്ങനെ മഴക്കാല ഡ്രൈവിങ് ആസ്വാദ്യമാക്കാം.

 

വാഹനത്തെ അറിയാം, ശ്രദ്ധിക്കാം

 

1. ടയർ

വാഹനം ഏതായാലും ആദ്യം ശ്രദ്ധിക്കേണ്ടത് ടയറുകൾ. ആവശ്യമായ ത്രെഡ് ഇല്ലെങ്കിൽ ടയർ മാറ്റുന്നത് അഭികാമ്യം. ടയർ പ്രഷർ ഇടയ്ക്കിടെ പരിശോധിച്ചു കൃത്യമെന്ന് ഉറപ്പാക്കുക.

 

2. ബ്രേക്ക്

ഡിസ്ക് ബ്രേക്ക് കാലിപ്പറുകളിൽ ജലാംശവും ചെളിയും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. വെള്ളം ശക്തമായി കാലിപ്പറുകളിലേക്ക് അടിച്ച് കഴുകുന്നതു നല്ലതാണ്. ഡ്രം ബ്രേക്കിൽ പാഡിന് തുരുമ്പു പിടിക്കാതെ നോക്കുക. നനഞ്ഞ സ്ഥിതിയിൽ ദിവസങ്ങളോളം ഉപയോഗിക്കാതിരുന്നാൽ ബ്രേക്ക് ജാമാകാൻ സാധ്യതയുണ്ട്. വലിയ വെള്ളക്കെട്ടിൽ വാഹനം ഇറങ്ങിക്കയറിയ ശേഷം മുന്നോട്ടു പോകുമ്പോൾ ബ്രേക്ക് പെഡൽ അമർത്തി വേഗം കുറച്ച് സഞ്ചരിക്കുക. ഇതു ബ്രേക്കിനുള്ളിലെ നനവ് പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും.

 

3. ബോഡി

ആവശ്യമായ ഭാഗങ്ങളിൽ ഗ്രീസ് പുരട്ടുക, ആന്റി മോയ്സ്ചർ സ്പ്രേ ഇരുമ്പുഭാഗങ്ങളിൽ പൂശുക. ഇതിനായി സർവീസ് സെന്ററുകളുടെ സേവനം തേടാം. കാറുകളുടെ ബോഡിയിൽ വാക്സ് (പോളിഷ്) ഉപയോഗിക്കുന്നതു വാഹനത്തിന്റെ പെയ്ന്റ് ക്വാളിറ്റി നിലനിർത്തും. വെള്ളം തങ്ങിനിൽക്കുന്നതും ഒഴിവാക്കും.

 

4. ബാറ്ററി, ലൈറ്റുകൾ

മഴക്കാലത്തു ബാറ്ററി പരിശോധിക്കുക, ഒപ്പം ഇലക്ട്രിക്കൽ ഭാഗങ്ങളിലും ശ്രദ്ധ വേണം. ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്ററുകൾ എന്നിവ പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കുക.

 

5 വൈപ്പർ ബ്ലേഡ്

വെയിലേറ്റു പൊട്ടിയ വൈപ്പർ ബ്ലേഡുകൾ മാറ്റുക. വൈപ്പറുകൾ വെള്ളം നന്നായി തുടച്ചു മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കുക.

 

6. ഡീഫോഗർ

എസി കാറുകളിൽ ഡീഫോഗർ പ്രവർത്തനക്ഷമമാണോ എന്നു പരിശോധിക്കുക. മഴക്കാലത്ത് വാഹനത്തിന്റെ ചില്ലിൽ മൂടലുണ്ടാകുന്നതു സ്വാഭാവികം.

 

7. ഇന്റീരിയർ

വാഹനത്തിന്റെ അകം നനഞ്ഞാൽ ഉണക്കി സൂക്ഷിക്കുക. മാറ്റുകളും കുഷ്യനും ഉണക്കി സൂക്ഷിക്കുക. ഇല്ലെങ്കിൽ വാഹനത്തിനുള്ളിൽ ഫംഗസ് ബാധയുണ്ടാക്കും. സീറ്റുകൾ നശിക്കും. യാത്രക്കാർക്ക് ഫംഗസ് ബാധ ശ്വാസകോശ പ്രശ്നങ്ങളുണ്ടാക്കും.

 

8. ചെയ്ൻ ക്ലീനിങ്

ഇരുചക്ര വാഹനങ്ങളിലെ തുരുമ്പ് ചെയ്നിന്റെ ആയുസ്സ് കുറയ്ക്കും. ചെളി കയറിയതായി കണ്ടാൽ വാഹനം കഴുകി വൃത്തിയാക്കിയ ശേഷം ലൂബ്രിക്കേറ്റ് ചെയ്യുക.

 

9. ഇന്ധന ടാങ്ക് വാഷർ

ഇരുചക്ര വാഹനങ്ങളിൽ ഇന്ധന ടാങ്കിന്റെ അടപ്പ് മോശമല്ലെന്ന് ഉറപ്പുവരുത്തുക. തുരുമ്പു കാരണമോ, വാട്ടർ ഫ്ലോ ഔട്ട്‌ലെറ്റ് അടഞ്ഞുപോകുന്നതു വഴിയോ ടാങ്കിൽ വെള്ളമെത്താം. ഇത് സ്റ്റാർട്ടിങ് ട്രബിളുണ്ടാക്കാം. ചിലപ്പോൾ എൻജിൻ നശിക്കുന്നതിനും കാരണമാകും.

 

മഴയിൽ വാഹനം ഓടിക്കുമ്പോൾ

 

∙ കനത്ത മഴയിൽ വാഹനം പതുക്കെ ഓടിക്കുക.

∙ റോഡിൽ വെള്ളക്കെട്ടുള്ള സ്ഥലത്ത് അപകടസാധ്യത കൂടുതലാണ്. പെട്ടെന്ന് ബ്രേക്ക് ചവിട്ടരുത്. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും അപകടം.

∙ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകൾ തെളിക്കുന്നതു നല്ലതാണ്. വാഹനത്തിൽ ഫോഗ് ലൈറ്റ് ഉണ്ടെങ്കിൽ അതും ഉപയോഗിക്കാം.

∙ വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കരുത്. മറ്റു വാഹനങ്ങളുമായി അകലം പാലിക്കണം.

∙ റോഡിലെ വെള്ള– മഞ്ഞ വരകളിൽ ബ്രേക്കിടുമ്പോൾ സൂക്ഷിക്കുക. തെന്നി നീങ്ങാൻ സാധ്യത കൂടുതലാണ്.

∙ അത്യാവശ്യമെങ്കിൽ മാത്രം രാത്രികാല യാത്രകൾ നടത്തുക. പരിചയമില്ലാത്ത റോഡുകളിൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.

∙ മഴയുള്ള സമയത്ത് മരങ്ങളുടെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്യരുത്.

∙ ഇരുചക്ര വാഹനങ്ങളുടെ പിറകിൽ ഇരുന്ന് കുട നിവർത്തരുത്. കാറ്റുപിടിച്ചു യാത്രക്കാർ നിലത്തുവീണ് അപകടമുണ്ടാകാനിടയുണ്ട്.

∙ ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഗുണനിലവാരമുള്ള ഹെൽമറ്റ് ഉപയോഗിക്കണം. 

∙ പരമാവധി തെളിച്ചമുള്ള നിറത്തിലുള്ള മഴക്കോട്ടുകൾ ഉപയോഗിക്കുക.

∙ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം ഒരു ‘വലിയ കുഴി’യാണ് എന്ന വിചാരത്തോടെ വാഹനം ഓടിക്കുക.

∙ യു ടേൺ എടുക്കുമ്പോൾ 30 മീറ്റർ മുൻപെങ്കിലും ഇൻഡിക്കേറ്റർ ഇടുക. പിറകിൽ വാഹനങ്ങൾ വരുന്നുണ്ടോ എന്ന് റിയർ വ്യൂ മിററിലൂടെ ശ്രദ്ധിക്കുകയും വേണം.

∙ എതിർ ദിശയിൽ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാവൂ.

∙ ഉപയോഗശേഷം ഇൻഡിക്കേറ്റർ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

∙ മഴക്കാലത്ത് ഇരുചക്ര വാഹനയാത്രയിൽ റിഫ്ലക്ടർ സ്ട്രാപ് ഉള്ള മഴക്കോട്ടുകൾ ഉപയോഗിക്കുക.

∙ കുട ചൂടിക്കൊണ്ട് മോട്ടർ സൈക്കിളിൽ യാത്ര ചെയ്യരുത്.

 

മലയോരത്തെ അറിഞ്ഞ് മഴക്കാല യാത്ര

 

∙ ഹൈറേഞ്ചിലേക്ക് വാഹനമോടിക്കുമ്പോൾ ഭൂപ്രകൃതിയെക്കുറിച്ച് അറിഞ്ഞു മാത്രം യാത്ര ചെയ്യുക. വഴി അറിയാത്തവർ രാത്രി യാത്ര പരമാവധി ഒഴിവാക്കുക.

∙ ഇറക്കവും വളവും ധാരാളമുള്ള റോഡിൽ വേഗം കുറച്ച് വാഹനമോടിക്കുക. മണിക്കൂറിൽ 30–50 കിലോമീറ്റർ സുരക്ഷിതമായ വേഗമായി കണക്കാക്കാം.

∙ ചെറിയ മഴയിൽ പോലും സഡൻ ബ്രേക്കിങ് വാഹനം തെന്നിമറിയാനിടയാക്കിയേക്കും. കുറഞ്ഞ വേഗമാണ് പരിഹാരം.

∙ കാഴ്ച മറയ്ക്കുന്ന വിധം മഞ്ഞുണ്ടെങ്കിൽ നിർബന്ധമായും വാഹനം ഒതുക്കി നിർത്തി അന്തരീക്ഷം തെളിയാനായി കാത്തിരിക്കുക.

∙ റോഡിനു നടുവിൽ വരയുണ്ടെങ്കിൽ അതിൽ നോക്കി മെല്ലെ വണ്ടിയോടിക്കുക. വശങ്ങളിലെ വരകളോട് ചേർന്നു പോകരുത്. പലയിടത്തും റോഡ് കഴിഞ്ഞ് അധികം വീതിയുണ്ടാകില്ല.

∙ വളവുകളിൽ നിർബന്ധമായും ഹോൺ അടിക്കുക.

∙ ഉറക്കവും വില്ലനായേക്കാം. ക്ഷീണം തോന്നിയാൽ വണ്ടി നിർത്തി വിശ്രമിക്കുക. 

∙ യാത്രാദിവസങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് അനുകൂല സാഹചര്യമല്ലെങ്കിൽ യാത്ര ഒഴിവാക്കുക.

 

വിവരങ്ങൾക്കു കടപ്പാട്:

∙ കെ.ഹരികൃഷ്ണൻ, ആർടിഒ, കോട്ടയം

∙ ആർ‌.രമണൻ, ആർടിഒ, ഇടുക്കി

 

English Summary: Driving In Rain, Things To Remember

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com