നിങ്ങളുടേയോ പരിചയക്കാരുടേയോ കാറിന്റെ മുന്നിലെ ചില്ലു തകര്‍ന്ന അനുഭവമുണ്ടാവും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പലപ്പോഴും ഒഴിവാക്കാവുന്നതാണ് ഈ പ്രശ്‌നം. ആദ്യത്തേതും പ്രധാനപ്പെട്ടതുമായ വില്ലന്‍ മോശം റോഡാണ്. വളരെ മോശം റോഡിലൂടെ വേഗത്തില്‍ വാഹനം ഓടിക്കുന്നത് ആദ്യംതന്നെ ഒഴിവാക്കണം. ഇതിനു പുറമേ നമ്മുടെ വാഹനത്തിന്റെ ചില്ലു തകര്‍ക്കുന്ന ഏഴു കാരണങ്ങളെ വിശദമായി അറിയാം.
ഗുണനിലവാരം
കാറിന്റെ ചില്ലിന്റെ ഗുണനിലവാരം പ്രധാനമാണ്. കാര്‍ നിര്‍മാതാക്കള്‍ മോശം നിലവാരത്തിലുള്ള ചില്ല് ഉപയോഗിച്ചാല്‍ അത് പെട്ടെന്നു തന്നെ തകരാനിടയുണ്ട്. ചെറിയൊരു തട്ടലോ മുട്ടലോ വഴി കാറിന്റെ ചില്ലു തകരുന്നുണ്ടെങ്കില്‍ ഉപയോഗിച്ച ഗ്ലാസിന്റെ നിലവാരക്കുറവാകാം.
ഘടിപ്പിക്കുമ്പോള്‍
ചില്ല് സ്ഥാപിക്കുമ്പോഴുള്ള പാകപ്പിഴകളും ചില്ലു തകരുന്നതിലേക്ക് നയിച്ചേക്കാം. സാധാരണ നിലയില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. ചില്ലിന്റെ വലുപ്പവും ഫ്രെയിമിന്റെ വലുപ്പവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ പ്രശ്‌നം ഗുരുതരമാക്കും. വേഗത്തിൽ പോകുമ്പോള്‍ കാറിന്റെ ചില്ലിന് വിറയലുണ്ടെങ്കില്‍ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.
സുരക്ഷിത അകലം
നിര്‍മാണ സാമഗ്രികളുമായി പോവുന്ന വലിയ വാഹനങ്ങളില്‍ നിന്നും നമുക്കു വേണ്ട സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്. ഈ വാഹനങ്ങളില്‍ നിന്നു സാധനങ്ങള്‍ പുറത്തേക്കു തെറിച്ചു വീഴാനും നമ്മുടെ വാഹനത്തില്‍ പതിക്കാനുമുള്ള സാധ്യതയുണ്ട്. പരമാവധി ഇത്തരം വാഹനങ്ങളുടെ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്.
ചൂട്
അന്തരീക്ഷ താപനിലയും ചില്ലു പൊട്ടിക്കുന്ന കാരണങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ചും വളരെ വേഗത്തില്‍ താപനില ഉയരുകയും കുറയുകയും ചെയ്താലോ തിരിച്ചു സംഭവിച്ചാലോ ചില്ലില്‍ പൊട്ടലുണ്ടാവാനിടയുണ്ട്. വാഹനങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ പാര്‍ക്കു ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
മരങ്ങള്‍
മരത്തിന് അടിയില്‍ നല്ല തണലു കാണുമ്പോള്‍ അതിനടിയില്‍ കാറു പാര്‍ക്കു ചെയ്യാന്‍ നമ്മളെല്ലാവരും ശ്രമിക്കാറുണ്ട്. എന്നാല്‍ അത് എപ്പോഴും നല്ല കാര്യമാവണമെന്നില്ല. മരങ്ങള്‍ക്കു മുകളില്‍ നിന്നും പഴങ്ങളോ മരച്ചില്ലകളോ ഒടിഞ്ഞു വീണാല്‍ അത് അപകടം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാവും.
ആലിപ്പഴം
നമ്മുടെ നാട്ടില്‍ അപൂര്‍വമാണ് ആലിപ്പഴം വീഴുന്നത്. എങ്കിലും ചിലപ്പോഴെങ്കിലും മഞ്ഞുകട്ടയുടെ വീഴ്ച അപകടങ്ങള്‍ക്കിടയാക്കാറുണ്ട്. വളരെ വേഗത്തില്‍ താഴേക്കു പതിക്കുന്ന മഞ്ഞുകട്ടക്ക് നമ്മുടെ കാറുകളുടെ ചില്ലു തകര്‍ക്കാന്‍ ശേഷിയുണ്ട്. ആലിപ്പഴം വീഴുമ്പോള്‍ സാഹചര്യങ്ങളില്‍ വാഹനം വേഗത്തില്‍ ഓടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
മര്‍ദം
എക്‌സ്പ്രസ് വേകളിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ചില കാറുകള്‍ക്കെങ്കിലും പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. പ്രത്യേകിച്ചും കാറുകളുടെ മുന്‍ ചില്ലുകളില്‍ വലിയ തോതില്‍ മര്‍ദം സംഭവിക്കുകയും ചില്ലില്‍ വിള്ളലുണ്ടാവുകയും ചെയ്യാറുണ്ട്.
യാത്രികരെ സുരക്ഷിതരാക്കുന്നതില്‍ കാറിന്റെ മുന്‍ചില്ല് വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങള്‍ പോലും ചില്ലില്‍ ഉണ്ടെന്നു തോന്നിയാല്‍ ഉടനെ വിദഗ്ധരെ കാണിക്കണം. ചില്ലിലെ വിള്ളൽ വളരെ ചെറുതാണെങ്കില്‍ പോലും കണ്ടില്ലെന്നു നടിക്കരുത്.
English Summary: Seven Reasons For Car Windshields To Crack