ADVERTISEMENT

സാങ്കേതികതയുടെ കാര്യത്തില്‍ വാഹന നിര്‍മാതാക്കള്‍ തമ്മില്‍ മത്സരമാണ്. ലക്ഷ്വറി കാറുകളിലുള്ള സന്നാഹങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ എത്തിച്ചാല്‍ അവര്‍ രാജാക്കന്‍മാരാകുമെന്ന് സാരം. അങ്ങനെയെങ്കില്‍ ഇന്ന് ഭൂരിഭാഗം കാറുകളിലും ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ക്രൂസ് കണ്‍ട്രോള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പഠനങ്ങള്‍ ആരംഭിച്ച് കണ്ടു പിടിക്കപ്പെടുകയും പിന്നീട് ആഡംബര വാഹനങ്ങളില്‍ പ്രചാരത്തിലാവുകയും ചെയ്ത സംവിധാനമാണ് ക്രൂസ് കണ്‍ട്രോള്‍. ഇന്ന് ഭൂരിഭാഗം വാഹനങ്ങളിലുമുള്ള ഈ സാങ്കേതികവിദ്യ എന്താണെന്നും അത് എങ്ങനെ കണ്ടുപിടിക്കപ്പെട്ടെന്നും നോക്കാം.

എന്താണ് ക്രൂസ് കണ്‍ട്രോള്‍?

ക്രൂസ് കണ്‍ട്രോള്‍ വാഹനത്തിന്റെ വേഗവുമായി ബന്ധപ്പെട്ട ഒരു സംവിധാനമാണ്. ഡ്രൈവര്‍ ഒന്നും ചെയ്യാതെ തന്നെ വാഹനത്തിന്റെ വേഗം നിലനിര്‍ത്തി സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. ഡ്രൈവര്‍ ഇഷ്ടപ്പെടുന്ന വേഗത്തില്‍ ക്രൂസ് കണ്‍ട്രോള്‍ സെറ്റ് ചെയ്താല്‍ പിന്നീട് ആക്‌സിലറേറ്റര്‍ അല്ലെങ്കില്‍ ബ്രേക്ക് പെഡല്‍ എന്നിവ അമര്‍ത്തുന്നതുവരെ വാഹനം അതേ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കും. ഹൈവേകളില്‍ നിശ്ചയിക്കപ്പെട്ട വേഗപരിധിയില്‍ ഇത് സെറ്റ് ചെയ്താല്‍ ഫൈനുകളില്‍ നിന്ന് ഒഴിവാകുകയും ചെയ്യാം കാലുകള്‍ക്ക് ആയാസമില്ലാതെ വാഹനം ഓടിക്കുകയും ചെയ്യാം. മാത്രമല്ല, വാഹനത്തിന്റെ ഇന്ധനക്ഷമത പരമാവധി ലഭിക്കുകയും ചെയ്യും. 

istock | metamorworks
istock | metamorworks

കാഴ്ചയില്ലാത്തവന്റെ കണ്ടുപിടുത്തം!

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ക്രൂസ് കണ്‍ട്രോള്‍ സംവിധാനത്തിന്റെ ആദ്യ പതിപ്പിന് പ്രാധാന്യം ലഭിച്ചത്. വില്‍സണ്‍ - പില്‍ചര്‍ എന്ന കാറിലെ സ്റ്റിയറിങ് കോളത്തിനു പിന്നിലായി ക്രമീകരിച്ച ലിവര്‍ ഉപയോഗിച്ച് ലോക്ക് ചെയ്താല്‍ ആക്‌സിലറേറ്റര്‍ അമര്‍ത്താതെ നിശ്ചിത വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന സംവിധാനം ഉണ്ടായിരുന്നു. ഇതിനെ  അടിസ്ഥാനപ്പെടുത്തിയാണ് ആധുനിക ക്രൂസ് കണ്‍ട്രോള്‍ കണ്ടുപിടിക്കപ്പെടുന്നത്.

1940കളില്‍ റാല്‍ഫ് ടീറ്റര്‍ എന്ന കാഴ്ചയില്ലാത്ത ഓട്ടമൊബൈല്‍ എന്‍ജിനീയറാണ് ആധുനിക ക്രൂസ് കൺ‌ട്രോള്‍ കണ്ടുപിടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സ്പീഡ്സ്റ്റാറ്റ് എന്നാണ് ആദ്യകാലങ്ങളില്‍ ഈ സംവിധാനത്തെ വിളിക്കപ്പെട്ടിരുന്നത്. പെര്‍ഫെക്ട് സര്‍ക്കിള്‍ കോര്‍പറേഷന്‍ എന്ന സ്ഥാപനത്തിന്റെ ജനനത്തിനു പിന്നിലും അദ്ദേഹമായിരുന്നു. ജനറല്‍ മോട്ടോഴ്‌സ്, ക്രൈസ്‌ലര്‍, സ്റ്റുഡ്‌ബെക്കര്‍ തുടങ്ങിയ വാഹനങ്ങളുടെ പിസ്റ്റണ്‍ റിങ്ങുകള്‍ നിര്‍മിച്ചിരുന്ന പെര്‍ഫെക്ട്ട് സര്‍ക്കിളിന്റെ എന്‍ജിനീയറിങ് വൈസ് പ്രസിഡന്റ് സ്ഥാനവും പിന്നീട് പ്രസിഡന്റ് സ്ഥാനവും അദ്ദേഹമായിരുന്നു വഹിച്ചിരുന്നത്. 

പിന്നീട് ക്രൈസ്്‌ലര്‍ കാറുകളില്‍ ഒരു ലക്ഷ്വറി സംവിധാനമായി ഇതു മാറി. ഈ വാഹനത്തില്‍ ഓട്ടോ പൈലറ്റ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വളരെ വേഗത്തില്‍ ജനപ്രീതി നേടിയ സംവിധാനം ബ്രാന്‍ഡിന്റെ എല്ലാ മോഡലുകളിലും പ്രത്യക്ഷപ്പെട്ടു. പിന്നീട് കാഡിലാക് അവരുടെ വാഹനങ്ങളില്‍ ഈ സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങിയതിനു പിന്നാലെയാണ് സംവിധാനത്തിന് ഔദ്യോഗികമായി ക്രൂസ് കണ്‍ട്രോള്‍ എന്ന പേരു ലഭിച്ചത്. 

പ്രവര്‍ത്തനം

മെക്കാനിക്കല്‍ സംവിധാനങ്ങളില്‍ ഒരു ആക്‌ച്വേറ്ററുമായി ഘടിപ്പിച്ച കേബിള്‍ സംവിധാനം ഉപയോഗിച്ച് ത്രോട്ടിൽ വാല്‍വ് സജീവമാക്കി എന്‍ജിന്റെ വേഗം നിലനിര്‍ത്തുന്നു. ഡ്രൈവ് ബൈ വയര്‍ സന്നാഹങ്ങളോടെ പ്രവര്‍ത്തിക്കുന്ന ആധുനിക വാഹനങ്ങളില്‍ പൂര്‍ണമായി ഇലക്ട്രിക്കലി നിയന്ത്രിക്കപ്പെട്ട സംവിധാനമാണ് ക്രൂസ് കണ്‍ട്രോള്‍. ഇത്തരം വാഹനങ്ങളില്‍ വേഗം കുറയ്ക്കാനും കൂട്ടാനും സ്റ്റിയറിങ് വീലിലെ ഒരു സ്വിച്ച് വഴി ഡ്രൈവര്‍ക്ക് സാധിക്കും. പിന്നീട് ഏതെങ്കിലും സാഹചര്യത്തില്‍ ബ്രേക്ക് അല്ലെങ്കില്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തുന്നതുവഴി സംവിധാനം ഓഫ് ആകുകയും ചെയ്യും. 

പുതു തലമുറ കാറുകൾ മുന്നിൽ പോകുന്ന വാഹനങ്ങളുമായി നിശ്ചിത ദൂരം ക്രമീകരിച്ച് ഓടിക്കാവുന്ന അത്യാധുനിക ക്രൂസ് കൺട്രോൾ സാങ്കേതിക വിദ്യവരെയുണ്ട്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്ന് വിളിക്കുന്ന ഈ സംവിധാനം മുന്നിലെ വാഹനത്തിന്റെ വേഗത്തിന് അനുസരിച്ച് വാഹനത്തിന്റെ വേഗം ക്രമീകരിക്കുക പോലും ചെയ്യും.

English Summary:  Know More About Cruise Control In Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com