ADVERTISEMENT

ഇലക്ട്രിക് സ്കൂട്ടർ വിൽപന കുതിച്ചുയരുകയാണ്. പല ഇൻഷുറൻസ് കമ്പനികളും ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്. പലപ്പോഴും പുതിയ മോഡൽ എടുക്കുമ്പോൾ ഡീലർ നിർദേശിക്കുന്ന ഇൻഷുറൻസ് പോളിസിയാണ് മിക്കവരും എടുക്കുന്നത്. എന്തെങ്കിലും ക്ലെയിം വരുമ്പോഴാകും പോളിസിയിലെ തട്ടിപ്പുകൾ തിരിച്ചറിയുന്നത്. അടുത്തിടെ ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങിയ രണ്ടുപേർക്കുണ്ടായ അനുഭവം വായിക്കാം.    

 

റജിസ്റ്റർ ചെയ്യുന്നത് ലോ വേരിയന്റിൽ 

 

പാലക്കാട് സ്വദേശിയായ അബ്ദുൾ ഖാദർ കുറച്ചു മാസങ്ങൾക്കു മുൻപ് മുൻനിര പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ (ടോപ് വേരിയന്റ്) വാങ്ങി. ആദ്യ ഇലക്ട്രിക് വാഹനമായതുകൊണ്ട് ഫെയിം 2 സബ്സിഡിയും ലഭിച്ചിരുന്നു. സ്കൂട്ടർ, ടോപ് വേരിയന്റ് ആക്കുന്നതിനുള്ള പെർഫോമൻസ് അപ്ഗ്രേഡ്, ചാർജർ എന്നിവയ്ക്കെല്ലാം പ്രത്യേകമായി മൂന്ന് ഇൻവോയ്സുകൾ ആയാണ് ഉപയോക്താവിനു നൽകിയത്. 

 

സ്കൂട്ടർ ഇൻവോയ്സ് തുക – ₨ 1,03,999

പെർഫോമൻസ് അപ്ഗ്രേഡ് ചാർജ് – ₨ 12,888

ചാർജർ വില – ₨ 15,000

ഇൻഷുറൻസ് – ₨ 9683

റോഡ് ടാക്സ് – ₨ 7424

ടോട്ടൽ സ്കൂട്ടർ വില – ₨ 1,48,994 

 

സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ പോളിസിയാണ് തിരഞ്ഞെടുത്തത്. ഇൻഷുറൻസ് പോളിസിയിൽ സ്കൂട്ടറിന്റെ ഐഡിവി കാണിച്ചിരിക്കുന്നത് ₨1,55,327 ആണ്. അടുത്തിടെ അപകടംപറ്റി വാഹനം ടോട്ടൽ ലോസ് ആയി. എന്നാൽ ഇൻഷുറൻസ് കമ്പനി മുഴുവൻ തുകയും നൽകാൻ പറ്റില്ലെന്നു പറഞ്ഞു. കാരണം സ്കൂട്ടർ (ഇൻവോയ്സ് പ്രകാരം) താഴ്ന്ന വേരിയന്റിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ റജിസ്ട്രേഷൻ പ്രകാരമുള്ള ₨1,03,999 തുകയേ നൽകൂ എന്നാണ് ഇൻഷുറൻസ് കമ്പനി അധികൃതരുടെ നിലപാട്. അങ്ങനെയല്ല ഐഡിവി തുകതന്നെ ലഭിക്കണമെന്നു വാഹന ഉടമയും ആവശ്യപ്പെട്ടു. കേസ് കോടതിയുടെ പരിഗണനയിലാണ്. 

 

സംഭവിച്ചതെന്താണ്?

 

സ്കൂട്ടറിന് ഫെയിം 2 സബ്സിഡി ലഭിക്കുന്നതിനായി ഉയർന്ന വേരിയന്റിനെ താഴ്ന്ന വേരിയന്റ് ആയാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉയർന്ന വേരിയന്റിന്റെ ഫീച്ചറുകൾ ലഭിക്കാൻ അധിക തുക ഉപയോക്താവ് നൽകിയതായാണ് രണ്ടാമത്തെ ഇൻവോയിസിൽ കാണിച്ചിരിക്കുന്നത്. 

 

നിയമവശം

 

ഐഡിവി വാല്യു കണക്കാക്കുമ്പോൾ വാഹനത്തിന്റെ ടാക്സും ഇൻഷുറൻസും കുറയ്ക്കും. സബ്സിഡി ഉണ്ടെങ്കിൽ അതുകൂടി ചേർത്തു വേണം ഐഡിവി വാല്യു നിശ്ചയിക്കാൻ. മോട്ടർ ഇൻഷുറൻസ് നിയമപ്രകാരം പോളിസി എടുക്കുമ്പോൾ നിശ്ചയിച്ച ഐഡിവി തുകയിൽ പിന്നീട് മാറ്റം വരുത്താൻ പാടില്ല. തുക നൽകാൻ ഇൻഷുറൻസ് കമ്പനി തയാറല്ലെങ്കിൽ പകരം അതേ മോഡൽ റീപ്ലേസ് ചെയ്തു നൽകണമെന്നാണ് നിയമം.  

 

രണ്ടാമത്തെ പോളിസി കഥ

 

കോട്ടയം സ്വദേശി അനീഷ് മാസങ്ങൾക്കു മുൻപ് മുൻനിര പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയപ്പോൾ ഡീലർഷിപ്പിൽ നിന്നുതന്നെ പോളിസിയും എടുത്തു. മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിന്റെ ടെയിൽ ലാംപിനും മറ്റും സാരമായ കേടുപാടുകളുണ്ടായി. ഇൻഷുറൻസ് ക്ലെയിം ചെയ്യാമെന്നു തീരുമാനിച്ചു. ഒരു ഇൻഷുറൻസ് വിദഗ്ധനെക്കൊണ്ട് പോളിസി പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി. ബാറ്ററി ചാർജ് ചെയ്യുമ്പോഴോ അല്ലെങ്കിൽ ചാർജിങ് സ്റ്റേഷനിൽ വച്ചോ വാഹനത്തിനു (സെൽഫ് ഇഗ്‌നീഷൻ /ഷോർട്ട് സർക്യൂട്ട് തകരാർ മൂലം) തീ പിടിച്ചാൽ കവറേജ് ലഭിക്കില്ല എന്നാണ് പോളിസിയിൽ പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഒരു വർഷം രണ്ടു തവണ മാത്രമേ ക്ലെയിം ചെയ്യാൻ പാടുള്ളൂ എന്നും പോളിസി നിയമാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മോട്ടർ ഇൻഷുറൻസിനെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം പലപ്പോഴും ഉപയോക്താക്കൾ കബളിപ്പിക്കപ്പെടുന്നു.   

 

നിയമവശം

 

മോട്ടർ വാഹന ഇൻഷുറൻസിന്റെ അടിസ്ഥാന തത്ത്വമാണ് വാഹനം തകരാർ മൂലം സ്വയം തീ പിടിച്ചാൽ കവറേജ് നൽകണം എന്നത്. ഒരു വർഷത്തിനുള്ളിൽ നിശ്ചിത തവണ മാത്രമേ ക്ലെയിം ചെയ്യാവൂ എന്ന് മോട്ടർ വാഹന നിയമത്തിൽ പറയുന്നില്ല. ചില ഇൻഷുറൻസ് കമ്പനികൾ അടിസ്ഥാന നിയമങ്ങൾപോലും തെറ്റിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഉപയോക്താവിനു കോടതിയെ സമീപിക്കാം. 

 

പോളിസി എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

 

∙ പോളിസി പൂർണമായും വായിച്ചു മനസ്സിലാക്കുക.

∙ മോട്ടർ വാഹന ഇൻഷുറൻസ് നിയമപ്രകാരമുള്ള അടിസ്ഥാന കവറേജുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

∙ സ്കൂട്ടർ വാങ്ങുമ്പോൾ റജിസ്ട്രേഷനിൽ കൃത്രിമം കാണിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക.

∙ സബ്സിഡി തുക കൂടി ഐഡിവി വാല്യൂവിൽ ഉൾപ്പെടുത്തണം. 

∙ ആവശ്യമെങ്കിൽ ആഡ് ഓൺ കവർ എടുക്കുക.  

∙ അംഗീകൃത കമ്പനികളുടെ പോളിസികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

∙ പോളിസി തിരഞ്ഞെടുക്കുന്നതിനു മുൻപ് ഇൻഷുറൻസ് കമ്പനിയുടെ സെറ്റിൽമെന്റ് ഹിസ്റ്ററി പരിശോധിക്കുക. 

 

ബിനു വർക്കി (മോട്ടർ ഇൻഷുറൻസ് സർവേയർ)

 

English Summary: Things To Remember Before Buying Electric Scooter Insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com