അത് തെറ്റിദ്ധാരണ, വൈദ്യുതി വാഹനങ്ങൾക്കും വേണം പരിചരണം

electric-car-charging
Paul Craft | Shutterstock
SHARE

വൈദ്യുത വാഹനങ്ങള്‍ വാങ്ങിയാല്‍ പരിചരണമേ ആവശ്യമില്ലെന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. പെട്രോളും ഡീസലുമൊക്കെ ഇന്ധനമായി ഉപയോഗിക്കുന്ന ഇന്റേണല്‍ കംപല്‍ഷന്‍ എഞ്ചിന്‍(ICE) വാഹനങ്ങള്‍ക്കുള്ള അത്രയും ശ്രദ്ധയും പരിചരണവും വൈദ്യുത വാഹനങ്ങള്‍ക്ക് ആവശ്യമില്ല. എന്നു കരുതി വൈദ്യുത വാഹനങ്ങള്‍ക്ക് പരിചരണമേ വേണ്ടെന്ന ധാരണ തെറ്റാണ്. വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സവിശേഷ ശ്രദ്ധ വേണ്ട കാര്യങ്ങള്‍ പലതുണ്ട്. 

ബാറ്ററി

ഐ.സി.ഇ വാഹനങ്ങളുടെ എഞ്ചിന്‍ പോലെ പ്രധാനപ്പെട്ട ഭാഗമാണ് വൈദ്യുത വാഹനങ്ങളിലെ ബാറ്ററി. എഞ്ചിനെ അപേക്ഷിച്ച് ചലിക്കുന്ന ഭാഗങ്ങളും സങ്കീര്‍ണതയും കുറവായതിനാല്‍ തുടര്‍ച്ചയായ ഇടവേളകളില്‍ പരിശോധനയും പരിചരണവും ബാറ്ററികള്‍ക്ക് ആവശ്യമില്ല. എന്നാല്‍ ശരിയായ രീതിയില്‍ ചാര്‍ജിങ് നടത്തിയില്ലെങ്കില്‍ പോലും ബാറ്ററികളുടെ ആയുസിനെ അതു ബാധിക്കും. ബാറ്ററിയുടെ പ്രകടനത്തില്‍ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകള്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വിദഗ്ധരെ കാണിക്കുന്നതാണ് നല്ലത്. 

ബ്രേക്ക് ഓയില്‍

പെട്രോളിലും ഡീസലിലും ഓടുന്നതല്ലെങ്കില്‍ പോലും വൈദ്യുത വാഹനങ്ങളിലും ഫ്‌ളൂയിഡുകളും ലൂബ്രിക്കന്റ്‌സുമെല്ലാം മാറ്റേണ്ടി വരാറുണ്ട്. പ്രത്യേകിച്ചും ബ്രേക്ക് ഓയില്‍ പോലുള്ളവയുടെ കാര്യക്ഷമതയും ആയുസും നിശ്ചിത സമയത്ത് പരിശോധിക്കേണ്ടതുണ്ട്. ബ്രേക്ക് ശരിയാംവിധം പ്രവര്‍ത്തിക്കുന്നതിന് ബ്രേക്ക് ഓയില്‍ ആവശ്യമായ അളവിലുണ്ടെന്ന് ഉറപ്പിക്കുകയും വേണം. 

ടയര്‍ തിരിച്ചിടുന്നത്

ടയറുകള്‍ സമയത്ത് മാറ്റിയും തിരിച്ചും ഇടുന്നതും വീല്‍ അലൈന്‍മെന്റ് പോലുള്ള പരിശോധനകള്‍ നടത്തുന്നതും ടയറില്‍ കൃത്യമായ അളവില്‍ എയറുണ്ടെന്ന് ഉറപ്പു വരുത്തുന്നതുമെല്ലാം വൈദ്യുത വാഹനങ്ങള്‍ക്കും നിര്‍ബന്ധമാണ്. അധികമായി ടയറിന്റെ ഏതെങ്കിലും ഭാഗം തേഞ്ഞു പോകുന്നതു തടയാന്‍ ഇതു സഹായിക്കും. ടയറിന്റെ ഏതെങ്കിലും ഭാഗം കൂടുതലായി തേഞ്ഞു പോയാല്‍ അത് യാത്രാ സുഖത്തെയും ടയറിന്റെ ആയുസിനേയും ബാധിക്കാറുണ്ട്. 

സസ്‌പെന്‍ഷന്‍ പരിശോധന

സുഗമമായ യാത്രക്ക് സഹായിക്കുന്ന സസ്‌പെന്‍ഷനുകളുടെ പരിശോധന വൈദ്യുത വാഹനങ്ങളിലും മുറക്ക് നടക്കേണ്ടതുണ്ട്. കുഴികളുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്നവര്‍ തീര്‍ച്ചയായും സസ്‌പെന്‍ഷന്‍ പരിശോധനകള്‍ നടത്തുന്നത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. വാഹത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് ക്ഷതം ഏല്‍ക്കാതെ തടയാനും യാത്രാസുഖത്തിനും മികച്ച സസ്‌പെന്‍ഷന്‍ ആവശ്യമാണ്. 

എയര്‍ ഫില്‍റ്ററും വൈപ്പറും

എ.സി വഴി വായു കാറിനുള്ളില്‍ നിറക്കാന്‍ സഹായിക്കുന്ന എയര്‍ ഫില്‍റ്ററില്‍ പൊടി നിറയാതെ നോക്കേണ്ടതും വൈപ്പര്‍ സമയാസമയം മാറ്റേണ്ടതും വൈദ്യുത വാഹനങ്ങളിലും ആവശ്യമാണ്. എയര്‍ഫില്‍റ്റര്‍ മികച്ച നിലയിലാണെങ്കില്‍ അത് വാഹനത്തിന്റെ എ.സിയേയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. മഴയുള്ള രാത്രികളിലെ യാത്രകളെ ദുരിതയാത്രയാക്കാന്‍ വൈപ്പറിലെ അഴുക്കു മാത്രം മതി. കൃത്യമായ ഇടവേളകളില്‍ വൈപ്പര്‍ ബ്ലേഡുകള്‍ മാറ്റുന്നത് വൈദ്യുത വാഹനങ്ങളിലെ യാത്രകളെ കൂടുതല്‍ സുന്ദരമാക്കും.

English Summary: All there is to know about electric car maintenance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS