വൈപ്പര്‍ പരിപാലിക്കാന്‍ ചില നുറുങ്ങുവിദ്യകള്‍

wiper-1
Car Wiper, Image Source: georgeclerk | iStock
SHARE

സ്വന്തം വീട്ടിലായാലും ഏതു നാട്ടിലായാലും മഴ എന്നും മലയാളിക്ക് ഒരു വീക്ക്‌നെസാണ്. ഈ മഴക്കാലത്ത് ഇഷ്ടപ്പെട്ട ഒരു പിടി പാട്ടും കേട്ട് ഒരു കാർ റൈഡ് എന്നത് ഏതൊരു യാത്രാ-വാഹന പ്രേമികളെ സംബന്ധിച്ചും വിലമതിക്കാനാവാത്ത അനുഭവമാണ്. എന്നാല്‍ മഴക്കാലം വാഹനങ്ങള്‍ക്ക് അങ്ങനെയാകില്ല. ഒരല്‍പം കൂടുതല്‍ ശ്രദ്ധ വാഹനത്തിനു നല്‍കിയാല്‍ മണ്‍സൂണ്‍ കാറിനൊപ്പം അടിച്ചുപൊളിക്കാം. മഴക്കാലത്ത് വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ പരിപാലിക്കാന്‍ ചില ടിപ്‌സുകള്‍.

മറ്റുസമയങ്ങളില്‍ കാര്യമായ ശ്രദ്ധ ലഭിച്ചില്ലെങ്കിലും മഴക്കാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് വൈപ്പറുകളാണ്. പ്രധാനപ്പെട്ട ഭാഗമാണെങ്കിലും വിലക്കുറവുള്ളതും എളുപ്പം മാറ്റാനാകുന്നതുമായ സ്‌പെയര്‍ പാര്‍ടാണ് വൈപ്പര്‍. കൃത്യമായ ഇടവേളകളില്‍ കാറിന്റെ വൈപ്പര്‍ ബ്ലേഡുകള്‍ മാറ്റാന്‍ നമ്മളില്‍ പലരും മറന്നുപോകാറുമുണ്ട്.

മഴവെള്ളത്തെ വിന്‍ഡ്ഷീല്‍ഡില്‍ നിന്നു തുടച്ചുനീക്കി കാഴ്ച വ്യക്തമാക്കാന്‍ സഹായിക്കുന്നത് വൈപ്പര്‍ ബ്ലേഡിലെ റബര്‍ ഭാഗമാണ്. കുതിര്‍ന്ന റബറുകള്‍ വെയിലേറ്റ് കുറച്ചേറെ നാള്‍ ഉപയോഗിക്കാതെ ഇരിക്കുന്നതോടെ റബര്‍ ഉറഞ്ഞുപോകുന്നതിനും ഇതുവഴി ബ്ലേഡുകള്‍ വിണ്ടുകീറുന്നതിനും ഇടവയ്ക്കാറുണ്ട്. അങ്ങനെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഈ നുറുക്കുവിദ്യകള്‍ ഉപകരിക്കും.

വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കല്‍

വൈപ്പര്‍ സംരക്ഷിക്കുന്നതിലെ നിര്‍ണായക ഭാഗമാണ് വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കല്‍. യാത്രകളില്‍ വൈപ്പറിലും വിന്‍ഡ്ഷീല്‍ഡിലും അടിഞ്ഞുകൂടുന്ന ചെളിയും മറ്റു ചെറിയ മാലിന്യങ്ങളുമുള്ള സാഹചര്യത്തില്‍ വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വിന്‍ഡ്ഷീല്‍ഡില്‍ പോറല്‍ വീഴുന്നതിനൊപ്പം വൈപ്പര്‍ ബ്ലേഡുകള്‍ തകരാറിലാകാനും കാരണാകും. ഓരോ യാത്രകള്‍ക്കും മുന്‍പ് വൈപ്പര്‍ ഉയര്‍ത്തിയ ശേഷം വിന്‍ഡ്ഷീല്‍ഡില്‍ വെറുതെ വെള്ളമൊഴിച്ച് വൃത്തിയാക്കാം. നനഞ്ഞ തുണി ഉപയോഗിച്ച് വൈപ്പര്‍ ബ്ലേഡുകളും പരിപാലിച്ചാല്‍ ദീര്‍ഘനാള്‍ ഇവ നിലനില്‍ക്കും. 

wiper
Car Wiper, Image Source: georgeclerk | iStock

വൈപ്പര്‍ബ്ലേഡ് സംരക്ഷണം

അധികസമയം നേരിട്ടു വെയിലേല്‍ക്കുന്നതുമൂലം വൈപ്പര്‍ ബ്ലേഡ് ഉറഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. ദീര്‍ഘസമയം പാര്‍ക്ക് ചെയ്യുമ്പോള്‍ തണലുള്ളയിടങ്ങള്‍ പരിഗണിക്കാം. വൈപ്പര്‍ ബ്ലേഡ് സോഫ്റ്റാകാനും വഴക്കമുള്ളതാകാനും ഇതു സഹായിക്കും. മഴക്കാലത്ത് വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വലിയ തോതില്‍ ഉരയുന്ന ശബ്ദമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുക. വൈപ്പര്‍ബ്ലേഡിനും വിന്‍ഡ്ഷീല്‍ഡിനുമിടയില്‍ ഘര്‍ഷണമാണ് ഇതു സൂചിപ്പിക്കുന്നത്. വൃത്തിയാക്കിയ ശേഷവും ശബ്ദം ഉണ്ടെങ്കില്‍ റബര്‍ മൃദുത്വമുള്ളതാക്കാന്‍ ലിപ് ബാമുകള്‍ ഉപയോഗിക്കാം. 

വാഹനം കഴുകാന്‍ നേര്‍പ്പിച്ച ഡിറ്റര്‍ജന്റ്

വാഹനം കഴുകുന്നതിന് പലപ്പോഴും കാര്‍ ഷാംപു ഉള്‍പ്പെടെയുള്ള ഡിറ്റര്‍ജന്റ് ബേസ് ഉപാധികളാണ് നാം ഉപയോഗിക്കുന്നത്. വിന്‍ഡ് ഷീല്‍ഡ് കഴുകുന്നതിന് ഇത്തരം ലായനികള്‍ 1 ലീറ്റര്‍ വെള്ളത്തില്‍ ഒരു അടപ്പ് എന്ന വിധേന നേര്‍പ്പിച്ച് ഉപയോഗിക്കാം. വൈപ്പര്‍ ബ്ലേഡിന് നീണ്ടുനില്‍ക്കുന്ന ആയുസ് ലഭിക്കാന്‍ ഇതുപകരിക്കും. ലായനി ശക്തമായാല്‍ റബര്‍ ദൃഡമാകാനുള്ള സാധ്യത കൂടുതലാണ്. 

വൈപ്പറിന്റെ ചലനം ശ്രദ്ധിക്കുക

വൈപ്പര്‍ ബ്ലേഡുകള്‍ പ്രവര്‍ത്തിക്കുന്നത് കൃത്യമായാണെന്ന് ഉറപ്പാക്കണം. തുരുമ്പ് ഫ്രെയിമില്‍ കയറി ചലനത്തിനു തടസ്സമുണ്ടാക്കാന്‍ സാധ്യതയേറെയാണ്. ഇതു പരിശോധിക്കാന്‍ വൈപ്പര്‍ ഉയര്‍ത്തിയ ശേഷം ബ്ലേഡ് ഭാഗം വശങ്ങളിലേക്ക് ചലിപ്പിച്ച് പരിശോധിക്കാം. ഉണങ്ങിയ സാഹചര്യത്തില്‍ വൈപ്പര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുക. അത്യാവശ്യ സാഹചര്യങ്ങളില്‍ വാഷര്‍ ഫ്‌ളുയിഡ് സ്പ്രേ ചെയ്യാം. എപ്പോഴും ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഘര്‍ഷണം മൂലം വിന്‍ഡ് ഷീല്‍ഡില്‍ പോറല്‍ വീണേക്കാം.

കൃത്യമായ ഇടവേളകളില്‍ വൈപ്പര്‍ ബ്ലേഡ് മാറ്റാം

മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തശേഷവും വിന്‍ഡ്ഷീല്‍ഡില്‍ വെള്ളം തങ്ങിനില്‍ക്കുന്നുവെന്നു തോന്നിയാല്‍ വൈപ്പറിനു പ്രശ്‌നമുണ്ടെന്ന് മനസിലാക്കാം. വൈപ്പറിനു തേയ്മാനമോ, ഫ്രെയിം കൃത്യമായി പ്രവര്‍ത്തിക്കാത്ത അവസ്ഥയോ ഉണ്ടെങ്കില്‍ വിന്‍ഡ്ഷീല്‍ഡിലെ ജലം പൂര്‍ണമായി പോകില്ല. വൈപ്പര്‍ പോകുന്നയിടങ്ങളില്‍ വരപോലെ വെള്ളം നില്‍ക്കുന്നു, വലിയ ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്നു എന്നിവയെല്ലാം ലക്ഷണങ്ങളാണ്. റബര്‍ വിണ്ടുകീറിയ അവസ്ഥ കണ്ടാല്‍ ഉടനടി ബ്ലേഡ് മാറ്റാം. 

English Summary: Tips To Take Care Of Your Car’s Windshield Wipers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS