ADVERTISEMENT

സ്വന്തം വാഹനങ്ങളില്‍ ഭംഗി കൂട്ടുന്നതിനും യാത്രാ സുഖം വര്‍ധിപ്പിക്കുന്നതിനും മോഡിഫിക്കേഷന്‍ നടത്തുന്നത് പതിവാണ്. എന്നാല്‍ ഇത്തരം മോഡിഫിക്കേഷനുകളില്‍ പലതും നിയമാനുസൃതമല്ല. ഒരു വാഹനത്തില്‍ എന്തൊക്കെ പരിഷ്‌ക്കാരങ്ങള്‍ക്ക് നിയമപരമായി അനുമതിയുണ്ട്? എന്തൊക്കെ പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ അത് കുറ്റമായി മാറും? വിശദമായി നോക്കാം.

 

നിറം

 

നിങ്ങളുടെ വാഹനത്തിന്റെ നിറം നിങ്ങള്‍ക്ക് ഇഷ്ടമുള്ളതാക്കി മാറ്റാം. പക്ഷേ ഇതിനു മുന്‍പ് ആര്‍ടിഒയുടെ പക്കല്‍ നിന്നും അനുമതി വാങ്ങിയിരിക്കണമെന്നു മാത്രം. വാഹനത്തിന്റെ ആര്‍സി ബുക്കില്‍ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം. എങ്കിലും ആര്‍മി ഗ്രീന്‍ നിറം മാത്രം വാഹനങ്ങള്‍ക്ക് നല്‍കാനാവില്ല. ഈ നിറം സൈനിക വാഹനങ്ങള്‍ക്ക് മാത്രമായി മാറ്റിവച്ചിട്ടുള്ളതാണ്. 

 

ഘടന

 

ഇന്ത്യയിലെ വാഹന നിയമങ്ങള്‍ അനുസരിച്ച് വാഹനങ്ങളുടെ ഘടനയില്‍ നിയമപരമായി മാറ്റം വരുത്താന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ക്ക് വലിയ പിഴ ചുമത്താനും റജിസ്‌ട്രേഷന്‍ റദ്ദാക്കാനും വാഹനം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് തന്നെ റദ്ദാക്കാനും അധികാരികള്‍ക്ക് സാധിക്കും.

 

എന്‍ജിന്‍

 

തകരാറുള്ള എന്‍ജിന്‍ മാറ്റി പകരം പഴയതോ പുതിയതോ ആയ എന്‍ജിന്‍ വയ്ക്കാന്‍ സാധിക്കും. എന്നാല്‍ മാറ്റിവെക്കുന്ന എന്‍ജിന് നിലവിലെ എന്‍ജിന്റെ അതേ സ്‌പെസിഫിക്കേഷനിലുള്ളതാവണം. ഇത്തരം മാറ്റിവയ്ക്കലുകള്‍ക്ക് മുമ്പ് ആര്‍ടിഒയില്‍ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്. പുതിയ എന്‍ജിന്റെ നമ്പര്‍ വാഹനത്തിന്റെ ആര്‍സിയില്‍ പതിപ്പിക്കുകയും വേണം. 

 

ഹോണ്‍

 

നിങ്ങള്‍ക്ക് വാഹനത്തിലെ ഹോണ്‍ മാറ്റാനാവും. എന്നാല്‍ 80 ഡെസിബെലില്‍ കുറവ് ശബ്ദം പുറപ്പെടുവിക്കുന്നതാവണമെന്നു മാത്രം. എയര്‍ ഹോണും പ്രഷര്‍ ഹോണുമെല്ലാം ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്.

 

സീറ്റ്

 

സീറ്റുകളുടെ എണ്ണം കൂട്ടാനോ കുറക്കാനോ നിയമപരമായി അനുമതിയില്ല. അതേസമയം യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ ചെറിയ പരിഷ്‌കാരങ്ങള്‍ സീറ്റുകളിൽ വരുത്തുന്നതില്‍ കുഴപ്പമില്ല. അതേസമയം ശാരീരിക പരിമിതികളുള്ളവരെ ഉള്‍ക്കൊള്ളാന്‍ വേണ്ടി സീറ്റുകളില്‍ മാറ്റം വരുത്താനാവും. ഇതിനായി ആര്‍ടിഒയില്‍ നിന്നും നേരത്തെ അനുമതി വാങ്ങണമെന്നു മാത്രം.

 

നമ്പര്‍പ്ലേറ്റ്

 

ഒരു തരത്തിലുള്ള ഫാന്‍സി നമ്പര്‍ പ്ലേറ്റുകളും നിയമപരമായി അനുവദനീയമല്ല. പുതിയ വാഹനങ്ങളിൽ അതിസുരക്ഷ നമ്പർ പ്ലേറ്റ് നിർബന്ധമാണ്.

 

ഹെഡ്‌ലൈറ്റ്/ ടെയ്ല്‍ ലാംപ്

 

ഹെഡ്‌ലൈറ്റോ ടെയ്ല്‍ ലാംപോ മാറ്റുന്നതിന് അനുമതിയില്ല. മാത്രമല്ല അധികമായി ലൈറ്റുകളും പിടിപ്പിക്കാനാവില്ല. അപകടത്തിന് കാരണമായേക്കാമെന്നു കരുതിയാണ് ലൈറ്റുകളുടെ കാര്യത്തില്‍ ഈ നിയമപരമായ നിബന്ധനയുള്ളത്.

 

റൂഫ്/ ക്രാഷ് ഗാര്‍ഡ്

 

വാഹനത്തിന്റെ മുകള്‍ ഭാഗത്തെ രൂപകല്‍പന മാറ്റാനോ സണ്‍റൂഫ് ഘടിപ്പിക്കാനോ നിയമപരമായി അനുമതിയില്ല. ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ സുപരിചിതമാണെങ്കിലും ഈ മാറ്റത്തിന് നിയമത്തിന്റെ പിന്തുണയില്ല. അപകടങ്ങളുടെ സമയത്ത് പലപ്പോഴും വാഹനത്തിന്റെ സുരക്ഷക്കായി ഘടിപ്പിക്കുന്ന ക്രാഷ് ഗാര്‍ഡ് മനുഷ്യരുടെ ജീവന് ആപത്താവാറുമുണ്ട്.

 

ടയറും വീലും

 

വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന അളവിലുള്ള മാറ്റങ്ങള്‍ ടയറിലും വീലുകളിലും വരുത്താനാകും. എങ്കിലും അധികൃതരുടെ അനുമതി അതിനും ആവശ്യമാണ്.

 

English Summary: Car Modification Rules in India: Which Are the Legal & Illegal Car Modifications?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com