ADVERTISEMENT

ഒന്നാം സ്ഥാനം നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് ഹീറോ മോട്ടോര്‍കോര്‍പ്.  5 പുതിയ മോഡലുകളാണ് അടുത്തിടെ ഹീറോ നിരത്തിലിറക്കിയത്. സ്‌കൂട്ടര്‍ മോഡലുകളായ മാസ്‌ട്രോ എഡ്ജ് 125, നവീകരിച്ച പ്ലഷര്‍, പിന്നെ 3 ഇടിവെട്ടു ബൈക്കുകളും. ഇതിൽ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മോഡൽ എക്സ് പൾസ് തന്നെയാണ്. എക്സ് പൾസ് എന്ന അ‍‍ഡ്വഞ്ചർ മോ‍ഡലിനൊപ്പം നിരത്തിലെത്തിച്ച എക്‌സ് പള്‍സ് 200 ടി എന്ന മോ‍ഡലാണ് നമ്മൾ ടെസ്റ്റ് റൈഡ് ചെയ്യുന്നത്. എക്സ് പൾസും എക്‌സ് പള്‍സ് 200 ടിയും തമ്മില്‍ വ്യത്യാസമുണ്ടോ എന്നതാണ് ആദ്യമുയരുന്ന ചോദ്യം. ഉത്തരം വ്യക്തം എക്‌സ് പള്‍സ് ഓഫ്‌റോഡ് ബൈക്കാണെങ്കില്‍ 200 ടി അതിന്റെ ടൂറിങ് വകഭേദമാണ്. ദിവസേനയുള്ള റൈഡിനും ദീര്‍ഘദൂരയാത്രക്കും ഇണങ്ങിയ മോഡല്‍.

hero-xpulse-200t-1
Hero XPulse 200T

കാഴ്ചയിൽ

പുതുമകളുമായാണ് 200 ടി എത്തിയിരിക്കുന്നത്. എണ്‍പതുകളിലെ ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന റെട്രോ ലുക്കുതന്നെയാണ് വേറിട്ടുനില്‍ക്കുന്നത്. മൊത്തത്തിൽ നിർമാണ നിലവാരം  മെച്ചപ്പെട്ടിട്ടുണ്ട്. വലിയ ഏച്ചുകെട്ടലുകളില്ലാത്ത മെലിഞ്ഞ രൂപം. സിബി 300 ആറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വട്ടത്തിലുള്ള  എല്‍ഇഡി ഹെഡ്‌ലാംപ്. ഡിജിറ്റല്‍ എല്‍സിഡി ഡിസ്‌പ്ലേയോടു കൂടിയ മീറ്റര്‍ കണ്‍സോളാണ്. സ്മാർ‌ട്ട് ഫോൺ കണക്ട് ചെയ്യാം.

അതോടൊപ്പം കോൾ അലേർട്ടും ഡിസ്പ്ലേയിൽ തെളിയും. മാത്രമല്ല സെഗ്‌മെന്റിൽ ആദ്യമായി ടേൺ ബൈ ടേൺ ജിപിഎസ് നാവിഗേഷൻ ഇതിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. സീറ്റിനടിയിൽ ഒരു യുഎസ്ബി ചാർജിങ് പോർട്ടുമുണ്ട്. സ്ട്രീറ്റ് ബൈക്കുകളുടേതുപോലുള്ള വീതിയേറിയ ഹാന്‍ഡില്‍ ബാര്‍. എന്‍ഡ് വെയ്റ്റ് ഇത്തവണയും ഗിമ്മിക്കാണ്.  സ്വിച്ചുകള്‍ ഒക്കെ നിലവാരമുള്ളത്. റിയര്‍ വ്യു മിററുകള്‍ ഉണ്ടെന്നു മാത്രം. ഉപയോഗ ക്ഷമത പോര. സിംപിളായ ടാങ്ക് ഡിസൈന്‍. ഗ്രാഫിക്‌സിന്റെ ആഡംബരങ്ങളില്ലാത്ത എഴുത്ത്. 

hero-xpulse-200t
Hero XPulse 200T

അഡ്വഞ്ചര്‍ ബൈക്കുകളിൽ കാണുന്ന തരത്തില്‍ ടാങ്കിലേക്കു കയറിനില്‍ക്കുന്ന സീറ്റ്. ഉഗ്രന്‍ കുഷനുള്ള സിംഗിള്‍ പീസ് സീറ്റാണ്. ടൂറര്‍ ശൈലിയിലുള്ള ഗ്രാബ്‌റെയില്‍ ഡിസൈന്‍ കൊള്ളാം. ഒരു കരുത്തന്‍ ഫീല്‍ നല്‍കുന്നുണ്ട്. മൊത്തത്തില്‍ ഡിസൈന് ഒരു ഒഴുക്കുണ്ട്. മൾട്ടി സ്‌പോക്ക് അലോയ് വീലും ബ്ലാഷ് പ്ലേറ്റും (200 ലേതു പോലെ മെറ്റലിന്റേതല്ല ഇതില്‍) എല്ലാം സ്‌പോര്‍ട്ടി ഫീൽ പകരുന്നു. ഷാസിയില്‍ എക്‌സ് പള്‍സ് 200 മായി കാര്യമായ വ്യത്യാസമില്ല. എങ്കിലും സ്വിങ് ആം എക്‌സ് ട്രീം 200 ആറിന്റേതാണ് നല്‍കിയിരിക്കുന്നത്. റോഡ് ഫോക്കസ് ബൈക്ക് ആയതിനാലാണ് എക്‌സ്ട്രീമിന്റെ ഭാഗങ്ങള്‍ കടം കൊണ്ടത്. എക്‌സ്ട്രീമിലുള്ള 17 ഇഞ്ച് അലോയ് വീലുകൾ തന്നെയാണ് ഇവനും നല്‍കിയിരിക്കുന്നത്. നല്ല ഗ്രിപ്പുള്ള എംആര്‍എഫ് സാപ്പര്‍ ടയറുകളാണ്. 130 എംഎം റേഡിയൽ ടയറാണ് പിന്നിൽ. 200 ലെ പെറ്റല്‍ ഡിസ്‌ക്കുകള്‍ക്കു പകരം സാധാ ടൈപ്പിലുള്ള ഡിസ്‌ക്കാണ് മുന്നിലും പിന്നിലും നല്‍കിയിരിക്കുന്നത്. സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കിയിട്ടുണ്ട്.

hero-xpulse-200t-2
Hero XPulse 200T

എന്‍ജിന്‍‍‍

200 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് 200 ടിയില്‍. 18.4 പിഎസ് ആണ് കൂടിയ കരുത്ത്. ടോര്‍ക്ക് 17.1 എന്‍എമ്മും. എക്‌സ് പള്‍സ് 200 ലും ഇതേ എന്‍ജിന്‍ തന്നെയെങ്കിലും സ്‌പ്രോക്കറ്റിന്റെ വലുപ്പത്തില്‍ വ്യത്യാസമുണ്ട്. ചെറിയ സ്പ്രോക്കറ്റാണ് 200 ടിയ്ക്കു നല്‍കിയിരിക്കുന്നത്.ചെറിയ ബൈക്കിന്റെ ഫീലാണ് 200 ടി നല്‍കുന്നത്. ഉയരം കുറഞ്ഞവര്‍ക്കും ഈസിയായി കൊണ്ടു നടക്കാം. ഗ്രൗണ്ട് ക്ലിയറന്‍സ് 200 നേക്കാളും കുറവാണ്. മാത്രമല്ല സസ്‌പെന്‍ഷന്‍ ട്രാവലും കുറവാണ്. ഈസി റൈഡിങ് പൊസിഷന്‍. സിറ്റിഡ്രൈവില്‍ കൂളായി വളച്ചൊടിച്ചു കൊണ്ടു പോകാം. നല്ല ഒടിവുണ്ട്.  ഹൈവേ ക്രൂസിങ്ങിനു അനുയോജ്യമായ രീതിയില്‍ ടോള്‍ ഗീയര്‍ ഷിഫ്റ്റിങ്ങാണു 200 ടിയ്ക്കു നല്‍കിയിരിക്കുന്നത്. 200ടിയ്ക്കു എക്‌സ് പള്‍സ് 200 നേക്കാളും 4 കിലോ ഭാരക്കുറവുണ്ട്. മാതമല്ല വീല്‍ബേസിലും കുറവുണ്ട്. അതുകൊണ്ടു തന്നെ വളയ്ക്കലും തിരിക്കലും വളരെ വേഗത്തിലും കൃത്യതയോടും ചെയ്യാന്‍ കഴിയും. സസ്‌പെന്‍ഷന്‍ അത്ര കടുപ്പമല്ല. റോഡിലെ കുണ്ടും കുഴിയുമൊക്കെ ഈസിയായി തരണം ചെയ്യുന്നുണ്ട്. ഏഴു തരത്തിൽ ക്രമീകരിക്കാവുന്ന മോണോ ഷോക്ക് സസ്പെൻഷനാണ് പിന്നിൽ. 37 എംഎം വീതിയുള്ള ഫോർക്കുകളാണ് മുന്നിൽ. നിവര്‍ന്നിരുന്നു യാത്ര ചെയ്യാവുന്ന റൈഡിങ് പൊസിഷന്‍. സീറ്റിന്റെ ഉയരം 799 എംഎം. റിഫൈൻഡ് എൻജിനാണ്. ലോ എന്‍ഡിലും മിഡ് റേഞ്ചിലും പ്രകടനം കൊള്ളാം. 

hero-xpulse-200t-3
Hero XPulse 200T

ടെസ്റ്റേഴ്സ് നോട്ട്

സിറ്റി റൈഡിലും ദീർഘദൂര യാത്രകളിലും മികച്ച കംഫർട്ട് നൽകുന്ന മോഡൽ. ഫിറ്റ് ആൻഡ് ഫിനിഷ് ഉയർന്നിട്ടുണ്ട്. ഒതുക്കമുള്ള ഡിസൈൻ. ഭാരക്കുറവ്, ഉയരക്കുറവ് എന്നിവ എടുത്തു പറയാം. 200 സിസി വിഭാഗത്തിലെ ഒരു വേറിട്ട മുഖം സ്വന്തമാക്കണമെന്നു ആഗ്രഹിക്കുന്നവർക്കു ഇണങ്ങിയ മോഡൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com