ADVERTISEMENT

150 രൂപയ്ക്ക് 1000 കിലോമീറ്റർ! ഒരു ഇലക്ട്രിക് ബൈക്കിന്റെ റേഞ്ചാണിത്. ലളിതമായി പറഞ്ഞാൽ മൈലേജ്. അതും പെർഫോമൻസിൽ‌ 200 സിസി ബൈക്കിനോട് താരതമ്യം ചെയ്യാവുന്ന ഒരു മോഡൽ!. പെട്രോൾ ബൈക്കാണെങ്കിൽ ഇത്രയും കിലോമീറ്റർ പോകാൻ കുറഞ്ഞത് 2250 രൂപയുടെ പെട്രോൾ അടിക്കണം. വ്യത്യാസം 2100 രൂപ! റിവോൾട്ടിന്റെ ആർവി 400 എന്ന ഇലക്ട്രിക് ബൈക്കാണ് ലാഭക്കണക്കിൽ നമ്മുടെ കണ്ണു തള്ളിക്കുന്നത്. 

revolt-rv400-2
ശ്രീലാൽ എസ്

കേരളത്തിലെ ആദ്യത്തെ റിവോൾട്ട് ബൈക്കിന്റെ ഉടമ ശ്രീലാലിനെ കാണാൻ തിരുവനന്തപുരത്തെത്തുമ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. പെട്രോൾ വില കുതിച്ചുയരുമ്പോഴും തിരുവനന്തപുരം സ്വദേശി ശ്രീലാലിനു നോ ടെൻഷൻ.  ചെങ്കോട്ടുകോണം എസ്എൻ പബ്ലിക് സ്കൂളിലെ ഉദ്യോഗസ്ഥനാണ് ശ്രീലാൽ. “യൂണിക്കോണാണ് ആദ്യം ഉപയോഗിച്ചിരുന്നത്. പുതിയതൊരെണ്ണം വാങ്ങാൻ പ്ലാനിട്ടപ്പോഴാണ് റിവോൾട്ടിനെക്കുറിച്ച് കേട്ടത്. പക്ഷേ കേരളത്തിൽ ഡീലർഷിപ്പില്ല. എങ്കിലും, വാങ്ങാമെന്നു തീരുമാനിച്ചു. ചെന്നൈയിൽ നിന്നാണ് വാങ്ങിയത്. ദിവസവും ജോലിക്കായി സ്കൂളിലെത്തുന്നതും റിവോൾട്ടിലാണ്. ഇപ്പോൾ ആയിരം കിലോമീറ്റർ കഴിഞ്ഞു. യാത്രയും സുഖം. ചെലവും കുറവ്.” ശ്രീലാലിന്റെ വാക്കുകളിൽ സംതൃപ്തി നിറഞ്ഞു നിൽക്കുന്നു. 

സ്പോർട്ടി ലുക്ക്

നേക്ക‍ഡ് സ്ട്രീറ്റ് ബൈക്കിന്റെ ലുക്കാണ്. യമഹ എഫ്സി, കെടിഎം ഡ്യൂക്ക് എന്നിവയോട് ഡിസൈനിൽ വേണമെങ്കിൽ ഉപമിക്കാം. ഒതുക്കമുള്ള രൂപം. ഭാരവും കുറവ്. സ്കൂട്ടറിന്റെ ഭാരമേയുള്ളൂ. ഹെഡ്‌ലൈറ്റും ഇൻഡിക്കേറ്ററുമെല്ലാം എൽഇഡിയാണ്. അലോയ് വീലുകൾ, വീതിയേറിയ പിൻ ടയർ, മുൻപിൻ ഡിസ്ക്ക് ബ്രേക്കുകൾ, മോണോഷോക്ക്, യുഎസ്ഡി മുൻ ഫോർക്കുകൾ എന്നിങ്ങനെ സാധാരണ 150 –200 സിസി ബൈക്കുകളിൽ കാണുന്ന ഒട്ടുമിക്ക ഫീച്ചറുകളും ആർവി 400 ലും ഉണ്ട്. ഫുള്ളി ഡിജിറ്റൽ കൺസോളാണ്. വേഗം, ബാറ്ററി ചാർജ് നില, റൈഡിങ് മോഡ്, ക്ലോക്ക് എന്നിവയെല്ലാം ഇതിൽ അറിയാം.  

revolt-rv400-5

കരുത്തൻ

170 എൻഎം ടോർക്ക് പുറത്തെടുക്കുന്ന 3 കിലോവാട്ടിന്റെ മിഡ് ഡ്രൈവ് മോട്ടറാണ് ആർവി 400 ന്റെ ഹൈലൈറ്റ്. ബെൽറ്റ് ഡ്രൈവ് വഴിയാണ് മോട്ടറിനെയും പിൻ വീലിനെയും ഘടിപ്പിച്ചിരിക്കുന്നത്. 

ഈസി റൈഡ്

മൂന്ന് റൈഡ് മോഡുകളുണ്ട്. ഇക്കോ, നോർമൽ, സ്പോർട്സ്. ഇക്കോ മോഡിൽ റേഞ്ച് 150 കിലോമീറ്ററാണ്. കൂടിയ വേഗം മണിക്കൂറിൽ 45 കിലോമീറ്ററും. നോർമൽ മോഡിലെ റേഞ്ച് 100 കിലോമീറ്റർ. കൂടിയ വേഗം 65 കിലോമീറ്റർ. മണിക്കൂറിൽ 5 കിലോമീറ്ററാണ് റിവേഴ്സ് മോഡിലെ കൂടിയ വേഗം. റേഞ്ച് 80 കിലോമീറ്ററും. 108 കിലോഗ്രാമേയുള്ളൂ ഭാരം. സീറ്റിന്റെ ഉയരം 814 എംഎം. 215 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട്. കുണ്ടും കുഴിയും ഹംപുമൊന്നും പ്രശ്‌നമേയല്ല. കാറുകളുടേതു പോലുള്ള ഫോബ് ടൈപ് കീയാണ്. ലോക്ക്, അൺലോക്ക്, സ്റ്റാർട്ട്, ലൊക്കേറ്റ് മൈ റിവോൾട്ട് എന്നീ സ്വിച്ചുകളാണ് ഇതിലുള്ളത്. ടാങ്കിനുമുകളിൽ ഒരു പുഷ്ബട്ടൺ സ്റ്റാർട്ട് സ്വിച്ചും നൽകിയിട്ടുണ്ട്. 

revolt-rv400-3

സുഖയാത്ര

അഡ്ജസ്റ്റബിൾ ഫുട്‌പെഗ്ഗാണ്. ഫുട്പെഗ്ഗിന്റെ ക്രമീകരണം വഴി രണ്ടു സീറ്റിങ് പൊസിഷൻ തിരഞ്ഞെടുക്കാം. റിലാക്സായി ഇരിക്കാവുന്ന ക്രൂസ് പൊസിഷനും സ്പോർട്ടിഫീൽ നൽകുന്ന സ്പോർട്സ് പൊസിഷനും. ഭാരം കുറഞ്ഞ ദൃഢതയേറിയ ഫ്രെയിമിലാണ് നിർമാണം. മികച്ച സെന്റർ ഒാഫ് ഗ്രാവിറ്റി കിട്ടുന്ന രീതിയിലാണ് ബാറ്ററിയുടെയും മോട്ടറിന്റെയും വിന്യാസം. ഉയർന്ന വേഗത്തിലും മികച്ച സ്ഥിരത ആർവി നൽകുന്നുണ്ട്.  മോണോ യുഎസ്ഡി ഫോർക്കും ഉയരം ക്രമീകരിക്കാവുന്ന മോണോഷോക്ക് സസ്പെൻഷനും മികച്ച യാത്രാസുഖം നൽകുന്നു. 

revolt-rv400

സുരക്ഷ

മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുണ്ട്. കോംബി ബ്രേക്കിങ് സിസ്റ്റമാണ്. ഒരു പ്രശ്നമായി തോന്നിയത് കയറ്റത്തിൽ നിർത്തി എടുക്കേണ്ടി വരുമ്പോഴാണ്. കാരണം, ബ്രേക്കിൽ പിടിച്ചാൽ മോട്ടർ ഒാട്ടമാറ്റിക്കായി ഒാഫാകും. അതുകൊണ്ടുതന്നെ ഇത് ശീലമായി വരണം. സ്റ്റാൻഡ് നിവർത്തിയാലും ഒാട്ടോ ഒാഫാണ്. റിമോട്ടിൽ ഒാഫ് ചെയ്താൽ, ആർവി 400 ആരെങ്കിലും തള്ളി നീക്കാനോ മറ്റും ശ്രമിച്ചാൽ നോ രക്ഷ. മുന്നോട്ട് അനങ്ങില്ല എന്നു മാത്രമല്ല. അലാം ശബ്ദിക്കുകയും ചെയ്യും.

revolt-rv400-6

ചാർജിങ്

സാധാരണ ബൈക്കുകളുടെ ഫ്യൂവൽടാങ്കിനു സമാനമായ ഭാഗത്താണ് റിവോൾട്ടിന്റെ ബാറ്ററി. ടാങ്ക് തുറന്നാൽ ബാറ്ററി കാണാം. ഇത് വേണമെങ്കിൽ എടുത്തു മാറ്റി ചാർജ് ചെയ്യാം. ഫ്രിജിനൊക്കെ നൽകുന്ന 16 ആംപിയറിന്റെ പവർ‌സോക്കറ്റിൽ കുത്തിയാണ് ചാർജ് ചെയ്യേണ്ടത്. 5 യൂണിറ്റ് കറന്റ് എടുക്കും ഫുൾചാർജിന്. 4.5 മണിക്കൂർകൊണ്ട് ബാറ്ററി ഫുൾ ചാർജ് ആകും. എട്ടു വർഷമാണ് ബാറ്ററി വാറന്റി. മോട്ടറിന് 5 വർഷവും.

റേഞ്ച്

മൂന്ന് റൈഡ് മോഡുണ്ട്. ഇക്കോ, നോർമൽ, സ്പോർട്സ്. ഇക്കോ മോഡിൽ മാക്സിമം വേഗം 45 കിലോമീറ്റർ. സിറ്റി മോഡിൽ 65. സ്പോർട്സ് മോഡിൽ 85 കിലോമീറ്റർ. ഇക്കോമോഡിൽ 150 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്ദാനം. നോർമലിൽ 100 കിലോമീറ്ററും സ്പോർട്സ് മോഡിൽ 80 കിലോമീറ്ററും.

revolt-rv400-1

സർവീസ്

ആദ്യ സർവീസ് 1000 കിലോമീറ്ററിൽ. 1000 കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ 10,000 കിലോമീറ്ററിലാണ് അടുത്ത സർവീസ്. ആദ്യ സർവീസ് മാത്രമേ ഒരു ബുദ്ധിമുട്ടായി കാണുന്നുള്ളൂ എന്ന് ശ്രീലാൽ. കാരണം മറ്റൊന്നുമല്ല ചെന്നൈ വരെ ബൈക്ക് കൊണ്ടു പോകണം എന്നതാണ്. കേരളത്തിൽ ഡീലർഷിപ് എത്തുന്നതോടെ ആ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. 

ഫൈനൽ ലാപ്

പോക്കറ്റ് കാലിയാക്കില്ല എന്നതാണ് റിവോൾട്ടിന്റെ എടുത്തു പറയേണ്ട സവിശേഷത. 200 സിസി ബൈക്കിന്റെ വിലയിൽ അത്രതന്നെ പെർഫോമൻസുള്ള യാത്രാച്ചെലവു കുറഞ്ഞ ബൈക്ക് എന്നതാണ് റിവോൾട്ട് ആർവി 400 ന്റെ പ്ലസ് പോയിന്റ്.

English Summary: Revolt RV 400 Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com