ADVERTISEMENT

റോയൽ എൻഫീൽഡിനു പുതുജീവൻ നൽകിയ മോഡലാണ് ക്ലാസിക്. 2009ൽ നിരത്തിലെത്തിയത് മുതൽ ഇന്നുവരെ ക്ലാസിക്, വിപണിയിലെ ക്രൂസർ വിഭാഗം കിരീടം വച്ച് വാഴുകയാണ്. ഒരു യുഗത്തിനു തിരശ്ശീല വീഴ്ത്തി യുസിഇ (യൂണിറ്റ് കൺസ്ട്രക്‌ഷൻ എൻജിൻ)യുമായായിരുന്നു ക്ലാസിക്കിന്റെ ആദ്യ വരവ്. 12 വർഷത്തിനു ശേഷം അടിമുടി പരിഷ്കരിച്ചുള്ള വരവിലും ചരിത്രമാറ്റമുണ്ട്. കിക്കർ ഒഴിവാക്കിയാണ് പുതിയ ക്ലാസിക്കിന്റെ വരവ്. മാത്രമല്ല, വിപണിയിലെ പുതിയ എതിരാളികളെ ഗോദയ്ക്കു പുറത്തിരുത്താൻ പാകത്തിലുള്ള മാറ്റങ്ങളുമുണ്ട്. പുതുമകൾ എന്തൊക്കെയെന്ന് നോക്കാം.

പുതിയ ഷാസി

സിംഗിൾ ഡൗൺ ട്യൂബ് ഷാസിക്കു പകരം ഡബിൾ ക്രാഡിൽ ഫ്രെയിമാണ് (മീറ്റിയോറിൽ നൽകിയിരിക്കുന്നതു തന്നെ). ഫലം ഹാൻഡ്‌ലിങ് മെച്ചപ്പെട്ടു. വൈബ്രേഷൻ കുറഞ്ഞു. ഫുട്പെഗ് ക്രമീകരണത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

royal-enfield-classic-350-8

ഹെഡ്‌ലൈറ്റ്

കിടിലൻ വെട്ടമുള്ള യൂണിറ്റാണ്. ആകൃതിയിൽ മാറ്റമില്ലെങ്കിലും ഡൂം ക്രമീകരിക്കാം. മാത്രമല്ല, ഹെഡ്‌ലാംപിന്റെ ഗ്ലാസ് കുറച്ച് പരന്നിട്ടുണ്ട്, ഗ്ലാസ് പാറ്റേണിലും മാറ്റമുണ്ട്.

royal-enfield-classic-350-9

കൺസോൾ

മീറ്റർ കൺസോളിൽ കാലികമായ മാറ്റം വരുത്തിയത് സ്വാഗതാർഹം. ഫ്യൂവൽ ഗേജ് ഇല്ല എന്നതായിരുന്നു ഉപയോക്താക്കളുടെ വൻ പരാതി. അതിനു പരിഹാരം കൊണ്ടു വന്നു. ക്ലാസിക് ഡയലുകൾക്കൊപ്പം ചെറിയ ഡിജിറ്റൽ മീറ്റർ നൽകിയിട്ടുണ്ട്. ഇതിൽ ഫ്യൂവൽ ഗേജ്, ട്രിപ്, ക്ലോക്ക്, ഒാഡോ മീറ്റർ എന്നിവ നൽകിയിരിക്കുന്നു. ആംപിയർ മീറ്ററിന്റെ സ്ഥാനത്ത് മീറ്റിയോറിൽ കൊടുത്ത തരത്തിലുള്ള ട്രിപ്പർ നാവിഗേഷനാണ്. ഇഗ്‌നീഷൻ സ്ലോട്ടിൽ തന്നെയാണ് ഹാൻഡിൽ ലോക്കും സെറ്റ് ചെയ്തിരിക്കുന്നത്. ക്ലച്ച് ബ്രേക്ക് ലിവറുകളും ഹാൻഡിൽ ഗ്രിപ്പും മീറ്റിയോറിൽനിന്നുള്ളതാണ്. ക്വാളിറ്റി ഉഗ്രൻ.

royal-enfield-classic-350-7

ടാങ്ക്

13.5 ലീറ്റർ ടാങ്കിന്റെ വലുപ്പം കുറച്ചു 13 ആക്കി. റിസർവ് 4 ലീറ്റർ. പ്ലേറ്റിങ്ങുള്ള ടോപ് മോഡലിൽ ഇന്റർസെപ്റ്ററിൽ കണ്ടതുപോലുള്ള ലോഗോയാണ് ടാങ്കിൽ. 

സസ്പെൻഷൻ

സസ്പെൻഷൻ പരിഷ്കരിച്ചു. മുന്നിലെ ഫോർക്കിന്റെ വലുപ്പം കൂടി. പിന്നിൽ ഇപ്പോൾ ഗ്യാസ്ഫിൽഡ് സസ്പെൻഷനല്ല. ഡാംപിങ് മെച്ചപ്പെട്ടു. യാത്രാസുഖം കൂടി. ഗട്ടർ റോഡിലൂടെ അത്യാവശ്യം വേഗത്തിൽ പോയാലും വലിയ അടിപ്പില്ല. കട്ടിങ്ങുകൾ ഇറങ്ങുമ്പോഴും ചാട്ടമറിയില്ല.

royal-enfield-classic-350-5

ബ്രേക്ക് 

ഇരുവീലുകളിലും ഡിസ്ക് ബ്രേക്കാണ്. മുന്നിലെ ഡിസ്ക്കിന്റെ വലുപ്പം കൂട്ടി. സിംഗിൾ–ഡ്യുവൽ ചാനൽ എബിഎസ് ഉണ്ട്.

സീറ്റ്

സീറ്റിന്റെ സ്പ്രിങ് എടുത്തുകളഞ്ഞു. നല്ല കുഷനുള്ള സീറ്റാണ് പുതിയതിന്. 805 എംഎം ഉയരമുണ്ട്. പഴയ മോഡലിനെക്കാളും ഉയരം 5 എംഎം കൂടി. സത്യത്തിൽ സ്പ്രിങ് പോയപ്പോഴാണ് ഇരിപ്പുസുഖംകൂടിയത്.  ഒറ്റയടിക്ക് 12–140 കിലോമീറ്റർ ഒാടിച്ചിട്ടും മടുപ്പില്ല. നിവർന്നിരുന്നു യാത്ര ചെയ്യാവുന്ന പൊസിഷൻ. ഗ്രൗണ്ട് ക്ലിയറൻസ് കൂട്ടിയതും ഫുട്പെഗിന്റെ സ്ഥാനവും പരിഷ്കരിച്ചത് കോർണറിങ്ങിൽ കൂടുതൽ സൗകര്യമായി.

royal-enfield-classic-350-2

പിൻസീറ്റ് കുറച്ചുകൂടി ഉയർത്തി. മുൻമോഡലിൽ കുഴിയിൽ ഇരിക്കുന്ന ഫീലായിരുന്നു. അതു മാറി. പഴയ ക്ലാസിക് മോ‍‍ഡലിൽ പിൻസീറ്റിലിരുന്നുള്ള ദീർഘദൂരയാത്ര അത്ര സുഖകരമായിരുന്നില്ല. പുതിയ മോഡലിൽ ഇനി ആ പരാതി ഉണ്ടാകില്ല. ഗ്രാബ് റെയിലും പരിഷ്കരിച്ചിട്ടുണ്ട്. 

സൈഡ് പാനൽ

എയർ ബോക്സും ടൂൾ കിറ്റും വരുന്ന സൈഡ് പാനൽ അകത്തേക്കു കവർ ചെയ്തു. മഴയത്തും വാട്ടർ സർവീസ് ചെയ്യുമ്പോഴും വെള്ളം അടിച്ചു കയറുന്നത് ഒരു പ്രശ്നമായിരുന്നു. മാത്രമല്ല കാഴ്ചയിലും നല്ല മാറ്റം ഇതു കൊണ്ടുവന്നിട്ടുണ്ട്.

royal-enfield-classic-350-10

ഹാൻഡിലിനും ടാങ്കിനുമിടയിലായി തൂങ്ങിക്കിടന്ന വയറുകളടക്കം പുറത്തു കാണാതെ ഭംഗിയായി സ്ലീവിനുള്ളിലാക്കി പാക്ക് ചെയ്തിട്ടുണ്ട്. മൊത്തത്തിൽ ക്ലാസിക് ഇന്റർസെപ്റ്റർ നിലവാരത്തിലേക്കുയർന്നു. ടാങ്കിലെ ലോഗോ തന്നെ ഉദാഹരണം. പാർട്ടുകളുടെ കൂട്ടിച്ചേർക്കലിലും വെൽഡിങ്ങിലുമെല്ലാം നിലവാരം കൂടി. 

ഇടിനാദം

സൈലൻസറിനു മുഴക്കമില്ല എന്ന പരാതി  പുതിയ ക്ലാസിക് കേൾപ്പിക്കില്ല. അടിപൊളി എക്സോസ്റ്റ് നോട്ടാണ് പുതിയ ക്ലാസിക്കിന്. ആക്സസറിയായി ഇനി സൈലൻസർ വാങ്ങണ്ട എന്നു ചുരുക്കും. മുൻ മോഡലിനെക്കാളും സൈലൻസർ നീളം കുറച്ചിട്ടുണ്ട്. റോഡിന്റെ കട്ടിങ്ങും മറ്റും ചാടുമ്പോൾ സൈലൻസറിന്റെ അറ്റം ഇടിക്കുന്നത് കുറയും.

royal-enfield-classic-350-5

 

കിക്കർ

 

royal-enfield-classic-350-12

ആദ്യകാലത്ത് ബുള്ളറ്റ് കിക്കറടിച്ച് സ്റ്റാർട്ടാക്കുന്നത് ഒരു കല ആയിരുന്നു. ആംപിയർ നോക്കി കിക്കറടിക്കാൻ പാടുപെട്ടവരുടെ മുന്നിലേക്കാണ് ആംപിയറില്ലാതെ ചവിട്ടാവുന്ന കിക്കറും സെൽഫ് സ്റ്റാർട്ടുമൊക്കെയായി ക്ലാസിക് വന്നത്. ഈ പുതിയ വരവിൽ മോഡേൺ ബൈക്കുകളിലേതുപോലെ ക്ലാസിക്കിൽ കിക്കർ ഒഴിവാക്കി. 

 

ബ്ലൂടൂത്ത് കണക്ടിവിറ്റി

royal-enfield-classic-350-15

 

മീറ്റിയോറിൽ കണ്ട ട്രിപ്പർ നാവിഗേഷനും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഇതിലുമുണ്ട്. കൺസോളിൽ ആംപിയർ മീറ്റർ നൽകിയിരുന്നിടത്താണ് ട്രിപ്പർ മീറ്റർ നൽകിയിരിക്കുന്നത്. ഹാൻഡിലിൽ ഒരു യുഎസ്ബി ചാർജിങ് സ്ലോട്ടും നൽകിയിട്ടുണ്ട്.

 

royal-enfield-classic-350-3

പുതിയ എൻജിൻ

 

മീറ്റിയോറിൽ ഉള്ള അതേ എൻജിൻ പ്ലാറ്റ്ഫോമാണ് ഈ എൻജിന്റെ അടിസ്ഥാനം. വൈബ്രേഷൻ ഇല്ല എന്നതാണ് എടുത്തുപറയേണ്ടത്. മിറർ കിടന്നു വിറയ്ക്കുന്നില്ല. 349 സിസി എയർ–ഒായിൽ കൂൾഡ് എൻജിനാണ്. പഴയ മോഡലിൽ 346 സിസി എയർകൂൾഡ് എൻജിനായിരുന്നു. പഴയ മോഡലിനെക്കാളും ടോർക്കിൽ 1 എൻഎം കുറവുണ്ടെങ്കിലും കുറഞ്ഞ ആർപിഎമ്മിൽ (4000 ആർപിഎം) കൂടിയ ടോർക്ക് ലഭ്യമാകും എന്നത് പുതിയ എൻജിന്റെ സവിശേഷതയാണ്. പവർബാൻഡ് മുൻ മോഡലിനെക്കാളും കൂടിയിട്ടുണ്ട്. ഒപ്പം 1.1 ബിഎച്ച്പിയുടെ വർധനവുമുണ്ട്. 6100 ആർപിഎമ്മിലാണ് കൂടിയ പവർ കിട്ടുക. 

 

ഗിയർ ബോക്സ് 

 

royal-enfield-classic-350-1

5 സ്പീഡ് ഗിയർ ബോക്സ്.  ഗിയറുകൾ തമ്മിലുള്ള അകലം കുറവാണ്. മാറ്റങ്ങൾ എളുപ്പം.

 

റൈഡ് 

 

80 കിലോമീറ്ററിനു മകുളിലേക്കു കയറുമ്പോഴുണ്ടായിരുന്ന വിറയലും തുള്ളലും മാറി. സ്റ്റെഡിയാണിപ്പോൾ. നേർരേഖയിൽ ഉയർന്ന വേഗത്തിൽ നല്ല നിയന്ത്രണം. മാത്രമല്ല വളവുകൾ വേഗത്തിൽ വീശാം. കൊച്ചി–കോട്ടയം–മണിമല–റാന്നി – പത്തനംതിട്ട– എറണാകുളം റൂട്ടിൽ എകദേശം 400 കിലോമീറ്ററിനുമുകളിൽ റൈഡ് െചയ്തു. നേർരേഖയിലും 'ട' വളവുകളിലും ചന്ദ്രോപരിതലം പോലുള്ള വഴികളിലും ഉഗ്രൻ പെർഫോമൻസും യാത്രാസുഖവുമാണ് ക്ലാസിക് നൽകിയത്. ഗട്ടർ റോഡിലൂടെ അത്യാവശ്യം വേഗത്തിൽ പോയാലും വലിയ അടിപ്പില്ല. കട്ടിങ്ങുകൾ ഇറങ്ങുമ്പോഴും വലിയ ചാട്ടമില്ലെന്നത് എടുത്തു പറയാം.

 

ൈഫനൽ ലാപ്

 

ക്ലാസിക്കിന്റെ മുൻ മോഡലുകളെ അപേക്ഷിച്ച് ക്വാളിറ്റി വളരെയേറെ മെച്ചപ്പെട്ടു എന്നതാണ് ആദ്യം പറയേണ്ടത്. ഫിറ്റ് ആൻഡ് ഫിനിഷ് ഇന്റർസെപ്റ്റർ, മീറ്റിയോർ എന്നിവയുടെ നിലവാരത്തിലേക്കുയർന്നു. വൈബ്രേഷൻ ഇല്ലെന്നതാണ് മെയിൻ ഹൈലൈറ്റ്. റിഫൈൻഡ് എൻജിൻ. ഉഗ്രൻ എക്സോസ്റ്റ് നോട്ട്. യാത്രാസുഖവും ഇരിപ്പു സുഖവുമുണ്ട്. ഒറ്റയടിക്ക് 120–140 കിലോമീറ്റർ ഒാടിച്ചിട്ടും മടുപ്പില്ല. നിവർന്നിരുന്നു യാത്ര ചെയ്യാവുന്ന പൊസിഷൻ. മികച്ച യാത്രാ സുഖം നൽകുന്ന സസ്പെൻഷൻ. ക്ലാസിക്, നിരത്തിൽ മറ്റൊരു ക്ലാസിക് രചിക്കുമെന്നതിൽ സംശയമില്ല.

 

English Summary: Royal Enfield Classic 350 Test Ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com