ADVERTISEMENT

പ്രതാപിയായി യെസ്ഡി തിരിച്ചെത്തിയിരിക്കുകയാണ്; മുൻപത്തെക്കാൾ തലയെടുപ്പോടെ. എൺപതുകളിലെ യുവത്വത്തിന്റെ ഹൃദയമിടിപ്പായിരുന്നു യെസ്ഡിയും ജാവയും. അതിൽ ജാവ നേരത്തേ തിരിച്ചെത്തിയിരുന്നു. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡാണ് ജാവയെ കൊണ്ടുവന്നത്. ഇപ്പോഴിതാ യെസ്ഡിയെയും ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ് ക്ലാസിക് ലെജൻഡ്. റോഡ്സ്റ്റർ, സ്ക്രാംബ്ലർ, അഡ്വഞ്ചർ എന്നിങ്ങനെ മൂന്നു മോഡലുകളാണ് യെസ്ഡി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ സ്ക്രാംബ്ലർ മോഡലിനെ അടുത്തൊന്നു കാണാം.

ചരിത്രവഴി

1960 ൽ െഎഡിയൽ ജാവ എന്ന ഇന്ത്യൻ കമ്പനിയാണ് ചെക്കോ െസ്ലാവാക്യൻ മോഡലായ ജാവയെ ഇന്ത്യയിലെത്തിച്ചത്. മൈസൂരു ആസ്ഥാനമായുള്ള കമ്പനി 1973ൽ ആണ് യെസ്ഡി ബൈക്കുകൾ നിരത്തിലിറക്കുന്നത്. യെസ്ഡി എന്നാൽ ചെക്ക് ഭാഷയിൽ റൈഡുകൾ എന്നാണ് അർഥം. മൈസൂരുവിൽ ആയിരുന്നു ജാവയുടെയും യെസ്ഡിയുടെയും ഫാക്ടറി. അറുപതുകളിൽ തുടങ്ങി തൊണ്ണൂറുകളുടെ പകുതി വരെ ജാവയും യെസ്ഡിയും നിരത്തു വാണു. മോട്ടർ റേസിങ് മത്സരത്തിൽ വരെ വെന്നിക്കൊടി പാറിച്ച ചരിത്രമാണ് ഇരുകമ്പനിയുടെയും വിഖ്യാത മോഡലുകൾക്കുള്ളത്. പക്ഷേ,1996 ൽ നിർമാണം അവസാനിപ്പിക്കേണ്ടി വന്നു. 

yezdi-scrambler-4

തൊഴിലാളിപ്രശ്നങ്ങളും കടുത്ത മലിനീകരണ നിയന്ത്രണ നിയമങ്ങളുമായിരുന്നു പിൻമാറ്റത്തിനു കാരണം. 'ഫോർ എവർ ബൈക്ക് ഫോർ എവർ വാല്യു' എന്നായിരുന്നു യെസ്ഡിയുടെ ആദ്യത്തെ ആപ്ത വാക്യം. 'വിശുദ്ധ ഹൃദയർക്കുള്ളതല്ല യെസ്ഡി ബൈക്കുകൾ' എന്നാണ് പുതിയ ആപ്തവാക്യം!

yezdi-scrambler-8

പഴമ കൈവിടാതെ

മോഡേൺ ക്ലാസിക് എന്നു വിശേഷിപ്പിക്കാം പുതിയ സ്ക്രാംബ്ലറിനെ. പഴയ യെസ്ഡിയെ ഒാർമിപ്പിക്കുന്ന ഘടകങ്ങളും പുതു തലമുറ മോഡലുകളിലെ നൂതന സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചാണ് വരവ്. വട്ടത്തിലുള്ള ഹെഡ്‍െെലറ്റും ചതുര വടിവിലുള്ള എൻജിൻ കവറും ഇരട്ട എക്സോസ്റ്റും പഴയ യെസ്ഡി മോഡലുകളെ വീണ്ടും കൺമുന്നിലേക്കു കൊണ്ടു വരുന്നു.

yezdi-scrambler-3

തനി സ്ക്രാംബ്ലർ 

ഡ്യുക്കാറ്റിയുടെയും ബിഎംഡബ്ല്യുവിന്റെയുമൊക്കെ സ്ക്രാംബ്ലർ  മോഡലിനോടു കിടപിടിക്കുന്ന രൂപമികവുമായാണ് യെസ്ഡി സ്ക്രാംബ്ലറിന്റെയും വരവ്. ഹെഡ്‍ലാംപിനോടു ചേർന്നു നിൽക്കുന്ന  'ബീക്ക്' ഫെൻഡറും 'ടക്ക് ആൻഡ് റോൾ' സീറ്റും ഉയർന്ന ഹാൻഡിൽ ബാറും ഫ്യൂവൽ ടാങ്കും എല്ലാം തനി സ്ക്രാംബ്ലർ ശൈലിയിൽ തന്നെ.വശങ്ങളിൽ ഗ്രിപ്പുള്ള, വിന്റേജ് ലുക്കുള്ള ടാങ്കാണ് മാസ്. പഴയ ശൈലിയിലുള്ള ടാങ്ക് ക്യാപ്പും ലോഗോയും എല്ലാം ക്ലാസായിട്ടുണ്ട്. ക്ലാസിക് ലുക്കിലാണെങ്കിലും ഹെഡ്‍ലാംപും ടെയിൽ ലാംപുമെല്ലാം എൽഇഡിയാണ്. സ്പോക്ക് വീലുകളാണ്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചും. ഡ്യൂവൽ പർപ്പസ് ടയറുകൾ മസിൽ ഫീൽ നൽകുന്നു.

yezdi-scrambler-7

പിന്നിലേക്ക് ഉയർന്നു നിൽക്കുന്ന തരത്തിലാണ് സീറ്റിന്റെ ഡിസൈൻ. സീറ്റിനോട് ഇഴുകിച്ചേർന്നു നിൽക്കുന്ന ചെറിയ മഡ്ഗാർഡും ടെയിൽലാംപും. മെറ്റലിലല്ല ഫൈബറിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ജാവ പെരേക്കിലുള്ള ചെറിയ എൽഇഡി ടെയിൽ ലാംപാണ്. ലഗേജ് കാരിയറോടുകൂടിയ ഗ്രാബ് റെയിൽ കൊള്ളാം. ടയർ ഹഗ്ഗറിലാണ് നമ്പർ പ്ലേറ്റ് നൽകിയിരിക്കുന്നത്. മോണോഷോക്കല്ല സ്ക്രാംബ്ലറിൽ, ഗ്യാസ് ഫിൽഡ് സ്പ്രിങ് ലോഡഡ് സസ്പെൻഷനാണ്. ക്ലാസിക് ലുക്കിനൊപ്പം ആധുനിക ഫീച്ചറുകളുമുള്ള ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളാണ്. ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററടക്കമുള്ള കാര്യങ്ങൾ ഇതിലറിയാം. ഹാൻഡിലിൽ നൽകിയ യുഎസ്ബി പോർട്ട് കൊള്ളാം. ഉപയോഗിക്കാൻ സൗകര്യമാണ്.

ടോർക്കി എൻജിൻ

ജാവ പെരക്കിൽ നൽകിയിരിക്കുന്ന 334 സിസി സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക് എയർകൂൾഡ് എൻജിനാണ് യെസ്ഡിയുടെ മൂന്നു മോഡലുകൾക്കും. എന്നാൽ, എൻജിന്റെ പവറും ടോർക്കും മൂന്നിലും വ്യത്യാസമുണ്ട്. ഫ്ലാറ്റ് ടോർക്കാണ് സ്ക്രാംബ്ലറിലെ എൻജിന്റെ ഹൈലൈറ്റ്. റെവ് റേഞ്ചിലുടനീളം നല്ല ടോർക്ക് ലഭ്യമാകും. 6750 ആർപിഎമ്മിൽ 28.2 എൻഎം ടോർക്ക് കിട്ടും. പഴയ മോഡൽ യെസ്ഡി സ്റ്റാർട്ട് ചെയ്യുന്നത് ഒരു സംഭവം തന്നെയായിരുന്നു. ഗിയറിനും കിക്കറിനും ഒറ്റ ലിവറായിരുന്നു. പിന്നോട്ടു തട്ടിയാൽ കിക്കറും മുന്നോട്ടിട്ടാൽ ഗിയർ ലിവറും. പുതിയ വരവിൽ കിക്കറില്ല. ഇലക്ട്രിക് സ്റ്റാർട്ടാണ്. എൻജിൻ കിൽ സ്വിച്ചുണ്ട്. ആരും ഒന്നു ശ്രദ്ധിക്കുന്ന ശബ്ദമാണ് യെസ്ഡി സ്ക്രാംബ്ലറിന്. ത്രോട്ടിൽ കൊടുക്കുന്നതിനനുസരിച്ചു ബേസ് കൂടുന്നത് റൈഡ് രസമാക്കും. റിഫൈൻഡായ എൻജിനാണ്. ലോ എൻഡിലും മിഡ് റേഞ്ചിലും കിടിലൻ പെർഫോമൻസാണ് കാഴ്ചവയ്ക്കുന്നത്. 

yezdi-scrambler-2

സിറ്റിയിലൂടെ കൂളായി കൊണ്ടു പോകാം. നല്ല ടോർക്കുള്ളതിനാൽ അടിക്കടി ഡൗൺ ചെയ്യേണ്ട. ഹൈവേയിലെ കുതിപ്പിനും മടിയില്ല. 8000 ആർപിഎമ്മിൽ 29.1 പിഎസ് കരുത്തു പുറത്തെടുക്കും ഈ എൻജിൻ. ജാവ മോഡലുകളെക്കാളും ഉയരമുണ്ട് സീറ്റിന്, 800 എംഎം. ശരാശരി ഉയരക്കാർക്കു സീറ്റിലിരുന്നാൽ കാൽ നിലത്ത് എത്തും. ഉയർന്ന ഹാൻഡിൽ ബാർ നല്ല ഇരിപ്പും കംഫർട്ടും നൽകുന്നു. 182 കിലോയാണ് ബൈക്കിന്റെ കെർബ് ഭാരം. 

വഴിയില്ലേ.. നോ പ്രോബ്ലം

ടാർ റോഡിൽ മാത്രമല്ല യെസ്ഡി സ്ക്രാംബ്ലർ കുതിക്കുക. ഒാഫ് റോഡിലും ഒരു കൈ നോക്കാൻ കക്ഷി തയാർ. 200 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട്. മോശം റോഡിലും മറ്റും കൂളായി കൊണ്ടുപോകാം. എൻജിൻ ഇടിക്കുമെന്ന പേടി വേണ്ട. ഡ്യൂവൽ ചാനൽ എബിഎസ് ആണ്. റോഡ്, റെയ്‍ൻ, ഒാഫ്റോഡ് എന്നിങ്ങനെ മൂന്നു റൈഡ് മോഡുകളുമുണ്ടിതിന്. ഹാൻഡിലിൽ ഇടത്തുവശത്തുള്ള സ്വിച്ചുവഴി ഇത് തിരഞ്ഞെടുക്കാം. ഒാൺ റോഡിലും ഒാഫ് റോഡിലും നല്ല നിയന്ത്രണം സ്ക്രാംബ്ലറിനു കാഴ്ചവയ്ക്കാൻ കഴിയുന്നതിൽ ഡബിൾ ക്രാഡിൽ ഫ്രെയിം നൽകുന്ന പിൻബലം ചെറുതല്ല. കുണ്ടും കുഴിയും കൂസാതെ കുതിച്ചുപായാം. ബ്രേക്കിങ് മികവും കൊള്ളാം. 

yezdi-scrambler-6

ഫൈനൽ ലാപ്

ആറു നിറങ്ങളാണുള്ളത്. എക്സ് ഷോറൂം വില– ₨ 2.04 ലക്ഷം മുതൽ ₨ 2.10 ലക്ഷം വരെ. യെസ്ഡി എന്ന വികാരത്തിനപ്പുറം ഉഗ്രൻ സ്ക്രാംബ്ലർ വേണമെന്നുള്ളവർക്ക് ധൈര്യമായി കൂടെക്കൂട്ടാവുന്ന മോഡൽ. സൂപ്പർബ് ഡിസൈൻ, മികച്ച നിർമാണ നിലവാരം, നൂതന ഫീച്ചറുകൾ, ഒാൺ–ഒാഫ് റോഡ് പെർഫോമൻസ്, കുറഞ്ഞ വില എന്നിങ്ങനെ നീളുന്നു സവിശേഷതകൾ. 

English Summary: Yezdi Scrambler Test Ride Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com