ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടർ കോർപ്പിൽനിന്നുള്ള ഇലക്ട്രിക് സ്കൂട്ടർ വളരെക്കാലമായി കാത്തിരുന്ന മോഡലാണ്. കഴിഞ്ഞ വർഷം ഓക്ടോബറിൽ അവതരിപ്പിച്ചെങ്കിലും എല്ലായിടത്തും ലഭ്യമായിരുന്നില്ല. വിപണി പഠിച്ച ശേഷമാണ് വി1 വന്നിരിക്കുന്നത്. എതിരാളികൾക്കുള്ള കുറവുകൾ വി 1 പ്രോയിലൂടെ നികത്താൻ ഹീറോ ശ്രമിച്ചിട്ടുണ്ട്.  

hero-vida-v1pro-4

ഡിസൈൻ

നല്ല ക്വാളിറ്റിയുള്ള ഉൽപന്നം എന്ന് ഒറ്റനോട്ടത്തിൽ പറയാം. ഹാൻഡിലിനു മുന്നിലായി ഫ്ലൈ സ്ക്രീൻ. താഴേക്ക് ഇറങ്ങിയിരിക്കുന്ന ഹെഡ്‌ലാംപ്. വീതിയുള്ള ബോഡി. ഇരുവശത്തും സൗന്ദര്യം കൂട്ടുന്നതിന് ഓറഞ്ച് നിറത്തിലുള്ള ഫെൻഡർ നൽകിയിട്ടുണ്ട്. ഭംഗിയെക്കാളുപരി തുറക്കാവുന്ന കൊച്ചു ബോക്സുകളാണത്. മൊബൈൽ ചാർജർ പോലുള്ള അധികം വലുപ്പമില്ലാത്ത വസ്തുക്കൾ ഇതിനകത്തു സൂക്ഷിക്കാം. തുറക്കാനും അടയ്ക്കാനും അത്ര എളുപ്പമായി തോന്നിയില്ല. ഡിജിറ്റൽ കൺസോൺ. ടച്ച് സ്ക്രീൻ ആണ്. ബാറ്ററി ലെവൽ, സ്പീഡോമീറ്റർ എന്നിവയോടൊപ്പം എ, ബി ട്രിപ് സെറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. മുന്നിൽ ഷോപ്പിങ് ബാഗുകൾ തൂക്കിയിടാനുള്ള ഹുക്ക്, ഫാസ്റ്റ് ചാർജിങ് പോർട്ട്, യുഎസ്ബി എന്നിവയുണ്ട്. കൺ സോളിനു നേരെ താഴെയായി ഇഗ്‌നിഷൻ ഓഫ് ഓൺ ബട്ടൺ. 

hero-vida-v1pro-1

തൊട്ടരികെ സീറ്റ് തുറക്കാനുള്ള ബട്ടണും കൊടുത്തിരിക്കുന്നു. സ്പ്ലിറ്റ് സീറ്റുകളാണ്. സാധാരണ സ്കൂട്ടറുകളിലേതുപോലെ തുറക്കാനാകില്ല. കൃത്യം നടുഭാഗത്തായാണ് ലോക്ക്. സീറ്റ് ഓപ്പൺ ബട്ടൺ അമർത്തിയശേഷം നടുഭാഗത്തു പിടിച്ചു പൊക്കിയാൽ സീറ്റ് തുറക്കും. രണ്ട് അറകളുണ്ട്. ഒന്നിൽ ഹെൽമറ്റും അനുബന്ധ സാമഗ്രികളും വയ്ക്കാം. രണ്ടു ബാറ്ററികളും ഹോം ചാർജിങ് പോർട്ടുമാണ് രണ്ടാമത്തെ അറയിൽ. ഊരിമാറ്റി ചാർജ് ചെയ്യാവുന്ന ബാറ്ററികളാണിവ. എർഗണോമിക്കലി സുഖപ്രദമായ സീറ്റിങ് പൊസിഷൻ. 

hero-vida-v1pro-3

സ്മാർട് കീ

പാർക്കിങ്ങിൽ നിർത്തിയിരിക്കുന്ന സ്കൂട്ടർ കണ്ടുപിടിക്കുന്നതിനുള്ള ഫൈൻഡ് മൈ സ്കൂട്ടർ, ഫോളോ മീ ഹെഡ്‌ലാംപ്, സീറ്റ് തുറക്കാനുള്ള ബൂട്ട് ഓപ്പൺ സ്വിച്ച്, ഹാൻഡിൽ ലോക്ക് എന്നിവയാണ് സ്മാർട് കീയിൽ ഉള്ളത്. കൂടാതെ, സ്പെയർ കീയും ഇതിലുണ്ട്. സ്കൂട്ടർ നിർത്തിയിട്ട ശേഷം ഓൺ ആകാതിരിക്കുകയോ സോഫ്റ്റ്‌വെയർ പ്രവർത്തിക്കാതിരിക്കുകയോ ചെയ്താൽ മുന്നിലെ ഫുട്‌ബോർഡിലെ മാറ്റ് മാറ്റി അടപ്പു തുറക്കുക. അതിനുള്ളിലെ ലോക്ക് കീ ഉപയോഗിച്ചു തുറന്നാൽ സ്കൂട്ടർ ഓൺ ആക്കാം. 

hero-vida-v1pro-5

ഫീച്ചറുകൾ

സ്കൂട്ടർ ഓൺ ചെയ്യാൻ കീ ആവശ്യമില്ല. എന്നാൽ, സ്മാർട് കീ എടുത്ത് പോക്കറ്റിലിടാൻ മറക്കരുത്.  സ്കൂട്ടർ ഓൺ ആക്കിയ ശേഷം ഹാൻഡിലിന്റെ ഇടതുവശത്തുള്ള സെറ്റ് എന്ന ബട്ടൺ അമർത്തിയാൽ വണ്ടി റൈഡിനു തയാറായി. ഹാൻഡിലിനു മുന്നിലായി റൈഡിങ് മോഡ് തിരഞ്ഞെടുക്കാനുള്ള സ്വിച്ച് ഉണ്ട്. അല്ലെങ്കിൽ സ്ക്രീനിൽ ടച്ച് ചെയ്താലും മതി. ഇക്കോ, റൈഡ്, സ്പോർട് മോഡുകൾ കൂടാതെ കസ്റ്റം മോഡുമുണ്ട്. അത്യാവശ്യ ഡോക്കുമെന്റുകളും സേവ് ചെയ്തു സൂക്ഷിക്കാം. വിഡ ആപ് കണക്ട് ചെയ്താൽ ടേൺ ബൈ ടേൺ നാവിഗേഷൻ, ജിയോ ഫെൻസിങ്, ആൻഡ്–തെഫ്റ്റ് അലാം, ട്രാക്കിങ് തുടങ്ങിയവയുണ്ട്. സ്കൂട്ടർ മോഷ്ടിക്കപ്പെട്ടാൽ ആപ് വഴി സ്കൂട്ടർ ഓഫ് ചെയ്യാനും കഴിയും. 

∙ ക്രൂസ് കൺട്രോൾ : സെറ്റ് ബട്ടണു തൊട്ടു മുകളിലായി ക്രൂസ് കൺട്രോൾ സ്വിച്ച് ഉണ്ട്. റൈഡ് ചെയ്യുന്നതിനു മുൻപായി ഈ സ്വിച്ച് അമർത്തുക. അപ്പോൾ ക്രൂസ് കൺട്രോൾ ഓൺ ആണെന്നുള്ള ചിഹ്നം കൺസോളിൽ ചുവന്ന നിറത്തിൽ തെളിയും. റൈഡ് ചെയ്യുമ്പോൾ 30 km/h മുകളിൽ വേഗമെത്തിയാൽ ക്രൂസ് കൺട്രോൾ സെറ്റ് ചെയ്യാം. 40 km/h വേഗത്തിലാണ് ക്രൂസ് കൺട്രോൾ വേണ്ടതെങ്കിൽ സെറ്റ് എന്ന സ്വിച്ച് അമർത്തുക. അപ്പോൾ സ്ക്രീനിലെ ചിഹ്നം പച്ച നിറമാകും. ‌ഓടിക്കൊണ്ടിരിക്കുമ്പോൾത്തന്നെ ക്രൂസ് കൺട്രോളിലെ വേഗം ക്രമീകരിക്കാം. കൂട്ടണമെങ്കിൽ + ബട്ടണും കുറയ്ക്കണമെങ്കിൽ - ബട്ടണും അമർത്തിയാൽ മതി.  

hero-vida-v1pro-6

∙ എമർജൻസി എസ്ഒഎസ് : വിഡ ആപ്പിൽ 3 ഫോൺ നമ്പറുകൾ എമർജൻസി കോൺടാക്ട് ആയി സേവ് ചെയ്യാം. അത്യാവശ്യ ഘട്ടങ്ങളിൽ വലതു ഹാൻഡിലിലെ എസ്ഒഎസ് ബട്ടൺ അമർത്തിയാൽ ഈ നമ്പറുകളിലേക്ക് സന്ദേശം പോകും.      

∙ ജോയിസ്റ്റിക് സ്വിച്ചുകൾ : റൈഡിങ്ങിനിടയിൽ ടച്ച് സ്ക്രീനിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി ഹാൻഡിലിന്റെ ഇടതുഭാഗത്ത് ജോയിസ്റ്റിക് സ്വിച്ചുകൾ നൽകിയിട്ടുണ്ട്. ഹസാഡ് ബട്ടണും ഇതിലുണ്ട്. 

∙ റിവേഴ്സ് : പാർക്കിങ് സ്വിച്ച് അമർത്തിയശേഷം ത്രോട്ടിൽ ആക്സിലറേഷന് എതിരായി നൽകിയാൽ സ്കൂട്ടർ പിന്നോട്ടുരുളും. സാധാരണപോലെ ആക്സിലറേഷൻ കൊടുത്താൽ മുന്നിലേക്കും. പാർക്ക് മോഡിൽനിന്നു മാറണമെങ്കിൽ സെറ്റ് ബട്ടൺ അമർത്തിയാൽ മതി.       

∙ ബാറ്ററി : IP67 റേറ്റിങ് ഉള്ള 1.97 kWh ന്റെ രണ്ട് ലിഥിയം ബാറ്ററികളാണ് പ്രോയിൽ. വീട്ടിൽ ചാർജ് ചെയ്യുകയാണെങ്കിൽ 5 മണിക്കൂർ 55 മിനിറ്റ് വേണം 80% ചാർജ് ആകാൻ. ഫാസ്റ്റ് ചാർജിങ് വഴി 1 മിനിറ്റ് ചാർജ് ചെയ്താൽ 1.2 കിമീ സഞ്ചരിക്കാം. അതായത്, 10 മിനിറ്റ് ചാർജ് ചെയ്താൽ 12 കിമീ സഞ്ചരിക്കാം. ഏതർ ഫാസ്റ്റ് ചാർജിങ് സെന്ററുകൾവഴിയും ചാർജ് ചെയ്യാം. 165 കിമീ ആണ് എആർഎഐ സർട്ടിഫൈഡ് റേഞ്ച്. എന്നാൽ, 90–100 കിമീ വരെ ലഭിക്കുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. 

hero-vida-v1pro-2

റൈഡ്

കുലുക്കമില്ലാത്ത മികച്ച റൈഡിങ് വിഡ വി1 പ്രോ നൽകുന്നുണ്ട്. മൂന്നു റൈഡിങ് മോഡുകളിൽ ഇക്കോ മോഡിലാണ് മികച്ച റേഞ്ച് ലഭിക്കുക. ഉയർന്ന വേഗം 80 kmph. ഇക്കോ മോഡിൽ കയറ്റം കയറുമെങ്കിലും റൈഡിങ് അത്ര സ്മൂത്തായി തോന്നിയില്ല. എന്നാൽ, റൈഡ്, സ്പോർട് മോഡുകളിൽ കിടിലൻ പ്രകടനം. 0–40 കിമീ വേഗമാർജിക്കാൻ 3.2 സെക്കൻഡ് മതി. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ്.     

ഫൈനൽ ലാപ് 

വിപണിയിൽ ഒട്ടേറെ ഇലക്ട്രിക് സ്കൂട്ടറുകളുണ്ട്. ഏതു തിരഞ്ഞെടുക്കണമെന്ന കൺഫ്യൂഷൻ ഉറപ്പായും സാധാരണക്കാർക്കുണ്ടാകും. വിശ്വസ്തതയാണ് ഹീറോയിൽനിന്നുള്ള ബ്രാൻഡിന്റെ മുഖമുദ്ര. ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ബ്രാൻഡ് ആയതുകൊണ്ട് സർവീസ് സംബന്ധമായ കാര്യങ്ങൾക്കും നല്ല പിന്തുണ ലഭിക്കും. 5 വർഷം/50,000 കിമീ വാഹനത്തിന്റെ വാറന്റി. ബാറ്ററിക്ക് 3 വർഷം/30,000 കിമീ ലഭിക്കും. രണ്ടു വേരിയന്റുകളുണ്ട്. പ്രോ കൂടാതെ വി1 പ്ലസ് എന്ന വേരിയന്റും ലഭിക്കും. റേഞ്ച് 124 കിമീ (ARAI).

English Summary: Hero Vida V1 Pro Test Ride Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com