ADVERTISEMENT

സ്കോഡ സ്ലാവിയ ജനിച്ചത് ഇന്ത്യയ്ക്കു വേണ്ടിയാണ്. രണ്ടു പതിറ്റാണ്ടിലധികമായി ഇന്ത്യയിൽ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്ത്യയ്ക്കായി ആദ്യം അവതരിപ്പിക്കുന്ന സ്കോഡ. അഭിമാനിക്കാം.

skoda-slavia-11
Skoda Slavia

സൈക്കിളായും കാറായും

സ്കോഡയുടെ സ്ഥാപകരായ വക്ലാവ് ക്ലമൻറും വക്ലാവ് ലൗറിനും ആദ്യമായി നിർമിച്ചത് സൈക്കിളാണ്, അതിനു മുമ്പുള്ള കുറച്ചു വർഷങ്ങൾ തോക്കുകളുണ്ടാക്കി. 1890 ൽ ആദ്യമായി ചെക്കൊസ്ലോവാക്യയിൽ ഇറങ്ങിയ സ്കോഡ സൈക്കിളിന്റെ പേര് സ്ലാവിയ എന്നായിരുന്നു.

skoda-slavia-12
Skoda Slavia

ഒക്ടാവിയ ചെറുതായി, സ്ലാവിയ വലുതായി...

ഇന്ത്യയിൽ ആദ്യമിറങ്ങിയ ഒക്ടാവിയയെക്കാൾ വലുതാണ് സ്കോഡ സ്ലാവിയ. നീളത്തിലും വീതിയിലും ഉയരത്തിലുമൊക്കെ ഇഞ്ചുകളുടെ വലുപ്പക്കൂടുതലുള്ള സ്ലാവിയയ്ക്ക് ഇപ്പോഴിറങ്ങുന്ന ഒക്ടാവിയ്ക്ക് ഒപ്പം വലുപ്പമുണ്ട്. ഏതാനും മില്ലി മീറ്ററുകളുടെ വ്യത്യാസമേയുള്ളു അഴകളവുകളിൽ. അതുകൊണ്ടു തന്നെ ഹോണ്ട സിറ്റിയും മാരുതി സിയാസും ഹ്യുണ്ടേയ് വെർനയുമൊക്കെ ഉൾപ്പെടുന്ന വിഭാഗത്തിനു മുകളിലാണ് ശരിക്കും സ്ലാവിയയുടെ സ്ഥാനം.

ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യൻ

ഫോക്സ്‌വാഗൻ എം ക്യു ബി എ 0 പ്ലാറ്റ്ഫോമിൽ ഇന്ത്യയ്ക്കായുള്ള രൂപകൽപനയാണ് സ്ലാവിയ. കുഷാക്കും ടയ്‌ഗൂണും ഇതേ പ്ലാറ്റ്ഫോം പങ്കിടുന്നു. 2650 മി മി എന്ന ഈ വിഭാഗത്തിലെ ഏറ്റവും മികച്ച വീൽബേസാണ് സ്ലാവിയയുടെ നേട്ടം. എതിരാളികൾ സുല്ലിടും. നല്ല ഗേജുള്ള ഉരുക്കിൽ വാർത്തെടുത്ത സ്ലാവിയയുടെ കരുത്ത് ഡോറടയ്ക്കുമ്പോൾ കേൾക്കുന്ന ശബ്ദത്തിൽ നിന്നു വ്യക്തമാകും; പാട്ടയല്ല.

skoda-slavia-5
Skoda Slavia

അഴകേ നീ...

സമീപകാലത്ത് ഇന്ത്യയിലിറങ്ങിയ ഒരു സെഡാനും ഇത്ര സൗന്ദര്യം അവകാശപ്പെടാനാവില്ല. കാറുകളുടെ തള്ളലിൽ മറ്റൊരു കാർ എന്നു കരുതി തള്ളിക്കളയാനാവാത്ത സൗന്ദര്യം. കൊത്തിവച്ചതു പോലുള്ള രൂപഭംഗി മുൻ ഗ്രില്ലിൽത്തുടങ്ങി വശങ്ങളിലെ മസ്കുലിൻ ശിൽപചാരുത വഴി പിന്നിലേക്ക് ഒഴുകിയെത്തുന്നു. ഗോവയുടെ പ്രകൃതിഭംഗിയിൽ ചുവപ്പിലും നീലയിലും ഒരുക്കിയ ടെസ്റ്റ്ഡ്രൈവ് സ്ലാവിയകൾ സൗന്ദര്യധാമങ്ങളായി നിരന്നു നിന്നു. ക്രോമിയം ചുറ്റുള്ള ഹെക്സഗണൽ ഗ്രിൽ, ക്രിസ്റ്റലൈൻ ഹെഡ്, ടെയിൽ ലാംപുകൾ, ഫെൻഡറിലെ സ്കോഡബാഡ്ജ്, 16 ഇഞ്ച് അലോയ്, പിന്നിൽ സ്കോഡ എന്ന ബോൾഡ് എഴുത്ത്... ഇവയിലൊക്കെ കണ്ണുകൾ ഉടക്കി നിൽക്കും.

skoda-slavia-3
Skoda Slavia Interior

ധാരാളിത്തമല്ല ആഢ്യത്തം 

സോഫ്റ്റ് ടച്ച് ഡാഷ് ബോർഡിനെക്കാൾ കണ്ണുകൾക്ക് ഇമ്പം മേന്മയുള്ള പ്ലാസ്റ്റിക്കിൽ തീർത്ത ഡാഷും ട്രിമ്മുമാണെന്ന് സ്ലാവിയയിലൂടെ സ്കോഡ പറയുകയാണ്. അത്യാഢംബര ജർമൻ കാറിനുള്ളിൽ കയറിയ പ്രതീതി. മനോഹരമായ ഡാഷ് ബോർഡ് രൂപകൽപന. വലിയ 25.4 സെ.മി. എൽ ഇ ഡി സ്ക്രീൻ. അന്തസുള്ള സ്റ്റിയറിങ് വീൽ. ഡാഷിലൂടെ പരക്കുന്ന നേരിയ സ്വർണ നിറമുള്ള ബോർഡർ മറ്റൊരു കാറിലും കണ്ടിട്ടില്ലാത്ത സുവർണരേഖയായി തിളങ്ങിനിൽക്കുന്നു. എ സി വെന്റുകളുടെ നിലവാരവും അവ അടയ്ക്കുന്ന രീതിയും അപ് മാർക്കറ്റ്. വെന്റിലേറ്റ‍ഡ്മുൻ സീറ്റുകൾക്കു രണ്ടിനും ഹൈറ്റ് അഡ്ജസ്റ്റർ. 20.32 സെ.മി. കോക് പിറ്റ് ഡിസ്പ്ളെ. നല്ല സീറ്റുകൾ, ധാരാളം ലെഗ് റൂം.

skoda-slavia-8
Skoda Slavia Interior

സംഗീതപ്പെരുമഴ, എപ്പോഴും കണക്ട്

സ്കോഡ കണക്ട് സംവിധാനം ലൈവ് ട്രാക്കിങ് മുതൽ ഡ്രൈവിങ് ബിഹേവിയറും ട്രിപ് അനാലസിസും മൊബൈലിൽ എത്തിക്കുന്നു. 8 സ്പീക്കറും ഒരു സബ് വൂഫറും ആംപ്ലിഫയറുമടങ്ങുന്ന 380 വാട്സ് സ്റ്റീരീയോ സിസ്റ്റം സംഗീതപ്പെരുമഴയാകും. ആംപ്ലിഫയർ കോ ഡ്രൈവർ സീറ്റിനടിയിലും സബ് വൂഫർ ഡിക്കിയിൽ സ്പെയർ വീലിനടുത്തും സ്ഥലം പിടിച്ചു. മുന്നിലും പിന്നിലും രണ്ടു വീതം ട്വീറ്ററുകളും ബാസ് സ്പീക്കറുകളും.

skoda-slavia-5
Skoda Slavia Interior

ഈശ്വരന്മാരേ ഡാഷ്ബോർഡിൽ ഇരിക്കേണമേ...

ചെറിയ കാര്യങ്ങളും സ്കോഡയ്ക്കു വലുതാണ്. ഇന്ത്യയിലെ മിക്ക കാറുകളിലും ഡാഷ്ബോർഡിൽ ഈശ്വരന്മാരുടെ പ്രതിമകൾ കണ്ടിട്ടാവണം അതിനായി പ്രത്യേക സംവിധാനം സ്ലാവിയയിലുണ്ട്. സെന്റർ ആം റെസ്റ്റുകളിലെ സ്റ്റോറേജ്മുതൽ ഡോറുകളിലെ റിഫ്ലക്ടിവ് ടേപ്, സ്മാർട് ക്ലിപ് ടിക്കറ്റ് ഹോൾഡർ, ഫോൺ സൂക്ഷിക്കാനുള്ള സ്ഥലങ്ങളും ആവശ്യത്തിനു യുഎസ്ബി പോർട്ടുകളുമെല്ലാമുണ്ട്. പിൻ സീറ്റ് യാത്രികർക്കായി ശക്തിയുളള ത്രോ നൽകുന്ന എസി ഇന്ത്യയിലെ കാലാവസ്ഥയിൽ അനുഗ്രഹമല്ലേ? 521 ലീറ്റർ ഡിക്കി ഇടം. ഹാച്ച് ബാക്കുകളിൽ മാത്രമുള്ള പിൻ സീറ്റ് മറിച്ചിടാനുള്ള സൗകര്യം ഈ സ്ഥലസൗകര്യം 1050 ലീറ്ററാക്കും.

skoda-slavia-2
Slavia

സാങ്കേതികതയാണ് സ്കോഡ

1 ലീറ്റർ, 1.5 ലീറ്റർ ടി എസ് െഎ എൻജിനുകൾ സാങ്കേതികയുടെ തികവാണ്. പെട്രോൾ മാത്രമേയുള്ളു. ഡീസൽ ഇനി ഇന്ത്യയിലേക്കില്ല എന്ന് സ്കോഡ ഇന്ത്യ മേധാവി സാക് ഹോളിസ് വ്യക്തമായി പറഞ്ഞു. പെട്രോളാണ് പുതിയ സാങ്കേതികതയെന്നാണ് അദ്ദേഹത്തിൻറെ വാദം. ടി എസ് െഎയുടെ കാര്യത്തിൽ തികച്ചും ശരി. ഫോക്സ്‌വാഗനിൽ നിന്നുള്ള ഏറ്റവും ആധുനികമായ ഈ എൻജിനുകളിൽ സ്റ്റാർട്ട് സ്റ്റോപ് ഫങ്ഷനടക്കമുള്ള ഇന്ധനം ലാഭിക്കാനുള്ള പരിപാടികളും റേസ് കാറുകളെപ്പോലെ കുതിക്കാനുള്ള പൊടിക്കൈകളും ഇണക്കിയിരിക്കുന്നു. ആവശ്യമില്ലാത്തപ്പോൾ സിലണ്ടറുകൾ സ്വയം പ്രവർത്തനം നിർത്തി ഇന്ധനം ലാഭിക്കും. മൂന്നു സിലണ്ടർ 1 ലീറ്റർ മോഡലിന് 110 ബി എച് പി, 1.5 ന് 150 ബി എച്ച് പി. ആറു സ്പീഡ് മാനുവലും ടോർക്ക് കൺവർട്ടർ ഓട്ടോയും 1 ലീറ്ററിലുള്ളപ്പോൾ 7 സ്പീഡ് ഡി എസ് ജിയും മാനുവലുമാണ് 1.5ന്.

skoda-slavia-006
Skoda Slavia Sunroof

ഡ്രൈവറുടെ കുറിപ്പുകൾ

അമ്പരപ്പിക്കുന്ന പ്രകടനം. രണ്ട് എൻജിനുകളും തെല്ലു മോശമല്ല. ഇത്ര വലിയ കാറിന് ഒരു ലീറ്റർ എൻജിനോ എന്ന പുച്ഛത്തോടെയാരംഭിച്ച ഡ്രൈവിങ് അവസാനിക്കും മുമ്പ് ആരാധനയായി മാറി. ലൈറ്റ് ക്ലച്ചും ഷോർട്ട്ത്രോയുമുള്ള മാനുവൽ മോഡൽ കുറച്ചു കൂടി ഡ്രൈവിങ് അനുഭൂതി ഉയർത്തും. ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക് തലവേദനകളില്ലാത്ത ഡ്രൈവിങ്ങിനാണ്, ആവേശം അടക്കാനല്ല. 1800 ആർ പി എം പിന്നിടുമ്പോഴാണ് യഥാർത്ഥ കരുത്ത്. ഇത് 6000 ആർ പി എമ്മിനു മുകളിൽ വരെ അനായാസം ലഭിക്കും. 11.1 സെക്കൻഡിൽ 100 കിലോമീറ്ററിലെത്തിക്കാം. ഹോണ്ട സിറ്റി പിന്നിലാകുന്നു. 19.47 കിമിയാണ് പരമാവധി ഇന്ധനക്ഷമത.

skoda-slavia-005
Skoda Slavia

അമിതാവേശികളുടെ 1.5

ഡ്രൈവിങിന് കുറച്ചു കരുത്ത് അധികം വേണ്ടവർക്ക് 1.5. പൂജ്യത്തിൽ നിന്നു 100 ലേക്ക് 9.4 സെക്കൻ‍ഡിൽ എത്തിക്കുന്ന കരുത്തൻ. ഇവിടെയും മാനുവൽ മോഡലാണ് ഡ്രൈവിങ് പ്രേമികൾക്ക് ഹരമാകുക.  എന്നാൽ ഡി എസ്ജി യും മോശമല്ല. 150 ബി എച്ച് പി കരുത്ത് തെല്ലും ചോരാതെ ഡ്രൈവറുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്ത് അനുഭവവേദ്യമാക്കും. ഇഷ്ടത്തിനൊത്ത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിട്ടുതരുന്നു...

skoda-slavia-008
Skoda Slavia

സുരക്ഷിതം

ആറ് എയർ ബാഗ്, എബിഎസ്, ഇ ബി ഡി, മൾട്ടി കൊളിഷൻ ബ്രേക്ക്, ഹിൽഹോൾഡ്, ട്രാക്ഷൻ കണ്ട്രോൾ, ടയർ പ്രഷർ മോണിറ്ററിങ്, റെയിൻ സെൻസറുകൾ, ഡിസ്ക് ബ്രേക്ക് വൈപ്പിങ് തുടങ്ങി എല്ലാത്തരത്തിലും സുരക്ഷിതം.

skoda-slavia-3
Skoda Slavia

സ്കോഡയെ പേടിക്കേണ്ട

സ്കോഡ ഉപയോഗിച്ചിട്ടുള്ളവർക്ക് പണ്ടു കാലത്ത് തെല്ല് ഭയമുണ്ടായിരുന്നു. സ്പെയർ പാർട്സുകൾക്ക് തീ വില, പണിക്കൂലി കൂടുതൽ, എൻജിൻ ഓയിലിനു പോലും പൊള്ളുന്ന വില. പിന്നെ മോശം സർവീസ് സൗകര്യങ്ങൾ. ഇക്കാര്യങ്ങളെല്ലാം സ്കോഡ പരിഹരിച്ചുവെന്ന് സാക് ഹോളിസ്. 10 ലക്ഷത്തിൽ കാറിന്റെ വില ആരംഭിക്കുന്നു. കിലോമീറ്ററിന് ഉപയോഗച്ചെലവ് വെറും 46 പൈസ. 25000 രൂപ കൊടുത്താൽ  4 വർഷം സർവീസിനായി പണം മുടക്കേണ്ട. വാറന്റിയും കിട്ടും. അർത്ഥം നാലു വർഷം ഒരു തലവേദനയുമില്ല, കഴിഞ്ഞുള്ള കാര്യം അപ്പോൾ ആലോചിക്കാം. സർവീസ് ശൃംഖലയിൽ 60 ശതമാനം വർധനയുണ്ടായി. 117 പട്ടണങ്ങളിലായി 175 സർവീസ് കേന്ദ്രങ്ങളുണ്ട്. പേടിക്കേണ്ട കാര്യമില്ല. അല്ലെങ്കിൽത്തന്നെ കറതീർന്ന ജർമൻ സാങ്കേതികതയെ ഭയക്കണോ?

skoda-slavia-13
Skoda Slavia Price

വില

10.69 ലക്ഷത്തിൽ ആരംഭിക്കുന്നു. ഇത്ര വലിയ, കൊതിപ്പിക്കുന്ന സെഡാന് എത്ര കുറവ്.

skoda-slavia-002
Skoda Slavia

സ്ലാവിയ വാങ്ങാൻ 5 ന്യായീകരണങ്ങൾ

1. യൂറോപ്യൻ ബ്രാൻഡും സുഖസൗകര്യവും

2. ഈ വിഭാഗത്തിൽ ഏറ്റവും സുന്ദരം, വലുപ്പം

3. കുറഞ്ഞ വില

4. കുറഞ്ഞ പരിപാലനച്ചെലവ്

5. ത്രസിപ്പിക്കുന്ന എൻജിനുകളും ഗിയർ ബോക്സും

കൂടുതൽ‍ വിവരങ്ങൾക്ക്: 9778600599

English Summary: Skoda Slavia Test Drive Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com