ADVERTISEMENT

ലക്ഷണമൊത്ത സെഡാൻ എങ്ങനെയാകണമെന്ന നിർവചനമായി പുത്തൻ ഹ്യുണ്ടേയ് വെർന. കാറുകളിൽനിന്ന് എസ്‌യുവികളിലേക്ക് വഴുതിപ്പോകുന്ന ജനപ്രീതി തിരികെ കാറിലേക്കെത്തിക്കാനുള്ള അഴകും കഴമ്പുമുള്ള സുന്ദരൻ. ഇന്ത്യയുടെ മനം വെർന കവരുമോ? ഓടിച്ചു നോക്കാം...

hyundai-verna-1

 

ആക്സന്റായും വെർനയായും

hyundai-verna-4

 

സുദീർഘമായ ചരിത്രമുള്ള കാറാണ് ഹ്യുണ്ടേയ് വെർന. അമേരിക്കയും റഷ്യയുമടക്കം ലോകത്ത് മിക്ക വിപണികളിലും ആക്സന്റ് എന്നറിയപ്പെടുന്ന, ഇന്ത്യയിലും കൊറിയയിലും വെർന എന്നു വിളിക്കുന്ന മധ്യനിര സെഡാൻ. 1994 മുതൽ ലോകവിപണികളിൽ ലഭ്യം. ഇന്ത്യയിലും ആദ്യകാലത്ത് ആക്സന്റ് എന്നും പിന്നീട് വെർന എന്നും വിളിക്കപ്പെട്ടു. ഇപ്പോഴത്തെ വാർത്ത, 2023 ൽ ഇറങ്ങിയ ആറാം തലമുറ വെർന ഇന്ത്യയിലുമെത്തി.

hyundai-verna-3

 

യുവാക്കളേ മടങ്ങി വരൂ...

hyundai-verna-5

 

എക്സിക്യൂട്ടീവ് സെഡാനുകളിലേക്ക് യുവ തലമുറയെ തിരിച്ചു വിളിക്കുന്ന കാറാണ് വെർന. സ്കോഡ സ്ലാവിയയും ഫോക്സ് വാഗൻ വിർച്യുസും ഹോണ്ട സിറ്റിയുമൊക്കെ ഉള്‍പ്പെടുന്ന സൗന്ദര്യധാമങ്ങളുടെ ഇടയിലേക്ക് ‘ഞെട്ടിപ്പിക്കുന്ന’ രൂപഭംഗിയും കൊതിപ്പിക്കുന്ന സൗകര്യത്തികവുകളുമായി വെർന. ആദ്യകാഴ്ചയിൽത്തന്നെ ശക്തിയും സൗന്ദര്യവും ആഢ്യത്തവും വഴിഞ്ഞൊഴുകുന്ന സുഖ സൗകര്യങ്ങളുമായി വെർന ഓടിയെത്തുകയാണ്. കാഴ്ചയിൽത്തന്നെ വെർന ഒരു ‘സ്റ്റേറ്റ്മെന്റ്’ നടത്തുന്നുണ്ട്; മതിയാക്കൂ എസ്‌യുവി ഭ്രമം. സെഡാനുകൾ സെക്സിയാണ്, ആഡംബരമാണ്, കരുത്താണ്...

hyundai-verna-7

 

ഹ്യുണ്ടേയുടെ ഭാവി

hyundai-verna-6

 

ഇനി വരാൻ പോകുന്ന ഹ്യുണ്ടേയ്‌കളുടെ ഡിസൈൻ പ്രഖ്യാപനമാണ് വെർന. തികച്ചും വ്യത്യസ്തമായ ഫ്യൂച്ചറിസ്റ്റിക് രൂപകൽപന.  ബംപറിലേക്കിറങ്ങിപ്പോകുന്ന ഗ്രില്ലും മുമ്പാകെ പടർന്നു നിൽക്കുന്ന നേർത്ത ഹെഡ് ലാംപും മാത്രം മതി ഇതു സാധാരണ കാറല്ലെന്ന ബോധം നൽകാൻ. ഫ്ലൂയിഡിക് രൂപകൽപനയിലുള്ള പഴയ വെർനകളുടെ ഒഴുക്കൻ രൂപം ഷാർപ് മൂലകൾക്കും രൂപകൽപനാ രീതികൾക്കും വഴിമാറി. വശങ്ങളിൽ, പ്രത്യേകിച്ച് ഡിക്കിയോടു ചേരുന്ന ഭാഗത്ത് ഇതു വരെ മറ്റൊരു കാറിലും കണ്ടെത്താനാവാത്ത ചില കോറിയിടലുകൾ. കറുത്ത അലോയ് ഡിസൈനും തെറിച്ചു നിൽക്കുന്ന ചുവന്ന ബ്രേക്ക് കാലിപ്പറുകളും സ്പോർട്ടി രൂപഭംഗി ഉയർത്തുകയാണ്. പഴയ മോഡലിനെക്കാൾ 95 സെ മി നീളവും 70 സെ മി വീൽ ബേസും 36 സെ മി വീതിയും വെർനയ്ക്ക് അധികമുണ്ട്.  വലിയ ഡിക്കിയുടെ ശേഷി 528 ലീറ്റർ. മൊത്തത്തിൽ ഈ വലുപ്പം കാഴ്ചയിൽ പ്രതിഫലിക്കും. പഴയ വെർനയെക്കാൾ വളരെ വലിയൊരു കാറാണെന്ന ബോധ്യം പ്രഥമ കാഴ്ചയിലേ അനുഭവപ്പെടും.

hyundai-verna-10

 

പിന്നിൽ നിന്നു തുടക്കം

 

verna

ഉൾക്കാഴ്ചകൾ പിൻ സീറ്റിൽ നിന്നു തുടങ്ങാം. ധാരാളം ലെഗ് റൂമുള്ള പിന്‍ സീറ്റുകൾ വലുപ്പം കൂട്ടിയെത്തിയ എതിരാളികളെയും സുഖസൗകര്യങ്ങളിൽ പിന്തള്ളും. നീണ്ടു നിവർന്നങ്ങനെ കാലു നീട്ടിയിരിക്കാം. പഴയ വെർനയിൽ നിന്നു വ്യത്യസ്തമായി അനായാസം കയറാനും ഇറങ്ങാനും സാധിക്കും. ധാരാളം ഹെഡ് റൂമുള്ളത് വലിയൊരു കാറിലിരിക്കുന്ന ഫീൽ നൽകുന്നു. മിനിമലിസ്റ്റ് ഡാഷ് ബോർഡില്‍ നിറഞ്ഞു നിൽക്കുന്ന എ സി വെന്റ്. എൽ ഇ ഡി ആംബിന്റ് ലൈറ്റിങ് ഡാഷിൽ നിന്നു ഡോറിലേക്കു പടരുന്നു. ഇയോണിക് 5 ലേതിനു സമാനമായ രണ്ട് 10.25 ഡ്യുവൽ സ്ക്രീനുകൾ. ഒന്ന് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം. മറ്റേത് ഡാഷ് ബോർഡ് ക്ലസ്റ്റർ. രണ്ടു സ്ക്രീനും കൂടി ലയിപ്പിച്ച് ഒന്നാക്കിയാൽ നന്നായേനേ എന്നു തോന്നി. എല്ലാ സ്ക്രീനുകളും നിയന്ത്രണങ്ങളും ഡ്രൈവറുടെ ആംഗിളിലേക്ക് തിരിച്ചു വച്ചിരിക്കയാണ്. പുതിയ ടു സ്പോക്ക് സ്റ്റീയറിങ്ങും ഫ്യൂച്ചറിസ്റ്റിക്. സ്വിച്ചുകളും നിയന്ത്രണങ്ങളും ലളിതസുന്ദരം.

 

എൻജിനിൽ കേമൻ ടർബോ 

 

1.5 എംപിഎ, 1.5 ടർബോ പെട്രോള്‍ എന്‍ജിനുകൾ. ഡീസൽ ഇല്ലാതായി. ആദ്യ എൻജിന് 6 സ്പീഡ് മാനുവൽ 8 സ്റ്റെപ്പ് സി വി ടി. 115 ബി എച്ച് പി. ടർബോയ്ക്ക് 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച്. 160 ബി എച്ച് പി. ഇന്ധനക്ഷമത 20 കി മിയിലും അധികം പ്രതീക്ഷിക്കാം. ഡ്രൈവിങ്ങില്‍ രണ്ടു മോഡലുകളും മികച്ചതെങ്കിലും ന്യായമായും ടർബോയ്ക്ക് തെല്ലു പഞ്ചു കൂടും. ഡി സി ടി ഗിയർബോക്സും എൻജിനും സ് മൂത്ത്.  യാത്ര, ഹാൻഡ്‌ലിങ് എന്നിവയ്ക്കും നൂറു മാർക്ക്.

 

ഫീച്ചറുകളാൽ സമൃദ്ധം

 

ബോസ് 8 സ്പീക്കർ സിസ്റ്റം, സ്വിച്ചബിൾ ഇൻഫോടെയ്ൻമെന്റ് ആൻഡ് ക്ലൈമറ്റ് കൺട്രോളർ, റഡാറും, സെൻസറുകളും ക്യാമറയും എല്ലാംകൂടിച്ചേർന്ന ലെവൽ ടു ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം റോഡിലെ വിഘ്നങ്ങൾ മുൻകൂട്ടിയറിഞ്ഞ് ഡ്രൈവറെ തെര്യപ്പെടുത്തും. മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതു തടയാനും ഡ്രൈവറുടെ നിയന്ത്രണം കൂടുതൽ മെച്ചപ്പെടുത്താനുമുള്ള അനേകസൗകര്യങ്ങൾ ഈ സംവിധാനത്തിലുണ്ട്.

 

എന്തിന് വെർന?

 

മനോഹരമായ, അന്തസ്സുള്ള ഒരു സെഡാൻ തേടുന്നവർക്കാണ് വെർന. സെഡാൻ കാറുകൾ നൽകുന്ന എക്സിക്യൂട്ടിവ് ഫീലിങ് വെർനയിലൂടെ സ്വന്തമാകും. 10.89 ലക്ഷം മുതൽ 17.37 ലക്ഷം രൂപവരെയുള്ള റേഞ്ച്. മോശമല്ലാത്ത ഇന്ധനക്ഷമത. ഹ്യുണ്ടേയ്‌യുടെ ഈട്, മികച്ച വിൽപനാനന്തര സേവനം. കാഴ്ചയിൽ ഇന്ന് ഇന്ത്യയിൽ ഒരു കാറും നൽകാത്ത ആഢ്യത്തവും ആഡംബരവും. വെർന ഏതു തിരക്കിലും എടുത്തു നിൽക്കും, ഉടമയുടെ അന്തസ്സിനൊപ്പം...

 

വകഭേദങ്ങള്‍, വില

 

ടെസ്റ്റ് ഡ്രൈവ്: പോപ്പുലർ ഹ്യുണ്ടേയ്- 9895790650 

 

English Summary: Hyundai Verna Test Drive Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com