രജീഷയെ വീഴിച്ച 3 ലക്ഷത്തിന്റെ സൈക്കിൾ !

HIGHLIGHTS
  • ലേഡി ബേർഡ് പോലെ ഓടിക്കാൻ ഈസിയല്ല മോളേ
  • ഇത് ഓടിക്കാൻ കാലിലും കൈയിലുമൊക്കെ നല്ല മസിലു വേണം..!
rajeesha-vijayan
Rajisha Vijayan
SHARE

ജൂൺ കഴിഞ്ഞ് മാർച്ച് ആയതോടെ രജീഷ വിജയൻ സൈക്കിൾ പഠനം തുടങ്ങി. ആലുവയിൽ ഫാക്ടിന്റെ മൈതാനത്ത് വെയിലത്ത് കടുത്ത സൈക്കിൾ ചവിട്ടലാണ്. സ്പീഡിൽ ഓടിക്കുന്നു, പെട്ടെന്ന് വളയ്ക്കുന്നു, ബ്രേക്കിടാൻ മറക്കുന്നു, വീഴുന്നു, മുട്ടുപൊട്ടുന്നു, കരയുന്നു...വാശിയോടെ പിന്നെയും സൈക്കിളിൽ കയറുന്നു, ഓടിക്കുന്നു...

മൈതാനത്ത് സൈക്കിൾ ഓടിക്കാൻ വന്ന സ്കൂൾ കുട്ടികളോട് രജീഷ പറഞ്ഞു.. ലേഡി ബേർഡ് പോലെ ഓടിക്കാൻ ഈസിയല്ല മോളേ, ഈ സൈക്കിൾ. റേസിങ് ട്രാക്കിൽ പറക്കുന്ന ഫോറിൻ വണ്ടിയാണ്. മൂന്നു ലക്ഷം രൂപയാ വില. ഇത് ഓടിക്കാൻ കാലിലും കൈയിലുമൊക്കെ നല്ല മസിലു വേണം.. ! പെൺകുട്ടികൾ ചിരിച്ചു.. ഇങ്ങനെ സൈക്കിളിൽനിന്നു വീണാലും ചേച്ചീടെ കൈയിലും കാലിലും നീരു വച്ച് മസിലു വരും..  !പിള്ളേരെ ചേസ് ചെയ്ത് ഓടിച്ചിട്ട് രജീഷ വീണ്ടും സൈക്കിൾ അഭ്യാസം തുടരുന്നു. 

ഫൈനൽസ് എന്ന സിനിമയ്ക്കു വേണ്ടിയാണ് ഈ പരിശ്രമം.  സൈക്കിൾ റേസിങ് നടത്തുന്ന കഥാപാത്രമാണ് അതിൽ രജീഷയ്ക്ക്. ഏപ്രിലിൽ ഷൂട്ടിങ് തുടങ്ങാൻ മാർച്ചിൽത്തന്നെ സൈക്കിൾ പഠിച്ച് പാസാകാനുള്ള ശ്രമമായിരുന്നു. വീട്ടുകാർ ഡോക്ടറാക്കാൻ ശ്രമിച്ചപ്പോൾ ജേണലിസം പഠിച്ച് സിനിമാ താരമായ ആളാണ് രജീഷാ വിജയൻ. അച്ഛൻ വിജയൻ പട്ടാളത്തിലായിരുന്നു. അമ്മ ഷീല അധ്യാപികയും.  എൻട്രൻസ് പരിശീലനത്തിന് ഇന്റർനെറ്റ് കഫേയിൽപ്പോയ രജീഷ കുറെ കടലാസുകളുമായിട്ടാണ് തിരിച്ചു വന്നത്. മാസ് കമ്യൂണിക്കേഷൻ, ജേണലിസം തുടങ്ങിയ വിഷയങ്ങളെപ്പറ്റി നെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത പ്രിന്റൗട്ടുകളാണ്. 

അതു കാണിച്ചിട്ടും അച്ഛനും അമ്മയും സമ്മതിക്കുന്നില്ല – നീ ഡോക്ടറായാൽ മതി. അപ്പോൾ അടുത്ത സാധനം പുറത്തെടുത്തു. തൊഴിലില്ലാതെ നടക്കുന്ന ഡോക്ടർമാരുടെ ഡേറ്റയുടെ പ്രിന്റൗട്ട്. അതോടെ മാതാപിതാക്കൾ വഴങ്ങി.. അങ്ങനെ പത്രപ്രവർത്തനം പഠിക്കാൻ ഡൽഹിയിൽ. ഡൽഹിക്കാലത്തെ ഏറ്റവും മധുരമുള്ള ഓർമ കാന്റീനാണ്. ഫുഡിനുള്ള ക്യൂവിൽ ആദ്യത്തെ 15 പേർ കഴിയുമ്പോൾ കറി തീരും. അതോടെ ആദ്യ പതിനഞ്ച് റാങ്കുകാരിൽ ഒരാളാകാനായി ശ്രമം. അതിനു വേണ്ടി ഓട്ടം പഠിച്ചു. ആ ഓട്ടം ആദ്യ സിനിമയായ അനുരാഗ കരിക്കിൻവെള്ളത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഗുണമായി.

രജീഷ വണ്ടി ഓടിക്കുന്നത് അമ്മയ്ക്കു പേടിയായിരുന്നു. അതുകൊണ്ട് ഡ്രൈവിങ് പഠിക്കാൻ സമ്മതിച്ചില്ല. സിനിമയിലെത്തിയ ശേഷമാണ് പഠിച്ചത്. അമ്മ അറിയാതെ, അച്ഛന്റെ കാറുമെടുത്ത് തനിയെ കൊച്ചിയിലെ റോഡിലിറങ്ങിയ ദിവസം. കടവന്ത്രയിൽ ട്രാഫിക് ബ്ളോക്കിൽ കിടക്കുമ്പോൾ റോങ് സൈഡിൽ വന്ന ഒരു ലോറി കാറിന്റെ ഫ്രണ്ട് ബമ്പറും പൊളിച്ചു കൊണ്ട് പാഞ്ഞുപോയി. ആ ലോറിയുടെ പിന്നിൽ ഇങ്ങനെ എഴുതി വച്ചിരുന്നു..  ഈ വാഹനം അപകടകരമായി ഓടിക്കുന്നതു കണ്ടാൽ ഉടൻ വിളിക്കുക.. 98953******രജീഷ ദേഷ്യത്തോടെ ആ നമ്പർ ഡയൽ ചെയ്തു. റിങ് ടോണായി കേട്ടത് സമയമാം രഥത്തിൽ എന്ന പാട്ട്. ഫോൺ എടുത്തയാൾ പറഞ്ഞു.. സാധനം ഉടനെ കൊടുത്തുവിടാം.. !

കലൂരിൽ മൊബൈൽ മോർച്ചറി വാടകയ്ക്ക് കൊടുക്കുന്ന കടയിലെ ഫോൺ നമ്പരായിരുന്നു അത്. അതോടെ രജീഷ ഒരു തീരുമാനമെടുത്തു... ഊബറില്ലെങ്കിൽ അച്ഛൻ !  ഇനി ഡ്രൈവിങ്ങിനില്ല. അച്ഛനും ഊബറും പരിധിക്കു പുറത്താണെങ്കിൽ ഓട്ടോറിക്ഷ. ഇതൊന്നും കിട്ടിയില്ലെങ്കിൽ ബസിലും കേറും.  കൊച്ചിയിലെ പല പ്രൈവറ്റ് ബസുകൾക്ക് ഒട്ടും ക്ഷമയില്ല. ഫുട്ബോർഡിൽ കാലു വയ്ക്കുന്നതിനു മുമ്പ് വണ്ടി വിട്ടു പോകും. അതുകൊണ്ട് ഇപ്പോൾ ബസിൽ കയറാൻ പേടിയാണെന്ന് രജീഷ..സിറ്റിക്കുള്ളിലെ യാത്രകളൊക്കെ മെട്രോ ട്രെയിനിലാണ്.

കാറിൽ കയറിയാൽ ബാക്ക് സീറ്റിൽ കിടന്നാണ് രജീഷയുടെ യാത്രകളെല്ലാം. അതുകൊണ്ട് ഇന്റീരിയർ കാർഭാടങ്ങളോ, ഉള്ളിലെ സൗകര്യങ്ങളോ ഒന്നും പ്രശ്നമല്ല. ഫൈനൽസ് സിനിമ കഴിഞ്ഞ് സൈക്കിളിൽ നിന്നിറങ്ങിയാൽ ഒരു യാത്ര പ്ളാൻ ചെയ്തിട്ടുണ്ട് രജീഷ വിജയൻ. ഒരു ബാക്ക് പാക്ക് യൂറോപ്യൻ യാത്ര ! തനിച്ചു പോകാൻ അമ്മ സമ്മതിക്കില്ലെന്ന് ഉറപ്പാണ്.  അതുകൊണ്ട് ഈയിടെയായി ഇന്റർവ്യൂകളിലെല്ലാം യൂറോപ്പിനെപ്പറ്റി പുകഴ്ത്തിപ്പറയാൻ തുടങ്ങി. ഇനി തനിയെ യാത്ര ചെയ്യുന്ന പെൺകുട്ടികളെപ്പറ്റി സ്വന്തം സിനിമകളിൽ ഒന്നോ രണ്ടോ കിടിലൻ ഡയലോഗ് കൂടി അടിക്കണം. ഇതൊക്കെ കേൾക്കുന്നതോടെ അമ്മ സമ്മതിക്കുമെന്നാണ് പ്രതീക്ഷ.. ബാക്ക് പാക്ക് ഒരെണ്ണം സെലക്ട് ചെയ്തു കഴിഞ്ഞു.   അതിൽ ഈ സ്വപ്നങ്ങളെല്ലാം നിറച്ച് യാത്ര തുടരുകയാണ് രജീഷ !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN COFFEE BRAKE
SHOW MORE
FROM ONMANORAMA