ഭർത്താവിനോടു പറയാൻ പറ്റാത്ത കാര്യങ്ങൾ

coffee-brake
Illustration : Girish A.K
SHARE

കൊച്ചി നഗരം ‌അടിയുടുപ്പുകൾ ഫുട്പാത്തുകളിൽ വിൽക്കാൻ നിരത്തുന്ന ഞായറാഴ്ചകളിലൊരിക്കൽ പാർക്ക് അവന്യൂ റോഡിലൂടെ നടക്കാനിറങ്ങിയതായിരുന്നു മഞ്ജുവും മനീഷും. അവരുടെ ഹണി മൂൺ കാലമായിരുന്നു.  എവിടെ നിന്നെങ്കിലും പരിപ്പു വട കഴിക്കണം. അതായിരുന്നു പ്ളാൻ. കൊച്ചിയിൽ ഇപ്പോൾ പരിപ്പുവട പലയിടത്തുമില്ല. പല ഹോട്ടലുകളിലും ഉഴുന്നു വട മാത്രമേയുള്ളൂ ! പാലാരിവട്ടമെത്തിയപ്പോൾ റോഡരികിൽ ഒരു വെജിറ്റേറിയൻ ഹോട്ടൽ. ഭാഗ്യത്തിന്  പരിപ്പുവടയുണ്ട്. തേങ്ങാ അരച്ച് കലക്കിയ ചമ്മന്തിയുമുണ്ട് !

രണ്ടാളും ഒരുമിച്ച് കഴിച്ചു തീർന്നെങ്കിലും മനീഷ് പറ‍ഞ്ഞു.. ഞാൻ ആദ്യം കൈ കഴുകിയിട്ടുവരാം. പൊതുവെ ഭാര്യയും ഭർത്താവും ഒരുമിച്ച് കൈ കഴുകുന്ന ശീലം മലയാളികൾക്കില്ല. ആദ്യം ഭർത്താവ്, പിന്നെ ഭാര്യ.. അങ്ങനെ മഞ്ജു കൈ കഴുകിയ ശേഷം വാഷ് റൂമിനോടു ചേർന്നുള്ള ടോയ്‍ലെറ്റിൽ കയറുന്നതുവരെ കാര്യങ്ങൾ സാധാരണ പോലെ. പിന്നെയാണ് ഈ കഥയിലെ ട്വിസ്റ്റ്. എല്ലാ ഹോട്ടലുകളിലെയും പോലെ കുട്ടികൾക്കു വേണ്ടി ഒരു പടി താഴെ നിൽക്കുന്ന വാഷ് ബേസിനോടു ചേർന്നായിരുന്നു ഇവിടെയും ടോയ്‍ലെറ്റ്.

വാതിലിനു ലോക്ക് ഇല്ല. പകരം ഒരു കറുത്ത ചരടാണ്. കുറ്റിയിടുന്നതിനു പകരം ആ ചരട് ഒരു ആണിയിൽ കൊളുത്തിയിടുകയാണ് രീതി എന്ന് ചെളിപിടിച്ച കൈപ്പാടുകൾ കണ്ടപ്പോൾ മഞ്ജുവിന് മനസ്സിലായി. അങ്ങനെ മഞ്ജു ഉള്ളിൽ കയറി ഒരു മൂന്നോ നാലോ സെക്കൻഡു കഴിഞ്ഞപ്പോൾ പെട്ടെന്ന് ആരോ വാതിൽ തുറന്നു.മഞ്ജു ഞെട്ടിയെഴുന്നേറ്റു. ബാത്റൂമിന്റെ പാതി തുറന്ന വാതിലിൽ പിടിച്ച് ഒരു ചെറുപ്പക്കാരൻ. 

ഉള്ളിൽ ആൾ ഉണ്ടെന്ന കാര്യം അയാൾ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. അതിന്റെ ഞെട്ടലുണ്ട് അയാൾക്ക്. ആവശ്യമില്ലാത്ത ഒരു അധ്യായം പെട്ടെന്ന് അടച്ചു വയ്ക്കാനുള്ള വെപ്രാളത്തോടെ അയാൾ പറഞ്ഞു.. സോറി, സോറി, യു കണ്ടിന്യൂ.. സോറി.. ഞാൻ അറിഞ്ഞില്ല.  അയാൾ തന്നെ വേഗം വാതിലടച്ചു. മഞ്ജു ഒരു നിമിഷം ഒരു തുരുത്തിൽപ്പെട്ടതുപോലെയായി. പിന്നെ അവൾക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല.  കുറെ നേരം ആ വാഷ്റൂമിന്റെ ഉള്ളിൽത്തന്നെ വാതിലിന്റെ ചരടിൽ മുറുകെ പിടിച്ചുകൊണ്ടു വെറുതെ നിന്നു. പിന്നെ ഒരു പൂച്ചയെപ്പോലെ ഒളിച്ചും പാത്തും പുറത്തിറങ്ങി. ഉള്ളിൽ കയറുമ്പോൾ കേൾക്കാത്തൊരു പരിഹാസ സ്വരം വാതിൽ നിന്നു വന്നതുപോലെ അവൾക്കു തോന്നി.

കൈ കഴുകുന്നിടത്ത് കണ്ണാടിയൊഴികെ വേറൊരാളും ഉണ്ടായിരുന്നില്ല.  മഞ്ജു ഒരു പരീക്ഷണത്തിനെന്നോണം വാഷ്റൂമിന്റെ വാതിൽ പെട്ടെന്നു തുറന്ന് ഉള്ളിലേക്കു നോക്കി ! അവളുടെ സംശയങ്ങൾക്ക് ഒരു ഉത്തരവും കിട്ടിയില്ല.  അവൾ മനീഷിന്റെ അടുത്തേക്കു നടന്നു. ഇത്ര നേരം എന്തെടുക്കുവാരുന്നു ? ഡ്രെസ് മുഴുവൻ വെള്ളമായല്ലോ.. എന്നു പറഞ്ഞ് മനീഷ് ഒരു ടിഷ്യൂ പേപ്പർ അവൾക്കു നീട്ടി.  അവൾ മുഖത്തെ മഞ്ഞളിമ തുടച്ചു കളഞ്ഞിട്ട് ടിഷ്യൂ പേപ്പർ ചുരുട്ടി നിലത്തേക്കിട്ടു. പെട്ടെന്നു തന്നെ ആ പേപ്പർ തിരിച്ചെടുത്ത് വേസ്റ്റ് ബിന്നിലിട്ടു. 

മഞ്ജു പൊതുവെ കടലാസുകഷണം നിലത്ത് വലിച്ചെറിയാറില്ല. ഇന്നെന്തു പറ്റി എന്ന് അവൾ തന്നെ ആലോചിച്ചു. ഒരുത്തരം കിട്ടിയില്ല. മനീഷ് കളിയാക്കുന്നതുപോലെ പറഞ്ഞു.. നിന്റെ ഡ്രസിലെല്ലാം വെള്ളം !  നീ വാഷ് റൂമിനുളളിൽ കുളിക്കുവാരുന്നോ ? അവൾ ഒന്നും പറഞ്ഞില്ല. വെപ്രാളത്തിനിടെ ടാപ്പിൽ നിന്നു തെറിച്ചതാവാം. ഹോട്ടലിൽ നിന്നു പുറത്തിറങ്ങുമ്പോൾ മഞ്ജു ചുറ്റുപാടും  നോക്കി.  വാതിൽ തുറന്ന ആ ചെറുപ്പക്കാരൻ അവിടെ എവിടെയെങ്കിലും നിൽപ്പുണ്ടോ ?  റോഡിലെ തിരക്കിലൂടെ നടക്കുമ്പോൾ മുന്നിൽ വരുന്ന മുഖങ്ങളിൽ അവൾ തിരയാൻ തുടങ്ങി. 

മനീഷിനോടു തൽക്കാലം പറയണ്ടെന്ന് അവൾക്കു തോന്നി. അവളുടെ മുഖത്തെ ആശയക്കുഴപ്പം കണ്ട് മനീഷ് ചോദിച്ചു.. എന്തു പറ്റി ? അവൾ മനീഷിനോടു പറഞ്ഞു.. ഉഴുന്നു വട മതിയായിരുന്നു. മനീഷ് പറഞ്ഞു.. എന്നാൽ വാ, ഉഴുന്നു വട കഴിച്ചേക്കാം. മഞ്ജു നിരാശയോടെ പറഞ്ഞു.. തൽക്കാലം ഒന്നിനോടും രുചി തോന്നുന്നില്ല. മഞ്ജുവും മനീഷും ഒരുമിച്ച് രണ്ടോ മൂന്നോ വർഷങ്ങളിലൂടെ മുമ്പോട്ടു നടന്നു. മൂന്നു വർഷത്തിനു ശേഷം  ഇക്കഥയുടെ രണ്ടാം ഭാഗം സംഭവിക്കുമ്പോൾ മനീഷ് കൂടെയില്ല. അയാൾക്കെന്തോ ജോലിത്തിരക്കായിരുന്നതിനാൽ വെള്ളിയാഴ്ചയായിട്ടും മഞ്‍ജുവിന്റെ കൂടെ ഇറങ്ങാൻ കഴിഞ്ഞില്ല. വൈകിട്ട് അടുക്കളയ്ക്ക് അവധി കൊടുക്കാൻ തീരുമാനിച്ചാണ് മഞ്ജു വീണ്ടും ഒരു ഹോട്ടലിൽ കയറിയത്.

ഒരു മൂലയ്ക്ക് തനിയെ ഇരുന്നു ബൂരിയും ആലു ഗോബിയും കഴിക്കുന്നതിനിടെ ഒരാൾ മുന്നിൽ വന്നു. ഒരു ചെറുപ്പക്കാരൻ.  അയാൾ  പറഞ്ഞു.. നല്ല പരിചയം തോന്നുന്നു. മഞ്ജു ഒന്നും മിണ്ടാതെ അയാളെ നോക്കി. അവൾക്കു പെട്ടെന്ന് പരിചയം തോന്നിയില്ല.  അയാൾ വിടുന്ന മട്ടില്ല... നമ്മൾ എവിടെയോ വച്ച് കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ടോ എന്നൊന്നും ഉറപ്പില്ല. പക്ഷേ കണ്ടിട്ടുണ്ട്. മഞ്ജു പറഞ്ഞു.. എനിക്ക് ഓർമയില്ല, സോറി.അയാൾ പറഞ്ഞു.. എന്തോ ഒരു സംഭവം ഉണ്ട്. എവിടെയോ വച്ച് നമ്മൾ കണ്ടിട്ടുണ്ട്.  നിങ്ങൾ പതിവായി പോകുന്ന ഒന്നോ രണ്ടോ മൂന്നോ സ്ഥലങ്ങൾകൂടി പറയൂ..

അവൾ പറഞ്ഞു.. ആശുപത്രി, അടുക്കള, മീൻചന്ത, എടിഎം.. അയാളൊന്നു ചമ്മിയെന്നു തോന്നി. അയാൾ പറഞ്ഞു.. സോറി, സോറി, യു കണ്ടിന്യൂ മാഡം.. ഓർമയില്ലെങ്കിൽ വേണ്ട.വേഗം ഹോട്ടലിൽ നിന്നിറങ്ങി നടക്കുമ്പോൾ മഞ്ജു വീണ്ടും ആശയക്കുഴപ്പത്തിലായി..  പതിവായി പോകുന്ന സ്ഥലങ്ങൾ.  വാഷ്റൂം എന്നാണോ അയാൾ ഉദ്ദേശിച്ചത്?!  ഇതും അയാൾ തന്നെയാണോ?! ഒരുത്തരവും കിട്ടാതെ തിരക്കുള്ള കലൂർ ജംക്ഷനിൽ മഞ്ജു വീണ്ടും സ്റ്റക്കായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN COFFEE BRAKE
SHOW MORE
FROM ONMANORAMA