ADVERTISEMENT

നിറുകയിൽ നീല വിളക്കുമായി ഒരു ആംബുലൻസ് ഓടുകയാണ്. രാത്രി വൈകി. ഡ്രൈവർ സന്ദീപ് ബാലകൃഷ്ണനും  നഴ്സ് സ്മിത പല്ലാവൂരുമാണ് ആംബുലൻസിലെ യാത്രക്കാർ. കണിമംഗലം ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതാണ്. പകൽ മുഴുവൻ ജോലി കഴിഞ്ഞ ക്ഷീണമുണ്ട് രണ്ടാൾക്കും. ഹോസ്പിറ്റൽ റോഡിൽ നിന്ന് ഹൈവേയിലേക്കു തിരിഞ്ഞതോടെ ആംബുലൻസ് റോഡരികിൽ നിർത്തിയിട്ട് സന്ദീപ് പറഞ്ഞു... എന്റെ കൈയിൽ ഒന്നു തൊടാമോ? വല്ലാതെ വിറയ്ക്കുന്നു. 

സ്മിത ചിരിച്ചു..  കൈ സാനിറ്റൈസ് ചെയ്തതാണല്ലോ, അല്ലേ ! സ്മിത അയാളുടെ തോളിൽ കൈവച്ചിട്ടു ചോദിച്ചു..  എന്തു പറ്റി ? സന്ദീപ് പറഞ്ഞു..  ഞാനിന്ന് ഒരു ട്രിപ്പ് മാത്രമേ ഓടിയുള്ളൂ. അതിന്റെ ഷോക്ക് ഇതുവരെ തീർന്നില്ല. സ്മിതയും സന്ദീപും പ്രണയികളാണ്. ഏപ്രിലിൽ വിവാഹം നടക്കേണ്ടതായിരുന്നു. കോവിഡ് ഡ്യൂട്ടിയുടെ തിരക്കു മൂലം മാറ്റി വച്ചതാണ്. ഇനി കാലം തെളിയാൻ കാത്തിരിക്കുകയാണ്.

ഒരിക്കൽ ആശുപത്രി മുറ്റത്തു വച്ചുണ്ടായ ഒരു വഴക്കിൽ തുടങ്ങിയതാണ് ഇവരുടെ ബന്ധം. ഓട്ടോ മറിഞ്ഞ് പരുക്കേറ്റ ഒരു കോളജ് വിദ്യാർഥിനിയെയും കൊണ്ട് ആശുപത്രിയിൽ വന്നതായിരുന്നു അന്ന് സന്ദീപ്. സ്മിതയ്ക്ക് ഡ്യൂട്ടി കാഷ്വൽറ്റിയിൽ. പേഷ്യന്റിനെ ആംബുലൻസിൽ നിന്ന് ഇറക്കുന്ന രീതി കണ്ട് സ്മിത പറഞ്ഞു...  ഡ്രൈവർ, അൽപം കൂടി ശ്രദ്ധിച്ച്, ബലത്തിൽ പിടിക്കൂ. ഇങ്ങനെ ഇറക്കിയാൽ രോഗിയുടെ ബാക്കി എല്ലുകൾ കൂടി ഒടിഞ്ഞു പോകും. 

ഡ്രൈവർ എന്നു വിളിച്ചത് അയാ‍ൾക്ക് പിടിച്ചില്ല.  സന്ദീപ് പറഞ്ഞു.. നിങ്ങൾ നഴ്സിന്റെ ജോലി ചെയ്താൽ മതി. അപകടത്തിൽ കൈയും കാലുമൊടിഞ്ഞ പെൺകുട്ടിയും അതോടെ സന്ദീപിനെതിരെ തിരിഞ്ഞു... നിങ്ങൾ വഴക്കു നിർത്തി എന്നെ ശ്രദ്ധിക്കൂ.. പ്ളീസ്.. വേദന സഹിക്കാൻപറ്റുന്നില്ല.

സ്മിതയാകട്ടെ അക്കാര്യം അവിടെ വിട്ടില്ല.  ആംബുലൻസ് ഡ്രൈവർമാർ രോഗികളോട് എങ്ങനെ പെരുമാറണമെന്ന് ആശുപത്രിയുടെ നേതൃത്വത്തിൽ പിറ്റേന്നു തന്നെ ഒരു പരിശീലനം സംഘടിപ്പിച്ചു. ക്ളാസിൽ ഇരുന്ന സന്ദീപിനെ നോക്കി സ്മിത പറഞ്ഞു..  ആദ്യം രോഗികളുടെ കണ്ണിൽ നോക്കണം. ദേ ഇങ്ങനെ..  അതോടെ അവർ നിങ്ങളെ വിശ്വസിക്കാൻ തുടങ്ങും. ഇതൾ അടരാറായ പൂക്കളാണ് രോഗികൾ. ഇക്കാര്യം മനസ്സിൽ വച്ചുവേണം അവരെ തൊടാൻ. ഹൃദയത്തിൽ നിന്ന് ധമനികളിലൂടെ രക്തത്തിന്റെ ഒഴുക്കു പോലെ വേണം ആംബുലൻസിന്റെ ഓട്ടം. ചിലപ്പോൾ കുതിച്ച്, ചിലപ്പോൾ മെല്ലെ.. 

അന്ന് ക്ളാസ് കഴിയുന്നതുവരെ സന്ദീപ് വളരെ ശ്രദ്ധയോടെ സ്മിതയുടെ കണ്ണിൽത്തന്നെ നോക്കിയിരുന്നു. ! ക്ളാസ് തീരുമ്പോഴേക്കും സ്മിതയ്ക്ക് സന്ദീപിനെപ്പറ്റിയുള്ള അഭിപ്രായവും മാറി. വേണമെങ്കിൽ വിവാഹം ആകാമെന്ന സ്ഥിതി വന്നപ്പോൾ അടുത്ത പ്രശ്നം പൊങ്ങി വന്നു. ആംബുലൻസിനെ ഭയങ്കര പേടിയുള്ള ഒരാളുണ്ട് വീട്ടിൽ. സ്മിതയുടെ അച്ഛന്റെ അമ്മ. 

അമ്മൂമ്മയ്ക്കും കൊടുത്തു സ്മിതയുടെ ഒരു പരിശീലന ക്ളാസ്. അതോടെ അവരും പറയാൻ തുടങ്ങി.. ലോകത്ത് ഏറ്റവും ബഹുമാനമുള്ള ജോലിയാണ് ആംബുലൻസ് ഡ്രൈവറുടേത് ! അമേരിക്കയിലൊക്കെ ആംബുലൻസിനുമാത്രം പ്രത്യേക റോഡുണ്ട് ! എത്ര സ്പീഡിൽ ഓടിച്ചാലും ആംബുലൻസ് ഡ്രൈവറെ പൊലീസ് പിടിക്കില്ല.. !  പിഴയുമില്ല.. 

വിവാഹത്തിന് ഒരു വെറൈറ്റി വേണം. പുതിയ ആംബുലൻസ് വരൻ തന്നെ ഓടിച്ച് വിവാഹപ്പന്തലിലേക്ക് എത്തണം. കല്യാണ വണ്ടിക്കു പിന്നാലെ 12 വെളുത്ത ഇന്നൊവകൾ വേണം. ആ യാത്ര ഡ്രോൺ ഉപയോഗിച്ച് ഷൂട്ട് ചെയ്യണം.  സന്ദീപ് ആംബുലൻസ് ഡ്രൈവറുടെയും സ്മിത നഴ്സിന്റെയും വേഷത്തിൽ ഫോട്ടോ ഷൂട്ട് വേണം എന്നൊക്കെ രണ്ടുപേരും ആലോചിച്ചിരുന്നു. 

അങ്ങനെയിരിക്കെയാണ് ലോക്ഡൗൺ വന്നതും കാലം മാറിയതും. മുമ്പൊക്കെ എവിടെയെങ്കിലും ഒരു ആംബുലൻസ് കണ്ടാൽ റോഡിലുള്ള ബൈക്കും ഓട്ടോയും കാറും മുതൽ സൈക്കിൾ വരെ പിന്നാലെ വച്ചു പിടിക്കുമായിരുന്നു.  കോവിഡ് വന്നതോടെ അതെല്ലാം മാറി. ആംബുലൻസുകൾ സ്ഥിരം കാഴ്ചയായി. മറ്റു വണ്ടികൾ ആംബുലൻസുകളുടെ പിന്നാലെ പായുന്നതു നിർത്തി. ഇന്ന് ഒരു കുഞ്ഞു യാത്രക്കാരനായിരുന്നു സന്ദീപിന്റെ വാഹനത്തിൽ.  നനഞ്ഞ ക്യാൻവാസ് ഷൂസിട്ട ഒരു കുട്ടി.  അമ്മയെ പറ്റിച്ച് കളിക്കാനിറങ്ങി വീട്ടിന്റെ പിന്നിലുള്ള കുളത്തിൽ മുങ്ങിമരിച്ചതായിരുന്നു അവൻ. 

ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു തിരിച്ചു പോരാൻ നേരം മറ്റാരും ആംബുലൻസിൽ കയറാൻ ആ കുഞ്ഞിന്റെ അമ്മ സമ്മതിച്ചില്ല. സ്ടെച്ചറിൽ കിടത്താതെ മോനെ സ്വന്തം മടിയിൽത്തന്നെ കിടത്തി. ആംബുലൻസ് പുറപ്പെടും മുമ്പ് ആ അമ്മ സന്ദീപിനോടു ചോദിച്ചു..  സൈറൺ ഓഫ് ചെയ്യാമോ ? എന്റെ മോൻ സമാധാനമായി ഉറങ്ങിക്കോട്ടെ..

പിന്നെ കരഞ്ഞു തളർന്ന ശബ്ദത്തിൽ അവർ എന്തോ പിറുപിറുക്കുന്നത് സന്ദീപ് കേട്ടു. കേട്ടിട്ടില്ലാത്ത ഏതോ ഭാഷയിൽ ഒരമ്മയുടെ പ്രാർഥനയായിരുന്നു അത്.. സന്ദീപ് സ്മിതയോടു പറഞ്ഞു.. രാത്രിയിൽ ഇനി ഓടിക്കുമ്പോൾ ഉറങ്ങുന്ന ഒരു കുഞ്ഞിനെയും ഉണർത്താതിരിക്കാൻ നോക്കും ഞാൻ !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com