ADVERTISEMENT

മന്ത്രിമാർക്ക് എസ്കോർട്ട് പോകുന്ന പോലീസു വണ്ടിയുടെ ഹോണടി, ക്ളച്ച് ചവിട്ടാതെയുള്ള ഗിയർ മാറ്റം, തേഞ്ഞ റബർ ബുഷുകളുടെ ഞരക്കം, ചാറ്റൽ മഴയത്ത് ചില്ലിനു മുകളിൽ വൈപ്പറിന്റെ പിറുപിറുപ്പ്.. ഇങ്ങനെ കുറെ കാര്യങ്ങൾ വേണു അമ്പലപ്പുഴയ്ക്ക് ഇഷ്ടമല്ല.  മലയാള കവിയും കോളജ് അധ്യാപകനുമാണ് വേണു. പല കാര്യങ്ങളിലും നിഷ്ഠയും നിലപാടുമുള്ള ആളാണ്. 

അടൂർ ബൈപാസിന്റെ ഇരുവശവും ഒരുപാടു കടകളുണ്ടായിരുന്നു ലോക്ഡൗണിനു മുമ്പ്. വട, കടല മുതൽ കടൽ മീൻ വരെ വിൽക്കുന്ന കടകൾ. അതിലൊരിടത്ത് പഴങ്കഞ്ഞിയും തൈരും കാന്താരി മുളകും എന്നൊരു ബോർഡു കണ്ട് ഒരിക്കൽ വേണു കാർ നിർത്തി ചാടിയിറങ്ങി. നല്ല മലയാളിത്തമുള്ള ഭക്ഷണം. ചായക്കടയിൽ ഓർഡർ എടുക്കാൻ വന്ന ബംഗാളി പയ്യൻ വേണുവിനോടു ചോദിച്ചു...  സേട്ടൻ കഞ്ഞി ആണോ, കപ്പ ആണോ ?വേണുവിന് ആ ചോദ്യം രുചിച്ചില്ല. ചാടിയെഴുന്നേറ്റിട്ടു പറഞ്ഞു..  ഞാൻ കഞ്ഞിയല്ലെടാ, കഞ്ഞി കുടിക്കാനാണ് വന്നത്. നിന്റെ കടയിൽ നിന്ന് ഇനി കുടിക്കുന്നില്ല... 

കടയിൽ നിന്നിറങ്ങിപ്പോകുന്നതു കണ്ട് ബംഗാളി അർഥമറിയാതെ അന്തം വിട്ടുനിന്നു. ! ഈ വേണുവിന്റെ അടുത്താണ് ലോട്ടറി ഒരിക്കൽ അടിക്കാൻ അനുവാദം ചോദിച്ചു ചെന്നത്. വൈറ്റിലയിലെ ട്രാഫിക് സിഗ്നലിൽ പച്ച കത്തുന്നതും കാത്തു കിടക്കുമ്പോൾ ലോട്ടറിക്കാരൻ പയ്യൻ കാറിനടുത്തു വന്നു. കോവിഡ് കാലമായതുകൊണ്ട് എസി ഒഴിവാക്കാൻ വേണു കാറിന്റെ ചില്ലു താഴ്ത്തി വച്ചിരിക്കുകയായിരുന്നു. ഭാര്യയും മക്കളുമെല്ലാം കാറിലുണ്ട്. പയ്യൻ കൈയിലുള്ള ഭാഗ്യക്കുറി ടിക്കറ്റ് കാറിനുള്ളിലേക്ക് ഇട്ടിട്ടു പറഞ്ഞു..  ഉറപ്പായി സാറിന് അടിക്കും, ഒരു കോടി ! ലോട്ടറി അടിക്കുക എന്ന പ്രയോഗം പണ്ടേ വേണുവിന് ഇഷ്ടമല്ല. ഭാഗ്യം ആരെയും അടിക്കാറില്ല, തലോടാറേയുള്ളൂ എന്നാണ് പുള്ളിയുടെ നിലപാട്.  

വേണു പറഞ്ഞു.. ഇതു തിരിച്ചെടുത്തില്ലെങ്കിൽ ഞാൻ നിന്നെ അടിക്കും. പയ്യൻ ഉടുപ്പുപൊക്കി കാണിച്ചുകൊണ്ടു സങ്കടം പറഞ്ഞു... സാറിതു കണ്ടോ, കിഡ്നി വിറ്റതാ.. എന്നിട്ടും കടം തീരുന്നില്ല.  രണ്ടു ടിക്കറ്റേ ബാക്കിയുള്ളൂ. അതു വിറ്റാൽ ഇന്ന് ഊണിനുള്ള കാശു കിട്ടും.  പയ്യൻ  ആവശ്യത്തിലധികം ഉടുപ്പു പൊക്കി നിൽക്കുകയാണ്. വേണുവിന് ആ സീൻ വല്ലാതെ ബോറായിട്ടു തോന്നി. വണ്ടിയിൽ പെൺമക്കളുണ്ട്. ആണുങ്ങൾ രാത്രിയിൽ റോഡരികിൽ നിന്ന് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ലൈറ്റപ്പ് ചെയ്തു മൂത്രമൊഴിക്കുന്നതു കാണുമ്പോഴാണ് വേണുവിന് ഇതുപോലെ ദേഷ്യം തോന്നാറുള്ളത്. വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം... വേണു ചോദിച്ചു.. രണ്ടു ടിക്കറ്റിനും കൂടി എത്രയാ ? ഇരുനൂറെന്ന് പയ്യൻ.  250 രൂപയെടുത്ത് കൊടുത്തിട്ടു വേണു പറഞ്ഞു..  പോയി ഊണുകഴിക്ക്. ടിക്കറ്റും നീ തന്നെ വച്ചോ.. 

സിഗ്നൽ മരത്തിൽ പച്ച കത്തി. കാർ മുന്നോട്ടെടുക്കുമ്പൾ വേണു മക്കളോടു പറഞ്ഞു: ഈ ലോട്ടറി എന്തിനാണ് ആളുകളെ അടിക്കുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.  ഒരു മാസം കഴിഞ്ഞില്ല.  കവിയും കുടുംബവും വീണ്ടും വൈറ്റിലയിൽ. ഇത്തവണ ലോട്ടറി വിൽക്കുന്നത് രണ്ടു കൊച്ചു പെൺകുട്ടികളാണ്. അവർ കാറിനടുത്തു വന്നപ്പോൾ വേണുവിന്റെ മൂത്തമകൾ ചോദിച്ചു.. കഴിഞ്ഞ മാസം ഇവിടെ ഒരു ചേട്ടൻ ഉണ്ടായിരുന്നല്ലോ.. എവിടെപ്പോയി ? പെൺകുട്ടികൾ കൊച്ചി ഭാഷയിൽ പറഞ്ഞു.. അതേയ്, ആ ചേട്ടന് ലോട്ടറിയടിച്ചുട്ടോ, അതോടെ പുള്ളി കാറൊക്കെ വാങ്ങി, ലോട്ടറി വിൽപ്പനേം നിർത്തി.  ഇപ്പോൾ ഞങ്ങളാ ലോട്ടറി വിൽക്കുന്നെ. ഡാഡിയോട് ഒരെണ്ണം വാങ്ങാൻ വേണ്ടിയൊന്നു പറയെന്നേ.. ചേച്ചീ, പ്ളീസ്..

മകൾ വേണുവിന്റെ മുഖത്തേക്കു നോക്കി. വേണു പറഞ്ഞു.. എടുത്തോ, പക്ഷേ അടിച്ചില്ലെങ്കിൽ നിന്നെ ഞാനടിക്കും ! അവൾ ലോട്ടറിയെടുത്തു. ഒന്നല്ല, അവർ നാലുപേരുടെയും പേരിൽ നാലെണ്ണം. അതുകഴിഞ്ഞ് അവൾ കണ്ടു, മറുവശത്തേക്കുള്ള ലെയ്നിൽ വണ്ടികളുടെ ഇടയിലൂടെ പഴയ ലോട്ടറിപ്പയ്യൻ നടക്കുന്നത് മകൾ കണ്ടു. അന്നേരം അവൻ വിൽക്കുന്നത് സിഡിയും പുസ്തകങ്ങളുമാണ് – ബുദ്ധി കൂട്ടാനുള്ള വഴികൾ ! അവൾ അത് അച്ഛനോടു മിണ്ടിയില്ല..  എങ്ങാനും അടിച്ചാലോ ? പച്ച തെളിയാൻ ഇനി പന്ത്രണ്ടു സെക്കൻഡ് ബാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com