ADVERTISEMENT

വിജയ് ശേഖർ എന്ന ഓട്ടോ ഡ്രൈവർ രാത്രിയിൽ വിചിത്രമായ ഒരു സ്വപ്നം കണ്ടു. തന്റെ ഓട്ടോയിൽ ആരോ ഒരു കോടി രൂപ മറന്നു വച്ചിരിക്കുന്നു. പാതിരാത്രിയിൽ ചാടിയെഴുന്നേറ്റ് വിജയ് വീടിനു പുറത്തേക്കോടി. പാടശേഖരങ്ങളുടെ നാടായ പൊങ്ങല്യം എന്ന ഗ്രാമത്തിലാണ് വിജയ് താമസം. വീട്ടിലേക്ക് വണ്ടിയെത്തില്ല. വയലുകളുടെ ഞരമ്പുകളിലൂടെ നടന്നെത്തണം. 

പാടശേഖരങ്ങൾക്ക് അതിരിട്ട് മീനൊഴുകുംതോട്. തോടു കടന്നാൽ റോഡാണ്. നഗരത്തിലേക്ക് വേഗമെത്താൻ തിരക്കിട്ടോടുന്ന വലിയ റോഡ്. റോഡരികിലെ മൈതാനത്താണ് രാത്രിയിൽ ഓട്ടോകൾ പാർക്ക് ചെയ്യുന്നത്. വിജയ് പാർക്കിങ് സ്ഥലത്തെത്തി. നവംബറാണ്. കൊടുംതണുപ്പത്ത് എല്ലാ ഓട്ടോകളും ടാർപോളിൻ പുതച്ച് കൂനിക്കൂടിയിരുന്ന് ഉറങ്ങുകയാണ്. സ്വന്തം ഓട്ടോയുടെ ടാർപോളിൻ മാറ്റി ഉള്ളിൽ കയറി നോക്കി.  പിൻസീറ്റിൽ ഒരു പിഞ്ചു കുഞ്ഞ് !രണ്ടുമാസം പ്രായം കാണും. തുടുത്ത കവിളുപോലെ മിനുസമുള്ള മസ്‍ലിൻ തുണിയിൽ വൃത്തിയായി പൊതിഞ്ഞ് ഓട്ടോയുടെ പിൻസീറ്റിൽ കിടത്തിയിരിക്കുകയാണ്. വിജയ് മൊബൈൽ ഫോണിലെ വിളക്ക് കുഞ്ഞു മുഖത്തേക്ക് തെളിച്ചു. വെളിച്ചം കണ്ടതോടെ രണ്ടു കുഞ്ഞിക്കണ്ണുകൾ ചിമ്മിത്തുറന്നടഞ്ഞു. 

വിജയ് ചോദിച്ചു.. ആരാ? എങ്ങോട്ടു പോകാനാ ? അടുത്തെങ്ങും ആരെയും കാണാനുമില്ല. യാത്രക്കാർ ഓട്ടോയിൽ സാധനങ്ങൾ മറന്നുവച്ചു പോകുന്നത് പതിവാണ്. കുടയും പേഴ്സും ആധാർ കാർഡും ആധാരവുമൊക്കെ പതിവായി കിട്ടാറുണ്ട്. ഇങ്ങനെയൊരു സംഭവം ആദ്യമാണ്. അവസാനം ഓട്ടം വിളിച്ചത് റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഒരു ‌പയ്യനും പെൺകുട്ടിയുമാണ്. അവർ ഇടയ്ക്ക് വിജയിന്റെ വണ്ടിയിൽ കയറുന്നവരാണ്.  പയ്യന്റെ നമ്പർ വിജയ് ഡയൽ ചെയ്തു. കഥ കേട്ടപാതി കക്ഷി ഫോൺ കട്ട് ചെയ്തു: സോറി ചേട്ടാ,  ഞങ്ങൾ മാരീഡല്ല.. വിജയ് സ്വയം ചോദിച്ചു.. പിന്നെ ആരുടേതാണ് ഈ കുഞ്ഞ് ! 

ആ ചോദ്യം കേട്ട് 12–ാം നമ്പർ ഓട്ടോസ്റ്റാൻഡിലെ ചങ്ങാതിമാർ തേനീച്ചക്കൂട്ടം പോലെ രാത്രിയിൽ പാഞ്ഞെത്തി. ഒമ്പതു പേരുണ്ട് ആ ഓട്ടോ സ്റ്റാൻഡിൽ. എട്ടുപേരും വന്ന് കുഞ്ഞിനു ചുറ്റും നിന്നു. എന്തു ചെയ്യും ? ജീവനുള്ള കുഞ്ഞാണ്, ഉപേക്ഷിക്കാനും വയ്യ. ബഹളം കേട്ടുണർന്ന കുഞ്ഞ് എന്തിനാണ് എന്നെ ഉണർത്തിയതെന്ന പരാതിയോടെ കരയാനും തുടങ്ങി.വിജയ് പറഞ്ഞു: ഇന്നൊരു രാത്രിയിലേക്ക് ശാലിനിയെ ഏൽപ്പിച്ചാലോ? ബാക്കി നാളെ ആലോചിക്കാം. രണ്ട് ഓട്ടോകളിലായി എല്ലാവരും ശാലിനിയുടെ വീട്ടിലേക്ക്. 

ആ ഓട്ടോ സ്റ്റാൻഡിലെ ഏക വനിതാ ഡ്രൈവറാണ് ശാലിനി. കുടുംബശ്രീ പ്രവർത്തകയും പെൺമയെന്ന വനിതാ കൂട്ടായ്മയുടെ സെക്രട്ടറിയുമാണ്. മക്കൾ ഉപേക്ഷിക്കുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന അമ്മവീടെന്ന സങ്കേതത്തിന്റെ മുഖ്യസംഘാടക. റോഡിൽ വണ്ടിയിടിച്ച് ഒരു പൂച്ചക്കുഞ്ഞിനു മുറിവേറ്റാൽപ്പോലും ഓട്ടോയുമായി ഓടിയെത്താറുണ്ട് ശാലിനി. കുഞ്ഞിനെ കൈയിൽ വാങ്ങുമ്പോൾ ശാലിനി ചോദിച്ചു.. കുഞ്ഞിനെ മാത്രം തന്നാൽ മതിയോ? കുടിക്കാനെന്തെങ്കിലും കൊടുക്കണ്ടേ ? !

ഓട്ടോകൾ പല വഴിക്ക് ഓടി. രാത്രിയിൽ തുറന്നിരിക്കുന്ന കടകൾ കണ്ടെത്തി.  പാൽപ്പൊടിയും പാൽക്കുപ്പിയും വാങ്ങി. കുഞ്ഞിപ്പൗഡറും ഉടുപ്പുകളുമൊക്കെ വാങ്ങി തിരിച്ചെത്തിയവരോട് ശാലിനി പറഞ്ഞു:  പെൺകുഞ്ഞാണ്. എയർപോർട്ടിൽ നിന്നു വരുന്ന വഴി ആരോ ഉപേക്ഷിച്ചതാണെന്നു തോന്നുന്നു. കുഞ്ഞിന്റെ ഉടുപ്പും പുതപ്പുമൊക്കെ ഫോറിനാണ്. ഉപേക്ഷിച്ചവരെ കണ്ടെത്തണമെന്നൊക്കെ കേട്ടപ്പോൾ ശാലിനി പറഞ്ഞു.. വേണ്ട, വേറെ വഴിയുണ്ടെങ്കിൽ ഒരമ്മയും സ്വന്തം കുഞ്ഞിനെ വഴിയിൽ കളയില്ല. 

ശാലിനി അവൾക്കു പേരുമിട്ടു; നിധി ! ഓട്ടോയിൽ നിന്നു കിട്ടിയ ആ നിധിയുടെ സംരക്ഷണച്ചുമതല ശാലിനിയുടെ നേതൃത്വത്തിൽ പെൺമയുടെ പ്രവർത്തകർ ഏറ്റെടുത്തു. നിധിക്കുവേണ്ടി വിജയിന്റെ നേതൃത്വത്തിൽ ഓട്ടോഡ്രൈവർമാരുടെ കമ്മിറ്റി വന്നു.  പാലുവാങ്ങൽ രജീഷിന്, മരുന്നു വാങ്ങാൻ ജോജി, കളിപ്പാട്ടം ദിവാകർ ഇങ്ങനെ ഒമ്പതുപേർക്കും ഓരോ ചുമതല.

12–ാം നമ്പർ സ്റ്റാൻഡിലെ എല്ലാ ഓട്ടോയിലും ഒരു നിധിപ്പെട്ടി വച്ചു. ഓരോ ദിവസവും കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരു പങ്ക് എല്ലാവരും പെട്ടിയിൽ ഇടാൻ തുടങ്ങി. സ്റ്റാൻഡിലേക്ക് കൂടുതൽ ഓട്ടോകൾ വന്നു, പെട്ടികളുടെ എണ്ണം കൂടി. ഓട്ടോക്കൂട്ടായ്മയുടെ സ്നേഹത്തണലിൽ  നിധി പിച്ച നടക്കാനും ഓടാനുമൊക്കെ തുടങ്ങി. 

ഈയിടെ ഒരു രാത്രി വിജയ് വീണ്ടും സ്വപ്നം കണ്ടുണർന്നു. ഓട്ടോയിൽ വീണ്ടും ആരോ ഒരു പൊതി മറന്നു വച്ചിരിക്കുന്നു.  കട്ടിലിൽ നിന്നു ചാടിയെഴുന്നേറ്റ വിജയിനോടു ഭാര്യ പറഞ്ഞു..  പോകണ്ട. ഒരു നിധി മതി. ഇനി വേറെ വേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com